UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, ജൂലൈ 30, വ്യാഴാഴ്‌ച

ക്രാന്ത ദര്‍ശനത്തിന്റെ വിപ്ലവകരമായ തെളിവ്: നവോദയാ സ്കൂളുകൾ


സിബിഎസ്ഇ പ്ലസ്ടു കൊമേഴ്‌സ് പരീക്ഷയില്‍ എസ്സി/ എസ് ടി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്കു വാങ്ങിയ (493/ 500) വിദ്യാര്‍ത്ഥി മൂവാറ്റുപുഴ മണിയടന്തനം മ്യാലില്‍ വീട്ടില്‍ എം. വിനായകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചു കഴിഞ്ഞു. നവോദയ സ്‌കൂളുകള്‍ മാത്രമെടുത്താല്‍ കോമേഴ്‌സില്‍ ഒന്നാം റാങ്ക്. നവോദയ എല്ലാ വിഷയത്തിലും നോക്കിയാല്‍ നാലാം റാങ്ക്. മൂന്നു വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക്.

എന്തൊരു അമ്പരപ്പിക്കുന്ന വിജയമാണ് ഈ കുട്ടി നേടിയത്. വിനായക് കേരളത്തിന്റ അഭിമാനമാണ്. അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പഠിച്ച് വെന്നിക്കൊടി പാറിച്ച വിനായകിന്റെ അച്ഛന്‍ മനോജും അമ്മ തങ്കയും കൂലിപ്പണിക്കാരാണ്. കഠിനാധ്വാനത്തിലൂടെ മകന് മാര്‍ഗദീപം തെളിയിച്ച മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി തന്നെയാണ് അസൂയാവഹമായ നേട്ടം കൈവരിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോകണമെന്ന അദ്ദേഹത്തിന്റെ ആഗ്രവും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1986ല്‍ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച് അതിന്റെ ഭാഗമായി തുടങ്ങിയതാണ് രാജ്യമെമ്പാടുമുള്ള ജവഹര്‍ നവോദയ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍. ഒരു ജില്ലയ്ക്ക് ഒരു സ്‌കൂള്‍ എന്നതാണ് നയം. ഇതു പ്രകാരം രാജ്യത്ത് നിലവില്‍ 661 നവോദയ സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളില്‍ 75 % ഗ്രാമവാസികളായിരിക്കണം എന്നു നിബന്ധനയുണ്ട്. ജില്ലയിലെ ജനസംഖ്യയുടെ അനുപാതത്തില്‍ എസ് സി/ എസ്ടി വിഭാഗത്തിനു സംവരണം. കൂടാതെ പെണ്‍കുട്ടികള്‍ക്ക് മൂന്നിലൊന്നു സംവരണവുമുണ്ട്.

മൂന്നര ദശാബ്ദം മുമ്പ് ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധി തുടക്കമിട്ട നവോദയ സ്‌കൂളുകളിലൂടെ ലക്ഷക്കണക്കിനു ഗ്രാമീണവാസികളായ കുട്ടികളും എസ് സി/ എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികളും അറിവിന്റെ വിഹായസിലേക്കു പറന്നുയര്‍ന്നു. നവോദയ സ്‌കൂളുകള്‍ വിപ്ലവകരമായ ഒരു തീരുമാനം തന്നെ ആയിരുന്നു എന്നതിനു കാലം സാക്ഷി.

നിര്‍ഭാഗ്യവശാല്‍ അന്ന് സിപിഎമ്മും അതിന്റെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രാജീവ് ഗാന്ധിയുടെ ദേശീയ വിദ്യാഭ്യാസ നയത്തെയും ജവഹര്‍ നവോദയ വിദ്യാലയങ്ങളെയും സടകുടഞ്ഞ് എതിര്‍ത്തു എന്നതിനും കാലം സാക്ഷി. അതിന്റെ പേരിലും കുറെ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയെന്നതും ചരിത്രം.

2020, ജൂലൈ 14, ചൊവ്വാഴ്ച

വിശ്വാസികളുടെ വികാരം മാനിക്കുന്ന വിധി; എൽഡിഎഫിന് തിരിച്ചടി


ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പഴുതടച്ച സംവിധാനം ഏര്‍പ്പെടുത്തി.

ഒരു എസ്പിയുടെ നേതൃത്വത്തില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഇരുനൂറോളം പോലീസുകാരെയാണ് 24 മണിക്കൂര്‍ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയത്. അവര്‍ക്ക് ക്ഷേത്രപരിസരത്ത് ക്യാമ്പ് ഓഫീസ് തുറന്നു. അത്യാധുനിക കാമറ ഉള്‍പ്പെടയുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചു. 25 കോടിയിലധികം രൂപ യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചു.

ശ്രീപത്മനാഭ ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധിയെ ശബരിമല വിഷയത്തിന്റെ വെളിച്ചത്തില്‍ സ്വാഗതം ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

2020, ജൂലൈ 7, ചൊവ്വാഴ്ച

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.


സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.

സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു  നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.

2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു.

വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.

എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയല്‍ വരെ നടത്തി. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു.

ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.

ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ  അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം.  കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്.

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.