UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ഫെബ്രുവരി 28, ഞായറാഴ്‌ച

വാളയാർ സംഭവം: സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന ഇടത് സർക്കാർ മറുപടി പറയണം

 


വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇടതു സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത സംഭവം ഏറെ വേദനയോടെയാണ് കേട്ടത്.

സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന ഇടത് സർക്കാർ ഇതിന് മറുപടി പറയണം. കേരളത്തിന്റെ മണ്ണിൽ ഇനിയൊരമ്മയ്ക്കും ഈ ദുർഗതി ഉണ്ടാകരുത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.

ഒരു മാസമായി വാളയാറിലെ പെൺകുട്ടികളുടെ അമ്മ നിരാഹാരസമരത്തിലാണ്. ആ സമരത്തിനുനേരെ മുഖം തിരിച്ച സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചത്. 



തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയും

 


എം.വിൻസെന്റ് എം.എൽ.എ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ഇടതു സർക്കാരിനെതിരായ മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രതിഫലിക്കുന്നത്.

പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും, ജീവൻ പണയം വച്ച് കടലിൽ പോയി കുടുംബം പുലർത്തുന്ന മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടതുസർക്കാർ സ്വീകരിക്കുന്നത്.

വിദേശ കമ്പനിക്ക് എല്ലാം തീറെഴുതികൊടുക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. അത് രേഖകൾ സഹിതം  പ്രതിപക്ഷ നേതാവ് പുറത്ത് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് കേരളത്തെ അപമാനിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യതൊഴിലാളികളെ ഒറ്റുകൊടുത്ത സർക്കാരിന്റെ കൂട്ടുകച്ചവടം പൊളിച്ചതാണ്  മുഖ്യമന്ത്രി കണ്ടുപിടിച്ച കുറ്റം.

പ്രതിപക്ഷനേതാവ് കൃത്യമായ തെളിവോടെയാണ് ഈ കൂട്ടുകച്ചവടം പുറത്തുവിട്ടത്. മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കരാർ നിയമം തയ്യാറാക്കിയ ഇടത് സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.


ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ അട്ടിമറിച്ചതും തകർത്തതും സിപിഎം

 


എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യുഡിഎഫ് എതിര്‍ക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുത്.  ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്തത് സിപിഎമ്മാണ്.  അഴിമതിയില്‍ മുങ്ങിയ  ആഴക്കടല്‍ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിര്‍ത്തത്. അത് സിപിഎമ്മിനും സര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നു.

എല്‍ഡിഎഫ് എതിര്‍ത്ത ചില പദ്ധതികള്‍ ഇപ്രകാരം.

വിഴിഞ്ഞം പദ്ധതിഃ സംസ്ഥാന സര്‍ക്കാരിന് 3500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയന്‍ ആരോപിച്ചത്.  ഇതേക്കുറിച്ച് ഈ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ വച്ച്  അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനു വിട്ടിരിക്കുകയാണ്.

കണ്ണൂര്‍ വിമാനത്താവളംഃ  റണ്‍വെയുടെ നീളം കൂട്ടണം, കൂടുതല്‍ സ്ഥലം എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍ 5 വര്‍ഷം കിട്ടിയിട്ടും ചെറുവിരല്‍ അനക്കിയില്ല. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയപ്പോള്‍ 5000 ഏക്കര്‍ സ്ഥലം എടുക്കാന്‍ 12,000 കോടി മാറ്റിവയ്ക്കും എന്നൊരു പ്രഖ്യാപനം നടത്തി.

ലൈറ്റ് മെട്രോഃ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോപദ്ധതി ഇ ശ്രീധരനെയും ഡല്‍ഹി മെട്രോയെയും ഒഴിവാക്കിയാണ് അട്ടിമറിച്ചത്.

ഗെയില്‍ പദ്ധതിഃ സിപിഎം ചില സംഘടനകളുമായി ചേര്‍ന്ന് പദ്ധതി പ്രദേശത്ത് വന്‍ സമരം അഴിച്ചുവിട്ടു. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു വിശേഷണം.

ദേശീയപാതഃ ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കലിനെതിരേയും സിപിഎം സമരം നടത്തി. സര്‍വെക്കല്ലുപോലും ഇടാന്‍ സമ്മതിച്ചില്ല.

സ്മാര്‍ട്ട് സിറ്റിഃ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരേ കോടയില്‍ കേസുവരെ ഫയല്‍ ചെയ്ത് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു.

സ്വാശ്രയ കോളജ്ഃ സ്വാശ്രയ കോളജിനെതിരേ അഴിച്ചുവിട്ട വന്‍പ്രക്ഷോഭത്തിലാണ് കൂത്തുപറമ്പ് വെടിവയ്പ്പ് ഉണ്ടായത്. പിന്നീട് എംവി രാഘവനെ സിപിഎം കൊണ്ടുനടക്കുന്നതും പാര്‍ട്ടി തന്നെ സ്വാശ്രയ കോളജ് തുടങ്ങുന്നതും നേതാക്കളുടെ മക്കള്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്നതും കേരളം കണ്ടു.

ഓട്ടോണമസ് കോളജ്ഃ 2011ല്‍ രാജ്യത്ത് 506 ഓട്ടോണമസ് കോളജ് ഉണ്ടായിരുന്നപ്പോഴാണ് കേരളത്തില്‍ ഓട്ടോണമസ് കോളജ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ ശക്തമായി രംഗത്തുവന്ന സിപിഎം ഗ്ലോബല്‍ വിദ്യാഭ്യാസ മീറ്റില്‍ വച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ചാണ് പക തീര്‍ത്തത്.

മെഡിക്കല്‍ കോളജുകള്‍ഃ യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ട 16 മെഡിക്കല്‍ കോളജുകളില്‍ 6 എണ്ണത്തെ ഇടതുപക്ഷം ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഫലമായി 2500 സര്‍ക്കാര്‍ എംബിബിഎസ് സീറ്റുകള്‍ നഷ്ടപ്പെട്ടു. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സൗകര്യം നിഷേധിച്ചു. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ്, ഇടുക്കി, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നിവയ്‌ക്കെതിരേയാണ് ഇടതുപക്ഷം നിഷേധാത്മക നിലപാട് സ്വീകരിച്ചത്.

കാരുണ്യഃ ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് 2 ലക്ഷം രൂപവരെ അനായാസം ചികിത്സാ സഹായം കിട്ടുന്ന കാരുണ്യ പദ്ധതി ഇല്ലാതാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ പദ്ധതിയുടെ നടത്തിപ്പിന് ഫണ്ട് ഇല്ലാതായി.

പങ്കാളിത്ത പെന്‍ഷന്‍ഃ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിനെതിരേ ഇടതുപക്ഷം രംഗത്തുവന്നു.  അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതി റദ്ദാക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇടതുസര്‍ക്കാര്‍ കമ്മിറ്റിയെവച്ച് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്തത്.

ജനസമ്പര്‍ക്ക പരിപാടിഃ ഇതിനെതിരേ എല്ലാ ജില്ലകളിലും വന്‍ പ്രക്ഷോഭം അഴിച്ചുവിടുകയും വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാരെ വച്ച് ഇതേ പരിപാടി നടത്തി.

നെടുമ്പാശേരി വിമാനത്താവളം, കംപ്യൂട്ടര്‍വത്കരണം, ട്രാക്ടര്‍, പ്ലസ് ടു തുടങ്ങിയവയ്‌ക്കെതിരേയും സിപിഎം രംഗത്തുവന്നിരുന്നു. എല്ലാ പുരോഗമന, വികസന, ക്ഷേമ നടപടികളെയും എതിര്‍ത്ത ചരിത്രം മാത്രമേ സിപിഎമ്മിനുള്ളു.

2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

പുതിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം, സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

 


വിദേശത്തു നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രവാസി സമൂഹം ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇന്ത്യയിലേക്കു പോകുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ സമയപരിധിയിലുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികളാണ് ദുരിതത്തിലാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ മാര്‍ഗ്ഗിനിര്‍ദ്ദേശ പ്രകാരം നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് മാത്രം നല്‍കേണ്ടിവരുന്നത്. 150 ദിര്‍ഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി 600 ദിര്‍ഹം (പന്ത്രണ്ടായിരം രൂപയോളം) ആണ് ചെലവ്. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തിലും സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്തണം. കോവിഡ് കാലത്ത് ശമ്പളം ലഭിക്കാതെയും, ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നടിഞ്ഞ് നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസിയെ സംബന്ധിച്ച് ഇത് ഏറെ ഗുരുതരമായ വിഷയമാണ്. പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലാബുകളില്‍ സൗജന്യ പരിശോധന നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

2021, ഫെബ്രുവരി 24, ബുധനാഴ്‌ച

കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

 


പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യ കേരള  യാത്ര ശംഖുമുഖത്ത് സമാപിച്ചപ്പോൾ കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

ഐശ്വര്യത്തോടുകൂടിയുള്ള കേരളത്തെ  രാജ്യത്തിന് സംഭാവന ചെയ്യാൻ ഐക്യജനാധിപത്യമുന്നണി ഭരണത്തിൽ വരണം.

