UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2018, ഏപ്രിൽ 18, ബുധനാഴ്‌ച

ചുവന്നകുപ്പായമിട്ട് വന്ന പൊലീസുകാരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍


പൊലീസ് സേനയില്‍ അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരും. പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ചുവന്നകുപ്പായമിട്ട് വന്നവരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്കലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. പൊലീസിന് എന്തുമാകാമെന്ന നിലവന്നതാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് കാരണമായത്.  

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കണ്ണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലരാണ് ചുവന്ന ഷർട്ടും വെള്ളമുണ്ടും ധരിച്ച് എത്തിയത്. സംഘടനാ സ്വാതന്ത്ര്യമുണ്ടെങ്കിലും രാഷ്ട്രീയം പാടില്ലെന്ന നിയമമാണ് ചുവപ്പുവേഷം ധരിച്ചെത്തിയതിയതിലൂടെ പരസ്യമായി ലംഘിച്ചത്. സമ്മേളനവേദിയുടെ കവാടത്തിൽ ഒരുമിച്ചുനിന്നു ചുവപ്പൻ ഫോട്ടോയെടുത്ത് ഇവർ വാട്സാപ് ഗ്രൂപ്പുകളിലും ഇട്ടു. ഇത്തരം പ്രവണതകള്‍ അവഗണിച്ചാല്‍ കനത്തവില നല്‍കേണ്ടി വരും.

രണ്ടര വര്‍ഷത്തിനിടെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിലും കസ്റ്റഡിയിലും മര്‍ദ്ദിച്ചതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ഒരുനടപടിയും എടുത്തില്ല. ഈ അംലഭാവമാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ കൊണ്ടെത്തിച്ചത്.  സര്‍ക്കാരിന്റെ മനോഭാവം വലിയ അപകടത്തിലേക്ക് കേരളത്തെ നയിക്കും.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസില്‍, പ്രത്യേകപരാമർശം നേടിയ പാർവതി, ഛായാഗ്രഹണ മികവിന് അവാർഡ് നേടിയ നിഖിൽ എസ് പ്രവീൺ , മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ, മികച്ച പ്രാദേശികഭാഷാ ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, ടേക്ക് ഓഫ്എന്ന ചിത്രത്തിന്റെ നിർമാണരൂപകൽപനയ്ക്ക് പുരസ്കാരം നേടി സന്തോഷ് രാമൻ എന്നിവർക്ക് എന്റെ അഭിനന്ദനങ്ങൾ.

ദേശീയ അവാർഡിന് തന്നെ ബഹുമാനമേറ്റുന്നു ശ്രീ യേശുദാസിന് ലഭിച്ച പുരസ്കാരം. പ്രായത്തെ മറികടന്ന സംഗീതതപസ്യയ്ക്ക് എന്റെ പ്രണാമം!

മലയാളസിനിമയ്ക്ക് അന്തർദേശീയ പുരസ്കാരങ്ങൾ നേടിത്തന്നിട്ടുള്ള ശ്രീ ജയരാജ് ഒരിക്കൽക്കൂടി മികച്ച സംവിധായകനായിരിക്കുന്നു. മികച്ച അവലംബിത തിരക്കഥയ്ക്കും അദ്ദേഹത്തിന് തന്നെയാണ് പുരസ്കാരം. ജയരാജിനും എന്റെ സ്നേഹാഭിവാദ്യങ്ങൾ. ഈ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു.

ഫീച്ചർ വിഭാഗത്തിലും അല്ലാതെയുമായി മറ്റുമേഖലകളിൽ അംഗീകാരം നേടിയ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ച ടേക്ക് ഓഫ് എന്ന സിനിമ ഏറെ കാലികമായ ഒരു വിഷയമാണ് നമ്മോട് പറഞ്ഞത്. അന്തർദേശീയ ചലച്ചിത്ര മേളയിൽ ലഭിച്ച അംഗീകാരം നിലനിർത്തിയ ടേക്ക് ഓഫിന്റെ നിർമാതാവ്, സംവിധായകൻ മറ്റ് അണിയറപ്രവർത്തകർ എന്നിവരേയും ഞാൻ അഭിനന്ദനം അറിയിക്കുന്നു.

മലയാളസിനിമയുടെ ഉൾക്കരുത്തും വിഷയവൈവിധ്യവും തന്നെ അത്ഭുതപ്പെടുത്തി എന്ന ദേശീയജൂറി അധ്യക്ഷൻ ശേഖർ കപൂറിന്റെ നിരീക്ഷണം നമുക്കേവർക്കും അഭിമാനിക്കാൻ വക നൽകുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, മലയാളികളേവർക്കുമായി ലഭിച്ച വിഷുക്കൈനീട്ടമായി ഞാൻ കണക്കാക്കുന്നു. ഒരിക്കൽക്കൂടി, എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

മകളേ മാപ്പ് ...


ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാർത്ത കേൾക്കാൻ കഴിയൂ. മനസ്സിൽ നിറയെ വർണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാർത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേർന്നത്. മതത്തിന്റെ പേരിൽ ഒരു കൂട്ടം അക്രമികൾ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. മൃഗങ്ങൾ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” എന്ന് നാട് മുഴുവൻ ചുമരുകളിൽ എഴുതി വച്ചതുകൊണ്ടോ, റേഡിയോവിൽ മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കൾക്ക് മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കൾ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും താങ്കൾ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവരെ ആശ്വസിപ്പിക്കുമ്പോൾ ആണ് താങ്കൾ ഒരു മനുഷ്യത്വമുള്ള നേതാവാകൂ. വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാൻ അങ്ങയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്ന ചെയ്തികൾ കാണുമ്പോൾ മനസിലാവും സംഘ പരിവാറുകാർ എത്രമേൽ ഭീഷണിയാണ് ഈ നാടിൻറെ ഐക്യം തകർക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്.

