UDF

2018, മേയ് 14, തിങ്കളാഴ്‌ച

‘നേട്ടമൊന്നും പറയാനില്ലാത്തതിനാൽ മോദിക്ക് കടലാസ് നോക്കേണ്ട’

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മാവേലിക്കര ചെറുകോലിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ 

 കർണാടക സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റി 15 മിനിറ്റ് കടലാസിൽ നോക്കാതെ പറയാമോ എന്നു രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്ന നരേന്ദ്ര മോദിക്കു നേട്ടമൊന്നും പറയാനില്ലാത്തതിനാൽ കടലാസ് നോക്കേണ്ട കാര്യമില്ല. കർണാടകയിൽ കോൺഗ്രസ് നൽകിയ 175 വാഗ്ദാനങ്ങളിൽ 166 എണ്ണവും നടപ്പാക്കി. അത്രയുമൊക്കെ വിവരിക്കാൻ രാഹുൽ ഗാന്ധിക്കു കടലാസ് നോക്കേണ്ടിവരും. മുപ്പത്തിമൂന്നു ശതമാനം വോട്ടിന്റെ മാത്രം പിൻബലമുള്ള മോദി പറയുന്നതു കോൺഗ്രസ് മുക്ത ഭാരതത്തെപ്പറ്റിയാണ്. ബിജെപിക്കു രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന കാലത്തും ബിജെപി മുക്ത ഭാരതമെന്നു കോൺഗ്രസ് പറഞ്ഞിട്ടില്ല. കോൺഗ്രസ് ശ്രമിക്കുന്നതു പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും ഇല്ലാതാക്കാനാണ്.

ബിജെപിയുടെ ശ്രമം കോൺഗ്രസിനെ ഇല്ലാതാക്കാനും. ഇതിനൊക്കെ മറുപടി കൊടുക്കാനുള്ള അവസരമാണ് ചെങ്ങന്നൂരിൽ. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ചെങ്ങന്നൂരിൽ ബിജെപിക്കെതിരേ വീരവാദം മുഴക്കുന്നത്. അവസരം കിട്ടിയപ്പോഴൊക്കെ സിപിഎം ബിജെപിയുമായി കൂടിയിട്ടുണ്ട്. കോൺഗ്രസ് ക്ഷീണിച്ചാൽ ആ സ്ഥാനത്തേക്കു വരാമെന്ന തെറ്റിദ്ധാരണയിലാണ് സിപിഎം ഇങ്ങനയൊക്കെ ചെയ്യുന്നത്. അവർക്കെന്നും മുഖ്യശത്രു കോൺഗ്രസ് തന്നെ. വരാപ്പുഴയിൽ പൊലീസ് ഒരാളെ കൊലപ്പെടുത്തിയതിനു മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, കുറ്റക്കാരായ പൊലീസുകാർക്കെതിരേ എന്തു നടപടിയെടുത്തെന്നു നോക്കും. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യത്തിനെതിരേ കോടികൾ മുടക്കി അഭിഭാഷകനെ വയ്ക്കുകയാണ് സർക്കാർ.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ ചുവന്ന കുപ്പായമിട്ടു മുഖ്യമന്ത്രിക്കു മുന്നിലിരുന്ന ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചാൽ എങ്ങനെ ശരിയാകും? കോന്നിയിൽ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ രക്തസാക്ഷി മണ്ഡപമൊരുക്കി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അടുത്ത വർഷം മോദിയെ താഴെയിറക്കാൻ ഒരു പ്രയാസവുമില്ല. ബിജെപി വിരുദ്ധ ശക്തികൾ ഒന്നിച്ചാൽ മതി. അതിനു തടസ്സം സിപിഎമ്മാണ്. കർണാടകയിൽ കോൺഗ്രസ് ജയിച്ചാൽ മോദിയുടെ കാലം കഴിയും. പക്ഷേ, അവിടെയും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ കെട്ടിവച്ച കാശു കിട്ടാത്ത മണ്ഡലങ്ങളിലും സിപിഎം മത്സരിക്കുകയാണ്.