പത്ത് വോട്ടിനുവേണ്ടി വർഗീയത പരത്താൻ ശ്രമിക്കുന്ന ബിജെപിക്കും സിപിഎമ്മിനും നൽകുന്ന ശക്തമായ താക്കീതാണ് ഈ ജനസാഗരം. നമ്മൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. വിജയം നമുക്കുള്ളതാണ്.

 ഐശ്വര്യ കേരള യാത്രക്ക് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.



2021, ഫെബ്രുവരി 21, ഞായറാഴ്‌ച

‘ഉദ്യോഗാർത്ഥികളോട് സർക്കാർ കാട്ടുന്നത് ക്രൂരത, ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല’

 


പിഎസ് സിയുടെ പുതിയ ഭ്രാന്തന്‍ പരിഷ്‌കാരം  തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ  വെട്ടിനിരത്തും.  ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ നടപടി വരുംതലമുറയോടു കാട്ടുന്ന കൊടുംക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി.

പിഎസ് സി പരീക്ഷയെഴുതാന്‍  കണ്‍ഫര്‍മേഷന്‍ (അനുമതി) വേണമെന്ന വ്യവസ്ഥയും പിഎസ് സി പരീക്ഷയെഴുതാന്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ പാസാകണമെന്ന നിബന്ധനയുമാണ് ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയാകുന്നത്.

എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകളിലേക്കുള്ള  പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയ്ക്ക് ഇത്തവണ 24 ലക്ഷം പേരാണ് അപേക്ഷിച്ചത്.  പരീക്ഷയെഴുതാനായി കണ്‍ഫര്‍മേഷന്‍ (അനുമതി) ലഭിച്ചത് 16 ലക്ഷം പേര്‍ക്ക് മാത്രമാണ്. പരീക്ഷയുടെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ അപേക്ഷനല്‍കിയവരില്‍ 8 ലക്ഷത്തിലധികം പേര്‍  സെലക്ഷന്‍ പ്രക്രിയയില്‍ നിന്നും പുറത്തായി. 2018ല്‍ ആരംഭിച്ച ഈ പരിഷ്‌കാരം മൂലം തൊഴില്‍രഹിതരായ 8 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ സര്‍വ്വീസ് എന്ന സ്വപ്നമാണ് പിഎസ് സി ഒറ്റയടിക്ക് ഇല്ലതായത്.

പി.എസ്.സി. മുഖാന്തിരം ജോലി ലഭിക്കുന്നതിനായി പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്താന്‍ തീരുമാനിച്ചതാണ്  മറ്റൊരു  നടപടി.  ഒരേ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളുടെ നിയമനത്തിനായി ആദ്യഘട്ടത്തില്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്തി അതില്‍ വിജയിച്ചവര്‍ക്ക് മാത്രമേ തുടര്‍ന്ന് അതതു തസ്തികകളില്‍ പരീക്ഷയെഴുതാനും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനും ഇനി മുതല്‍ കഴിയൂ.  സ്‌ക്രീനിംഗില്‍ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുപോകും. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ 3-5 വരെ വര്‍ഷം വൈകാന്‍ ഇടയുള്ളതിനാല്‍ അത്രയും കാലം ഇവര്‍ക്ക് മറ്റൊരു പരീക്ഷയില്‍ പങ്കെടുക്കാനാവില്ല.

191 തസ്തികളിലേക്കുള്ള പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  2021 ഫെബ്രുവരി 20, 25 മാര്‍ച്ച് 6, 13 എന്നീ തീയതികളിലാണ്. ആദ്യത്തെ പരീക്ഷ ഇന്നു കഴിഞ്ഞു. ഒരു ദിവസം 4 ലക്ഷം പേര്‍ എന്ന നിലയില്‍ 4 ദിവസങ്ങളിലായാണ്  പരീക്ഷ.

അപേക്ഷ നല്‍കുന്നവരെയെല്ലാം പരീക്ഷയില്‍ പങ്കെടുപ്പിച്ചിരുന്ന പി.എസ്.സിയുടെ നയമാണ് ഇപ്പോള്‍ തലതിരിഞ്ഞത്. കോവിഡ് മഹാമാരിയും സര്‍ക്കാരിന്റെ ബന്ധുനിയമനവും താത്ക്കാലിക നിയമനവും മറ്റും മൂലം അനേകായിരം പേര്‍ക്ക് അവസരം നഷ്ടപ്പെടുകയും  അവര്‍ തെരുവുകളില്‍ സമരം നടത്തുകയുമാണ്. അതിനിടയിലാണ് 8 ലക്ഷം പേരെ വഴിയാധാരമാക്കിയ ഈ നടപടി. ഇനിയുള്ള എല്ലാ പരീക്ഷകളിലും ഇതുപോലെ ലക്ഷക്കണക്കിന് യുവാക്കളെയാണ് വെട്ടിനിരത്താന്‍ പോകുന്നത്. ഇതു സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് യുവാക്കളെ തള്ളിവിടും.

റൂള്‍സ് ഓഫ് പ്രൊസിഡ്യര്‍ (റൂള്‍ 2 എ) ഭേദഗതി വരുത്തിയാണ്  സ്‌ക്രീനംഗ് പരീക്ഷ  നടത്താന്‍ പി.എസ്.സി.യും സര്‍ക്കാരും തീരുമാനിച്ചത്. കാര്യമായ ചര്‍ച്ചയോ കൂടിയാലോചനയോ അഭിപ്രായ സമന്വയമോ കൂടാതെ കൈക്കൊണ്ടതാണ് ഈ തീരുമാനം.

അതീവ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നതിനാല്‍ ഈ പുതിയ സമ്പ്രദായം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദമായ  ചര്‍ച്ചകള്‍ക്കും കൂടിയാലോചനയ്ക്കും ശേഷം മാത്രമേ തുടര്‍ന്ന നടപടികളുമായി പിഎസ് സി മുന്നോട്ടുപോകാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയെ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ഇടയില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകള്‍ ചുവടെ ചേര്‍ക്കുന്നു.

1. നാലു ഘട്ടങ്ങളില്‍ നടക്കുന്ന പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷയില്‍   ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍  പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കുന്ന ഇതേ പരീക്ഷയുടെ ഒരു ഘട്ടത്തിലും   പങ്കെടുക്കാനാവില്ല.  

2. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ  3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലാണ് നടക്കാന്‍ സാധ്യതയുള്ളത്. അവസരം നഷ്ടപ്പെട്ടവര്‍ ഇത്രയും കാലം കാത്തിരിക്കണം. അപ്പോഴേക്കും പലര്‍ക്കും പ്രായപരിധി കവിഞ്ഞുപോകും.

3. നാലു ഘട്ടങ്ങളിലെ പരീക്ഷയ്ക്കും പ്രത്യേക ചോദ്യപേപ്പര്‍ ആണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാഫലം എന്തായിരിക്കും എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കയുണ്ട്.

4. വിവിധ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷയായതിനാല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൂല്യനിര്‍ണ്ണയത്തില്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടത്തേണ്ടതാണ്.  അതുണ്ടാകുമോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനായി നടത്തിയ ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ (സ്ട്രീം 3) പരീക്ഷ വ്യത്യസ്ത തീയതികളില്‍ വെവ്വേറെ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയെങ്കിലും റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സ്റ്റാന്‍ഡര്‍ഡൈസേഷന്‍  നടത്തിയിട്ടില്ല.

5. എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രാഥമിക പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍ അതതു തസ്തികകളില്‍ നടക്കുന്ന തുടര്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍  അവസരം ലഭിക്കും.  റാങ്ക് ലിസ്റ്റുകളില്‍ ഒരേ ഉദ്യോഗാര്‍ത്ഥികള്‍ ഇടം പിടിക്കാനുള്ള  സാധ്യതയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും മുന്‍വര്‍ഷം നടത്തിയ നിയമനത്തിന്റെയും എണ്ണത്തിന് ആനുപാതിമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിമിതമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ  മാത്രമേ ഓരോ റാങ്ക് ലിസ്റ്റിലും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളു. ഒരേ ഉദ്യോഗാര്‍ത്ഥിയെ തന്നെ വിവിധ തസ്തികകളിലേക്ക് നിയമന ശുപാര്‍ശ ചെയ്യേണ്ടി വരും. എന്നാല്‍ ഒരിടത്തു മാത്രമാണ് ഒരാള്‍ ജോലിയില്‍ പ്രവേശിക്കുക. മറ്റ് ഒഴിവുകളിലേക്ക് വീണ്ടും  നിയമനം നടത്തേണ്ടി വരും.  തന്മൂലം കാലാവധി തികയ്ക്കുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റുകള്‍ തീരാന്‍  സാധ്യതയുമുണ്ട്. നിയമന ശിപാര്‍ശ ചെയ്തവരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഇതു സഹായിക്കുമെങ്കിലും ജോലി കിട്ടിയവരുടെ എണ്ണം കുറവായിരിക്കും.

6. പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് അടുത്ത 3- 5 വര്‍ഷം ഒരു തസ്തികയില്‍ അപേക്ഷിക്കാനോ, ജോലി നേടാനോ സാധിക്കില്ല. ഇത് വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാനും പങ്കെടുക്കാനും വിജയിച്ച് ജോലി നേടാനുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശത്തിന്റെ നിഷേധമാണ്. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ നേടാനുള്ള പരീക്ഷകളടക്കമുള്ള സെലക്ഷന്‍ പ്രക്രിയകളില്‍ പങ്കെടുക്കാനുള്ള അവസര സമത്വം നിഷേധിക്കരുത് എന്ന് പരമോന്നത നീതിപീഠംപോലും വ്യക്തമാക്കിയിട്ടുണ്ട്.  

7. എലിമിനേഷന്‍ പ്രോസസ്സിന് വേണ്ടിയാണ് പരീക്ഷയെന്ന് വാദിച്ചാല്‍പ്പോലും സ്‌ക്രീനിംഗ് ടെസ്റ്റിന് ശേഷം അതത് തസ്തികകള്‍ക്കായി പ്രത്യേക പരീക്ഷകൂടി നടത്തുന്ന സാഹചര്യത്തില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഈ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത് എന്ന ചോദ്യത്തിന്  വ്യക്തമായ ഉത്തരം നല്‍കാന്‍ പി.എസ്.സി.ക്ക് കഴിയുന്നില്ല.

8. എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയായ നിരവധി സാങ്കേതിക തസ്തികകളുണ്ട്.  സാങ്കേതിക മികവുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാഥമിക പരീക്ഷയില്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്ന സാങ്കേതിക മികവ് കുറഞ്ഞവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യാം.  

ഓരോ തസ്തികകള്‍ക്കും വ്യത്യസ്തമായ നിയമനചട്ടങ്ങള്‍ നിലവിലുള്ളതിനാലും ഇത്തരം നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടില്ലാത്തതിനാലും ഏകീകൃത പരീക്ഷ നടത്തുന്നത് അഭികാമ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം. സ്‌പെഷ്യല്‍ റൂളിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷ പാസ്സാകുന്നവര്‍ക്ക് മാത്രം ജോലി ലഭിക്കുമെന്ന സാഹചര്യമുണ്ടായാല്‍ അത്  നിയമപോരാട്ടങ്ങള്‍ക്ക് വേദിയാകും.  നിലവിലുള്ള ഒഴിവുകള്‍ പോലും നികത്താന്‍ സാധിക്കാത്ത വിധം കോടതി ഇടപെടലുകള്‍ക്ക് വഴിയൊരുക്കും.    

റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കുകയും പിന്‍വാതില്‍ നിയമനത്തിലൂടെ നിലവിലുള്ള തൊഴിലവസരങ്ങള്‍ ബന്ധുമിത്രാദികള്‍ക്ക്  മാറ്റിവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന്  പ്രക്ഷുബ്ധരായ  യുവതി-യുവാക്കളെ വീണ്ടും നിരാശയിലേക്കും മോഹഭംഗത്തിലേക്കും തള്ളിവിടുന്നതാണ് പുതിയ പരിഷ്‌കാരം. ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അനാവശ്യമായി നടത്തുന്ന പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷകള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

പെണ്‍കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ചു ; ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ സർക്കാരിന് മുട്ടുമടക്കേണ്ടിവരും

 


ഇടതു സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ കേരള വിദ്യാർത്ഥി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് നേരെ ക്രൂരമായ അക്രമണമാണ് പോലീസ് അഴിച്ചുവിട്ടത്. പെൺകുട്ടികൾ അടക്കം നിരവധി പേരെ ക്രൂരമായി പോലീസ് ആക്രമിച്ചു.

പിന്‍വാതില്‍ നിയമനത്തിനെതിരേയും പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരെയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല. കെ.എസ്.യു പ്രസിഡന്‍റ്  കെ.എം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്‍റ് സ്‌നേഹ ആര്‍.വി നായര്‍ എന്നിവരുള്‍പ്പെടെ 16 പേരാണ് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായത്.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരും.

പ്രതിപക്ഷ യുവജന വിദ്യാർഥി സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.


പെരിയയിലെ കൊലപാതകികള്‍ക്ക് സംരക്ഷണം ; സർക്കാർ വലിയ വില നൽകേണ്ടിവരും

 

കാസർഗോഡ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് നടന്ന കൃപേഷ്-ശരത്ത്ലാൽ സ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്തു.

സിപിഎം ക്രിമിനലുകൾ അതിക്രൂരമായി കൊലപ്പെടുത്തിയ ശരത് ലാലിന്റെയും കൃപേഷിന്റെയും  വേർപാട് സൃഷ്ടിച്ച ദുഃഖം കേരളം മുഴുവനും നിറഞ്ഞ് ഇപ്പോഴും നിൽക്കുന്നു. നാടിന്റെ രണ്ട് ഓമനകൾ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. സിപിഎമ്മിന്റെ  ക്രൂരമായ സമീപനത്തിന്റെ ഇരകളാണ് രണ്ട് സഹപ്രവർത്തകരും. 

ഈ ക്രൂരമായ സംഭവത്തിൽ സർക്കാരിന്റെ പ്രതികരണമാണ് ഏറെ വേദനിപ്പിച്ചത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബാധ്യതപ്പെട്ട സർക്കാർ കുറ്റവാളികളെ പരസ്യമായി സംരക്ഷിക്കുന്നതാണ് കാണാൻ സാധിച്ചത്. അതിനായി ഖജനാവിലെ പണം ധൂർത്തടിച്ചു. ഇത് സമാധാനപ്രിയരായ ജനങ്ങളെ  ഭയപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു കൊലപാതകം നടന്നാൽ വാദികൾക്ക് വേണ്ടിയാണ് സർക്കാർ നിലകൊള്ളേന്നത്.  എന്നാൽ യാതൊരു മനസ്സാക്ഷിയുമില്ലാതെ പ്രതികളെ സംരക്ഷിക്കാൻ ഇറങ്ങി. എന്തു മാർഗ്ഗം ഉപയോഗിച്ചും സിബിഐ അന്വേഷണം  തടയാനാണ് ഇടതുസർക്കാർ ശ്രമിച്ചത് . ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കോടികളാണ് പ്രതികളെ സംരക്ഷിക്കാൻ ഇടതു സർക്കാർ ചെലവഴിച്ചത്. സുപ്രീം കോടതി നിർദ്ദേശം ഉണ്ടായപ്പോൾ കേസുമായി സഹകരിക്കാൻ സർക്കാർ തയ്യാറായില്ല.

 ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല ഈ പ്രവർത്തികൾ. എന്തിനും ഒരു പരിധിയുണ്ട്. ഈ വിഷയത്തിൽ എല്ലാ പരിധികളും ലംഘിച്ചാണ്‌ ഇടത് സർക്കാർ മുന്നോട്ട് പോകുന്നത്.



2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

റാങ്ക് ലിസ്റ്റുകള്‍ നീട്ടിയില്ല ; ഇടതുസർക്കാർ 350 പേരുടെ ജോലി നഷ്ടപ്പെടുത്തി


ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക്  ജോലി ലഭിക്കുമായിരുന്നു. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്.  നൂറുകണക്കിനു ചെറുപ്പക്കാരുടെ ജോലികള്‍ നഷ്ടപ്പെട്ടു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.  മൂന്നുവര്‍ഷ കാലാവധി കഴിയുമ്പോള്‍ പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവര്‍ഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാന്‍ നിയമമുണ്ട്.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏഴു പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയത്. ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസിലാക്കിയാണ് ഇങ്ങനെ ചെയ്തത്.

