UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ജനുവരി 31, ഞായറാഴ്‌ച

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം

 


കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായി. ഇതെക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമതി രൂപീകരിക്കണം.  

ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തില്‍. 3722 മരണങ്ങളുമായി രാജ്യത്ത് പന്ത്രണ്ടാമത്.  ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ   കോവിഡ് ഡേറ്റ വിശ്വാസയോഗ്യമല്ലെന്നാണ് പ്രശസ്ത സാംക്രമികരോഗ വിദഗ്ധന്‍ ഡോ രാമന്‍ കുട്ടി ടൈംസ് ഓഫ് ഇന്ത്യ (30.1.21)യില്‍ ചൂണ്ടിക്കാട്ടിയത്.

കോവിഡ് പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണം. ശനിയാഴ്ച 59,759 ടെസ്റ്റുകളാണ് നടന്നത്. ഇത് ഒരു ലക്ഷമെങ്കിലും ആക്കണമെന്ന് ആരോഗ്യവിദഗ്ധരും  സംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെട്ടതാണ്. കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഒരു വര്‍ഷമായിട്ടും ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ വ്യാപിപ്പില്ല.  സര്‍ക്കാരിലെ തന്നെ വലിയൊരു വിഭാഗം വിദഗ്ധരെയും സ്വകാര്യമേഖലയെയും അവഗണിച്ചത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തി. സ്വകാര്യമേഖലയെ കൂടുതല്‍ സഹകരിപ്പിക്കുകയും  കൂടുതല്‍ ടെസ്റ്റുകളും ടെസ്റ്റിംഗ് സെന്ററുകളും ഏര്‍പ്പെടുത്തുകയും വേണം. കോവിഡ് ഡേറ്റ ഗവേഷകര്‍ക്ക് വിട്ടുകൊടുക്കണം.

കൂടുതല്‍ ജനസാന്ദ്രത  കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹരോഗികളും  കൂടുതലാണെന്നും മറ്റുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ  സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും  കോവിഡ് നിയന്ത്രിക്കപ്പെട്ടു.  പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാള്‍ മുന്നില്‍  സംസ്ഥാനങ്ങളുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി.




2021, ജനുവരി 29, വെള്ളിയാഴ്‌ച

ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു

 


ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചത്. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം.

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട  പദ്ധതിയാണിത്.  എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ്  2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ്  ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50ഃ50 ആയി വഹിക്കാമെന്ന  സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന്  എടുത്തത്. തുടര്‍ന്ന് നാലു ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി.  ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി  കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാര്‍ച്ച് 16 ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. പക്ഷേ മൂന്നര വര്‍ഷം വൈകിയാണ്  ഇപ്പോള്‍ പൂര്‍ത്തിയായത്.  

ആലപ്പുഴ ബൈപാസ് നിര്‍മാണത്തില്‍ കെസി വേണുഗോപാല്‍ എംപി നിര്‍ണായക പങ്കുവഹിച്ചു. 50ഃ50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്.   കൊല്ലം ബൈപാസും 50ഃ50 മാതൃകയിലാണ് നിര്‍മിച്ചത്. എംപിമാരായ എന്‍കെ പ്രേമചന്ദ്രനും എന്‍. പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണ്.

2021, ജനുവരി 26, ചൊവ്വാഴ്ച

കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്

 


കര്‍ഷകസമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അതു തീക്കളിയായി മാറും. രണ്ടു മാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. അവരുടെ ആവശ്യങ്ങളെ അവഗണിക്കരുത്. ഇത് രാജ്യത്തോടു കാട്ടുന്ന  വഞ്ചനയാണ്. അന്നമൂട്ടുന്ന കരങ്ങളാണ് കര്‍ഷകരുടേത്.

കര്‍ഷകരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താം എന്നു കരുതരുത്. കര്‍ഷകര്‍ക്കൊപ്പം രാജ്യവും കോണ്‍ഗ്രസും ശക്തമായി നിലയുറപ്പിക്കും.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ മടിക്കുന്തോറും ഇതു കോര്‍പറേറ്റുകള്‍ക്കുള്ള കരിനിയമമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.

റിപ്പബ്ലിക് ദിനത്തില്‍ കവചിത വാഹനങ്ങളെക്കാള്‍ ശ്രദ്ധേയമായത് കര്‍ഷകരുടെ ട്രാക്ടറാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണം.



