UDF

2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!


ഏഴര ദശാബ്ദമായി നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി കഴിഞ്ഞ തലമുറകള്‍ ചെയ്ത ത്യാഗത്തിന്റെ വില ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ തിരിച്ചറിയുന്നുണ്ട്?

ഭാരത് മാതാ കീ ജയ് എന്നു വിളിച്ച് മരണത്തിലേക്കു നടന്നു കയറിയ ധീരരക്തസാക്ഷികള്‍, കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍, എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തിയവര്‍, പലായനം ചെയ്യേണ്ടി വന്നവര്‍. ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും പറയാനുണ്ടായിരുന്നു ധീരവീര ഗാഥകള്‍! അവരെ ഈ അവസരത്തില്‍ നമിക്കുന്നു.

എഴുപതു വര്‍ഷംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നാം പടുത്തുയര്‍ത്തി. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പര്യായമായി മാറി. ഇന്ത്യ കരുത്തുറ്റ രാജ്യമായി.

പക്ഷേ, ഇന്ന് നാം റിവേഴ്‌സ് ഗീയറിലാണ്. ഗാന്ധിജിക്കു പകരം ഗോഡ്‌സെ വാഴ്ത്തപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവര്‍ വരെ ഇന്നു വലിയ ദേശസ്‌നേഹികളാണ്. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരായി. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികള്‍ 72. ആ കുരുന്നുകളുടെ മൃതദേഹം മാതാപിതാക്കള്‍ ചുമന്നാണ് വീട്ടിലെത്തിച്ചത്.

ഇതിനുവേണ്ടിയായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യസമരമെന്ന് നിശ്ചയം. നമ്മുടെ സ്വാതന്ത്ര്യം അപൂര്‍ണമാണിപ്പോള്‍.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് വിശ്രമമില്ല. മനുഷ്യരെ തമ്മില്‍ തല്ലിക്കുന്നവര്‍ക്കെതിരേയും ഭക്ഷണത്തില്‍ പോലും ഫാസിസം കടത്തിവിട്ട് ആളുകളെ കൊല്ലുന്നവര്‍ക്കെതിരേയും ചരിത്രപരമായി നാം തെറ്റുചെയ്തിട്ടുള്ള ആദിവാസി- ദളിത് വിഭാഗങ്ങളോട് കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേയും കുരുന്നുകളെ കുരുതി കൊടുക്കുന്നവര്‍ക്കെതിരേയുമൊക്കെയുള്ള പോരാട്ടം നമുക്കു തുടരാം.