UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ജൂൺ 28, ബുധനാഴ്‌ച

കര്‍ണാടക നഴ്സിംഗ് കോഴ്സ് തീരുമാനം പുനഃപരിശോധിക്കണം


 ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കര്‍ണാടകത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കര്‍ണാടക മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഡോ. ശരണ പ്രകാശ് രുദ്രപ്പ പട്ടീലിന് കത്തയച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ 2016 ഡിസംബര്‍ 14ലെയും 2017 മെയ് 17ലെയും ഉത്തരവ് (HFW 212 RGU 2016) പ്രകാരം നഴ്സിംഗ് കോളജുകള്‍ക്ക് കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയര്‍ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലി (ഐ എന്‍ സി)ന്റെ അംഗീകാരം നിര്‍ബന്ധമല്ല. ഐ എന്‍ സിയുടെ അംഗീകാരം ഇല്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ക്ക് കര്‍ണാടകമൊഴികെയുള്ള സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കര്‍ണാടകത്തില്‍ പഠിക്കുന്ന കുട്ടികളില്‍ 70 ശതമാനത്തിലധികം കേരളത്തില്‍നിന്നുള്ളവരാണ്. ഈ കുട്ടികളുടെ ഭാവിയാണ് പുതിയ ഉത്തരവു പ്രകാരം ഇരുളടയുന്നത്.

ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐ എന്‍ സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോള്‍ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകും.

തിരുവനന്തപുരം: ( 23.06.2017)

2017, ജൂൺ 21, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു

കുട്ടിമാക്കൂല്‍ ദലിത് പീഡന കേസും ഫസല്‍വധ കേസും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതുവൈപ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനു ശേഷം ആരോടും ആലോചിക്കാതെ പിറ്റേ ദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയത്. 



നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ ക്രൂരമര്‍ദനം നടത്തി. ജനകീയ സമരങ്ങളോടു സിപിഎം നയം ഇതാണോ. ജനം പ്രതിഷേധിക്കുമ്‌ബോള്‍ എന്താണു പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയാറാവണം. ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സിപിഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നു.


എറണാകുളം ആശുപത്രിയില്‍ പരുക്കേറ്റ സമരക്കാരെ കണ്ടു തിരിച്ചു പോരുമ്പോൾ അവിടെ സിപിഐ പ്രവര്‍ത്തകരും പരുക്കേറ്റു കിടപ്പുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചു സമരം ചെയ്തവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് അവര്‍ തന്നോടുപറഞ്ഞത്. കേരളം എങ്ങോട്ടേക്കാണു പോവുന്നത്?


2017, ജൂൺ 19, തിങ്കളാഴ്‌ച

സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല

പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തുന്നു. 

പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതു ശരിയായ നടപടിയല്ല. ജനകീയ സമര സമിതിയുമായി ചർച്ചയ്ക്കു സർക്കാർ തയാറായതു തന്നെ ജനങ്ങളുടെ വിജയമാണ്.  

പുതുവൈപ്പിനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു 

 കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കാന്‍ തയ്യാറായിട്ടുണ്ട്. യോഗം കഴിയുന്നതുവരെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ ഉണ്ടാകുന്ന തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.   

പോലീസ് ലാത്തിച്ചാർജിൽ  പരുക്ക്പറ്റിയവരെ ആശുപത്രിയിൽ സന്ദർശിക്കുന്നു 


2017, ജൂൺ 18, ഞായറാഴ്‌ച

മനസ്സ് വെച്ചാല്‍ എന്തും കഴിയും; മെട്രോ സാക്ഷ്യം



കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനതിലകമാണ്. ഇടുക്കി അണകെട്ടിനും, നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വൻകിട പദ്ധതി കേരളത്തിൽ യാഥാർഥ്യമാകുന്നു. ഇതു കേവലം ഒരു പദ്ധതിയുടെ വിജയമല്ല. വൻകിട സംരംഭങ്ങളുടെ കാര്യത്തിൽ ദീർഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനി കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമൊക്കെ യാഥാർഥ്യമാകാൻ പോകുന്നു. കൊച്ചിൻ സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ഒന്നാം ഘട്ടം കമ്മിഷൻ ചെയ്തു കഴിഞ്ഞു. മനസുവച്ചാൽ എന്തും സാക്ഷാത്കരിക്കാൻ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്.

