UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

LDF_Rule എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LDF_Rule എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ഏപ്രിൽ 9, ഞായറാഴ്‌ച

മകന്‍ മരിച്ച അമ്മയ്ക്ക് രാഷ് ട്രീയമുണ്ടാവില്ല, ദു:ഖം മാത്രം

ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ നിരാഹാരം അനുഷ് ഠിക്കുന്ന സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. 

മകന്‍ മരിച്ച അമ്മയ്ക്കും കുടുംബത്തിനും രാഷ് ട്രീയമുണ്ടാവില്ല മറിച്ച് അവര്‍ക്ക് ദു:ഖം മാത്രമാണുള്ളത്. അവിഷ്ണ നിരാഹാരം തുടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ മലപ്പുറത്ത് നിന്ന് കുട്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളം പോലും കുടിക്കാതെ നിരാഹാരം അനുഷ്ഠിക്കുന്നത് ശരിയല്ല എന്ന് അവിഷ്ണയോട് പറഞ്ഞു. പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. തങ്ങളെല്ലാവരും നിരാഹാരം കിടക്കാറുണ്ട്. ഉപ്പിട്ട ചൂട് വെള്ളം കുടിച്ചാണ് നിരാഹാരം അനുഷ്ഠിക്കാറുള്ളത്.

മഹജിയെ കാണാന്‍ കൂട്ടാക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കുറ്റബോധം കൊണ്ടാണ്. സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഉത്തമ-ബോധ്യത്തോടെയാണെങ്കില്‍ എന്തു കൊണ്ടാണ് അത് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയാത്തത്.

മകന്‍ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന ഒരു അമ്മയുടെ ദു:ഖം യുഡിഎഫ് മുതലെടുക്കുന്നു എന്നാണ് ആക്ഷേപിക്കുന്നത്. യുഡിഎഫ് ഒരിക്കലും മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുമ്പ് ഈ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതിന് എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം അതിനും തയാറാണ്‌. 



2017, ഏപ്രിൽ 8, ശനിയാഴ്‌ച

മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി.


പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലീസ് നടപടി കേരളത്തിന് അപമാനമാണെന്നു  ഉമ്മൻ ചാണ്ടി. 

മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന അധികൃതർ തിരിച്ചറിയണമായിരുന്നു. അവരുടെ പ്രതിഷേധത്തെ ഒരു സമരമായി കണക്കാക്കേണ്ടിയിരുന്നില്ല. അക്രമം കാട്ടാൻ വന്നവരോടു ചെയ്യുന്നതുപോലെയല്ല അവരോടു പെരുമാറേണ്ടിയിരുന്നത്. സാങ്കേതികത്വമല്ല, മനുഷ്യത്വമാണ് ഒരു ജനാധിപത്യ മന്ത്രിസഭയുടെ മുഖമുദ്ര.

2017, മാർച്ച് 17, വെള്ളിയാഴ്‌ച

ഇടതുസർക്കാർ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നു


 വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത, സാധാരണക്കാരനെ ജീവിക്കാൻ അനുവദിക്കാത്ത സർക്കാരാണ് പിണറായിയുടേത്.

ഒൻപതു മാസം കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ വിലക്കുറവാണെന്ന് സർക്കാർ പറയുമ്പോൾ അവിടെ ജനങ്ങൾക്കു ആവശ്യമായ ഒന്നും വിതരണം ചെയ്യാൻ ഇല്ല.

ആത്മഹത്യയും പീഡനവും സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൊച്ചിയിൽ മരണപ്പെട്ട പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും കുട്ടിയെ കാണാനില്ലെന്ന  പരാതിയുമായി പോലീസിനെ സമീപിച്ചപ്പോൾ മൂന്ന് പോലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങേണ്ട ഗതികേടാണ് ഉണ്ടായത്. പോലീസ് സംയോജിതമായി പ്രവർത്തിച്ചിരുന്നങ്കിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു.

2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു

എൻ. നന്ദകുമാർ സ്മാരകമന്ദിരം എടപ്പാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. 


കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും സാധാരണക്കാരെ ദ്രോഹിക്കാൻ മത്സരിക്കുകയാണെണ്. 

വിഭാഗീയത സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും തങ്ങളുടെ പരാജയങ്ങൾ മറച്ചുവെയ്യുകയുമാണ് മോദി ചെയ്യുന്നത്.

