UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

kerala police എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kerala police എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, ജൂലൈ 20, ബുധനാഴ്‌ച

ശബരിനാഥിൻറെ ജാമ്യം: സർക്കാരിന് തിരിച്ചടി; പോലീസിന് നാണക്കേട്

 


കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള  ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

സര്‍ക്കാരിന്റെ ആയുധമായി മാറിയ പോലസിന് കനത്ത നാണക്കേടും. 

പോലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടും

2022, ജൂലൈ 4, തിങ്കളാഴ്‌ച

പ്രതികളെ പിടിക്കാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ച

 


കോട്ടയം ഡിസിസി ഓഫീസിനും എകെജി സെന്ററിനും  നേരെ ആക്രമണം നടന്ന്  മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം പോലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിത്. 

ഡിസിസി ഓഫീസിനു പോലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിനു തന്നെ അപമാനമാണ്. 

തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു  ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോള്‍ പോലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. 

കോണ്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത്.

2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

പെണ്‍കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ചു ; ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ സർക്കാരിന് മുട്ടുമടക്കേണ്ടിവരും

 


ഇടതു സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ കേരള വിദ്യാർത്ഥി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് നേരെ ക്രൂരമായ അക്രമണമാണ് പോലീസ് അഴിച്ചുവിട്ടത്. പെൺകുട്ടികൾ അടക്കം നിരവധി പേരെ ക്രൂരമായി പോലീസ് ആക്രമിച്ചു.

പിന്‍വാതില്‍ നിയമനത്തിനെതിരേയും പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരെയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല. കെ.എസ്.യു പ്രസിഡന്‍റ്  കെ.എം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്‍റ് സ്‌നേഹ ആര്‍.വി നായര്‍ എന്നിവരുള്‍പ്പെടെ 16 പേരാണ് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായത്.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരും.

പ്രതിപക്ഷ യുവജന വിദ്യാർഥി സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.


2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

വാളയാർ: പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തണം


വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തുക തന്നെ വേണം.

2019, മേയ് 10, വെള്ളിയാഴ്‌ച

പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് വീണ്ടും നടത്തണം


അന്‍പതിനായിരത്തോളം വരുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ചും, ഡ്യൂട്ടിയിൽ സ്വന്തം നിയോജകമണ്ഡലത്തിൽ നിയോഗിക്കപ്പെട്ടവർക്കും അവിടെ നേരിട്ട് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ചുകൊണ്ട് പോസ്റ്റൽ ബാലറ്റ് വാങ്ങി ബന്ധപ്പെട്ടവരെ ഏൽപ്പിക്കാൻ സാഹചര്യം ബോധപൂർവ്വം സൃഷ്ടിച്ചത്, തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കളമൊരുക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ക്രമക്കേട് സംബന്ധിച്ച് ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് മെയ് 15ന് മുന്‍പ് നല്‍കാന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.

നിർഭയമായും സ്വതന്ത്രമായും നിഷ്പക്ഷമായും വോട്ടവകാശം വിനിയോഗിക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഗവൺമെന്റും, പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരും തെരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്ക് സഹായകമായ നിലപാട് സ്വീകരിച്ചത് വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്.

അതീവ ഗുരുതരമായ ഈ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരാനും ഇതില്‍ പ്രത്യക്ഷവും പരോക്ഷവും ആയി പങ്കുള്ള ഉദ്യോഗസ്ഥന്മാരെ കണ്ടെത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും, പോസ്റ്റല്‍ ബാലറ്റുകള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെന്ന് പ്രഥമദൃഷ്ട്യാബോധ്യമായ സാഹചര്യത്തില്‍ ആ ബാലറ്റ് പേപ്പറുകള്‍ റദ്ദാക്കി അവര്‍ക്ക് പുതിയ ബാലറ്റ് പേപ്പറുകള്‍ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണം എന്നും ചീഫ് ഇലക്ഷൻ കമ്മീഷണറോട് അഭ്യർത്ഥിക്കുന്നു.

2018, ഏപ്രിൽ 18, ബുധനാഴ്‌ച

ചുവന്നകുപ്പായമിട്ട് വന്ന പൊലീസുകാരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍


പൊലീസ് സേനയില്‍ അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരും. പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ചുവന്നകുപ്പായമിട്ട് വന്നവരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്കലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. പൊലീസിന് എന്തുമാകാമെന്ന നിലവന്നതാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് കാരണമായത്.  

