UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍, മരണാനന്തര ബഹുമതി



ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണ്.

മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.

മാണിസാര്‍ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടിയില്‍ ആയിരം പോലീസുകാരുടെ നടുവിലാണ്. അന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷപരിപാടിക്കു വരുന്നത് പോലീസിനെ ഉപയോഗിച്ച് തടഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ വച്ചാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. മാണി സാര്‍ 100 ശതമാനവും കുറ്റക്കാരനല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും ഇതു തന്നെയാണു കണ്ടെത്തിയത്. മാണിസാറിന്റെ രാജി തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദു:ഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ സാധിച്ചില്ല.

2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

വ്യവസായ സൗഹൃദ റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്ത്

വ്യവസായ അനുകൂല പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതു വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ തയറാക്കിയ വ്യവസായ സൗഹൃദ റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്ത്. അതായത് ഏറ്റവും അവസാന സ്ഥാനത്ത്!

നിക്ഷേപകര്‍ക്കിടയില്‍ സര്‍വേ നടത്തി അതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ പ്രോത്സാഹന- ആഭ്യന്തര വ്യാപാരവകുപ്പ് (ഡിപിഐഐടി) റാങ്കിംഗ് നടത്തുന്നത്. സംസ്ഥാനങ്ങള്‍ നല്കുന്ന ഡേറ്റയുടെയും കൂടി അടിസ്ഥാനത്തിലാണിത്. 2015-16 മുതലാണ് ലോകബാങ്കിന്റെ സഹകരണത്തോടെ ബിസിനസ് പരിഷ്‌കാര കര്‍മസമിതി (ബിആര്‍എപി) പട്ടിക തയാറാക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015-16ല്‍ 18-ാം റാങ്ക് ആയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ 2016-17ല്‍ റാങ്ക് 20ലേക്കു താഴ്ന്നു. 2017-18ല്‍ 21ലേക്ക് ഇടിഞ്ഞു. ഇടിഞ്ഞിടിഞ്ഞ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും പിറകിലായി.

ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യുപിയും തെലുങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

കേരളത്തിന് എന്തുപറ്റി? സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം സാമ്പത്തിക സര്‍വെ 2019 പ്രകാരം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്. യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകും?

വ്യവസായ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കെഎസ്‌ഐടിസിയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 5 എംഡിമാര്‍. ഇപ്പോഴുള്ളത് ഇന്‍ ചാര്‍ജ് എംഡി.

ഇതിനിടയിലാണ് ഹര്‍ത്താല്‍, നോക്കുകൂലി തുടങ്ങിയ പരിപാടികളും അരങ്ങേറുന്നത്. കോട്ടൂര്‍ കാപ്പുകാട് ആനപരിശീലനകേന്ദ്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ക്കു കൊണ്ടുവന്ന, ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ. പാലക്കാട് കാവശേരിയില്‍ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു മര്‍ദനമേറ്റു. വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ട്രക്കില്‍ കയറി സാധനം ഇറക്കേണ്ടി വന്നു.

കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം നടന്ന 2020 ജനുവരി 9ന്റെ തലേദിവസം കേരളത്തില്‍ ഹര്‍ത്താലായിരുന്നു. കോടതി ഹര്‍ത്താല്‍ നിരോധിച്ച നാടാണു നമ്മുടേത്. ഗെയില്‍ പൈപ്പ് ലൈന്‍, എക്‌സ്പ്രസ് ഹൈവെ, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം, എക്‌സ്പ്രസ് ഹൈവെ, ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുന്നവരെ ആരു വിശ്വസിക്കും?

അതോടൊപ്പം കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി കോടികള്‍ മുടക്കിയ തന്റെ ഓഡിറ്റോറിയത്തിനു ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതും പുനലൂര്‍ സ്വദേശിയായ പ്രവാസി, വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതുമൊക്കെ കൂട്ടി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തം.



2020, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയത് സിപിഎം. കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. ഏറ്റവും കുറവ് കോണ്‍ഗ്രസും. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം.

വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്.

125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതി.

ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ - 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.

അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല.

ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തം. ഇടതുസര്‍ക്കാരിന്റെ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്.

കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.

2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

ജനൽപ്പാളി അടയ്ക്കില്ല; അപ്പുറത്ത് ഉമ്മൻചാണ്ടിയുണ്ട്


ജനപ്രതിനിധിയായിട്ട് 50 ആണ്ട് 

പുതുപ്പള്ളി ചേർന്ന മേൽവിലാസമേയുള്ളൂ ഉമ്മൻചാണ്ടിക്ക്. തിരുവനന്തപുരത്തെ ‘പുതുപ്പള്ളി’ വീടും കോട്ടയത്ത് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീടും. മുഖ്യമന്ത്രിയായിരുന്നപ്പോൾപ്പോലും ആഴ്ചയവസാനം മുടങ്ങാതെ കോട്ടയം പുതുപ്പള്ളിയിലെത്തുന്ന പതിവ് ആദ്യമായി തെറ്റിയത് ലോക്ഡൗൺകാലത്ത്. കോവിഡ് മൂലം നാട്ടിലേക്കു വരാനാകാതെ കുടുങ്ങിക്കിടക്കുന്നവരും അസുഖംമൂലം ബുദ്ധിമുട്ടുന്നവരും ജോലി നഷ്ടമായവരുമൊക്കെ അന്നും ഉമ്മൻചാണ്ടിയെ വിളിച്ചുകൊണ്ടേയിരുന്നു. അവരുടെ പ്രശ്നങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ടുകൊണ്ടേയിരിക്കുന്നു. എങ്കിലും നേരിട്ട് അവരെ കാണാൻ കഴിയാത്ത സങ്കടം. അടുത്തിടെ പുതുപ്പള്ളിയിലെ ഈ വീട്ടിലേക്കുള്ള ആൾവരവ് ആരംഭിച്ചു. പഴയതുപോലെ തിരക്കിൽപ്പെടാൻ പറ്റുന്നില്ല. പകരം വീട്ടിലെ തുറന്നിട്ട ജനലിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നു, ഉമ്മൻചാണ്ടി.  