2021, ജനുവരി 25, തിങ്കളാഴ്‌ച

ശബരിമല മുറിവുണക്കാന്‍ നിയമനടപടി വേണം

 


ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കാന്‍, വിധിക്കെതിരേ നല്കിയ  റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന്  മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ നിര്‍ദേശിച്ചു.

സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയാണ് നല്‌കേണ്ടത്.  

1950 ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിലെ വ്യവസ്ഥകള്‍ക്കും 1991 ഏപ്രില്‍ 5-ാം തീയതിയിലെ കേരള ഹൈക്കോടതിയുടെ മഹീന്ദ്രന്‍ കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ആചാര വിശ്വാസങ്ങള്‍ക്കെതിരേ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

2016 ഫിബ്രുവരി 4-ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ  സത്യവാങ്മുലത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് ഹര്‍ജി നിലനില്ക്കില്ലെന്ന് ശക്തിയുക്തം വാദിച്ചിരുന്നു. എന്നാല്‍,  ഹര്‍ജി വാദത്തിനുവന്നപ്പോള്‍ ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമമൊരു വിധി ഉണ്ടായത്. കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാണ്.

1991 ഏപ്രില്‍ 4-ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ദര്‍ശനാനുമതി നിരോധിച്ചു കൊണ്ടുള്ള നടപടി ഭരണഘടനാ   വ്യവസ്ഥകള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  1950 ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ച് അയ്യപ്പ ക്ഷേത്രത്തിലെ ദൈനംദിന ആരാധന ആഘോഷങ്ങള്‍ ആചാരമനുസരിച്ചായിരിക്കണമെന്നും വ്യക്തമാണ്. ഇവ ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിക്കാത്തിടത്തോളം കാലം നിലനില്‍ക്കും. അയ്യപ്പക്ഷേത്രത്തില്‍ 10-നും 50-നും ഇടയിലുള്ള  സ്ത്രീകള്‍ക്ക് ദര്‍ശനാനുമതി നിയന്ത്രിച്ചുകൊണ്ടുള്ള വ്യവസ്ഥ റദ്ദ് ചെയ്യുന്നതും അയ്യപ്പ വിശ്വാസികള്‍പോലുമല്ലാത്ത ഹര്‍ജിക്കാര്‍  സുപ്രീം കോടതിയെ സമീപിച്ചതും നിയമപരമായി നിലനില്ക്കില്ല.   ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബാധകമല്ല.  

സുപ്രീകോടതി വിധിയും പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളും കേരളീയ സമൂഹത്തിനും അയ്യപ്പഭക്തര്‍ക്കും മേല്‍ ഏല്പിച്ച മുറിവുണക്കാന്‍ ഇനിയും ഒട്ടും വൈകരുത്.


ഏതന്വേഷണവും നേരിടാം, കോടതിയെ സമീപിക്കില്ല, ഈ നീക്കം സര്‍ക്കാരിന് തിരിച്ചടിയാകും

 


ഏതന്വേഷണത്തിനും തയ്യാറാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്നതില്‍ മൂന്നു വര്‍ഷവും സോളാര്‍ സമരം നടത്തുകയായിരുന്നു. അധികാരത്തില്‍ വന്നിട്ട് അഞ്ചു വര്‍ഷമായിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടാന്‍ തീരുമാനിച്ചിരിക്കുന്നത്. പരാതിക്കാരി ഇതുവരെ എവിടെയായിരുന്നു?.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ദിവസം അടിയന്തിരമായി മന്ത്രിസഭാ യോഗം കൂടി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് തങ്ങള്‍ കോടതിയില്‍ കമ്മീഷന്റെ വഴിവിട്ട നിലപാട് ചൂണ്ടിക്കാണിച്ചപ്പോള്‍ കോടതി അത് അംഗീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിന്റെ ഭാഗം നീക്കാനുള്ള കോടതിയുടെ വിധിയുണ്ടായി. ആ വിധിയോട് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീലിനു പോയില്ല. ഇക്കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളോട് സര്‍ക്കാരിന് മറുപടി പറുപടി പറയേണ്ടിവരും.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചുനടന്ന ഒരു കൂടിക്കാഴ്ച സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതു സംബന്ധിച്ച് ആളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെ മാന്യതകൊണ്ടാണ്, ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാരിന്റെ നടപടി സര്‍ക്കാരിനു തന്നെ തിരിച്ചടിയാകും എന്ന കാര്യം ഉറപ്പാണ്‌. സര്‍ക്കാര്‍ ഇതിന് ജനങ്ങള്‍ക്ക് മുന്നില്‍ തിരിച്ചടി നേരിടേണ്ടിവരും.

സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ല. അധികാരത്തിലേറി അഞ്ചുവര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ പുതിയ നീക്കവുമായി വരുന്നത് .

അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്‌.

ഈ കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കും.




2021, ജനുവരി 23, ശനിയാഴ്‌ച

പെട്രോള്‍ വില വര്‍ധന തികച്ചും അന്യായം

 


കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായം.  

ഈ മാസം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74  രൂപയുമായതോടെ വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി. അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞുനില്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം  ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48  രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ മൂന്നിരട്ടിയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 10 മടങ്ങായി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുവേളിയില്‍ മാത്രം ഒരു രൂപയുടെ ഇളവ് നല്കി. കര്‍ണാടക തെരഞ്ഞെടുപ്പുവേളയില്‍ മൂന്നാഴ്ച പെട്രോളിയം കമ്പനികള്‍ വില കൂട്ടിയില്ല. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം.



2021, ജനുവരി 20, ബുധനാഴ്‌ച

ഒറ്റക്കെട്ടായി നേതൃത്വം നൽകും

 


പരസ്പരം സഹകരിക്കുന്നതാണ് എന്റേയും രമേശിന്റേയും രീതി. കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രസ്ഥാനമാണ്. ഒരാളുടെ കൈയ്യില്‍ ഒതുങ്ങുന്നതല്ല. ഒരു നേതാവ് മാത്രമല്ല. എല്ലാവരും കൂടി കൂടുമ്പോഴാണ് സംഘടനയാകുന്നത്. അമിതമായ സ്വാതന്ത്ര്യം നേതാക്കന്‍മാര്‍ക്കും അണികള്‍ക്കും ഈ പാര്‍ട്ടിയില്‍ എടുക്കാന്‍ സാധിക്കും. ആ അമിത സ്വാതന്ത്ര്യം വഴിവിട്ടു പോകാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസില്‍ നേതൃപ്രശ്‌നമില്ല. ഞാന്‍ രണ്ട് പ്രാവിശ്യം മുഖ്യമന്ത്രിയായ ആളാണ്. എനിക്ക് 50 വര്‍ഷം എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം തന്നിട്ടുള്ളതാണ്. ഈ അവസരത്തില്‍ ഒരു പരിപാടിയും പദ്ധതിയോടെയല്ല. ഒരു കാര്യം ഞാന്‍ പറയാം, കേരളത്തില്‍ നേതൃപ്രശ്‌നം സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടാകാന്‍ പോകുന്നില്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്മൂത്തായാണ് പോയിരിക്കുന്നത്. ഇപ്രാവശ്യവും അങ്ങനെയാകും. ഞങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ‘യുഡിഎഫ് അധികാരത്തില്‍ വരിക’. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അഞ്ച് വര്‍ഷമായി പദവിയില്ലെങ്കിലും ഞാന്‍ എല്ലാത്തിനുമുണ്ട്. ജയിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും ഏത് പാര്‍ട്ടിയും നേതാവും തയ്യാറാണ്. രമേശനും മുല്ലപ്പള്ളിയുമായി മിക്കവാറും ദിവസങ്ങളില്‍ ഫോണിലൂടെയെങ്കിലും ബന്ധപ്പെടുന്നുണ്ട്.

ഘടകകക്ഷികള്‍ പ്രതിപക്ഷ നേതാവിനേക്കുറിച്ച് തൃപ്തിക്കുറവ് ഉള്ളതായി പറഞ്ഞിട്ടില്ല. എ കെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഞാന്‍ ആയിരുന്നപ്പോഴും പ്രവര്‍ത്തനം പോരാ എന്ന വിമര്‍ശനമുണ്ടായിരുന്നു. അത് രമേശിനോട് മാത്രമുള്ള ചോദ്യമല്ല. ഞങ്ങളോട് മുന്‍പ് ചോദിച്ചിട്ടുള്ളതാണ്. രമേശ് ചെന്നിത്തല ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുമ്പോള്‍ പരിഹസിക്കുകയാണ് ഭരണപക്ഷം ചെയ്തത്. പിന്നീടതെല്ലാം സത്യമായി.