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കണ്ണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലരാണ് ചുവന്ന ഷർട്ടും വെള്ളമുണ്ടും ധരിച്ച് എത്തിയത്. സംഘടനാ സ്വാതന്ത്ര്യമുണ്ടെങ്കിലും രാഷ്ട്രീയം പാടില്ലെന്ന നിയമമാണ് ചുവപ്പുവേഷം ധരിച്ചെത്തിയതിയതിലൂടെ പരസ്യമായി ലംഘിച്ചത്. സമ്മേളനവേദിയുടെ കവാടത്തിൽ ഒരുമിച്ചുനിന്നു ചുവപ്പൻ ഫോട്ടോയെടുത്ത് ഇവർ വാട്സാപ് ഗ്രൂപ്പുകളിലും ഇട്ടു. ഇത്തരം പ്രവണതകള്‍ അവഗണിച്ചാല്‍ കനത്തവില നല്‍കേണ്ടി വരും.

രണ്ടര വര്‍ഷത്തിനിടെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിലും കസ്റ്റഡിയിലും മര്‍ദ്ദിച്ചതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ഒരുനടപടിയും എടുത്തില്ല. ഈ അംലഭാവമാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ കൊണ്ടെത്തിച്ചത്.  സര്‍ക്കാരിന്റെ മനോഭാവം വലിയ അപകടത്തിലേക്ക് കേരളത്തെ നയിക്കും.


2017, ഏപ്രിൽ 25, ചൊവ്വാഴ്ച

Senkumar has got justice through the order.


"All the procedures over the Puttingal trangedy were completed. The probe team appointed by the new government conducted further investigation into the probe already conducted by the team appointed during UDF government's tenure.  Both the probe teams investigated the case in the proper manner and brought the real culprit before the law. The then government did not have the opinion that the first probe team of the then DGP committed any lapse in the probe,"




സെന്‍കുമാറിന് നീതി ലഭിച്ചു


സെന്‍കുമാറിന് നീതി ലഭിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. പുറ്റിങ്ങല്‍ അപകടത്തിന്മേലുള്ള നടപടി ക്രമങ്ങള്‍ എല്ലാം പുര്‍ത്തീകരിച്ചതാണ്.

ജിഷ കേസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തുടര്‍ അന്വേഷണമാണ് പുതിയ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നടത്തിയത്. ഇരു അന്വേഷണ സംഘങ്ങളും മികച്ച രീതിയില്‍ അന്വേഷിക്കുകയും ശരിയായ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയിതു. ആദ്യത്തെ അന്വേഷണ സംഘത്തിനോ അന്നത്തെ ഡിജിപിക്കോ ഒരു പിശകും പറ്റിയതായി അന്നത്തെ സര്‍ക്കാരിന് അഭിപ്രായമില്ല.




2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

യുവജന സംഘടനകള്‍ സഹകരിച്ചാല്‍ മാത്രം പെന്‍ഷന്‍ പ്രായം ഉയര്‍ത്താം


ആലുവ: യുവജന സംഘടനകള്‍ സഹകരിച്ചാല്‍, സംസ്ഥാനത്ത് മൂന്നിരട്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും അല്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമവാഴ്ചയാണ് സര്‍ക്കാറിന്റെ മുഖമുദ്ര. നിയമവാഴ്ച ഉറപ്പാക്കേണ്ടത് ആയുധം കൊണ്ടല്ലെന്നും സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചത് പോലീസ് സേനയുടെ സഹായത്താലാണ്. മൂന്നാര്‍ സമരം സമാധാനപരമായി അവസാനിപ്പിച്ചതില്‍ പോലീസിന് വലിയ പങ്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം പോലീസ് ഓഫീസര്‍മാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ എന്തോ വലിയ കുഴപ്പം ഉണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചെറിയ പ്രശ്‌നം പോലും സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കാന്‍ പോലീസ് സംഘടനകള്‍ക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഔദ്യോഗിക വെബ്സൈറ്റുകളിൽ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടി


തിരുവനന്തപുരം∙ ഔദ്യോഗിക വെബ്സൈറ്റുകളിലേക്കുള്ള ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരങ്ങള്‍ സുരക്ഷിത സെര്‍വറുകളിലേക്കുമാറ്റും. 

