UDF

2018, ജൂൺ 9, ശനിയാഴ്‌ച

ആ എന്നെത്തന്നെ കുര്യന്‍ സാര്‍ ആക്ഷേപിക്കണം


മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. ആ ഉത്തരവാദിത്തം കോണ്‍ഗ്രസിനുള്ളതാണ്. മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള അഡ്ജസ്റ്റ്മെന്റാണ് ഇത്. നാലുകൊല്ലം കഴിഞ്ഞുകിട്ടേണ്ട ഒന്ന് ഇപ്പോള്‍ കിട്ടുന്നുവെന്നു മാത്രം. ഒറ്റത്തവണ മാത്രമാണ്. കീഴ്‍വഴക്കമാകില്ല. പശ്ചാത്തലത്തിലുള്ള സാഹചര്യം മനസിലാകാത്തതുകൊണ്ട് ഉയരുന്ന പ്രതിഷേധമാണ്. ആ എതിര്‍പ്പുകള്‍ ശരിയാണ്. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കണം. 

പി.ജെ.കുര്യന്‍ കുറ്റപ്പെടുത്തുന്നത് മനസിലാക്കാത്തതുകൊണ്ടാണ്. അദ്ദേഹത്തിനെതിരെ എവിടെയും ഞാന്‍ പരാതി പറ‍ഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രസിഡന്റിനോട് കുര്യനെക്കുറിച്ചല്ല, ആരെയും കുറിച്ച് പരാതി പറഞ്ഞിട്ടില്ല. കുര്യന് വേണമെങ്കില്‍ രാഹുലിനോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാം. 

ഞങ്ങള്‍ ഡല്‍ഹിയില്‍ ചെന്ന ശേഷമാണ് ഇതൊരു നിര്‍ബന്ധിത ആവശ്യമായി വരുന്നത്. ബന്ധപ്പെടാവുന്നവരോടൊക്കെ ബന്ധപ്പെട്ടു. തീരുമാനം ഞങ്ങളാണെടുത്തത്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം എന്തെന്നൊന്നും ഒരിക്കലും പുറത്തുപറയുന്നില്ല. ഇവിടെ ഇങ്ങനെയൊരു തീരുമാനം അനിവാര്യമായിരുന്നു. ഞങ്ങള്‍ തന്നെയെടുത്ത തീരുമാനമാണ്. മൂന്നു പേര്‍ മാത്രം  ചേര്‍ന്നെടുത്ത തീരുമാനമെന്ന വിമര്‍ശനമൊന്നും കണക്കാക്കുന്നില്ല. 

യു.ഡി.എഫിന്റെ തുടക്കം മുതലേ ഇത്തരം രീതികളുണ്ട്. വിമര്‍ശിക്കുന്നവര്‍ കാര്യം മനസിലാക്കാതെയാണ് പ്രതിഷേധിക്കുന്നത്. അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് യു.ഡി.എഫിന് ക്ഷീണമുണ്ടായിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20ല്‍ 12 സീറ്റ് കിട്ടി. 

ബി.ജെപിയെ സഹായിക്കുമെന്ന അഭിപ്രായം സുധീരന്റേതു മാത്രമാണ്. യോജിക്കുന്നില്ല. ഇന്ത്യയില്‍ ബി.െജ.പിയെ നേരിടാന്‍ ആകെ കരുത്തുള്ളത് കോണ്‍ഗ്രസിനു മാത്രമാണ്. അതിലൊന്നും ഒരു സംശയവുമില്ല. 

