UDF

2017, ജൂൺ 21, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു

കുട്ടിമാക്കൂല്‍ ദലിത് പീഡന കേസും ഫസല്‍വധ കേസും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതുവൈപ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനു ശേഷം ആരോടും ആലോചിക്കാതെ പിറ്റേ ദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയത്. 



നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ ക്രൂരമര്‍ദനം നടത്തി. ജനകീയ സമരങ്ങളോടു സിപിഎം നയം ഇതാണോ. ജനം പ്രതിഷേധിക്കുമ്‌ബോള്‍ എന്താണു പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയാറാവണം. ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സിപിഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നു.


എറണാകുളം ആശുപത്രിയില്‍ പരുക്കേറ്റ സമരക്കാരെ കണ്ടു തിരിച്ചു പോരുമ്പോൾ അവിടെ സിപിഐ പ്രവര്‍ത്തകരും പരുക്കേറ്റു കിടപ്പുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചു സമരം ചെയ്തവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് അവര്‍ തന്നോടുപറഞ്ഞത്. കേരളം എങ്ങോട്ടേക്കാണു പോവുന്നത്?