UDF

2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

പുതിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം, സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

 


വിദേശത്തു നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രവാസി സമൂഹം ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇന്ത്യയിലേക്കു പോകുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ സമയപരിധിയിലുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികളാണ് ദുരിതത്തിലാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ മാര്‍ഗ്ഗിനിര്‍ദ്ദേശ പ്രകാരം നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് മാത്രം നല്‍കേണ്ടിവരുന്നത്. 150 ദിര്‍ഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി 600 ദിര്‍ഹം (പന്ത്രണ്ടായിരം രൂപയോളം) ആണ് ചെലവ്. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തിലും സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്തണം. കോവിഡ് കാലത്ത് ശമ്പളം ലഭിക്കാതെയും, ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നടിഞ്ഞ് നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസിയെ സംബന്ധിച്ച് ഇത് ഏറെ ഗുരുതരമായ വിഷയമാണ്. പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലാബുകളില്‍ സൗജന്യ പരിശോധന നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.