സാധാരണക്കാരുടെ ആശ്രയമായിരുന്ന റേഷനരിയുടെ വിതരണംപോലും മുടക്കിയ പിണറായിയും മോദിയും ഇക്കാര്യത്തിൽ ഒരേ തൂവൽപ്പക്ഷികളാണ്.





2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം


ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യാഥാർഥ്യ ബോധത്തിന്റെ പിൻബലത്തിലാണ് കഴിഞ്ഞ സർക്കാർ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിർപ്പില്ല. തങ്ങൾ എടുത്ത തീരുമാനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യട്ടെ. അതിനെ സ്വാഗതം ചെയ്യുന്നു. അതിനു പകരം യുഡിഎഫ് സർക്കാർ എടുത്ത ചില തീരുമാനങ്ങൾ മരവിപ്പിക്കുകയും ചിലതു സാവധാനത്തിലാക്കുകയും ചെയ്തതു നിർഭാഗ്യകരമാണ്.

പല കാര്യങ്ങളിലും നടപടിക്രമങ്ങൾ പാലിച്ചു വരുമ്പോഴേക്കും സമയം നഷ്ടപ്പെടുകയാണ്. യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിനു നഷ്ടമായി. വരൾച്ച മൂലം വിഷമിക്കുന്ന കൃഷിക്കാരെ സഹായിക്കാൻ ഒന്നും ചെയ്യാത്തതു മൂലം മറ്റുള്ളവർ രംഗത്തിറങ്ങേണ്ടി വരുന്നു. നീറ്റ് മലയാളത്തിൽ കൂടി അനുവദിക്കുന്നതിനു ശ്രമം നടത്തിയില്ല. എങ്കിലും എല്ലാം ശരിയാകുമെന്ന് കരുതാം. 

ഒരാളിന്റെയും എതിർപ്പില്ലാതെ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് നടപ്പാക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാരിന് ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭാവി ഓർത്താണ് കഴിഞ്ഞ സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. അധികാരത്തിലെത്തിയാൽ ഉടൻ അതു പിൻവലിക്കുമെന്ന് പറഞ്ഞ എൽഡിഎഫ് എന്താണ് പിൻവലിക്കാത്തത്?

സാധാരണ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമ്പോൾ മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരും ഫീസ് കൊടുത്തു പഠിക്കേണ്ട അവസ്ഥ പരിഹരിക്കുന്നതിനാണ് അവരുടെ സ്കൂളുകൾ എയ്ഡഡ് ആക്കി മാറ്റിയത്. അവയ്ക്ക് സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ സർക്കാർ തയാറില്ല. ഇതിന്റെ തുടർ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി കോളജ് ഇല്ലാത്തവരും സമൂഹത്തിൽ പിന്തള്ളപ്പെട്ടവരുമായ 10 സമുദായങ്ങൾക്ക് കോളജ് അനുവദിച്ച കഴിഞ്ഞ സർക്കാരിന്റെ നടപടിയും പിടിച്ചു വച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക നീതി പാലിക്കാൻ സർക്കാർ തയാറാകണം.

കേരളത്തിൽ അഴിമതി പൂജ്യമായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർവത്ര അഴിമതിയെന്നു പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ കാര്യങ്ങൾ അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് എവിടെയാണ്?


2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം


കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയായിരുന്നു എസ്.എഫ്.ഐക്കു- ണ്ടായിരുന്നത്.  എന്നാല്‍ ജനാധിപത്യ ശക്തികളുടെ സമരത്തിന് മുന്നില്‍ എസ്.എഫ്.ഐ അടിയറവ് പറയേണ്ടി വന്നു.

ഏത് കാര്യത്തിനും ഒരു ന്യായമുണ്ട്. അത് വിട്ടുകളിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്.എഫ്.ഐക്കാര്‍ മനസിലാക്കണം. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്, സി.പി.ഐ എന്നീ സംഘടനകള്‍ എടുത്ത നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള നിലപാടുകളാണ്. സമരം പൊളിക്കാന്‍ നോക്കിയ എസ്.എഫ്.ഐ ക്കാര്‍ക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഒപ്പിട്ട മിനുട്ട്സിന് കീഴില്‍ ഒപ്പിടേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

സർക്കാർ പരസ്യ പിന്തുണ നൽകിയിട്ടും ലേ‍ാ അക്കാദമി സമരം വിജയിച്ചത് കേ‍ാൺഗ്രസിന്റെ ജനപിന്തുണയ്ക്കുള്ള തെളിവാണ്. നേ‍ാട്ട് നിരേ‍ാധനം വരുത്തിയ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്ഘടന ഉയർത്തെഴുന്നേൽക്കണമെങ്കിൽ അഞ്ച് വർഷം കഴിയണം.