പരമാവധി അവസരങ്ങള്‍ തുലയ്ക്കാനാണ്  ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്.  മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ഉടനേ അതു റദ്ദാക്കും. സമരത്തിലുള്ള പിഎസ് സി റാങ്കുകാരുടെ പ്രശ്‌നം സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവരെ തെരുവിലറക്കിയത് സര്‍ക്കാരിന്റെ സമീപനങ്ങളും പിടിവാശിയുമാണ്. പുതിയ ലിസ്റ്റ് ഇല്ലാതെ നിലവിലുള്ള ലിസ്റ്റ് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദു ചെയ്തതാണ് അടിസ്ഥാന കാരണം.

പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ലിസ്റ്റ് ഒന്നരവര്‍ഷം നീട്ടണം. സിവില്‍ പോലീസ് ഓഫീസേഴ്‌സ് ലിസ്റ്റിലുള്ളവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്എഫ് ഐക്കാരുമായുള്ള പ്രശ്‌നവും മറ്റും മൂലം ഇവരുടെ നിയമനം നീണ്ടുപോയതിനെ തുടര്‍ന്ന് മൂന്നു മാസമാണ് കിട്ടിയത്. അവരെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ച് ഒരു വര്‍ഷം പൂര്‍ണമായി കിട്ടുന്ന തീരുമാനമെടുക്കണം. നിയമനം ലഭിച്ചിട്ട് ശമ്പളം കിട്ടാതെ സമരം ചെയ്യുന്ന അധ്യാപകരുടെയും കായിക പ്രതിഭകളുടെയും  പ്രശ്‌നം പരിഹരിക്കണം.

കാലാവധി കഴിഞ്ഞ 133 പി എസ് സി ലിസ്‌ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും പുറത്തുവിട്ടു.

2021, ഫെബ്രുവരി 17, ബുധനാഴ്‌ച

യുഡിഎഫ് വന്നാൽ ഇന്ധനവിലയുടെ അധിക നികുതി കുറയ്ക്കും

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർധനവ് കണ്ടതായി നടിക്കുന്നില്ല. കേന്ദ്ര സംസ്ഥാന സർക്കാരിന്‍റേത് മനുഷ്യത്വമില്ലാത്ത നടപടിയാണ്.  സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. 

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഇന്ധന വിലയുടെ അധിക നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടി തുടരും.


 

സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം

 


ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണ്.

മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ് സലിംകുമാർ.

ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കാൻ പ്രായം കൂടുതലെന്ന സംഘാടകരുടെ വാദം ശരിയല്ല. എല്ലാ കീഴ് വഴക്കങ്ങളും കാറ്റിൽപറത്തിയാണ് സലിംകുമാറിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്.

കോൺഗ്രസ് അനുഭാവിയായ സലിം കുമാറിനെ ചടങ്ങിലേക്ക്​ വിളിക്കാതിരുന്നതിന്‍റെ രാഷ്​ട്രീയം വ്യക്തമാണ്. കേരളത്തിന്‍റെ അന്താരാഷ്​ട്ര ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റാൻ ഒരു കാരണവശാലും അനുവദിക്കില്ല. 

2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.

 


സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്.  ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി.  

നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍  ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി.  അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി.

പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും

ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്

 


ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും ബോധ്യമില്ല. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒഴുവുകള്‍ ഉണ്ടായിട്ടും അവസരം നല്‍കാതെ ലിസ്റ്റുകള്‍ റദ്ദാക്കി. 

പൗരത്വ ബില്ല് കേരളത്തില്‍ നടപ്പാല്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് യാതൊരു ആത്മാര്‍ഥതയുമില്ല. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാകില്ലന്നെ തീരുമാനമെടുത്തു. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ മലക്കം മറിയുകയാണ്. ഈ വിഷയത്തില്‍ ഒരൊറ്റ നയമേ കോണ്‍ഗ്രസിനുള്ളു, അത് വിശ്വാസികള്‍ക്കൊപ്പമാണ്. സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇടത് സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്തു. ശബരിമലയില്‍ പോകുവാന്‍ മടിച്ച സ്ത്രീകളെ വീട്ടില്‍നിന്ന് കൊണ്ടുപോയി ദര്‍ശനം നല്‍കിയത് പിണറായിയുടെ പോലീസാണ്. സംസ്ഥാന ഖജനാവില്‍ നിന്ന് കോടികള്‍ ചിലവാക്കി നടത്തിയ വനിതാമതില്‍ വിശ്വാസികള്‍ക്കെതിരായ ശക്തിപ്രകടനമായിരുന്നു .

അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് ഇപ്പോഴാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. ജനസമ്പര്‍ക്ക പരിപാടി ഇടത്പക്ഷം പുച്ഛിച്ചു. മുഖ്യമന്ത്രി വില്ലജ് ഓഫീസറുടെ പണി ചെയ്യുകയാണെന്ന് പറഞ്ഞു അധിക്ഷേപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി അതിനേക്കാള്‍ താഴ്ന്ന ജോലി എടുക്കാനും യുഡിഫ് സര്‍ക്കാര്‍ മടിച്ചിട്ടില്ല . അന്ന് അതിനെ പുച്ഛിച്ചവര്‍ ഇന്ന് തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോള്‍ താലൂക് ഓഫിസുകള്‍ തോറും നെട്ടോട്ടമോടി നടക്കുകയാണ്.


2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ബന്ധുനിയമനം മൂലം പൊതുമേഖലയ്ക്ക് പടുകൂറ്റന്‍ നഷ്ടം

 


വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 3148.18 കോടി രൂപ നഷ്ടം വരുത്തിയിട്ട് (സാമ്പത്തിക അവലോകനം 2020, പേജ് 180) പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് കോടിക്കണക്കിനു രൂപ മുടക്കി പ്രചാരിപ്പിക്കുന്ന  സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്‌.

പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം നടത്തിയതും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ചരിത്രത്തില്‍പോലും കേട്ടുകേഴ്‌വിയില്ലാത്ത പതനത്തിന്റെ കാരണം.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ പൊള്ളയായ പ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ആരോഗ്യമേഖലയില്‍ കേരളം ഒന്നാമതാണെന്നു പ്രചരിപ്പിക്കുമ്പോള്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ട് രാജ്യത്തെ കോവിഡ് രോഗികളുടെ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകളിലും പ്രതിദിന മരണത്തിലും കേരളം ഒന്നാമതാണ്.  

ഇടതുസര്‍ക്കാര്‍ രണ്ടര ലക്ഷം വീടുകള്‍ നല്കിയപ്പോള്‍ യുഡിഎഫ് 4.43 ലക്ഷം വീടുകള്‍ നല്കി.

യുഡിഎഫ് 245 പാലങ്ങള്‍ നിര്‍മിച്ചപ്പോള്‍ എല്‍ഡിഎഫ് ഏതാനും പാലങ്ങള്‍ തീര്‍ത്ത് ആഘോഷമാക്കി.

ആകെ 19,072 കോടി രൂപ സമാഹരിച്ചശേഷമാണ്  60,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കിയതെന്നു പ്രചരിപ്പിക്കുന്നത്.

എല്‍ഡിഎഫിന്റെ പിഎസ് സി നിയമനം 1,55,544 ആണെങ്കില്‍ യുഡിഎഫിന്റേത് 1,58,680 ആണ്.

യുഡിഎഫ് കാലത്ത് ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നത് 1600 രൂപയാക്കി എന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍ യുഡിഎഫ് കാലത്ത് 75 വയസ് കഴിഞ്ഞവര്‍ക്ക് 1500 രൂപ വരെ പെന്‍ഷനുണ്ടായിരുന്നു. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്ക് 1100 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 800 രൂപയുമായിരുന്നു. 50 വയസുകഴിഞ്ഞ അവിവാഹിതര്‍ക്കും അനാഥാലയങ്ങളിലുള്ളവര്‍ക്കും 800 രൂപ. ഇരട്ടപെന്‍ഷന്‍ എന്നു പറഞ്ഞ് ക്ഷേമനിധി വിഹിതം അടച്ച് ചെറിയ പെന്‍ഷന്‍ വാങ്ങിയവരെ പുറത്താക്കി.

2021, ഫെബ്രുവരി 14, ഞായറാഴ്‌ച

ഇന്ധനവില വർധന: വില്ലന്‍ അമിത നികുതി

 


പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നൽകുന്നില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍  സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ)  നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക്  ആശ്വാസം നല്കണം.

അന്താരാഷ്ട്രവിപണിയില്‍ യുപിഎയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തം.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്.  ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08  രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും.  ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്.

2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ന്നത്.

 പാചക വാതക വില 726 രൂപയായി കുതിച്ചുയര്‍ന്നു. ഈ മാസം ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ. നേരത്തെ നല്കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി.

