UDF

2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

ജനൽപ്പാളി അടയ്ക്കില്ല; അപ്പുറത്ത് ഉമ്മൻചാണ്ടിയുണ്ട്


ജനപ്രതിനിധിയായിട്ട് 50 ആണ്ട് 

പുതുപ്പള്ളി ചേർന്ന മേൽവിലാസമേയുള്ളൂ ഉമ്മൻചാണ്ടിക്ക്. തിരുവനന്തപുരത്തെ ‘പുതുപ്പള്ളി’ വീടും കോട്ടയത്ത് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീടും. മുഖ്യമന്ത്രിയായിരുന്നപ്പോൾപ്പോലും ആഴ്ചയവസാനം മുടങ്ങാതെ കോട്ടയം പുതുപ്പള്ളിയിലെത്തുന്ന പതിവ് ആദ്യമായി തെറ്റിയത് ലോക്ഡൗൺകാലത്ത്. കോവിഡ് മൂലം നാട്ടിലേക്കു വരാനാകാതെ കുടുങ്ങിക്കിടക്കുന്നവരും അസുഖംമൂലം ബുദ്ധിമുട്ടുന്നവരും ജോലി നഷ്ടമായവരുമൊക്കെ അന്നും ഉമ്മൻചാണ്ടിയെ വിളിച്ചുകൊണ്ടേയിരുന്നു. അവരുടെ പ്രശ്നങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ടുകൊണ്ടേയിരിക്കുന്നു. എങ്കിലും നേരിട്ട് അവരെ കാണാൻ കഴിയാത്ത സങ്കടം. അടുത്തിടെ പുതുപ്പള്ളിയിലെ ഈ വീട്ടിലേക്കുള്ള ആൾവരവ് ആരംഭിച്ചു. പഴയതുപോലെ തിരക്കിൽപ്പെടാൻ പറ്റുന്നില്ല. പകരം വീട്ടിലെ തുറന്നിട്ട ജനലിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നു, ഉമ്മൻചാണ്ടി.  

ഉദാരമനസ്കത വീട്ടിൽനിന്ന് 

 ആ സ്വഭാവം കുടുംബത്തിൽനിന്ന് കിട്ടിയതാണെന്ന് ഉമ്മൻചാണ്ടിയുടെ അധ്യാപകനും 102-ാം വയസ്സുകാരനുമായ സ്കറിയാ തൊമ്മി പറയുന്നു. ‘‘ഒരിക്കൽ നെല്ല് പുഴുങ്ങിയശേഷം പുറത്തുവെച്ചിരുന്ന ചെന്പ് മോഷണം പോയപ്പോൾ കുഞ്ഞൂഞ്ഞിന്റെ അമ്മ പറഞ്ഞതെന്താണെന്നോ, അത്ര ഇല്ലാത്തവരല്ലേ. കൊണ്ടുപോകട്ടേയെന്ന്.’’ ആ ഉദാരമനസ്കത കണ്ട് വളർന്ന കുട്ടിക്ക് വഴിമാറിനടക്കാൻ പറ്റില്ലല്ലോ. ആദ്യ തിരഞ്ഞെടുപ്പുമുതൽ മുടങ്ങാതെ ഉമ്മൻചാണ്ടി ഈ അധ്യാപകന്റെ കൈപിടിച്ചേ തൊട്ടടുത്ത സ്കൂളിൽ വോട്ടുചെയ്യാൻ പോയിട്ടുള്ളൂ. 

 വല്യപ്പച്ചനിൽനിന്ന് പേരും 

 അത്തരം ശീലങ്ങൾ വിട്ടൊരു വഴിനടക്കാൻ തന്റെ കുഞ്ഞൂഞ്ഞിനു കഴിയില്ലെന്ന് സഹോദരിയും പുതുപ്പള്ളി മണലുംഭാഗത്ത് പരേതനായ വി.ജെ. മാത്യുവിന്റെ ഭാര്യയുമായ വൽസമ്മ മാത്യു പറയുന്നു. ‘‘അമ്മാമ്മേയെന്നാണ് കുഞ്ഞൂഞ്ഞും ഇളയ അനിയനും വിളിക്കുന്നത്. അവർ മാത്രമേ അങ്ങനെ വിളിക്കാറുള്ളൂ. അതൊരു സ്നേഹവിളിയാണെന്നു തോന്നാറുണ്ട്.’’ ‘‘സന്തോഷം വരുമ്പോഴല്ലേ, സങ്കടം വരുമ്പോഴല്ലേ കൂടെപ്പിറപ്പ് കൂടെവേണ്ടത്. 1991-ൽ എന്റെ മകൻ സുമോദ് ബൈക്കപകടത്തിൽ മരിക്കുേന്പാൾ കുഞ്ഞൂഞ്ഞ് കൂടെനിന്ന് ആശ്വസിപ്പിച്ചു. ഒട്ടും തളരാതെ. പക്ഷേ, പിന്നീട് ഉമ്മൻചാണ്ടിയുടെ ഒരു അഭിമുഖത്തിൽ ഞാൻ വായിച്ചു. ‘‘ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ചത് സഹോദരിയുടെ മകൻ മരിച്ചപ്പോഴാണെന്ന്. അന്നവന് 26 വയസ്സേയുള്ളൂ’’ -സഹോദരി ഓർമകൾ പങ്കിടുന്നു. അപ്പച്ചൻ കെ.ഒ. ചാണ്ടിയുടെ അപ്പൻ എം.എൽ.സി.യായിരുന്നു. വി.ജെ. ഉമ്മൻ. ആ പേരിൽനിന്നാണ് ഉമ്മൻചാണ്ടി എന്ന പേരിട്ടത്.

 കെടാതെകാക്കുന്ന സ്നേഹം 

 പുതുപ്പള്ളിയിൽ എപ്പോൾ വന്നാലും ഞായറാഴ്ച രാവിലെ ആറിന് പുതുപ്പള്ളി പള്ളിയിലെ ആരാധനയ്ക്ക് ഉമ്മൻചാണ്ടി ഹാജരെന്ന് വികാരി ഫാ. എ.വി. വർഗീസ്. പള്ളിയിലെ കുരിശിനു ചുറ്റുമുള്ള വിളക്ക് കത്തിച്ചിട്ടേ മടക്കമുള്ളൂ. ആത്മീയത കൂടെപ്പിറന്ന നന്മയാണ്. എന്നും എത്ര തിരക്കുണ്ടെങ്കിലും ബൈബിൾ വായിച്ചിട്ടേ ഉറങ്ങൂവെന്നും ഫാദർ പറയുന്നു. ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാലും അതിനെ അതിജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജീവിതം മാതൃകയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ‘‘ആശ്രയിക്കുന്നവരെയും അനുഗമിക്കുന്നവരെയും അംഗീകരിക്കുകയും അവരിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക’’ തന്നോടൊപ്പമുള്ളവരോട് ഉമ്മൻചാണ്ടി പറയുന്ന ഈ പാഠത്തിലാണ് അനുയായികൾക്കും വിശ്വാസം. 

 (രശ്മി രഘുനാഥ്, മാതൃഭൂമി)