2016, നവംബർ 28, തിങ്കളാഴ്‌ച

മോദിയും പിണറായിയും നാണയത്തിന്റെ രണ്ടുവശങ്ങൾ

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് നടത്തിയ ജില്ലാതല പൊതുയോഗം കുറുപ്പന്തറയിൽ  ഉദ്ഘാടനം ചെയ്യുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ബാങ്കിൽ നിന്നു നിക്ഷേപം തിരികെ ലഭിക്കാൻ നിബന്ധന വച്ച ലോകത്തിലെ ഏകരാജ്യം ഇന്ത്യയാണ്.

കേരളത്തിൽ വിവിധ കേസുകളിൽ പൊലീസ് അറസ്റ്റുചെയ്യുന്ന പ്രതികളെ സിപിഎം ബലമായി മോചിപ്പിക്കുന്ന സംഭവം നിത്യേന നടക്കുന്നു. സിപിഎം സെൽ ഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. 


2016, നവംബർ 26, ശനിയാഴ്‌ച

ഇടതു ഭരണത്തില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നു

വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ നയിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഭരണത്തിന്റെ തണലില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന നയമാണ് ഇടതു സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണ് സി.പി.എം സ്വീകരിക്കുന്നത്.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ശബ്ദിച്ചവര്‍ സ്വന്തം പാര്‍ട്ടിക്കാരാണ് പ്രതിയെങ്കില്‍ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയില്‍ കാണുന്നത്. പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നത് കേരളത്തിന് അപമാനകരമാണ്. 

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് മുഖ്യമന്ത്രിക്കു പറ്റിയതല്ല


പിണറായി വിജയൻ എന്ന വ്യക്തിക്ക് 'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് ആകാമെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ ആ നയം തുടരുന്നതു ശരിയല്ലാ, ജനാധിപത്യ വ്യവസ്ഥിതിയിൽ തെറ്റാണെന്നു ബോധ്യപ്പെടുന്ന കാര്യങ്ങൾ തിരുത്തണം. മാനേജ്മെന്റുകളുമായി കരാറിൽ ഒപ്പിട്ടു പോയെന്നും ഫീസ് കുറയ്ക്കാനാകില്ലെന്നുമാണ് ഇതു വരെ പറഞ്ഞിരുന്നത്. എങ്കിൽ, ഇപ്പോൾ മാനേജ്മെന്റുകൾ കുറയ്ക്കാൻ തയാറാണെന്നു പറയുമ്പോൾ അത് അംഗീകരിക്കേണ്ടതല്ലേ..

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതം


ഗവൺമെന്റിന്റെ തീരുമാനങ്ങൾ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകൾ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. 

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്‌ഡ്‌ പോലെയുള്ള പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ നൽകുന്നത് തെറ്റായ സന്ദേശവും കീഴ്‌വഴക്കവും ആയിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.

ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങൾ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുൻപിൽ വരട്ടെ. എന്നാൽ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു ഗവൺമെന്റിനും ഭൂഷണമല്ല. കേരളത്തിൽ മുൻപ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നൽകിയ കേസുകളിൽ പോലുമോ പൊതുപ്രവർത്തകരെ അപമാനിക്കാൻ റെയ്‌ഡ്‌ നടത്തിയ സംഭവങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഗവൺമെന്റിൽ മന്ത്രിമാരായിരുന്ന ശ്രീ കെ.എം.മാണിയും, ശ്രീ കെ.ബാബുവിനും എതിരെ എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചു വ്യക്തമായ മറുപടി അവർ നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ശ്രീ കെ.എം.മാണിയെ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതും സാധാരണ ഗതിയിൽ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരിൽ റെയ്‌ഡ്‌ നടത്തി ശ്രീ കെ.ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവൺമെന്റിനു തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും. 