പ്രത്യേക കരാറോ ധാരണയോ കോണ്‍ഗ്രസിന് ആവശ്യമില്ല. അതൊന്നും ഇല്ലാതെ തന്നെ കോണ്‍ഗ്രസ് മുന്നോട്ടുപോകും ജയിക്കുകയും ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് തീരുമേനിക്കേണ്ടത് പാര്‍ട്ടിയാണ്. എന്റെ പൊതുജീവിതത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയും അംഗീകാരവും ഏറ്റവും വലുതായി തന്നെ ഞാന്‍ കാണുന്നു. ഇനിയെന്താണ് എന്നുള്ളത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനം പറയുമ്പോള്‍ എനിക്ക് എന്റേതായ കാഴ്ച്ചപ്പാടുകള്‍ പറയാനും സാധിക്കും.

യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കും. കഴിവുള്ള ഉത്തരവാദിത്വം ഏല്‍പിക്കാവുന്ന ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ഘടകകക്ഷികളിലും ധാരാളമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരമാവധി പിന്തുണ നല്‍കുമെന്നതിന് യാതൊരു സംശയവും വേണ്ട. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രനെ മേയറാക്കിയത് നല്ല തീരുമാനമാണെന്നേ ഞാന്‍ പറയൂ. കോണ്‍ഗ്രസ് മുമ്പേ ചെയ്തത് ആരും കണ്ടില്ലേ? 26ാം വയസിലാണ് സുരേഷ് കൊടിക്കുന്നില്‍ എന്ന ദളിത് വിഭാഗത്തില്‍ പെട്ടയാളെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിച്ചത്. വന്‍ ഭൂരിപക്ഷത്തോടെയാണ് രമ്യ ഹരിദാസ് ജയിച്ചത്. പി സി വിഷ്ണുനാഥ് 26-ാമത്തെ വയസിലാണ് എംഎല്‍എ ആയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ല. പക്ഷെ, പ്രതീക്ഷ വെച്ചിരുന്നു. പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ കൈകാര്യം ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാക്കാലത്തും യുഡിഎഫ് പിന്നിലായിരിക്കും. ത്രിതല പഞ്ചായത്ത് ഫലം യുഡിഎഫിന് കുറവുകള്‍ മനസിലാക്കാനുള്ള അവസരമായി.


കിറ്റു കൊടുക്കലല്ല ദാരിദ്ര്യ നിർമാർജനം

 


കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംങ്ങൾക്കും  ഭരണത്തിന്റെ തുടക്കം മുതൽ സൗജന്യമായി അരി വിതരണം ചെയ്തു. പിന്നീട് വന്ന ഇടതുമുന്നണി സർക്കാർ സൗജന്യ അരി വിതരണം നിർത്തലാക്കി. എപിഎൽ കുടുംബങ്ങൾക്കു കേന്ദ്രസർക്കാർ നൽകുന്ന അരിയുടെ വിലയിൽ നിന്ന് ഇപ്പോൾ 2 രൂപ കൂട്ടിയാണ് ഇപ്പോൾ ഇവിടെ വാങ്ങുന്നത്. 

ലൈഫ് മിഷന്റെ പേരിൽ ഇടതുമുന്നണി സർക്കാർ 2 ലക്ഷം വീടു നിർമിച്ചപ്പോൾ യുഡിഎഫിന്റെ കാലഘട്ടത്തിൽ വിവിധ വകുപ്പുകളിലൂടെ 4,21,000 വീടുകളാണ് നിർമിച്ചത്. കൊല്ലം, ആലപ്പുഴ ബൈപാസ് യാഥാർഥ്യമായത് ചെലവിന്റെ പകുതി തുക യുഡിഎഫ് സർക്കാർ കെട്ടിവച്ചതുകൊണ്ടാണ്.

എഐസിസിയുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരം അല്ല. കൂട്ടായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്. കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം മാത്രമാണു ലക്ഷ്യം. എല്ലാവരും കഴിവിന്റെ പരമാവധി പ്രവർത്തിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പു കേരളത്തിന്റെ മാത്രം കാര്യമല്ല. നരേന്ദ്രമോദി സർക്കാരിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കം കേരളത്തിൽ നിന്ന് ആയിരിക്കണം. അതിനുളള്ള അവസരമായി നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണം. എൽഡിഎഫ് സർക്കാർ 5 വർഷം പൂർത്തിയാകാറായപ്പോഴല്ലേ സൗജന്യ റേഷനും മറ്റും നൽകിയത്.