2004 ഡിസംബറിലാണ് കൊച്ചി മെട്രോ നടപ്പാക്കാൻ യുഡിഫ് സർക്കാർ തീരുമാനിച്ചത്. 2005 ജൂലൈയിൽ ഡി.എം.ആർ.സി ഇതു സംബന്ധിച്ച പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. 2011ൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപീകരിച്ചു. 2012 സെപ്റ്റംബർ 13-നു പ്രധാനമന്ത്രി തറക്കല്ലിട്ടു. 873 ദിവസം കൊണ്ട് , 2016 ഫെബ്രു. 27 -നു ടെസ്റ്റ് റൺ നടത്തി. ഏതാണ്ട് 90 ശതമാനം പണികളും യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂർത്തിയാക്കിയിരുന്നു.

1000 ദിവസ്സം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് യുഡിഫ് ലക്ഷ്യമിട്ടത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അനുബന്ധിത ജോലികൾ ചെയ്തു തീർത്തതുകൊണ്ടാണ് പദ്ധതി അതിവേഗം മുൻപോട്ടു പോയത്.

എറണാകുളം നോർത്തിലെ ഓവർ ബ്രിഡ്ജ് , KSRTC ബസ് സ്റ്റാൻറ്റിന് സമീപത്തുള്ള റെയിൽവേ മേൽപാലം തുടങ്ങിയവ പൂർത്തിയാക്കി, സ്ഥലമെടുപ്പ് മുൻപോട്ടുപോയി. അനുബന്ധ ജോലികൾ ചെയ്തു തീർത്തതുകൊണ്ട് കേന്ദ്രാനുമതി ലഭിച്ച ഉടനെ മെട്രോയുടെ പണി ആരംഭിക്കാൻ നമുക്ക് സാധിച്ചു. അങ്ങനെ 1470 ദിവസം കൊണ്ട് ഉദ്‌ഘാടനം ചെയ്യുകയാണ് കൊച്ചി മെട്രോ.

കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചവരെ നന്ദിയോടെ ഓർക്കുന്നു. ഡി എം ആർ സിയുടെ മുഖ്യ ഉപദേഷ്ടാവ് ശ്രി ഇ. ശ്രീധരന്റെ നേതൃത്വവും വൈദഗ്ധ്യവും, കെ എം ആർ എൽ എം.ഡി ശ്രി ഏലിയാസ് ജോർജിന്റെ നിശ്ചയധാർഢ്യവും അർപ്പണ ബോധവും വലിയ മുതൽക്കൂട്ടായി. സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ മുൻ ജില്ലാ കളക്ടർമാരായ ശ്രി ഷെയ്ഖ് പരീത്, ശ്രീ എം ജി രാജമാണിക്യം എന്നിവരുടെ സേവനം എന്നും വിലമതിക്കും.

ശ്രീ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് കൊച്ചി മെട്രോയോടുണ്ടായിട്ടുള്ള പോസ്റ്റിറ്റീവ് സമീപനം വിലമതിക്കാനാവാത്തതാണ്.

മെട്രോ റയിൽവെയുടെ ചാർജ് വഹിച്ചിരുന്ന മന്ത്രി ശ്രി ആര്യാടൻ മുഹമ്മദും പൊതുമരാമത്തു മന്ത്രി ശ്രി പി.കെ ഇബ്രാഹിംകുഞ്ഞും നൽകിയ നേതൃത്വം മെട്രോയുടെ നിർമ്മാണ പുരോഗതിക്ക് വലിയ വേഗത നൽകി. എം പിമാരും, എം എൽ എമാരും ഉൾപ്പടെ ജനപ്രതിനിധികൾ നൽകിയ സഹകരണവും പിന്തുണയും പ്രശംസനീയമാണ്.

