UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച

പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്ത്


പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണം. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറണം.

സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്.

പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ പങ്കെടുത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാള്‍ ചെറിയ തുക ക്വോട്ട് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തായി. അദാനിഗ്രൂപ്പ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത് പുറത്തായതുമൂലം തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായി.

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നീ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും വിലക്കുകയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി. അതിന്റെ മരണമണിയാണു മുഴങ്ങുന്നത്. നിലവില്‍ വളരെ ചെറിയ നിരക്കിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അസംസ്‌കൃത വസ്തുവായ യൂക്കാലിപ്റ്റ്‌സ് നല്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ അതു നിലയ്ക്കും. തുടര്‍ന്ന് ഫാക്ടറി നടത്താന്‍ ആര്‍്ക്കും സാധിക്കില്ല. ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നവരുടെ കണ്ണ് അവിടെയുള്ള 700 ഏക്കര്‍ കണ്ണായ സ്ഥലത്തിലാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ വില്‍ക്കാന്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചുകഴിഞ്ഞു. ലോക്ഡൗണ്‍മൂലം ഇതിന്റെ സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 9 ലക്ഷം കോടി രൂപ വിലമതിപ്പുള്ള ബിപിസിഎല്‍ സ്ഥാപനങ്ങള്‍ വില്ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന ഷെയര്‍ വാല്യൂ 90,000 കോടി രൂപ മാത്രമാണ്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ റിഫൈനറിയില്‍ സംസ്ഥാന സര്‍ക്കാരിനു ഷെയര്‍ ഉണ്ട്. സ്ഥലമെടുപ്പു മുതല്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായിട്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെയും അതിശക്തമായി കേരളം എതിര്‍ക്കേണ്ടതാണ്.

കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്താണ്. അതു വിറ്റു തുലയ്ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണം.

2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഇടത് സർക്കാർ തല്ലിക്കെടുത്തുന്നത് 45 ലക്ഷം യുവസ്വപ്നങ്ങൾ!


മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നത്.

മൂന്നുവര്‍ഷം കാലാവധിയുള്ള പിഎസ്‌സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരിന്നു യുഡിഎഫ് നയം. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്. ഇതില്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.

യുഡിഎഫ് സര്‍ക്കാര്‍ ആശ്രിതനിയമനത്തിലും വികലാംഗനിയമനത്തിലും കുടിശിക നികത്താന്‍ സൂപ്പര്‍ ന്യൂമറി പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. അതുകൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവരെ ഇതു ബാധിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി 9300 കണ്ടക്ടര്‍മാരെ നിയമിച്ചപ്പോള്‍ എംപാനലിലുള്ള പതിനായിരത്തില്‍പ്പരം പേര്‍ക്ക് ്‌നിയമനം നല്കി. അധ്യാപക പാക്കേജിലും പതിനായിരത്തിലധികം അധ്യാപകര്‍ക്ക് നിയമനം നല്കി. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിയമപരമായ രീതിയില്‍ തന്നെ പിഎസ്‌സി ലിസ്റ്റിലുള്ളവരെ സഹായിക്കാന്‍ സാധിക്കും

ഇടതു സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനില്‍ക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്സി നിയമനം നിഷേധിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണം.