UDF

2019, മേയ് 8, ബുധനാഴ്‌ച

മോദിയുടെ പരാമര്‍ശം ക്രൂരം


രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം ക്രൂരമാണ്. ഇന്ത്യ കണ്ട ഏറ്റവും ക്രാന്തദര്‍ശിയായ ഒരു പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കെട്ടാന്‍ മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പരാജയം തുറിച്ചുനോല്‍ക്കുന്ന മോദിയുടെ സമനില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക്  അദ്ദേഹം കൂപ്പുകുത്തി. പ്രധാനമന്ത്രി പദത്തിന് അപമാനം ഏല്‍പ്പിച്ചാണ് മോദി പടിയിറക്കത്തിനു തയാറെടുക്കുന്നത്.

ബോഫോഴ്‌സ് ആരോപണം ഉന്നയിച്ച ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ക്കപ്പുറം ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. പാര്‍ലമെന്ററിന്റെ സംയുക്ത സമിതി രൂപീകരിച്ച് 50 സിറ്റിംഗ് നടത്തിയശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പുതുതായൊന്നും കണ്ടെത്താനായില്ല. പാര്‍ലമെന്റിനകത്തും പുറത്തും രാജീവ് ഗാന്ധി നിരപരാധിത്വം തെളിയച്ചപ്പോള്‍ റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന ആവശ്യം പോലും മോദി നിരസിക്കുകയാണുണ്ടായത്. 

എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മാറ്റിവച്ച് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനകീയനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 
രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചു നയിച്ച രാജീവ് ഗാന്ധിയെ മോദി അധിക്ഷേപിച്ചാലും ഇന്ത്യന്‍ ജനത എന്നും നന്ദിയോടെ സ്മരിയ്ക്കും എന്നതിൽ തർക്കമില്ല.