UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2018, മാർച്ച് 29, വ്യാഴാഴ്‌ച

വിധിയോട് പടപൊരുതി ഒട്ടേറെ ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന അസ്‌നക്ക് അഭിനന്ദനങ്ങൾ

കണ്ണൂരില്‍ നിന്നുള്ള നമ്മുടെ അസ്‌ന ഡോക്ടറായിരിക്കുന്നു! കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ മികവോടെ എംബിബിഎസ്‌ പാസായി. ഇനി ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സി കൂടിയുണ്ട് ‌. ഞാന്‍ അസ്‌നയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്ന്‌ ആശംസിച്ചു. അസ്‌ന എല്ലാവര്‍ക്കും വലിയ പ്രചോദനമാണ്.

അസ്‌നയുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിലോ? ജീവിതത്തോട്‌ അസ്‌ന പോരാടിയതുപോലെ നമ്മള്‍ പോരാടുമായിരുന്നോ?

18 വര്‍ഷംമുമ്പ്‌ കണ്ണൂരിലെ പൂവത്തൂരില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനിടയില്‍ ബിജെപിക്കാര്‍ വലിച്ചെറിഞ്ഞ ബോംബ്‌ പൊട്ടിയാണ്‌ അസ്‌നയുടെ കാല്‍ നഷ്ടപ്പെട്ടത്‌. പൂവത്തൂര്‍ എല്‍പി സൂകൂള്‍ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ന. അമ്മ ശാന്തമ്മയ്‌ക്കും അനുജന്‍ ആനന്ദിനും അന്നു സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയെ തലശേരിയിലും പിന്നീട്‌ കൊച്ചിയിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ മുട്ടിനു താഴെവച്ച്‌ മുറിച്ചുമാറ്റേണ്ടി വന്നു. ആറാം വയസില്‍ അസ്‌ന കൃത്രിമ കാലിലേക്ക്‌. സാധാരണഗതിയില്‍ ആരും തളര്‍ന്നുപോകുന്ന അവസ്ഥ.

പക്ഷേ, ജീവിതത്തോടു യുദ്ധം ചെയ്യാന്‍ തന്നെയായിരുന്നു അസ്‌നയുടെ തീരുമാനം. കൃത്രിമക്കാലും വച്ച്‌ പത്തിലും പന്ത്രണ്ടിലും മികച്ച വിജയം നേടി. 2013ല്‍ എംബിബിഎസിനു കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.

അവിടെ മൂന്നാം നിലയിലായിരുന്നു അസ്‌നയുടെ ക്ലാസ്‌. പടി കയറി മൂന്നാം നിലയില്‍ എത്താന്‍ അസ്‌ന നന്നേ വിഷമിച്ചു. ക്ലാസ്‌ മുറി ഒന്നാം നിലയിലേക്കു മാറ്റാനുള്ള നീക്കം സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. അപ്പോഴാണ്‌ വിഷയം, മുഖ്യമന്ത്രിയാരുന്ന എന്റെ മുന്നിലെത്തിയത്‌. ഒരു പ്രായോഗിക തീരുമാനം ഉണ്ടാകണമായിരുന്നു.
തുടര്‍ന്നാണ്‌ മൂന്നാം നിലയിലേക്ക്‌ ഒരു ലിഫ്‌റ്റു വച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. പെട്ടെന്നു തന്നെ അതു പൂര്‍ത്തിയാക്കുകയും ചെയ്‌തു. അസ്‌നയുടെ മെഡിക്കല്‍ വിദ്യാഭ്യാസം സുഗമമായി.

അസ്‌നയുടെ കുടുംബത്തിന്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീടു നിര്‍മിച്ചു നല്‌കുകയും നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‌കുകയും ചെയ്‌തിരുന്നു. അവരെല്ലാം പ്രെത്യേക അഭിനന്ദനങ്ങൾക്കു അർഹരാണ്.

അക്രമരാഷ്ട്രീയത്തിന്റെ നിരവധി ഇരകള്‍ കണ്ണൂരിലുണ്ടെന്ന്‌ അറിയാം. ജീവിതത്തോടു പോരാടാന്‍ അസ്‌ന അവര്‍ക്കു പ്രചോദനമാകട്ടെ.
ബോംബേറിയുന്നവരും വാള്‍ ഊരുന്നവരും അറിയുന്നുവോ ഇരകളുടെ വേദനകള്‍!

2018, മാർച്ച് 22, വ്യാഴാഴ്‌ച

അന്ന് ഫോണില്‍ കേട്ടു ബോംബുകള്‍ പൊട്ടുന്ന ശബ്ദം


"പഞ്ചാബിലെ 39 കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു"


ഇറാക്കിലെ ഐഎസ്‌ ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ്‌ കേട്ടത്‌. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ്‌ തിരിച്ചറിഞ്ഞത്‌. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും. 

അന്ന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത്‌ ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത്‌ യുദ്ധമേഖലയിലാണ്‌ അന്നു മലയാളി നഴ്‌സുമാര്‍ കുടുങ്ങിപ്പോയത്‌. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന്‌ ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ്  തിരിഞ്ഞ്‌ യുദ്ധം ചെയ്‌തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന്‌ ഒഴിപ്പിച്ച്‌ രക്ഷിക്കണം എന്നാവശ്യപ്പെട്ട്‌ നഴ്‌സമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന്‌ എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്‌. 

ഇതിനിടെ മലയാളി നഴ്‌സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക്‌ ഐഎസ്‌ ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന്‌ ഇറങ്ങണം എന്നായിരുന്നു  അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ്‌ വച്ചിട്ടുണ്ടെന്നും അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന്‌ ഇറങ്ങാം എന്ന്‌ അവര്‍ എന്നോടു കട്ടായം പറഞ്ഞു.

ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന്‌ അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്‌സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. ബസ്‌ ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിൾ  മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന്‌ ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ്‌ ടൗണിലേക്കു നീങ്ങിയത്‌ ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്‌. 

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട്‌ നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസിത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്‌മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത്‌ മറ്റൊരു ആശങ്കയ്‌ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്‌. 

നഴ്‌സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്‌തു. 

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത്‌ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന്‌ രാത്രി ഒരു മണിക്ക്‌ എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന്‌ ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി. 

പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

2018, മാർച്ച് 21, ബുധനാഴ്‌ച

മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തത്:


കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്.  സംഭവം അറിഞ്ഞയുടന്‍ തന്നെ അട്ടപ്പാടിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രവര്‍ത്തകര്‍ തന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ മധു എന്ന യുവാവ് കാട്ടില്‍ തന്നെ താമസിക്കുന്ന ഒരു ആദിവാസി യുവാവാണ്. മാത്രമല്ല അയാള്‍ക്ക് ചെറിയ തോതില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതു കാരണം സാധാരണ ചെറുപ്പക്കാരനെ പോലെ പെരുമാറാന്‍ കഴിയാത്തതാവാം ഇങ്ങനെ ഒരു വിപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കരുതുന്നു.

അയാള്‍ മോഷ്ടാവല്ല, ആരുടേയും ഒന്നും മധു മോഷ്ടിച്ചിട്ടില്ല. പക്ഷേ അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ആള്‍ക്കൂട്ടം അയാളെ പോലീസില്‍ ഏല്‍പിച്ചത്. മൃഗീയമായാണ് ആ ചെറുപ്പക്കാരന് കൊല്ലപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനമായ നടപടി എടുക്കണം.

പോലീസ് ഈ കൊലപാതകത്തിലും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇത്രയും ക്രൂരമായ ഒരു സംഭവം നടക്കുകയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ആരൊക്കെയാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടി എടുക്കാന്‍ വൈകുകയും ചെയ്യുന്നത് തന്നെ ഇതിന് തെളിവാണ്. പോലീസിന്റെ ഈ നടപടി കടുത്ത പ്രതിഷേധത്തിന് അര്‍ഹമാണ്.