പെട്രോള്‍ 2.50 രൂപയും ഡീസലിന് 4 രൂപയും കാര്‍ഷിക സെസ് ചുമത്തിയെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ല. ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കാണ് കുറച്ചെങ്കിലും പ്രയോജനമുള്ളത്.  

ഇന്ധനവില വര്‍ധന വന്‍ വിലക്കയറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുപിഎയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡില്‍ അടുക്കള കൂട്ടിയവരെയും  ഇപ്പോള്‍ കാണാനില്ല.  കോവിഡ് മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയെങ്കിലും  കുറച്ച് സമാശ്വാസം എത്തിക്കണം.


2021, ഫെബ്രുവരി 13, ശനിയാഴ്‌ച

ഐശ്വര്യ കേരളയാത്രയ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് എല്ലാവിധ നന്ദിയും സ്നേഹവും അറിയിക്കുന്നു.

 

ഐശ്വര്യകേരളയാത്രയുടെ എറണാകുളം ജില്ലയിലെ ആദ്യ ദിവസത്തെ സമാപനസമ്മേളനം മറൈൻഡ്രൈവിൽ ഉദ്ഘാടനം നിർവഹിച്ചു

 ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വികാരം ജാഥയിൽ പ്രതിഫലിക്കുന്നു. ജനങ്ങളെ മറന്നുള്ള ഭരണമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. പ്രത്യേകിച്ച്, തൊഴിൽരഹിതരായ ചെറുപ്പക്കാർ സർക്കാർ ക്രൂരതയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ ബന്ധുക്കളെയും പാർട്ടിക്കാരെയും  പിൻവാതിലിലൂടെ ജോലിയിൽ പ്രവേശിപ്പിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച്  ജയിച്ച് റാങ്ക് ലിസ്റ്റിൽ വന്നവരോട് നീതി പുലർത്താൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അർഹതയുള്ളവരുടെ അവസരം നഷ്ടപ്പെടുത്തി പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. ഈ ക്രൂരതയ്ക്ക് കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ല.

അർഹതപ്പെട്ടവരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇടതുസർക്കാർ ക്യാൻസൽ ചെയ്തു.

അതിനെതിരെ ചെറുപ്പക്കാരൻ ഉയർത്തുന്ന പ്രതിഷേധം നാടിന്റെ വികാരമാണ്. പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ വിഷമം മനസ്സിലാക്കാതെ ക്രൂരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

കൊറോണ മൂലം ഉണ്ടായ പ്രതിസന്ധിയിൽ ജനങ്ങൾ നട്ടംതിരിയുമ്പോഴാണ്  കേന്ദ്രസർക്കാർ പെട്രോളിന് വില വർദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞ സമയത്താണ് ഇന്ധന വില വർധിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന വില വർധിച്ചപ്പോൾ അധിക നികുതി ഒഴിവാക്കി 617 കോടി രൂപയാണ് വേണ്ടെന്നുവച്ചത്. ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് ജനങ്ങളുടെ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ നികുതി പിൻവലിക്കണം.  

 യുഡിഎഫ് ആവിഷ്കരിച്ച എല്ലാ ജനക്ഷേമകരമായ പദ്ധതികളും ഇടതുസർക്കാർ തകിടംമറിച്ചു. യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് എറണാകുളം ജില്ലയ്ക്ക് വികസന നേട്ടങ്ങൾ ഉണ്ടായത്. ഒരു വികസന പ്രവർത്തനവും ചെയ്യാൻ ഇടതു സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ എന്നെ അവർ കളിയാക്കി, പാവപ്പെട്ടവർക്ക് വേണ്ടി വില്ലേജ് ഓഫീസർ ആകാൻ ഞാൻ തയ്യാറാണ്.

ജനസമ്പർക്ക പരിപാടിയിലൂടെ ആളുകൾക്ക് ലഭിച്ച പ്രയോജനങ്ങൾ മനസ്സിലാക്കാതെ കുറ്റപ്പെടുത്തരുതെന്ന്  അഭ്യർത്ഥിക്കുന്നു.



2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച 232 പാലങ്ങളുടെ പട്ടിക



യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങള്‍ തീര്‍ത്തതിനെ അതിശയോക്തിയായി ചിലര്‍ വിശേഷിപ്പിച്ചതു ശ്രദ്ധയില്‍പ്പെട്ടു. രണ്ടോ മൂന്നോ പാലം പൂര്‍ത്തിയാക്കിയിട്ട് അതിനെ ആഘോഷമാക്കിയവര്‍ക്ക് അങ്ങനെ തോന്നാം. യുഡിഎഫ് 245 പാലം തീര്‍ത്തപ്പോള്‍ ആഘോഷിച്ചില്ല. അതുകൊണ്ട് അവ ഇല്ലാതാകുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച 232 പാലങ്ങളുടെ പട്ടിക ഇതോടൊപ്പം. 13 പാലങ്ങള്‍ ഏതു കാലത്താണ് പൂര്‍ത്തിയാക്കിയത് എന്നതു സംബന്ധിച്ച് ചില സംശയങ്ങള്‍ ഉള്ളതിനാല്‍ അവയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

തിരുവനന്തപുരം 

  • മരുതൻ കഴി പാലം ,
  •  നെല്ലിക്കുഴി - പരുത്തിക്കുഴി പാലം , 

കൊല്ലം 

  • ആവണീശ്വരം പാലം ,
  •  മഞ്ചല്ലൂർ പാലം ,
  • പാവുമ്പ പാലം
  • ചന്ദ്രവിലാസം ബ്രിഡ്ജ് , 
  • റെയിൽവേ ഓവർജിഡ്ജ് ( കൊല്ലം ട P ഓഫീസിനടുത്ത്), എടത്തുരുത്ത് പാലം അഴിക്കൽ, 
  • കൊച്ചു പ്ലാമൂട്പാലം , 
  • മൈലം ജഡ്ജ്, 
  • താന്പാലം, 
  • പുലംതോട് പാലം, 
  • ചീക്കൽകടവ് , 
  • മുട്ടുക്കാവ് ബ്രിഡ്ജ്  


 ആലപ്പുഴ 

  • എഴുപുന്ന - കുമ്പളങ്ങി പാലം,
  •  കീച്ചേരി വാൽക്കടവ് പാലം, 
  • മുണ്ടോളിക്കടവ് പാലം , 
  • വെട്ടിയാർ പാലം ,
  • കാട്ടു മാലം മാണക്കപടി പാലം,
  •  കാഞ്ഞിരത്തോട്,
  • പുളിക്കക്കാവ് തോട്, 
  • കൈപ്പിരിക്കടവ് ബ്രിഡ്ജ്, 
  • കരിയാർ തോട്    


 പത്തനംതിട്ട 


  • വള്ളം കുളം ബ്രിഡ്ജ് 
  • സീതത്തോട്, കക്കാട് റിവർ, 
  • പെരിങ്ങാറാ തോട് 
  • കണമല ബ്രിഡ്ജ് 
  • ജേക്കബ് സ് റോഡ്, മല്ലപ്പള്ളി 
  • പാടുത്തോട് ബ്രിഡ്ജ് 
  • പൂവത്തുമൂട് 
  • മീൻ മുട്ടിക്കൽ തോട് 

കോട്ടയം 

  • മാറം വീട് ബ്രിഡ്ജ്, വൈക്കം 
  • ചെറുകര ബ്രിഡ്ജ് 
  • ലാലം പാരലൽ ബ്രിഡ്ജ് 
  • പൂവത്ത് മാളിക കടവ് ബ്രിഡ്ജ് 


എറണാകുളം

  • ഊഴംകടവ് ബ്രിഡ്ജ് 
  • നീരിക്കോട് ബ്രിഡ്ജ് 
  • ആറാട്ടുകടവ് ബ്രിഡ്ജ് 
  • പാണക്കാട് തുരുത്ത് പാലം 
  • പൈതുരുത്ത് പാലം 
  • ഓഞ്ഞിതോട് ബ്രിഡ്ജ് 
  • തുരുത്തൂർ പൊയ്യ ബ്രിഡ്ജ് 
  • വെണ്ടുരുത്തി പാലം 
  • ഏറ്റുമാനൂർ -എറണാകുളം (49th km)
  • ടെംപിൾ റോഡ് ബ്രിഡ്ജ് (തട്ടാപ്പിള്ളി കാട് പുഴ )
  • എടമൂല ബ്രിഡ്ജ് 
  • മേരിഗിരി പള്ളി പാലം 
  • ശ്രീമൂലനഗരം പാലം 
  • തെങ്കോട് പാലം 

മൂവാറ്റുപുഴ 

  • കലമ്പൂർ ബ്രിഡ്ജ് 
  • മാറാച്ചേരി ബ്രിഡ്ജ് 
  • പൂഞ്ഞാശ്ശേരി ബ്രിഡ്ജ് 
  • വെങ്കോല ബ്രിഡ്ജ് 


ഇടുക്കി 

  • കാരുംതരുവി, പീരുമേട് 
  • പന്നിയാർക്കുട്ടി 
  • ചേലച്ചുവട് 
  • ഏലപ്പാറ ബ്രിഡ്ജ് 


തൃശൂർ 

  • ചേലക്കോട്ടുകര ബ്രിഡ്ജ് 
  • ചേരക്കുഴി ബ്രിഡ്ജ് 
  • തനതാരാ ബ്രിഡ്ജ്, പെരുമ്പിലാവ് 
  • വെട്ടുകടവ് ബ്രിഡ്ജ് 
  • പുല്ലതറ ബ്രിഡ്ജ് 


പാലക്കാട്‌ 

  • ആയിലൂർ ബ്രിഡ്ജ് 
  • മുറിയൻകണ്ണി ബ്രിഡ്ജ് 
  • മൊഴപാറകടവ് ബ്രിഡ്ജ് 
  • ചേരാമംഗലം കോസ് വേ 
  • കരുവാപ്പാറ ബ്രിഡ്ജ് 
  • കൊമ്പങ്കല്ല് ബ്രിഡ്ജ് 
  • മേനോൻ പാറ ബ്രിഡ്ജ് 
  • സാമ്പർകൊട് ബ്രിഡ്ജ് 
  • കൂളിയാട്ട് കടവ് ബ്രിഡ്ജ് 
  • മുല്ലപ്പാറക്കാവ് ബ്രിഡ്ജ് 
  • നരസിംഹപുരം പാലം
  • പേരുങ്ങോട് പുലാപ്പറ്റ 


വയനാട് 

  • മുള്ളാൾ ബ്രിഡ്ജ് 
  • ബൈപാസ് ബ്രിഡ്ജ്, മാനന്തവാടി 
  • ഇക്കികടവ് ബ്രിഡ്ജ് 
  • വരമ്പേറ്റ ബ്രിഡ്ജ് 
  • നിറവിൽ പുഴ ബ്രിഡ്ജ് 
  • കോട്ടൂർ ബ്രിഡ്ജ് 
  • കോലേപെറ്റ ബ്രിഡ്ജ് 
  • കഴുക്കാലോടി  ബ്രിഡ്ജ് 


കാസറഗോഡ് 


  • നെല്ലിക്കുന്നു കടപ്പുറം ബ്രിഡ്ജ് 
  • വെള്ളാപ്പ് ബ്രിഡ്ജ് 
  • ഓർച്ച ബ്രിഡ്ജ് 
  • മയ്യങ്ങാനം ബ്രിഡ്ജ് 
  • നെടുംകല്ല് ബ്രിഡ്ജ് 
  • പയ്യച്ചേരി ബ്രിഡ്ജ് 
  • ആറാട്ടുകടവ് ബ്രിഡ്ജ്, 
  • കുനിയാ-ആയംപാറ ബ്രിഡ്ജ് 
  • മൂന്നാം കടവ് ബ്രിഡ്ജ് 
  • മായിപ്പാടി ബ്രിഡ്ജ് 


മഞ്ചേരി 

  • ചാലക്കടവ് ബ്രിഡ്ജ്, മടിക്കേരി 
  • മൂലെപാടം ബ്രിഡ്ജ് 
  • മഞ്ഞമ്മാട് ബ്രിഡ്ജ് 
  • പനംപറ്റ കടവ് ബ്രിഡ്ജ് 
  • കൈപ്പിരിക്കടവ് ബ്രിഡ്ജ് 
  • ഏറന്തോട് ബ്രിഡ്ജ് 
  • പനങ്കായം ബ്രിഡ്ജ് 
  • എടവഴികടവ് ബ്രിഡ്ജ് 


കോഴിക്കോട് 


  • പാവയിൽ സിംഗിൾ ലൈൻ submergible ബ്രിഡ്ജ് 
  • ചെക്കിക്കാവ് ബ്രിഡ്ജ് 
  • തെയ്യത്തും കടവ് ബ്രിഡ്ജ് 


കണ്ണൂർ 


  • ജബ്ബാർക്കടവ് ബ്രിഡ്ജ് 
  • മുതുവായൽ ബ്രിഡ്ജ് 
  • മണ്ണൂർക്കടവ് ബ്രിഡ്ജ് 
  • മാട്ടൂൽ -മടക്കര ബ്രിഡ്ജ് 
  • വെമ്പുവാ ബ്രിഡ്ജ് 
  • ഓടക്കടവ് ബ്രിഡ്ജ് 
  • തൊട്ടുങ്കടവ് ബ്രിഡ്ജ് 
  • ചെറുവച്ചേരി ബ്രിഡ്ജ് 
  • പൂമംഗലം ബ്രിഡ്ജ് 
  • പുതിയ പുഴക്കര ബ്രിഡ്ജ് 
  • മുടപത്തൂർ ബ്രിഡ്ജ് 
  • കുന്നിയപുഴ ബ്രിഡ്ജ് 
  • മേലുക്കടവ് ബ്രിഡ്ജ്
  • ആറളം ബ്രിഡ്ജ് 


ഇതിനു പുറമേ അവസാനത്തെ 400 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചവ 


  • മുളയം പാലം , 
  • കിള്ളിയാറിനു കുറുകെ പത്താം കല്ല് പാലം , 
  • കുണ്ടമൺകടവ് പാലം , 
  • വെള്ളനാട് പാലം , 
  • ആര്യനാട് അണിയിൽക ടവ് പാലം , 
  • കൂരിക്കുഴ് പാലം , 
  • മൂന്നാറ്റുമുക്ക് പാലം , 
  • പൂരാങ്കൾ പുന്തലത്താഴം പാലം , 
  • കണ്ടച്ചിറ പാലം , 
  • യക്ഷിക്കുഴി പാലം , 
  • പേങ്ങാട്ടുകടവ് പാലം , 
  • തൈക്കാട്ടുശ്ശേരി പാലം , 
  • മട്ടാഞ്ചേരി ( ആലപ്പുഴ ) , 
  • കുമാരകോടി പാലം , 
  • ചെമ്പിലാവ് പാലം , 
  • വട്ടമൂട് പാലം , 
  • തറപ്പേൽക്കടവ് പാലം , 
  • മൂത്തേടത്തിരി പാലം , 
  • കരിമ്പൻ പാലം ,
  • പെരുമ്പൻകൂത്ത് പാലം , 
  • കല്ലാർകുട്ടി പാലം , 
  • മൂന്നാർ ഠൗൺ പാലം , 
  • മാരിക പാലം , 
  • സുമതിക്കട പാലം , 
  • പ്ലാക്കോട്ടം കടവ് പാലം , 
  • മേതാനം പാലം , 
  • മലയാറ്റൂർ കോടനാട് പാലം , 
  • മറ്റത്താൻക ടവ് പാലം , 
  • ഏലൂക്കര ഉളിയന്നൂർ പാലം , 
  • കുഴുപ്പുള്ളി പാലം , 
  • കരുത്തോല പാലം , 
  • വടയിൽതൊട് പാലം , 
  • വെളിയത്താംപറമ്പ് പാലം , 
  • പുഞ്ചയിൽതൊട് പാലം , 
  • അണി യിൽതൊട് പാലം , 
  • ചെമ്പൂക്കടവ് പാലം , 
  • തടിക്കടവ് പാലൈ , 
  • കോരൻകടവ് പാലം , 
  • ഇഞ്ചിയൂർ പാലം , 
  • ആല ഗോത്തുരുത്ത് പാലം , 
  • കണ്ണാര പാരലൽ പാലം , 
  • നൂറാടി പാലം , 
  • ആത്താനക്കടവ് പാലം , 
  • ചിറപ്പാലം , 
  • മേലാറ്റൂർ ( ചെമ്മാണിയോട് ) , 
  • മുടിക്കോട് പാലം , 
  • തലപ്പുക്കടവ് പാലം , 
  • തയ്യിൽക്കടവ് പാലം , 
  • താളിയംകുണ്ട് പാലം , 
  • ഉമ്മിണി ക്കടവ് പാലം , 
  • വടപുരം പാലം , 
  • വള്ളിപാട് ആലുങ്കൽകടവ് , 
  • കാരിയാട്ടുകടവ് പാലം
  • പുള്ളിക്കടവ് പാലം , 
  • മാതപ്പുഴ പാലം , 
  • ചീർപ്പുങ്കൽതോട് പാലം , 
  • മുടിക്കൽ പാലം , 
  • മയോട്ടക്കടവ് പാലം , 
  • കണ്ടപ്പൻചാൽ പാലം , 
  • മുക്കംകടവ് പാലം , 
  • മേലേകുരുടൻ കടവ് പാലം , 
  • തുഷാരഗിരി പാലം , 
  • അരയിടത്തു പാലം , 
  • കോതി പള്ളിക്കണ്ടി പാലം , 
  • കോയി ലേരി പാലം , 
  • ചേകാടി പാലം , 
  • കോട്ടൂർ പാലം , 
  • വെള്ളമുണ്ട കാക്കടവ് പാലം , 
  • കുറ്റി യേരിക്കടവ് പാലം , 
  • പുല്ലുപ്പിക്കടവ് പാലം , 
  • മണ്ണഞ്ചേരി പാലം , 
  • മണിയൻകൊല്ലി പാലം , 
  • കൊല്ലാട പാലം , 
  • ഹോണി ബാഗലു പാലം , 
  • അത്തനാടി പാലം , 
  • ചാലക്കര പാലം , 
  • കള്ളാർ പാലം , 
  • പദാംകോട് പാലം , 
  • അരമങ്ങാനം പാലം , 
  • ആയമ്പാറ പാലം , 
  • മൂന്നാർ പാലം , 
  • മൊയ്തു പാലം , 
  • മൂന്നാർ കെ.എസ്.ആർ.ടി.സി. പാലം , 
  • കൊല്ലം ഇരുമ്പ് പാല ത്തിന് സമാന്തര പാലം , 
  • കഴക്കൂട്ടം മേൽപാലം , 
  • മാണ്ണാർകോട് പാലം , 
  • കോരപ്പുഴ പാലം , 
  • പുറക്കാട്ടിരി പാലം , 
  • തകരപ്പറമ്പ് പാലം , 
  • കുമാരനല്ലൂർ പാലം , 
  • ആളൂർ - മാള പാലം , 
  • ഡിവൈൻ നഗർ പാലം , 
  • കുഞ്ഞിപ്പള്ളി പാലം , 
  • അങ്ങാടിപ്പുറം പാലം , 
  • ചാലിയങ്കോട് പാലം , (പെരിയാറിനു കുറുകെ)
  • ചിത്താരി പാലം ,  (പെരിയാറിനു കുറുകെ)
  • പുത്തൻവീട്ടിൽ പടി പാലം , 
  • പന്നിക്കുഴിതോട് പാലം