സംസ്ഥാനത്തെ എല്ലാ ഒൗദ്യോഗിക വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എഴുന്നൂറോളം തന്ത്രപ്രധാന ഔദ്യോഗിക വെബ്സൈറ്റുകള്‍ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നു എന്ന മനോരമ ന്യൂസ് അന്വേഷണ പരന്പരയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പ്രശ്ന പരിഹാരത്തിന് ഉന്നതതല യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.വെല്ലുവിളി നേരിടാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തും

'ഒറ്റ ടച്ചിന് പോലീസ് അരികില്‍' പദ്ധതിക്ക് തുടക്കം

മണര്‍കാട്(കോട്ടയം): കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണര്‍കാട് പോലീസ്സ്‌റ്റേഷനിലെ 'മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വീടുകളെ പോലീസ്സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ആണ് ഇതു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. ഇത്തരം പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി ആധുനിക പദ്ധതികൾ ഉണ്ടാകുന്നതു ജനങ്ങളുടെ സുരക്ഷാബോധം വർധിപ്പിക്കും. മൈ ആപ്പ് പദ്ധതി സംസ്‌ഥാനത്തിനു മാതൃകയാണ്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവർ ചേർന്നു നടപ്പാക്കേണ്ട പ്രവർത്തനത്തിനു മുൻഗണന നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ പോലീസ് ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 'മണര്‍കാട് മൈ പോലീസ് ആപ്പ്' എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലൂക്കേഷനിലൂടെ വാട്‌സ് ആപ്പ് എന്നതുപോലെ സന്ദേശങ്ങള്‍ ഒറ്റ ടച്ചില്‍ പോലീസിനെ അറിയിക്കാനാകും. ഇതിനായി പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. തുടക്കത്തില്‍ കോട്ടയത്തെ മണര്‍കാട് പോലീസ്സ്‌റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പ്രദേശത്തെ ഡോക്ടര്‍മാര്‍, ആംബുലന്‍സ്, ഒാേട്ടാ തുടങ്ങിയ നമ്പരുകളും ഈ ആപ്പില്‍ ലഭിക്കും. പദ്ധതി വിജയം കണ്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ്േസ്റ്റഷനിലേക്കും വ്യാപിപ്പിക്കും. 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികൾ സുരക്ഷയ്ക്കായി തയാറാക്കിയിട്ടുണ്ട്. ഇവ ക്രോഡീകരിച്ച് സുരക്ഷയ്ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൊബൈൽ ആപ്പ് പദ്ധതിക്കു രൂപം നൽകിയ ഡോ. പുന്നൻ കുര്യൻ വേങ്കടത്തിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

മൊബൈലിൽ ഒറ്റ സ്‌പർശത്തിലൂടെ പൊലീസിനെ വിവരം അറിയിക്കാവുന്ന പദ്ധതി മണർകാട്, വിജയപുരം പഞ്ചായത്തുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, സെന്റ് മേരീസ് സ്‌കൂൾ സ്‌റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് എന്നിവയുടെ സഹകരണത്തിലാണ് നടപ്പാക്കുന്നത്.

2015, ജൂലൈ 24, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാറില്‍ സുരക്ഷ ശക്തിപ്പെടുത്തും


മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസമെന്നും അതേസമയം സുപ്രീംകോടതിയുടെ അഭിപ്രായം മാനിച്ച് സുരക്ഷ ശക്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നുമു ണ്ടായിട്ടില്ലെങ്കിലും സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ വന്ന സ്ഥിതിക്ക് സംസ്ഥാനം കുറേക്കൂടി ജാഗ്രത പാലിക്കുകയാണ് പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളസര്‍ക്കാറുമായി ബന്ധപ്പെട്ട ഏജന്‍സികളൊന്നും അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് പറയുന്നത്. 

തേക്കടി ആസ്ഥാനമായാണ് പ്രത്യേക സുരക്ഷാസേനയ്ക്കായി പോലീസ് സ്റ്റേഷന്‍ ഒരുക്കുന്നത്. അണക്കെട്ടിന്റെയും സംഭരണിയുടെയും സുരക്ഷയാണ് സേനയുടെ പ്രധാന ഉത്തരവാദിത്വം. സമീപത്തെ വനമേഖലകളും സ്റ്റേഷന്റെ പരിധിയില്‍ വരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റ്/ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനിലേക്ക് 196 തസ്തികകള്‍ അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രദേശത്ത് സുരക്ഷാ ഒരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകള്‍ ഉള്‍പ്പെടെ സജ്ജമാക്കാന്‍ 85 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 9, വ്യാഴാഴ്‌ച

പാഠപുസ്തക സമരം: വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും


 പാഠപുസ്തക അച്ചടി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിദ്യാര്‍ഥി സമരവും പൊലീസ് ലാത്തിച്ചാര്‍ജും വ്യാപകമായ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.

വിദ്യാഭ്യാസമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിദ്യാര്‍ഥി സമരങ്ങള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സഭയില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 
കോട്ടയത്ത് വിദ്യാര്‍ഥിസമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചതാണ്.