അതോടൊപ്പം തന്നെ പദ്ധതിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച കൊച്ചി നിവാസികൾ, ഇതിന് വേണ്ടി രാപകൽ അദ്വാനിച്ച തൊഴിലാളികൾ അടക്കം എല്ലാവരും അഭിനന്ദനമർഹിക്കുന്നു.


(ഫേസ്ബുക് പോസ്റ്റ് )





2017, ജൂൺ 9, വെള്ളിയാഴ്‌ച

പു​തി​യ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണം


നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണു എൽഡിഎഫ് സർക്കാരിന്റെ മദ്യനയം. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചതു സമഗ്ര മാറ്റമായിരുന്നു.

ജ​ന​വി​രു​ദ്ധ​മാ​യ പു​തി​യ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണം. കേ​ര​ള​ത്തെ മു​ന്നോ​ട്ട​ല്ല പി​ന്നോ​ട്ട് ന​യി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം. മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സാ​മൂ​ഹ്യ നന്മ​യെ ക​രു​തി ന​ട​പ്പാ​ക്കി​യ മ​ദ്യ​ന​യം എ​ന്തി​നാ​ണ് തി​രു​ത്തി​യ​ത്? എ​ൽ​ഡി​എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴാ​ണ് എ​ന്താ​ണ് ശ​രി​യാ​യ​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യ​ത്.

(8/6/2017)




2017, ജൂൺ 6, ചൊവ്വാഴ്ച

വിഴിഞ്ഞത്തെ തളര്‍ത്തരുത്... പ്ലീസ്


ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടി വീണത്. സി ആന്‍ഡ് എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്ക-ണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതോടെ വീണ്ടും ആശങ്ക പടര്‍ന്നു. എന്നാല്‍ തുറമുഖ കരാറിനെക്കുറിച്ച് അന്വേഷിക്കുവാൻ  മൂന്നംഗ കമ്മീഷനെ നിയോഗിക്കുവാനും പദ്ധതിയുടെ പ്രവര്‍ത്തനം തുടരാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷന്റെ പ്രവര്‍ത്തനം തുടരട്ടെ. 

ഇതിനിടയില്‍ ധൃതഗതിയിലുള്ള പ്രവര്‍ത്തനം തുടരണം എന്നൊരൊറ്റ അഭ്യര്‍ത്ഥനയേയുള്ളൂ. വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധികള്‍ ഇനിയും തീര്‍ന്നിട്ടില്ല എന്നതാണ് ഈ വിവാദം കൊണ്ട് വ്യക്തമാകുന്നത്. 25 വര്‍ഷമായി പദ്ധതിയെ തളര്‍ത്താനും തകര്‍ക്കാനും ശ്രമിച്ചവര്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. സി ആന്‍ഡ് എ.ജിയില്‍ നുഴഞ്ഞു കയറാന്‍ വരെ അവര്‍ക്ക് സാധിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിഴിഞ്ഞത്തിനെതിരെ മത്സരിക്കാന്‍ ആദ്യം കുളച്ചല്‍ ലോബിയുണ്ടായിരുന്നു. അതിനെ നമ്മള്‍ അതിജീവിച്ചെങ്കിലും കൊളംബോ തുറമുഖം ഇപ്പോഴും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. 

