UDF

2018, ഏപ്രിൽ 17, ചൊവ്വാഴ്ച

പാറ്റൂർ: മുൻ സർക്കാർ സുതാര്യമായ നടപടികൾ സ്വീകരിച്ചു.


പാറ്റൂർ ഫ്ളാറ്റ് കേസിൽ ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അധികമായി കണ്ടെത്തിയ 16.635 സെന്റിൽ 12.279 സെന്റ് സ്ഥലവും യുഡിഎഫിന്റെ കാലത്തു തന്നെ ലോകായുക്തയുടെ നിർദേശ പ്രകാരം തിരിച്ചു പിടിച്ചിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു സുതാര്യമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണിത്. 21.03.2015ലെ ലോകായുക്ത ഉത്തരവു പ്രകാരം 12.279 സെന്റ് സ്ഥലം യുഡിഎഫ് സർക്കാർ ഏറ്റെടുക്കുകയും അതിർത്തിഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തു. കമ്പനിയുടെ പ്രമാണത്തിൽ അധിക വസ്തുവായി പറഞ്ഞിരിക്കുന്ന 16.635 സെന്റ് സ്ഥലത്തിൽ നിന്നാണിത് പിടിച്ചെടുത്തത്. ബാക്കിയുള്ള 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി തിരിച്ചെടുക്കാനാണ് ലോകായുക്തയുടെ ഇന്നത്തെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

പാറ്റൂർ ഫ്ളാറ്റ് സംബന്ധിച്ച് രണ്ടു കേസുകളാണ് ഉണ്ടായിരുന്നത്. 

1) വാട്ടർ അഥോറിറ്റിയുടെ മെയിൻ സ്വീവേജ് പൈപ്പ് ലൈൻ മാറ്റിയിട്ടതു സംബന്ധിച്ച്.  

2) അധികഭൂമി സംബന്ധിച്ച്.

പൈപ്പ്ലൈൻ തങ്ങളുടെ വസ്തുവിലാണെന്നും അതു മാറ്റിയിടണമെന്നും ആവശ്യപ്പെട്ട് ഫ്ളാറ്റ് കമ്പനി സർക്കാരിന് അപേക്ഷ തന്നിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസിനു കൊടുത്ത പരാതിയിൽ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേരുടെ പേരിൽ എഫ്ഐ ആർ ഇട്ടു. ഇതിനെതിരേ ഭരത് ഭൂഷൻ കേസ് കൊടുത്തു. പൈപ്പ് ലൈൻ മാറ്റിയിടാൻ സർക്കാർ ഉത്തരവു കൊടുത്തതിൽ യാതൊരു ക്രമക്കേടും അധികാരദുർവിനിയോഗവും ഇല്ലെന്നു
വ്യക്തമാക്കിയ ഹൈക്കോടതി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ലോകായുക്തയിൽ തുടരുന്ന അധികഭൂമി സംബന്ധിച്ച കേസ് തുടരാമെന്നും വ്യക്തമാക്കി.

അധികഭൂമി സംബന്ധിച്ച രണ്ടാമത്തെ പാറ്റൂർ കേസിൽ എന്നേയും റവന്യൂമന്ത്രി തിരുവഞ്ചർ രാധാകൃഷ്ണനേയും പ്രതിയാക്കാൻ കൊടുത്ത അപേക്ഷ ലോകായുക്ത നിരസിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി ഉണ്ടായത്. കമ്പനിയുടെ പ്രമാണപ്രകാരം അധികമുള്ളതായി കാണുന്ന 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി ഏറ്റെടുക്കാനാണ് റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും ലോകായുക്ത നിർദേശം നല്കിയത്.

പാറ്റൂർ ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട അധികഭൂമി തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച സുതാര്യമായ നടപടികളെല്ലാം ഫയലിൽ വ്യക്തമാണ്. ഇനിയും ആർക്കെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ ആ ഫയലുകൾ പരിശോധിക്കാവുന്നതാണ്.