UDF

2018, ജൂൺ 10, ഞായറാഴ്‌ച

1980 മുതൽ പി.ജെ. കുര്യനെ പിന്തുണച്ചു; പകരം പേരുപറഞ്ഞത് ഒരിക്കൽമാത്രം


പി.ജെ. കുര്യൻ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന 1980 മുതൽ അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ച എല്ലാ പ്രാവശ്യവും ഒപ്പമുണ്ടായിരുന്നു.

വി.വി. രാഘവൻ അന്തരിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലേക്ക് പോകുന്നത്. ആ സീറ്റിന് അന്ന് കേരള കോൺഗ്രസിന് അവകാശവാദം ഉന്നയിക്കാമായിരുന്നു. എന്നാൽ, അവർക്ക് അടുത്തപ്രാവശ്യം നൽകാമെന്നുപറഞ്ഞ് പി.ജെ. കുര്യന് സീറ്റ് നൽകാൻ താൻ മുൻകൈയെടുത്തു. ഒരുവർഷം കഴിഞ്ഞ് വീണ്ടും സീറ്റ് കിട്ടാനും കൂടെനിന്നു. പകരം പേര് നിർദേശിച്ചത് 2012-ൽ മാത്രമാണ്. അതാകട്ടെ അദ്ദേഹത്തോടുതന്നെ തുറന്നുപറഞ്ഞിരുന്നു. മലബാറിൽനിന്ന് ഒരാൾക്ക് സീറ്റ് നൽകണമെന്ന താത്പര്യത്തിൽ എൻ.പി. മൊയ്തീന്റെ പേരാണ് താൻ കഴിഞ്ഞ തവണ നിർദേശിച്ചത്.

നേതൃത്വത്തോട് ചോദിച്ചപ്പോൾ പി.ജെ. കുര്യന്റെ പേര് നിർദേശിക്കണമെന്ന് പറഞ്ഞു. അതനുസരിച്ച് പേരുനൽകുകയും ചെയ്തു. മറ്റ് എന്തൊക്കെ സഹായം അദ്ദേഹത്തിന് ചെയ്തുവെന്ന് ഇപ്പോൾ പറയുന്നില്ല. പി.ജെ. കുര്യനെതിരേ താൻ ആരോടും പരാതി പറഞ്ഞിട്ടില്ല. പറയണമെങ്കിൽ കോൺഗ്രസ് പ്രസിഡന്റിനോടാണ് പറയേണ്ടത്. അദ്ദേഹത്തോടുതന്നെ നേരിട്ട് ചോദിച്ച് പി.ജെ. കുര്യന് അക്കാര്യം മനസ്സിലാക്കാവുന്നതാണ്. കുര്യനോട് വ്യക്തിപരമായി ഒരു വൈരാഗ്യവുമില്ല. ബഹുമാനവും ആദരവുമേയുള്ളൂ.