UDF

2019, ജനുവരി 19, ശനിയാഴ്‌ച

ശബരിമല: രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമം


ശബരിമല വിഷയത്തില്‍ മതസൗഹാര്‍ദ്ദവും ആചാരക്രമങ്ങളും സംരക്ഷിയ്ക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കൊല്ലത്ത് നടത്തിയ പ്രസംഗം തെളിയിക്കുന്നത്. സംഘര്‍ഷം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് യു.ഡി.എഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമെന്നും പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോൺഗ്രസ്സും യു.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണിച്ച അവസരത്തില്‍ യു.ഡി.എഫ്. ഗവൺമെന്റ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ നിലപാടില്‍ നിന്നും ഞങ്ങള്‍ അണുവിട മാറിയിട്ടില്ല. മറിച്ച് ബി.ജെ.പി.യും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ എരുതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന ഗവൺമെന്റും സ്വീകരിച്ചത്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി വന്നപ്പോൾ അഭിപ്രായ സമന്വയത്തിനോ തുറന്ന മനസ്സോടെയുള്ള കൂടിയാലോചനകളോ നടത്താതെ കോടതിവിധിയുടെ ബാദ്ധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുഖ്യമന്ത്രി മുമ്പോട്ട് പോകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാര കോടതിയിലെ ജഡ്ജിമാര്‍ക്കുപോലും യോജിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായത്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വ്യത്യസ്ഥ വീക്ഷണം ജഡ്ജിമാര്‍ക്ക് പോലും ഉണ്ടായതില്‍ ഈ പ്രശ്‌നത്തിലെ സങ്കീര്‍ണ്ണത നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ കാര്യത്തില്‍ വിധി നടപ്പിലാക്കാന്‍ മാത്രമേ ഒറ്റ പോംവഴിയേയുള്ളൂ എന്ന നിലപാട് മുഖ്യമന്ത്രിയും ഗവണ്മെന്റും സ്വീകരിച്ചത് അഭിപ്രായ ഐക്യത്തിന്റെ സാദ്ധ്യതകള്‍ തുടക്കത്തിലെത്തന്നെ കൊട്ടി അടച്ചു. കോടതിവിധി നടപ്പിലാക്കുവാന്‍ ഗവൺമെന്റിന് ബാദ്ധ്യത ഇല്ലേ എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. പക്ഷേ ഗവൺമെന്റിന് മറ്റ് നിരവധി ബാദ്ധ്യതകളും കൂടി ഉണ്ട്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്.