2021, ജനുവരി 16, ശനിയാഴ്‌ച

പൊള്ളയായ, വിശ്വാസ്യതയില്ലാത്ത കേരളം ബജറ്റ് 2021

 


യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചത്. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല.

അഞ്ചു വര്‍ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും എ.പി.എല്‍. കുടുംബങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തിന് തരുന്ന അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സര്‍ക്കാര്‍ നല്കിയത്. ഇടതുസര്‍ക്കാര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപയ്ക്കും എ.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചത്.

യു.ഡി.എഫ് ഗവണ്‍മെന്റ് 2013-ല്‍ ഭരണാനുമതി കൊടുത്ത പേട്ട-തൃപ്പൂണിത്തുറ മെട്രോ ലൈന്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത് 5 വര്‍ഷം പാഴാക്കിയ ശേഷമാണ്. 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പണി ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഒരിടത്തും എത്തിയിട്ടില്ല.

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് പണി നല്‍കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമില്ല. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നു തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ 5 വര്‍ഷം തറവില വര്‍ദ്ധിപ്പിക്കാതെയിരുന്ന ഗവണ്‍മെന്റ് 20 രൂപ മാത്രം കൂട്ടിയത് റബ്ബര്‍ കര്‍ഷകരെ തീര്‍ത്തും നിരാശരാക്കി. റബ്ബറിന്റെ താങ്ങുവില കുറഞ്ഞത് 200 രൂപയാക്കണം. കുടിശ്ശിക ഉടനെ നല്‍കണം. റബ്ബറിന്റെ താങ്ങുവില 150 രൂപയായി പ്രഖ്യാപിച്ച് യു.ഡി.എഫ്. ഗവണ്‍മെന്റ് ഒരു കിലോ റബ്ബറിന് 70 രൂപ വരെ സബ്‌സിഡി നല്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച റബര്‍പാര്‍ക്കും റൈസ് പാര്‍ക്കും ആവര്‍ത്തിച്ചിരിക്കുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ 12,000 കോടി മാറ്റിവയ്ക്കുന്നു എന്ന പ്രഖ്യാപനം അമ്പരപ്പിപ്പിക്കുന്നതാണ്. 2016 ആദ്യം റണ്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡി.ജി.സി.എ.യുടെ അനുമതിയോടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം സമരം നടത്തിയത്. 5 വര്‍ഷം കഴിഞ്ഞിട്ടും റണ്‍വേയുടെ നീളം ഒരു മീറ്റര്‍പോലും വര്‍ദ്ധിപ്പിക്കുകയോ ഒരു സെന്റ് സ്ഥലം കൂടുതലായി ഏറ്റെടുക്കുകയോ ചെയ്യാത്ത ഗവണ്‍മെന്റ് ഒരു കൂറ്റന്‍ പ്രഖ്യാപനം അവസാനത്തെ ബജറ്റില്‍ നടത്തിയത് ആരും ഗൗരവമായി എടുക്കുകയില്ല.

യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് നടപ്പിലാക്കിയ ഓട്ടോണോമസ് കോളേജുകള്‍ക്ക് എതിരെ സി.പി.എം. സമരം ചെയ്യുകയും യു.ജി.സി.യില്‍ നിന്നും എത്തിയവരെ തടയുകയും ചെയ്തത് മറന്നിട്ടാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നതെങ്കിലും സ്വാഗതം ചെയ്യുന്നു. കാലത്തിന്റെ മാറ്റം ഉള്‍കൊണ്ട് പ്രായോഗിക സമീപനം സ്വീകരിക്കുകയും പ്രതിലേച്ഛ ഇല്ലാതെ വിദ്യാഭ്യാസ രംഗത്ത് മികവ് പ്രകടിപ്പിച്ച സ്ഥാപനങ്ങളെ ഗവണ്‍മെന്റ് വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും വേണം.

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോള്‍, പഴയ കംപ്യൂട്ടര്‍ വിരുദ്ധ സമരം ആരെങ്കിലും അയവിറക്കിയാല്‍ കുറ്റം പറയാനാവില്ല.

ആരുമില്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ ദത്തെടുത്ത് കുടുംബശ്രീ വഴി പരിപാലിക്കുന്ന ആശ്രയ പദ്ധതിയെ ഇടതുസര്‍ക്കാര്‍ വിസ്മരിച്ചിരുന്നെങ്കിലും ഈ ബജറ്റില്‍ പരിഗണന നല്കിയതിനെ സ്വാഗതം ചെയ്യുന്നു. എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച ഈ പദ്ധതി 2011-16ല്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് കേരളമൊട്ടാകെ നടപ്പിലാക്കിയിരുന്നു.



