UDF

2019, ജനുവരി 7, തിങ്കളാഴ്‌ച

അഗസ്റ്റയിലൂടെ മോഡി രാഷ്ട്രീയവൈരം തീർക്കുന്നു


റാഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൻ അഴിമതി കണ്ടുപിടിച്ചതിലുള്ള രാഷ്ട്രീയവൈരം തീർക്കാൻ മെനഞ്ഞെടുത്ത കള്ളക്കഥയാണ് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്ന ആക്ഷേപം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകൻ നാടകീയമായി അനവസരത്തിലാണ് ഇവരുടെ പേരുകൾ കോടതിയിൽ വലിച്ചിഴച്ചത്. അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റൻ മിഷേലിനുമേൽ കേന്ദ്ര സർക്കാർ വൻ സമ്മർദ്ദവും ഭീഷണിയും മുഴക്കിയിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതിലെ രാഷ്ട്രീയം സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നതാണ്.

കരാറിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ ഉടനെ അന്നത്തെ പ്രതിരോധമന്ത്രി എ. കെ. ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ഇറ്റലിയിലെ മിലാൻ കോടതിയിൽ കേസ് നടത്തി കരാർ തുകയും ബാങ്ക് ഗ്യാരന്റിയും മൂന്നു ഹെലികോപ്റ്ററുകളും തിരിച്ചുപിടിക്കുകയും, അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഉത്തരവിട്ടു.

തുടർന്നു അധികാരത്തിലേറിയ മോദി സർക്കാർ വെറും മൂന്നു മാസത്തിനിടയിൽ ഈ കമ്പനിയെ കരിമ്പട്ടികയിൽനിന്നു ഒഴിവാക്കി. പ്രതിരോധ മേഖലയിലെ മെയ്ക് ഇൻ ഇന്ത്യ പദ്ധതികളിൽ ഇവരെ പങ്കാളിയാക്കുകയും നാവികസേനയ്ക്ക് 100 ഹെലികോപ്റ്റർ വാങ്ങാനുള്ള ടെൻഡറിൽ പങ്കെടുക്കാൻ കമ്പനിക്ക് അനുമതി നൽകുകയും ചെയ്തു.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ദിര ഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും കുടുംബങ്ങളെ വിദൂരബന്ധം പോലും ഇല്ലാത്ത കാര്യത്തിൽ കുടുക്കാൻ നോക്കുന്നത് ക്രൂരമാണ്. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച മോട്ടിലാൽ നെഹ്‌റുവിന്റെയും ജവഹർലാൽ നെഹ്‌റുവിന്റെയും പാരമ്പര്യമാണ് ഇവരുടേത്. പ്രധാനമന്ത്രിപദം പോലും നിരസിച്ച ചരിത്രമാണ് സോണിയ ഗാന്ധിക്കുള്ളത്. ഇതെല്ലാം മോദി മറന്നാലും ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ തങ്കലിപികളിൽ കുറിക്കപെട്ട കാര്യങ്ങളാണ്. ഇവരെ വേട്ടയാടാൻ ശ്രമിക്കുന്നവർ അപഹാസ്യരായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ തള്ളപ്പെടുമെന്നതിൽ സംശയം ഇല്ല.