UDF

2017, ജൂൺ 28, ബുധനാഴ്‌ച

കര്‍ണാടക നഴ്സിംഗ് കോഴ്സ് തീരുമാനം പുനഃപരിശോധിക്കണം


 ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കര്‍ണാടകത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കര്‍ണാടക മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഡോ. ശരണ പ്രകാശ് രുദ്രപ്പ പട്ടീലിന് കത്തയച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ 2016 ഡിസംബര്‍ 14ലെയും 2017 മെയ് 17ലെയും ഉത്തരവ് (HFW 212 RGU 2016) പ്രകാരം നഴ്സിംഗ് കോളജുകള്‍ക്ക് കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയര്‍ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലി (ഐ എന്‍ സി)ന്റെ അംഗീകാരം നിര്‍ബന്ധമല്ല. ഐ എന്‍ സിയുടെ അംഗീകാരം ഇല്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ക്ക് കര്‍ണാടകമൊഴികെയുള്ള സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കര്‍ണാടകത്തില്‍ പഠിക്കുന്ന കുട്ടികളില്‍ 70 ശതമാനത്തിലധികം കേരളത്തില്‍നിന്നുള്ളവരാണ്. ഈ കുട്ടികളുടെ ഭാവിയാണ് പുതിയ ഉത്തരവു പ്രകാരം ഇരുളടയുന്നത്.

ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐ എന്‍ സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോള്‍ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകും.

തിരുവനന്തപുരം: ( 23.06.2017)