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

സമരം പോലെയല്ല ഭരണമെന്നു എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു


സമരം പോലെയല്ല ഭരണമെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു തുടങ്ങി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണം വൈകിയതിന് സമരം ചെയ്തവര്‍ അധികാരത്തില്‍ വന്നിട്ട് ആഗസ്ത് മാസം കഴിയാറായിട്ട് പോലും കുട്ടികള്‍ക്ക് പാഠപുസ്തകം കിട്ടിയിട്ടില്ല. ഓണപ്പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട സമയത്തും കുട്ടികള്‍ക്ക് പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. 

നിയമന നിരോധനം ആരോപിച്ച് സമരം നടത്തിയ ഡി.വൈ.എഫ്.ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാത്തിനേയും എതിര്‍ക്കുകയും ഏതിലും അഴിമതി ആരോപിക്കുകയും മാണ് എല്‍.ഡി.എഫ് ചെയ്തത്. ആ സമരങ്ങളെല്ലാം ജനങ്ങളുടെ മുമ്പിലുണ്ട്‌. 


2016, ജൂൺ 24, വെള്ളിയാഴ്‌ച

പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് സംസ്‌കാരത്തിന്റെ ഭാഗം


 പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യോഗദിന ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതിനെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ചോദ്യംചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് എങ്ങനെ തെറ്റാകുമെന്ന് മനസ്സിലാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മൻചാണ്ടി വിശദമാക്കി. ഒരു മാസം മുമ്പായിരുന്നെങ്കില്‍ കേരളത്തില്‍ ഇങ്ങനെയാരു സംഭവം ഉണ്ടാകില്ലായിരുന്നെന്നും മുന്‍മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2016, ജൂൺ 17, വെള്ളിയാഴ്‌ച

തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം


തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

തിരുവനനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഈ കോളേജില്‍ ആദ്യവര്‍ഷ എം.ബി.ബി.എസ്. ബാച്ച് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, 134 പുതിയ തസ്തികകള്‍ അനുവദിച്ച് ലബോറട്ടറിയടക്കം സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. ഈ കോളേജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയ 2016 അദ്ധ്യയന വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ച കാര്യം താങ്കള്‍ ഓര്‍ക്കുമല്ലോ? എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഒരു സമ്മതപത്രം സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ടതുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ മെഡില്‍ കൗണ്‍സിലിന് ഒരു സമ്മതപത്രം ആദ്യം നല്കിയിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിച്ചതായി മനസിലാക്കുന്നു. ഇതുകാരണം 2016 ലെ ഈ കോളേജിലെ അഡ്മിഷന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. തന്മൂലം സംസ്ഥാനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. 25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാര്‍ക്കും, 10 ശതമാനം സീറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായും പഠിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 500 സീറ്റുകളുടെ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചതായി പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ 100 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ നടപടിമൂലം നഷ്ടമാകുന്നത് സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കാത്തു കഴിയുന്ന വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണ്.
ആയതിനാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കിയ 100 സീറ്റുകളിലും അഡ്മിഷന്‍ ഉറപ്പു വരുത്തി, തിരുവനന്തപുരത്തെ രണ്ടാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

ഉമ്മന്‍ ചാണ്ടി


2016, ജൂൺ 15, ബുധനാഴ്‌ച

തുല്ല്യ നീതി ആദ്യം കണ്ണൂരില്‍ നടപ്പാക്കണം


 ജനാധിപത്യത്തിന്റെ സൗകര്യങ്ങളും അവസരങ്ങളും ആവോളം അനുഭവിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അത് മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഉള്‍ക്കൊള്ളണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ ബി.ജെ.പി. - സി.പി.എം. അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാക്കുകള്‍ പറയാന്‍ മാത്രമല്ല, പാലിക്കാനും കൂടിയാണ്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അങ്ങനെയാണെങ്കില്‍ ആ നീതി കണ്ണൂരിലും മുഖ്യമന്ത്രിയുടെ നാട്ടിലു-മുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിക്കേണ്ടത്. ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ മറ്റുള്ളവര്‍ക്കും കഴിയണം. അധികാരം ദുരുപയോഗം ചെയ്ത് എന്തുമാവാമെന്ന് സി.പി.എം. നേതാക്കള്‍ കരുതരുത്. അനുഭവത്തില്‍നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ സി.പി.എം. കനത്ത വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