  • ഇറയിൽ കടവ് പാലം, കോടൂർ 
  • ചെമ്പിലവ് ബ്രിഡ്ജ്, 
  • കാഞ്ഞിരം ക്രോസ് 
  • ആലപ്പുഴ -കോട്ടയം കനാൽ ബ്രിഡ്ജ് 
  • സിമന്റ്‌ കവല പാലം 
  • ഗ്രാമിൻചിറ -പാറച്ചാൽ തിരുവാതുക്കൽ 
  • വറ്റമൂട് ബ്രിഡ്ജ് 
  • കാവനാൽ കടവ് 
  • ഒറ്റഫൈസ് കടവ്, കടലിമംഗലം 
  • പേങ്ങാട്ട് കടവ് ബ്രിഡ്ജ് 
  • എലമല്ലിക്കര, മദനശ്ശേരി കടവ് 
  • മങ്കൊമ്പ് പാലം 
  • മിത്രമടം ബ്രിഡ്ജ്


2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

സാന്ത്വന സ്പര്‍ശം: ഓർമ്മവരുന്നത് ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍

 


പിണറായി സര്‍ക്കാരിലെ  മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍  ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നു.  

വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു.  സിപിഎമ്മുകാര്‍ പലയിടത്തും  ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.  എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി.  കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധിച്ചു.

എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ല.

ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ അസഹിഷ്ണുത മൂര്‍ധന്യത്തിലെത്തി. ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യുഎന്‍ ആസ്ഥാനത്തേക്ക്  ആയിരക്കണക്കിനു പരാതികളയച്ചു കേരളത്തെ നാണംകെടുത്തി. അവാര്‍ഡ് ദാനം ബഹ്‌റൈനില്‍ വച്ചായിരുന്നതിനാല്‍ കരിങ്കൊടിയുമായി അവിടെ എത്താനായില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയ തന്നെ വഴിനീളെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.

2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍  11,45,449 പേരെയാണ് നേരില്‍ കണ്ടത്.   242.87 കോടി രൂപ  വിതരണം ചെയ്തു.  ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 96,901 പരാതികള്‍ ലഭിക്കുകയും 42,151 എണ്ണത്തില്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. 9.39 കോടി രൂപ വിതരണം ചെയ്തു. നാലു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മൊത്തം 11,87,600 പേരെയാണ് നേരില്‍ കണ്ടത്. പാവപ്പെട്ടവര്‍, നിന്ദിതര്‍ , പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍. അങ്ങനെയുള്ളവരായിരുന്നു അവരേറെയും.

വ്യക്തിഗത പ്രശ്നങ്ങള്‍ പരിഹരിച്ചതോടൊപ്പം ജില്ല  നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രഖ്യാപിച്ചു. അതു നടപ്പാക്കാന്‍ തുടര്‍ യോഗങ്ങളും നടത്തി. 45 പുതിയ സര്‍ക്കാര്‍ ഉത്തരവുകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചത്. കേരളത്തെ കാലോചിതമാക്കിയ നടപടികളായിരുന്നു അവ.



2021, ഫെബ്രുവരി 10, ബുധനാഴ്‌ച

കോന്നി മെഡിക്കല്‍ കോളജ് വൈകിച്ചത് മൂന്നരവര്‍ഷം

 


മൂന്നരവര്‍ഷം വൈകിച്ചശേഷമാണ് കോന്നി മെഡിക്കല്‍ കോളജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍  70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം 5 വര്‍ഷം കിട്ടിയിട്ടും രാഷ്ട്രീയകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍  ഉദ്ഘാടനം ചെയ്തത്. 300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകള്‍ വച്ചാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനപ്പെട്ട ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ട്.

പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗത്തുമുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളജ് ഏറെ പ്രയോജനം ചെയ്യും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ പലപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. അവിടെ എത്താനുള്ള ദൂരവും സമയനഷ്ടവും കാരണം  തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.

കോന്നി മെഡിക്കല്‍ കോളജ് യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍  മൂന്ന്  ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവിടെ പഠിക്കുമായിരുന്നു.  

അടൂര്‍ പ്രകാശ് എംഎല്‍എ മുന്‍കയ്യെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളജിന് തുടക്കമിട്ടത്. 2011ലെ ബജറ്റില്‍ 25 കോടി രൂപ വകയിരുത്തുകയും ഡോ. പിജിആര്‍ പിള്ളയെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. 2013 ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നബാര്‍ഡില്‍ നിന്ന്  142.5 കോടി കൂടി ലഭിച്ചതോടെ  167.5 കോടി രുപയാണ്  വക കൊള്ളിച്ചത്.

300 കിടക്കകളോടെ 3,30,000 ചതുരശ്രയടിയില്‍ കെട്ടിടം, അനുബന്ധ റോഡുകള്‍, 13.5 കോടി ചെലവില്‍ കുടിവെള്ള പദ്ധതി, 108 ജീവനക്കാര്‍, ഒ. പി വിഭാഗം എന്നിവയോടെ ഒന്നാം ഘട്ടം യുഡിഎഫ്  സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.

ഇടതു സര്‍ക്കാര്‍ വന്നതോടെ  ആദ്യം കോന്നിയില്‍ നിന്നു  മെഡിക്കല്‍ കോളേജ് മാറ്റാനുള്ള ശ്രമം നടത്തി. സ്ഥലത്തെ പറ്റി ദുരാരോപണം,  നിര്‍മ്മാണം വൈകിപ്പിക്കല്‍, തീരുമാനങ്ങള്‍ വൈകിപ്പിക്കല്‍ തുടങ്ങിയവ കൂടാതെ  ഒ.പി വിഭാഗങ്ങള്‍ പൂട്ടിക്കുകയും ചെയ്തു. ഡോക്ടര്‍മാരെയും ജീവനക്കാരെയും പിന്‍വലിച്ചു. ഇതിനെതിരേ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോന്നി മെഡിക്കല്‍ കോളജിന് വീണ്ടും ജീവന്‍ വച്ചതും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തതും.

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ല

 


നിയമനം വിഎസിന്റെ കത്തുകൂടി പരിഗണിച്ച്

ഡല്‍ഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ്  നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ല.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്.

കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടതല്ല.  റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍  ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കല്‍ റിക്രൂട്ട്‌മെന്റ് പ്രകാരമുള്ള ഈ നിയമനത്തില്‍ ഹിന്ദിക്കാര്‍ ഉള്‍പ്പെടെയുണ്ട്.   ഡല്‍ഹി എകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉള്‍പ്പെടെ  എല്ലാ പാര്‍ട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ലോക്കല്‍ റിക്രൂട്ട്‌മെന്റാണ് കേരള ഹൗസില്‍ നടന്നിട്ടുള്ളത്.