വിഴിഞ്ഞം വൈകിയപ്പോള്‍ ചൈനീസ് കമ്പനിയുടെ നേതൃത്വത്തില്‍ കൊളംബോ തുറമുഖം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വലിയ മുന്നേറ്റം നടത്തി. കൊളംബോയില്‍ നിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചു മുമ്പോട്ടു പോകുവാന്‍ വിഴിഞ്ഞത്തെ എത്രയും വേഗം സജ്ജമാക്കുന്നതിനു പകരം വിവാദങ്ങളുയര്‍ത്തി വീണ്ടും പദ്ധതിയുടെ പാളം തെറ്റിക്കാനാണ് ചിലരുടെ ശ്രമം. 

രണ്ടര പതിറ്റാണ്ടിനുള്ളില്‍ കേരളം നടത്തിയ അഞ്ചാമത്തെ ശ്രമത്തിലാണ് വിഴിഞ്ഞത്ത് പണി തുങ്ങിയത്. പലവട്ടം പാഴായ ശ്രമങ്ങളുടെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി അതിനെ മറികടക്കുവാനുള്ള ശ്രമമാണ് ഒടുവില്‍ വിജയിച്ചത്. വിപുലമായ തയാറെടുപ്പോടെയും നടപടി ക്രമങ്ങളെല്ലാം പൂര്‍ണമായും പാലിച്ചുമാണ് പദ്ധതി നടപ്പാക്കിയിത്. മനുഷ്യസാധ്യമായ രീതിയില്‍ എല്ലാം സുതാര്യതയോടെയാണ് ചെയ്തത്.
എന്നിട്ടും ഇതു സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളും പിശകുകളുമൊക്കെ കടന്നുകൂടിയിരിക്കുന്നു. പദ്ധതിക്ക് പരസ്യമായി തുരങ്കം വയ്ക്കാന്‍ ശ്രമിച്ചയാള്‍ കണ്‍സള്‍ട്ടന്റായി സി എ ജിയുടെ പരിശോധനാസമിതിയില്‍ കടന്നുകൂടിയതില്‍ ദുരൂഹതയുണ്ട്. ഇദ്ദേഹം പദ്ധതിക്കെതിരെ എഴുതിയ ലേഖനത്തിലെ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു. വസ്തുതാപരമായ പിശകുകള്‍പോലും കടന്നുകൂടി. എ.ജി.യുടെ റിപ്പോര്‍ട്ടിലെ വസ് തുതാ വിരുദ്ധമായ കാര്യങ്ങളും നടപടി ക്രമങ്ങളിലെ തെറ്റുകളും സി ആന്‍ഡ് എ.ജി.യെ അറിയിക്കുന്നതാണ്. 

താരതമ്യത്തിനു തയാറുണ്ടോ

വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ കാലത്തെ കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിച്ചിരുന്നു എന്നും ഇപ്പോഴത്തെ കരാര്‍ അദാനിയുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നുമാണ് മുഖ്യ ആക്ഷേപം. ഈ സാഹചര്യത്തിലാണ് രണ്ടു കരാറുകള്‍ സംബന്ധിച്ച് താരതമ്യപഠനം വേണമെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചത്. രണ്ട് കരാറുകളിലെയും വ്യവസ്ഥകള്‍ താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ താല്പര്യം ആരാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകും. വി.എസ്. അച്യുതാനന്ദന്‍ താരതമ്യ പഠനത്തെ അനുകൂലിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അച്യുതാനന്ദന്‍ പറയുന്നതാണ് ശരിയെങ്കില്‍ അതു ബോധ്യപ്പെടുത്തുവാന്‍ കിട്ടുന്ന അവസരം അദ്ദേഹം പാഴാക്കില്ലല്ലോ.