പൊലീസുകാരെ സമരക്കാര്‍ ഓടിച്ചിട്ടുതല്ലുകയും എറിയുകയും ചെയ്യുകയാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരെയും ആക്രമിച്ചു. 

നിയമം നടപ്പാക്കേണ്ട പൊലീസുകാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിപക്ഷത്തിന്റെ യുക്തി അംഗീകരിക്കാനാവില്ല. പൊലീസുകാരെ ആക്രമിച്ചവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇതില്‍ യാതാരു മാറ്റവുമുണ്ടാവില്ല.

അതേസമയം, വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഘടകകക്ഷികളെ നിരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ല.


 യുഡിഎഫിലെ ഘടകകക്ഷികളെ ആരൊക്കെ സ്വാഗതം ചെയ്താലും ആരും മുന്നണി വിട്ടുപോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളെ പൊലീസിനെ ഉപയോഗിച്ചു നീരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കഴിഞ്ഞ നാലു കൊല്ലമായി പലരും യുഡിഎഫ് വിട്ടുപോകുമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വീഴുമെന്നുമൊക്കെയുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്രയും കാലമായിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കും സംശയം മാറുന്നില്ല. ഘടകകക്ഷികളില്‍ ആരെങ്കിലും വിട്ടു പോകുമെന്നു തനിക്ക് ഒരു സംശയവുമില്ല. ഘടകകക്ഷികളെ പൊലീസ് നിരീക്ഷിക്കുകയെന്ന സംഭവമേയില്ല. അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നു പി.പി. തങ്കച്ചന്‍ നിഷേധിച്ചിട്ടുണ്ട്. 

ആഭ്യന്തര മന്ത്രിയും ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്ത് അത്തരം നിരീക്ഷണമോ, മറ്റു പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ മാത്രമല്ല, ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഡപ്യൂട്ടി സ്പീക്കറെ സമയമാകുമ്പോള്‍ തിരഞ്ഞെടുക്കും. അതിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

2015, ജനുവരി 5, തിങ്കളാഴ്‌ച

കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ജനകീയ സഹകരണം വേണമെന്ന് ജനമൈത്രി തെളിയിച്ചു

കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ജനകീയ സഹകരണം വേണമെന്ന് ജനമൈത്രി തെളിയിച്ചു




  പൊലീസ് കര്‍ത്തവ്യം ഫലപ്രദമായി നടപ്പാക്കാന്‍ ജനകീയ സഹകരണംകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂവെന്നു തെളിയിച്ച പദ്ധതിയാണ് ജനമൈത്രിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞാലിയാകുഴി എംജിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന വാകത്താനം ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. 

അതു നഷ്ടപ്പെടുമ്പോള്‍ നിയമ സംരക്ഷണത്തിനു മറ്റു മാര്‍ഗങ്ങള്‍ വിനിയോഗിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. 

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജനമൈത്രി: 740 പോലീസുകാരെ നിയമിക്കുമെന്നു മുഖ്യമന്ത്രി

 ജനമൈത്രി സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന്‌ 740 പോലീസുകാരെക്കൂടി ഉടന്‍ നിയമിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സംസ്‌ഥാനതല അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനമൈത്രി പോലീസ്‌ സ്‌റ്റേഷനുകളില്‍ അഞ്ചു പോലീസുകാരുടെ അധിക തസ്‌തിക സൃഷ്‌ടിച്ചുകൊണ്ടാണ്‌ പുതിയ നിയമനംനടത്തുന്നത്‌. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുളള പോലീസ്‌ സംവിധാനമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. പോലീസിന്റെ ശക്‌തി ആയുധങ്ങളിലല്ല. മറിച്ച്‌ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിലാണ്‌. കുറ്റവാളികളെ സൃഷ്‌ടിക്കയല്ല വേണ്ടത്‌. പകരം കുറ്റം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

എല്ലാവരെയും കുറ്റവാളികളായി കാണുന്ന പോലീസിന്റെ മനോഭാവം തെറ്റാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ലകാര്യങ്ങള്‍ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ തിരുത്തുക എന്നത്‌ യു.ഡി.എഫിന്റെ നയമല്ല. മുന്‍സര്‍ക്കാരിന്റെ നിലപാടുകളോട്‌ കടുത്ത എതിര്‍പ്പ്‌ പലതിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, ജനമൈത്രി പദ്ധതിക്ക്‌ കലവറയില്ലാതെ പിന്തുണ നല്‍കിയെന്ന്‌ അദ്ദേഹം പറഞ്ഞു.