ഉദാരമനസ്കത വീട്ടിൽനിന്ന് 

 ആ സ്വഭാവം കുടുംബത്തിൽനിന്ന് കിട്ടിയതാണെന്ന് ഉമ്മൻചാണ്ടിയുടെ അധ്യാപകനും 102-ാം വയസ്സുകാരനുമായ സ്കറിയാ തൊമ്മി പറയുന്നു. ‘‘ഒരിക്കൽ നെല്ല് പുഴുങ്ങിയശേഷം പുറത്തുവെച്ചിരുന്ന ചെന്പ് മോഷണം പോയപ്പോൾ കുഞ്ഞൂഞ്ഞിന്റെ അമ്മ പറഞ്ഞതെന്താണെന്നോ, അത്ര ഇല്ലാത്തവരല്ലേ. കൊണ്ടുപോകട്ടേയെന്ന്.’’ ആ ഉദാരമനസ്കത കണ്ട് വളർന്ന കുട്ടിക്ക് വഴിമാറിനടക്കാൻ പറ്റില്ലല്ലോ. ആദ്യ തിരഞ്ഞെടുപ്പുമുതൽ മുടങ്ങാതെ ഉമ്മൻചാണ്ടി ഈ അധ്യാപകന്റെ കൈപിടിച്ചേ തൊട്ടടുത്ത സ്കൂളിൽ വോട്ടുചെയ്യാൻ പോയിട്ടുള്ളൂ. 

 വല്യപ്പച്ചനിൽനിന്ന് പേരും 

 അത്തരം ശീലങ്ങൾ വിട്ടൊരു വഴിനടക്കാൻ തന്റെ കുഞ്ഞൂഞ്ഞിനു കഴിയില്ലെന്ന് സഹോദരിയും പുതുപ്പള്ളി മണലുംഭാഗത്ത് പരേതനായ വി.ജെ. മാത്യുവിന്റെ ഭാര്യയുമായ വൽസമ്മ മാത്യു പറയുന്നു. ‘‘അമ്മാമ്മേയെന്നാണ് കുഞ്ഞൂഞ്ഞും ഇളയ അനിയനും വിളിക്കുന്നത്. അവർ മാത്രമേ അങ്ങനെ വിളിക്കാറുള്ളൂ. അതൊരു സ്നേഹവിളിയാണെന്നു തോന്നാറുണ്ട്.’’ ‘‘സന്തോഷം വരുമ്പോഴല്ലേ, സങ്കടം വരുമ്പോഴല്ലേ കൂടെപ്പിറപ്പ് കൂടെവേണ്ടത്. 1991-ൽ എന്റെ മകൻ സുമോദ് ബൈക്കപകടത്തിൽ മരിക്കുേന്പാൾ കുഞ്ഞൂഞ്ഞ് കൂടെനിന്ന് ആശ്വസിപ്പിച്ചു. ഒട്ടും തളരാതെ. പക്ഷേ, പിന്നീട് ഉമ്മൻചാണ്ടിയുടെ ഒരു അഭിമുഖത്തിൽ ഞാൻ വായിച്ചു. ‘‘ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ചത് സഹോദരിയുടെ മകൻ മരിച്ചപ്പോഴാണെന്ന്. അന്നവന് 26 വയസ്സേയുള്ളൂ’’ -സഹോദരി ഓർമകൾ പങ്കിടുന്നു. അപ്പച്ചൻ കെ.ഒ. ചാണ്ടിയുടെ അപ്പൻ എം.എൽ.സി.യായിരുന്നു. വി.ജെ. ഉമ്മൻ. ആ പേരിൽനിന്നാണ് ഉമ്മൻചാണ്ടി എന്ന പേരിട്ടത്.

 കെടാതെകാക്കുന്ന സ്നേഹം 

 പുതുപ്പള്ളിയിൽ എപ്പോൾ വന്നാലും ഞായറാഴ്ച രാവിലെ ആറിന് പുതുപ്പള്ളി പള്ളിയിലെ ആരാധനയ്ക്ക് ഉമ്മൻചാണ്ടി ഹാജരെന്ന് വികാരി ഫാ. എ.വി. വർഗീസ്. പള്ളിയിലെ കുരിശിനു ചുറ്റുമുള്ള വിളക്ക് കത്തിച്ചിട്ടേ മടക്കമുള്ളൂ. ആത്മീയത കൂടെപ്പിറന്ന നന്മയാണ്. എന്നും എത്ര തിരക്കുണ്ടെങ്കിലും ബൈബിൾ വായിച്ചിട്ടേ ഉറങ്ങൂവെന്നും ഫാദർ പറയുന്നു. ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാലും അതിനെ അതിജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജീവിതം മാതൃകയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ‘‘ആശ്രയിക്കുന്നവരെയും അനുഗമിക്കുന്നവരെയും അംഗീകരിക്കുകയും അവരിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക’’ തന്നോടൊപ്പമുള്ളവരോട് ഉമ്മൻചാണ്ടി പറയുന്ന ഈ പാഠത്തിലാണ് അനുയായികൾക്കും വിശ്വാസം. 

 (രശ്മി രഘുനാഥ്, മാതൃഭൂമി)