സി.പി.എമ്മിനെപ്പോലെ ബി.ജെ.പിയും അക്രമത്തിന്റെ പാതയിലാണ്. അക്രമം നടത്തി എല്ലാം നേടിയെടുക്കാമെന്ന മോഹമാണ് ബി.ജെ.പിയേയും നയിക്കുന്നത്. ജനങ്ങളെ അണിനിരത്തി അക്രമങ്ങളെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന്റെ നയം. ആ പാത തുടരും. അതിന്റെ തുടക്കമാണ് അക്രമത്തിനെതിരെയുള്ള ജനകീയ സദസ്സെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയം വെല്ലുവിളിയായി സ്വീകരിക്കുന്നു. തെറ്റുതിരുത്തി, പാഠങ്ങള്‍ ഉള്‍ക്കൊണ്ട് യു.ഡി.എഫ്. മുന്നോട്ടുപോകും- ഉമ്മന്‍ചാണ്ടി പറഞ്ഞു. 



2016, മേയ് 27, വെള്ളിയാഴ്‌ച

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നു


 അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ചാണ്ടി. 


അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് വാക്കുകളില്‍ മാത്രം പോരെന്നും പ്രവൃത്തിയില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

2016, മേയ് 23, തിങ്കളാഴ്‌ച

കേരളത്തിൻറ്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണം


തെരഞ്ഞെടുപ്പ് കാലത്ത് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് യു.ഡി.എഫ്. മുന്നോട്ടുവച്ച ആശങ്കകൾ ശരിയാകുന്നതിന്റെ സൂചനകളാണോ കഴിഞ്ഞ രണ്ടുദിവസമായി കാണുന്നതെന്നു ഞാൻ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കക്ഷിക്ക് ഭൂരിപക്ഷം ഉറപ്പായശേഷം കേരളത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ നല്ല സൂചനയല്ല നൽകുന്നത്. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കുമെന്ന് ആണയിട്ട് അധികാരത്തിലേറിയവർ പങ്കാളികളായ അക്രമങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് രണ്ടുപേരാണ്. ഈ അക്രമ പരമ്പരയുടെ തുടക്കം തെരഞ്ഞെടുപ്പ് ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തിയ ആസൂത്രിതമായ അക്രമങ്ങളിൽനിന്നാണ്. പ്രശ്നങ്ങളുടെയെല്ലാം ഒരു വശത്ത് ഭരണകക്ഷിയായ എൽ.ഡി.എഫും മറുവശത്ത് ബി.ജെ.പിയുമാണെന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലുണ്ടായ അക്രമത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം പോലുമുണ്ടായി. മർദനമേറ്റ പെൺപിള്ളൈ ഒരുമ നേതാവ് രാജേശ്വരി ആശുപത്രിയിലാണ്. വടകരയിൽ കെ.കെ.രമയുടെ വീടിനു മുന്നിൽനിന്ന് അസഭ്യവർഷം നടത്തുകയും ആർ.എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസുകൾ അടിച്ചുതകർക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലും അക്രമം. കൊല്ലത്ത് ചവറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങൾ. ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബേറിൽ ഒരു സി.പി.എം. പ്രവർത്തകൻ മരിച്ചു. ഇതിനെ തുടർന്ന് ഹർത്താൽ ആചരിച്ചതോടെ ഹർത്താലിനും തുടക്കംകുറിച്ചു. കൈയ്പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എൽ.ഡി.എഫ്. ബി.ജെ.പി. സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകൻ പ്രമോദ് മരിച്ചു. ഇതിന്റെ പേരിൽ തൃശൂരിൽ ബി.ജെ.പി. ഹർത്താൽ നടത്തി.

ഇവ നൽകുന്നത് ശരിയായ സന്ദേശമല്ല. ഇങ്ങനെയാണ് സ്വൈര്യജീവിതം ഉറപ്പാക്കുന്നതെങ്കിൽ കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി മാറും. ഈ സാഹചര്യത്തിൽ മുഖംനോക്കാതെ നടപടിയെടുത്ത് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അണികളെ അക്രമങ്ങളിൽനിന്നും പിന്തിരിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എൽ.ഡി.എഫിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി. നേതൃത്വവും തയാറാകണമെന്നും അഭ്യർഥിക്കുന്നു.