സ്‌പെഷല്‍ റൂള്‍സ് നിലവില്‍  വന്നശേഷവും ലോക്കല്‍ റിക്രൂട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.  

കേരള ഹൗസിലെ ഉയര്‍ന്ന തസ്തികകളിലുള്ള നിയമനം പിഎസ് സി വഴിയാണ്. അവര്‍ ഡല്‍ഹിയില്‍ ഡെപ്യുട്ടേഷനിലാണ് എത്തുന്നത്.  ഈ തസ്തികകളില്‍ പിഎസ്‌സിക്കു പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നു നിയമനം നടത്തിയാല്‍ അവര്‍ ഒരിക്കലും ഡല്‍ഹിയില്‍ ജോലിയില്‍ തുടരില്ല. കേരളത്തിലെ ചില ജില്ലകളില്‍ പോലും സര്‍ക്കാര്‍ ജീവനക്കാരുടെ അഭാവം പ്രകടമാണ്. അതുകൊണ്ടാണ് കേരള ഹൗസില്‍  ലോക്കല്‍ റിക്രൂട്ട്‌മെന്റിലൂടെ എക്കാലവും നിയമനം നടന്നിട്ടുള്ളത്.

ഇപ്പോള്‍ പാര്‍ട്ടിക്കാരെ പിഎസ് സി തസ്തിക ഉള്‍പ്പെടെയുള്ള  ഉന്നതപദവികളില്‍ കൂട്ടത്തോടെ നിയമിക്കുന്നതും ഡല്‍ഹിയില്‍ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ  നിയമനവും തമ്മില്‍ ഒരു താരതമ്യവുമില്ല.


2021, ഫെബ്രുവരി 7, ഞായറാഴ്‌ച

ജയലക്ഷ്മിക്കെതിരേ കള്ളക്കേസ് നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി

 


നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയായി

പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം  തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ്  കേസ് അവസാനിപ്പിച്ചത്.

സിപിഎമ്മിന്റെ കള്ളപ്രചാരണംമൂലം 2016ലെ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് അവര്‍ തോറ്റു. മാനസികമായി തകര്‍ന്ന അവര്‍ മാസം തികയാതെ ആറാം മാസത്തില്‍ മകള്‍ക്ക് ജന്മം നല്കി. മൂന്നരമാസത്തോളം ആശുപത്രിയില്‍ ചികിത്സനടത്തിയശേഷമാണ് ആരോഗ്യത്തോടെ മകളെ കിട്ടിയത്. പരമ്പരാഗതമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധാര്‍മിക മൂല്യങ്ങളിലും അടിയുറച്ച് ജീവിക്കുന്ന കുറിച്യ സമുദായത്തിനിടയില്‍ അപമാനിതയായി.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. കേരളത്തില്‍ ആദ്യമായാണ് ഒരു വനിത ആദ്യതെരഞ്ഞെടുപ്പില്‍ ജയിച്ച് 30-ാം വയസില്‍  മന്ത്രിയായത്. ഒരു മുന്‍പരിചയവും ഇല്ലാതെ എംഎല്‍എയും മന്ത്രിയുമായ അവര്‍ 5 വര്‍ഷം ഒരാരോപണവും ഉണ്ടാകാതെ മികച്ച രീതിതില്‍ പ്രവര്‍ത്തിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടികവര്‍ഗക്കാരി മന്ത്രിപദത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെയാണ് ജയലക്ഷ്മിയെ കണ്ടെത്തിയത്.

ഒരു സ്ത്രീയെന്നോ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളാണെന്നോയുള്ള  പരിഗണനപോലും ഇല്ലാതെയാണ് അവരെ തകര്‍ക്കാന്‍ നോക്കിയത്. ഇത് എല്ലാവര്‍ക്കും പാഠമാകണം.

2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പാലക്കാട് മെഡിക്കല്‍ കോളേജ് ഒ.പി തുറന്നു ; നാടിന് ആശ്വാസം, യു.ഡി.എഫിന് അഭിമാനം

 


കാത്തിരിപ്പിനൊടുവില്‍ പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിമിതമായ തോതിലാണെങ്കിലും  ഒപി തുറന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയാണ്.  

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ 2014ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളജാണിത്.   ഇത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം അന്ന് എനിക്കു ലഭിച്ചിരുന്നു.

ഈ മെഡിക്കല്‍ കോളജിലെ 70 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കാണ്. 2 ശതമാനം പട്ടികവര്‍ക്കാര്‍ക്കും 8 ശതമാനം എസ്.സി.ബി.സിക്കുമാണ്. പൊതുവിഭാഗത്തിന് 20 ശതമാനം സീറ്റുണ്ട്.

ഈ കോളജില്‍ നിന്ന് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനിടയില്‍ നിന്ന് 80 ഡോക്ടര്‍മാരാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇങ്ങനെയൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായതില്‍ യുഡിഎഫിന് ഏറെ അഭിമാനമുണ്ട്. പട്ടികജാതി, പട്ടിക വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറും, ശ്രീ. ഷാഫി പറമ്പിൽ എം.എൽ. എ.യും സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.

വിദഗ്ധചികിത്സയ്ക്ക് തൃശൂരിലും കോയമ്പത്തൂരിലും പോകുന്ന പാലക്കാട്ടുകാര്‍ക്ക് ഇതൊരു അത്താണിയുമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലവാരത്തിലേക്ക് ഈ മെഡിക്കല്‍ കോളജ് എത്താനുള്ള കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ശബരിമല വിഷയത്തിലെ നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍

 


ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണ്.  കേന്ദ്ര-  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍  സഹായകരമായ നിയമ നിര്‍മാണം നടത്തുമെന്നു   വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തും.  ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍, ലിസ്റ്റ് 3, എന്‍ട്രി 28 പ്രകാരം  മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ട്.

വിധിക്കെതിരേ നല്കിയ  റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന്  ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല.  റിവ്യൂ ഹര്‍ജിയുള്ളതുകൊണ്ട് നിയമനിര്‍മാണം സാധ്യമല്ലെന്ന ഇടതുസര്‍ക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ശബരിമലയില്‍ ഭൂരിപക്ഷവിധിക്കെതിരേ നല്കിയ അമ്പതോളം റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാള്‍പോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്ക്കുന്നു. സിപിഎമ്മും ബിജെപിയും  ഇതിനൊരു പരിഹാരം നിര്‍ദേശിക്കുന്നില്ല.  ശബരിമലയില്‍  ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുമെന്നു പോലും പറയാന്‍ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല.  യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തില്‍ അന്നും ഇന്നും വ്യക്തയുള്ളത്.

2016 ഫിബ്രുവരി 4-ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ  സത്യവാങ്മുലത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തി വാദിച്ചിരുന്നു. എന്നാല്‍,  ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായത്. കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്.

വിധി ഉണ്ടായ ഉടനേ അതു നടപ്പാക്കാന്‍ കാട്ടിയ ധൃതിയും കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിര്‍മിച്ച വനിതാമതിലും നവോത്ഥാന പ്രചാരണവുമൊക്കെ യുവതീപ്രവേശം നടപ്പാക്കാനുള്ള  ഗൂഢാലോചനയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മൗനം.


2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

പെട്രോള്‍ വില കുറയ്ക്കാത്തത് ജനദ്രോഹം

 


പെട്രോള്‍/ ഡീസല്‍ ഉല്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്രബജറ്റില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എക്‌സൈസ് നികുതി അല്പം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില  ഉയര്‍ന്നു നില്ക്കുന്നു.  ഇതു വലിയ ജനദ്രോഹം തന്നെയാണ്.

കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നേരിട്ടു പണം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പരിപാടി പൂര്‍വാധികം ഊര്‍ജിതമാക്കി. ദേശീയ പാതകള്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മിച്ചശേഷം ടോള്‍ പിരിവ് വിദേശ കുത്തകകളെയാണ് ഏല്പിക്കുന്നത്.

കഴിഞ്ഞ മാസം മാത്രം 7  തവണയാണ് പെട്രോള്‍ വില കൂട്ടിയത്. അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞുനില്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്.  ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം  ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം  വിലയിട്ടാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48  രൂപയും  ഡീസലിന് 3.56 രൂപയായിരുന്നു എക്‌സൈസ് നികുതി.

യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുവേളിയില്‍ മാത്രമാണ് ഒരു രൂപയുടെ ഇളവ് നല്കിയത്.