മകളേ , നീ അനുഭവിച്ച കഷ്ടതയും,വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ അന്ത്യാഞ്ജലി.

#OommenChandy 

2018, ഏപ്രിൽ 17, ചൊവ്വാഴ്ച

വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്


വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്. പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അണുബാധയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബി ജെ പി പ്രവർത്തകരായ ഹർത്താൽ അനുകൂലികൾ വഴിയിൽ തടയുന്നതും, വാഹനമോടിച്ചിരുന്ന ആലങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയെ അതിക്രൂരമായി മർദിക്കുതും. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബി ജെ പി പ്രവർത്തകരുടെ ഈ ക്രുരത, സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥിനികളെ അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടിയും അപലപനീയമാണ്. ഏറ്റവും കൂടുതൽ ദയയും സഹായവും അർഹിക്കുന്ന രോഗികൾക്ക് നേരെ പ്രത്യേകിച്ച് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് നേരെ വരെ നടത്തുന്ന അക്രമ സംഭവങ്ങളിൽ -പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ ബി ജെ പി നേതൃത്വം ഇച്ഛാ ശക്തി കാണിക്കേണ്ടതാണ്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ ഈ സംഭവത്തിലെ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്.

പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ ആർക്കും അവകാശമുണ്ട് . പ്രതിഷേധിക്കുമ്പോഴും ഹർത്താൽ പോലുള്ള സമര മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതാണ് .

പാറ്റൂർ: മുൻ സർക്കാർ സുതാര്യമായ നടപടികൾ സ്വീകരിച്ചു.


പാറ്റൂർ ഫ്ളാറ്റ് കേസിൽ ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അധികമായി കണ്ടെത്തിയ 16.635 സെന്റിൽ 12.279 സെന്റ് സ്ഥലവും യുഡിഎഫിന്റെ കാലത്തു തന്നെ ലോകായുക്തയുടെ നിർദേശ പ്രകാരം തിരിച്ചു പിടിച്ചിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു സുതാര്യമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണിത്. 21.03.2015ലെ ലോകായുക്ത ഉത്തരവു പ്രകാരം 12.279 സെന്റ് സ്ഥലം യുഡിഎഫ് സർക്കാർ ഏറ്റെടുക്കുകയും അതിർത്തിഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തു. കമ്പനിയുടെ പ്രമാണത്തിൽ അധിക വസ്തുവായി പറഞ്ഞിരിക്കുന്ന 16.635 സെന്റ് സ്ഥലത്തിൽ നിന്നാണിത് പിടിച്ചെടുത്തത്. ബാക്കിയുള്ള 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി തിരിച്ചെടുക്കാനാണ് ലോകായുക്തയുടെ ഇന്നത്തെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

പാറ്റൂർ ഫ്ളാറ്റ് സംബന്ധിച്ച് രണ്ടു കേസുകളാണ് ഉണ്ടായിരുന്നത്. 

1) വാട്ടർ അഥോറിറ്റിയുടെ മെയിൻ സ്വീവേജ് പൈപ്പ് ലൈൻ മാറ്റിയിട്ടതു സംബന്ധിച്ച്.  

2) അധികഭൂമി സംബന്ധിച്ച്.

പൈപ്പ്ലൈൻ തങ്ങളുടെ വസ്തുവിലാണെന്നും അതു മാറ്റിയിടണമെന്നും ആവശ്യപ്പെട്ട് ഫ്ളാറ്റ് കമ്പനി സർക്കാരിന് അപേക്ഷ തന്നിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസിനു കൊടുത്ത പരാതിയിൽ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേരുടെ പേരിൽ എഫ്ഐ ആർ ഇട്ടു. ഇതിനെതിരേ ഭരത് ഭൂഷൻ കേസ് കൊടുത്തു. പൈപ്പ് ലൈൻ മാറ്റിയിടാൻ സർക്കാർ ഉത്തരവു കൊടുത്തതിൽ യാതൊരു ക്രമക്കേടും അധികാരദുർവിനിയോഗവും ഇല്ലെന്നു
വ്യക്തമാക്കിയ ഹൈക്കോടതി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ലോകായുക്തയിൽ തുടരുന്ന അധികഭൂമി സംബന്ധിച്ച കേസ് തുടരാമെന്നും വ്യക്തമാക്കി.

അധികഭൂമി സംബന്ധിച്ച രണ്ടാമത്തെ പാറ്റൂർ കേസിൽ എന്നേയും റവന്യൂമന്ത്രി തിരുവഞ്ചർ രാധാകൃഷ്ണനേയും പ്രതിയാക്കാൻ കൊടുത്ത അപേക്ഷ ലോകായുക്ത നിരസിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി ഉണ്ടായത്. കമ്പനിയുടെ പ്രമാണപ്രകാരം അധികമുള്ളതായി കാണുന്ന 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി ഏറ്റെടുക്കാനാണ് റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും ലോകായുക്ത നിർദേശം നല്കിയത്.

പാറ്റൂർ ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട അധികഭൂമി തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച സുതാര്യമായ നടപടികളെല്ലാം ഫയലിൽ വ്യക്തമാണ്. ഇനിയും ആർക്കെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ ആ ഫയലുകൾ പരിശോധിക്കാവുന്നതാണ്.