2021, ജനുവരി 12, ചൊവ്വാഴ്ച

സുപ്രീം കോടതി സ്‌റ്റേ: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണം

 


കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണം.

ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്. വിദഗ്ധസമിതിയംഗങ്ങള്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കര്‍ഷകര്‍ക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കര്‍ഷകര്‍ തന്നെ എതിര്‍ക്കുമ്പോള്‍, ഇതു കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമമല്ലെന്നു വ്യക്തം.

കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന് കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരേയുള്ള പോരാട്ടം തുടരുകയും ചെയ്യും. 

2021, ജനുവരി 10, ഞായറാഴ്‌ച

‘യു.ഡി.എഫ് സർക്കാർ ആരവങ്ങളില്ലാതെ തുറന്നത് 245 പാലങ്ങള്‍; അഞ്ച് വർഷം എടുത്തിട്ടാണെങ്കിലും രണ്ട് പാലം പൂർത്തിയാക്കിയത് സ്വാഗതാർഹം’

 


അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി.  യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ  സ്വാഗതം ചെയ്യുന്നു.

അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ്  (സ.ഉ. കൈ. നംഃ 51/2013/ പൊ.മ.വ) ജൂണ്‍ 14നു പുറപ്പെടുവിച്ചത്.  ടോള്‍ പിരിവ് ഇല്ലാതെ നിര്‍മിക്കുന്നതിനും തീരുമാനിച്ചു.

ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയത്.

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക്  ഡിപിആര്‍ തയാറാക്കി സ്‌പെഷന്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് പ്രാഥമിക ചെലവുകള്‍ക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി.  യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍, ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചത്.



ഗെയില്‍ 'ഭൂമിക്കടിയിലെ ബോംബ്' ; സർക്കാർ മാപ്പു പറയണം


 കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയില്‍ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസര്‍ക്കാര്‍  കേരളത്തോട് മാപ്പുപറയണം. ഗെയില്‍ ഗെയില്‍ ഗോ എവേ എന്നു പറഞ്ഞാണ് സിപിഎം അന്നു വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു  പ്രചാരണം.

2009ല്‍ അനുവദിച്ച പദ്ധതിക്ക് ജീവന്‍ വച്ചത് 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടമായ കൊച്ചി-അമ്പലമുകള്‍  2013ല്‍ പൂര്‍ത്തിയാക്കി. ഫാക്ട്, ബിപിസിഎല്‍, പ്രത്യേക സാമ്പത്തിക മേഖല എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം നല്കി. 2015ല്‍ കൊച്ചിയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വിതരണം ആരംഭിച്ചു.    രണ്ടാംഘട്ടമായ കൊച്ചി- കൂറ്റനാട് ഭാഗത്ത് പൈപ്പ് ഇടുന്നതിന് തദ്ദേശവാസികളില്‍ നിന്ന് അനുമതി നേടി മുന്നോട്ടുപോയപ്പോഴാണ്  പദ്ധതിക്കെതിരേ സിപിഎം തിരിഞ്ഞത്. അഞ്ചു വര്‍ഷമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയത്.


2021, ജനുവരി 9, ശനിയാഴ്‌ച

വാളയാറിലെ രണ്ട് പെൺകുട്ടികൾ ഇന്ന് കേരളത്തിന്റെ ദുഃഖമാണ്.

 


അതിക്രൂരമായി കൊല്ലപ്പെട്ട ഈ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണം. ഈ ക്രൂരകൃത്യം ചെയ്തത കുറ്റവാളികൾ -ക്കൊപ്പമായിരുന്നു ഇടത് സർക്കാരും പോലീസ് ഉദ്യോഗസ്ഥരുമെന്ന് വ്യക്തമാണ്.

പൊലീസിനും പ്രോസിക്യൂഷനും ഈ കേസ് കൈകാര്യം ചെയ്യുന്നത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചിരുന്നു. 

പെൺകുട്ടികളുടെ മാതാപിതാക്കളെ ഒന്ന് കാണുവാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല. ഈ കേസിന്റെ വിധി വന്നപ്പോൾ മനസ്സിലായി മുഖ്യമന്ത്രി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതികൾക്കൊപ്പമാണെന്ന്.

 പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ സർക്കാർ കേൾക്കണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.