UDF

2018, മേയ് 25, വെള്ളിയാഴ്‌ച

തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്ന്.


അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമര്‍ശം;  ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്. 

 ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനും ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണ്. അഖില ഭാരത അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് അഡ്വ.ഡി.വിജയകുമാറിന് സീറ്റ് നല്‍കിയതെന്നും ഉള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനം പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്.

അയ്യപ്പ സേവാസംഘം വര്‍ഗ്ഗീയ സംഘടനയല്ല. അത് ഒരു സേവന സന്നദ്ധ സംഘടനയാണ്. അയ്യപ്പ സേവാസംഘത്തെ ആര്‍എസ്‌എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തിൽ  പോകുന്നവരുമെല്ലാം ആര്‍എസ്‌എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഒരിക്കലും ഉപയോഗിക്കാത്ത തന്ത്രമാണ് ചെങ്ങന്നൂരില്‍ പ്രയോഗിച്ചിരിക്കുന്നത്. വിഭാഗീയത സൃഷ്ടിച്ച്‌ വോട്ടു തട്ടാന്‍ ആര്‍എസ്‌എസും ബിജെപിയും നടത്തുന്ന അതേ നീക്കം തന്നെയാണ് ഇപ്പോള്‍ സിപിഎമ്മും നടത്തിയിരിക്കുന്നത്. വിജയകുമാര്‍ ഒരു മത സംഘടനയുമായി ബന്ധപ്പെട്ട ആളല്ല.

പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെ ജനങ്ങള്‍ക്കറിയാം. ഇത്തരം പ്രചരണത്തിലൂടെ യുഡിഎഫിന്റെ ഒരു വോട്ട് പോലും കുറയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജനങ്ങള്‍ക്ക് മുമ്പിൽ  അവതരിപ്പിക്കാന്‍ രാഷ്ട്രീയ നേട്ടങ്ങളോ ഭരണനേട്ടങ്ങളോ ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പരാജയം നേരിടുമെന്ന പരിഭ്രാന്ത്ിയിലാണ് സിപിഎം. പ്രചരണത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ ബിജിപി താഴെ പോന്നു. എന്നാല്‍ ബിജെപി മുന്നേറുകയാണെന്ന ഭീതി ജനങ്ങള്‍ക്കിടയില്‍ പരത്തി വോട്ട് തട്ടാനാണ് സിപിഎം ശ്രമിക്കുന്നത്.  ഇതിനെ യുഡിഎഫ് ശക്തമായി നേരിടും.

വിജയകുമാറിനെ കുറിച്ചുള്ള പരാമര്‍ശം ആരും വിശ്വസിക്കില്ല. ഇത് സിപിഎമ്മിന് തിരിച്ചടിയാകും. ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരിടത്തും ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞിട്ടില്ല. വി എസ് മാത്രമാണ് ഭരണത്തിന്റെ വിലയിരുത്തലെന്ന് പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഈ അഭിപ്രായം തന്നെയാണോ എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ദേശാഭിമാനിയില്‍ കോടിയേരി എഴുതിയ ലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.