കുഞ്ഞാലിക്കുട്ടി ഇടപെട്ടത് സ്വന്തമായിട്ടല്ല. ലീഗിന്റെ തീരുമാനത്തിലല്ല. യു.ഡി.എഫിന്റെ തീരുമാനത്തിലാണ്. യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് ഈ നീക്കമുണ്ടായത്. ഒരു സമ്മര്‍ദവും എവിടെ നിന്നുമുണ്ടായിരുന്നില്ല. വീരേന്ദ്രകുമാറിന് സീറ്റു കൊടുത്തപ്പോഴും ചര്‍ച്ച ചെയ്തിരുന്നില്ല. പ്രതിഷേധക്കാര്‍ രാഹുല്‍ഗാന്ധിക്ക് കത്തെഴുതിയെങ്കില്‍ അപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ ശരിയായി മനസിലാക്കും. വീരേന്ദ്രകുമാര്‍ പിന്നീട് പോയതിനു കാരണവും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ല. അത് അവര്‍ ആലോചിക്കേണ്ടതായിരുന്നു. 

1980 മുതല്‍ കുര്യന്‍ മല്‍സരിച്ച എല്ലാ ലോക്സഭാതിരഞ്ഞെടുപ്പിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു. രാജ്യസഭയിലേക്കു മല്‍സരിച്ചപ്പോഴും തുണയായി ഞാനുണ്ടായിരുന്നു. ആദ്യം രാജ്യസഭയിലേക്കു വന്നത് വി.വി.രാഘവന്‍ മരിച്ച ഒഴിവിലാണ്. അത് 2004ലാണ്. അത് അന്ന് കേരളാ കോണ്‍ഗ്രസിനു ക്ലെയിം ഉണ്ടായിരുന്ന സീറ്റാണ്. അന്ന് അത് കുര്യന് കൊടുപ്പിച്ചത് ഞാനാണ്. ആ എന്നെക്കുറിച്ചു തന്നെ കുര്യന്‍സാര്‍ ഈ ആക്ഷേപം പറയണം. 

2012ലും കുര്യനെ എതിര്‍ത്തുവെന്നു പറയുന്നതും അര്‍ധസത്യമാണ്. എതിര്‍ത്തില്ല, പക്ഷേ മാറിനില്‍ക്കണം, മലബാറില്‍ നിന്ന് എന്‍.പി.മൊയ്തീന് അവസരം കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചു. പക്ഷേ അദ്ദേഹം മല്‍സരിക്കാന്‍ നിര്‍ബന്ധം പിടിച്ചു. കേന്ദ്രനേതൃത്വവും ആവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ കുര്യന്‍സാറിനെ വിളിച്ചു, എന്റെ അഭിപ്രായം മാറിയിട്ടില്ല. പക്ഷേ നേത‍ൃത്വം ആവശ്യപ്പെടുന്നു, ഞാന്‍ പേരു കൊടുക്കുന്നു. അതാണ് നടന്നത്. സത്യങ്ങളേ ആളുകള്‍ വിശ്വസിക്കൂ. എന്നും കുര്യനെ പിന്തുണച്ചിട്ടുണ്ട്. 2012ല്‍ വിയോജിപ്പോടെ തന്നെ പിന്തുണച്ചതാണ്. അല്ലാതെ കുര്യനോട് ഒരെതിര്‍പ്പുമില്ല. 

​​ഞാന്‍ ദേശീയരാഷ്ട്രീയത്തിലേക്കു പോയത് എന്റെ തീരുമാനമല്ല, പാര്‍ട്ടിയുടെ തീരുമാനമാണ്. കോണ്‍ഗ്രസിന് സംഘടനാ കെട്ടുറപ്പൊക്കെയുണ്ട്. ഇല്ലെന്നു തോന്നുന്നത് ശരിയല്ല. പ്രതിഷേധിക്കുന്ന എം.എല്‍.എമാര്‍ക്കു ബോധ്യപ്പെടും. ഫെയ്സ്ബുക്ക് ഉള്ള കാലത്ത് അങ്ങനെ ചില പ്രതിഷേധങ്ങളുണ്ടാകും. തെറ്റിദ്ധാരണകള്‍ മാറും.യുവാക്കള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. യുവാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും. കുര്യനെ മാത്രം എതിര്‍ത്തതെന്തെന്ന് യുവ എം.എല്‍.എമാരോടു തന്നെ ചോദിക്കണം. എനിക്കെല്ലാവരോടും ഒരേ ബന്ധമാണ്.