2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ദുരന്ത നിവാരണത്തിനായി കര്‍മ്മപദ്ധതി വേണം


തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതിക്കായി അഗ്‌നിശമന വിഭാഗം പ്രത്യേമായി കര്‍മപദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അഗ്‌നിശമന വിഭാഗത്തിന്റെ പ്രവര്‍ത്തനവും നവീകരണവും സംബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ സംഭവിച്ച അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പന്ത്രണ്ടുമണിക്കൂറോളം അപകടാവസ്ഥയില്‍ കിടന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്തൊക്കെ സംവിധാനമുണ്ടെങ്കില്‍ അത്തരം സാഹചര്യമൊഴിവാക്കാമെന്ന് പഠനം നടത്തണമെന്ന് മഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന പണം സംസ്ഥാനത്തിനാകെ പ്രയോജനകരമാകുന്ന രീതിയില്‍ ചെലവിടണം. സെ്‌കെലിഫ്റ്റ് വാങ്ങാനുള്ള നടപടിക്രമം ത്വരിതപ്പെടുത്തണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞ് സെ്‌കെലിഫ്റ്റ് വാങ്ങി സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയാക്കണം. എല്ലാ ഫയര്‍ സ്റ്റേഷനുകളിലും മരംമുറിക്കുന്ന യന്ത്രം ലഭ്യമാക്കണം. ഫയര്‍ഫോഴ്‌സ് അക്കാദമിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി സേനാംഗങ്ങളുടെ പരിശീലനം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ധനകാര്യ മന്ത്രി കെ.എം. മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌കൂ സര്‍വീസസ് കമാണ്ടന്റ് ജനറല്‍ പ്രേംശങ്കര്‍, ഡയറക്ടര്‍ കെ. ശിവാനന്ദന്‍, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എന്‍. പുഷ്‌കരന്‍, മറ്റുന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

പൊലീസുകാര്‍ക്ക് ശമ്പളം എ.ടി.എം വഴി ലഭ്യമാക്കും


Imageതൃപ്പൂണിത്തുറ: പൊലീസ്  സേനാംഗങ്ങള്‍ക്ക് എ.ടി.എം. വഴി ശമ്പളം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനകാര്യവകുപ്പുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തൃപ്പൂണിത്തുറ എ.ആര്‍.ക്യാമ്പില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഫോപാര്‍ക്കില്‍ ഒരു പുതിയ  പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഐ.ടി.യുംുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചത്.എ.ആര്‍,ക്യാമ്പിനോടനുബന്ധിച്ചുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥയ്ക്ക് പൂര്‍ണ്ണവിരാമവിട്ടുകൊണ്ട് 40  പുതിയ  ക്വാര്‍ട്ടേഴ്‌സ് ഫഌറ്റ് ആണ് പുതിയ കെട്ടിടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവിലുള്ള തകര്‍ന്ന 22 ക്വാര്‍ട്ടേഴ്‌സുകള്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വലിയകാലതാമസം നേരിടുന്നത് നമ്മുടെ നാടിന്റെ ശാപമാണ്. സാധാരണ ആവശ്യമായിട്ടു വരുന്ന സമയത്തിന്റെ മൂന്നും നാലിരട്ടിയും അതിലധികം വരെയും സമയമെടുക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ പൊലീസിന് സാധിക്കണം. അതിനുള്ള അന്തരീക്ഷവും അവസരവും എല്ലാ ഭാഗത്തുനിന്നുള്ള സഹകരണവും ഉണ്ടാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പൊലീസിന്റെ പരിശീലന കാലഘട്ടം സര്‍വീസായി കണക്കാക്കി അതനുസരിച്ച് ശമ്പളം ലഭിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങി അതിവേഗത്തിനു കിട്ടുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ അവസരമൊരുക്കണമെന്ന് മുഖ്യാതിഥിയായിരുന്ന  മന്ത്രി കെ.ബാബു പറഞ്ഞു. ചടങ്ങില്‍ മന്ത്രി ടി.എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാന്‍ എം.എല്‍.എ., കെ.എസ്. ജംഗ്പാംഗി ഐ.പി.എസ്,, പി. ചന്ദ്രശേഖരന്‍ ഐ.പി.എസ്, ഐ.ജി.ആര്‍. ശ്രീലേഖ, കമ്മീഷണര്‍ അജിത്കുമാര്‍, നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, നഗരസഭാ പ്രതിപക്ഷനേതാവ് സി,എന്‍. സുന്ദരന്‍, കൗണ്‍സിലര്‍ ടി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഞ്ചിനീയര്‍ കെ.ജി.പ്രതാപ്രാജ് റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. രണ്ടരകോടി രൂപ ചിലവിട്ട് 3 നിലകളില്‍ പണിയുന്നതാണ് പുതിയ കെട്ടിടം.