സംസ്ഥാന സര്‍ക്കാരും അദാനിയുമായി ചര്‍ച്ച ചെയ്തുണ്ടാക്കിയ കരാര്‍ ആയിട്ടാണ് വിഴിഞ്ഞം കരാറിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. വലിയ പ്രചാരണം കൊടുത്ത് ആഗോള ടെണ്ടര്‍ വിളിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അതിലൂടെ ഉറപ്പിച്ച കരാര്‍ ആണിത്. ആഗോള ടെണ്ടറില്‍ അഞ്ചു കമ്പനികള്‍ ടെണ്ടര്‍ കൊടുക്കുവാനുള്ള യോഗ്യത നേടി. മൂന്നു കമ്പനികള്‍ ടെണ്ടര്‍ ഫോമുകള്‍ വാങ്ങി. ക്വാളിഫിക്കേഷന്‍ ഘട്ടത്തിനു ശേഷം ടെണ്ടര്‍ വാങ്ങിയ എല്ലാവരുമായി നടത്തിയ പ്രീബിഡ് മീറ്റിംങ്ങുകള്‍ക്ക് ശേഷം, 'അന്തിമ കരട് കരാര്‍' ടെണ്ടര്‍ വാങ്ങിയ മൂന്നു കമ്പനികള്‍ക്ക് ലഭ്യമാക്കി. ഇവരില്‍ അദാനിയുടെ കമ്പനി മാത്രമാണ് സാമ്പത്തിക ബിഡ് സമര്‍പ്പിച്ചത്. 

മൂന്ന് കമ്പനികള്‍ക്കും നല്‍കിയിട്ടുള്ള അന്തിമ കരട് കരാറില്‍ , കരാര്‍ ഒപ്പിടുന്ന ഘട്ടത്തിലോ പിന്നീടോ ഒരൂ മാറ്റവും വരുത്തിയിട്ടില്ല. അത് ടെണ്ടര്‍ നിയമപ്രകാരം സാധ്യവുമല്ല. എന്നിട്ടും അദാനിക്കു വേണ്ടി മാത്രം എന്തോ വലിയ സഹായങ്ങള്‍ ചെയ്തു എന്ന പ്രതീതി വരുത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നു. അനേകായിരം കോടി രൂപയുടെ ലാഭം കരാറുകാരന് ഉണ്ടെന്നു പറയുന്നവരോട് ഒരൊറ്റ ചോദ്യമേയുള്ളു. ഇത്ര ലാഭകരമായ ടെണ്ടറെങ്കില്‍ സാമ്പത്തിക ബിഡ് നല്‍കുവാന്‍ ഒരു കമ്പനി മാത്രം വന്നത് എന്തുകൊണ്ട്? 

സാമ്പത്തിക ക്ഷമതയില്ല

പി.പി.പി. പ്രോജക് ടുകള്‍ക്കു വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) അനുവദിക്കുന്നതു കേന്ദ്ര ധനകാര്യ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സാമ്പത്തിക ക്ഷമത ഇല്ലെന്നു ബോധ്യപ്പെടുന്ന പദ്ധതികള്‍ക്ക് മാത്രമാണ്. കേന്ദ്ര ധനകാര്യ സെക്രട്ടറി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക് അഫയേഴ്സ്) അധ്യക്ഷനായും കേന്ദ്ര എക്സ്- പെന്‍ഡിച്ചര്‍ സെക്രട്ടറി, കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി, കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള വി.ജി.എഫ് ഉന്നതതല എംപവേര്‍ഡ് കമ്മിറ്റിയാണ് വിഴിഞ്ഞത്തിന്റെ പദ്ധതി രേഖകള്‍ പരിശോധിച്ചത്. ഈ കമ്മിറ്റിയാണ് വി.ജി.എഫ്. തുകയായ 818 കോടി രൂപ ശുപാര്‍ശ ചെയ് തതും . ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വി.ജി.എഫ് അംഗീകരിച്ച് ഉത്തരവ് നല് കിയിട്ടുള്ളതും. 

വി.എസ്. അച്യുതാനന്ദന്റെ കാലത്തു നിയോഗിച്ച സാമ്പത്തിക ഉപദേഷ്ടാവ് (International Finance Corporation- ലോകബാങ്കിന്റെ ഉപസ്ഥാപനം) പദ്ധതി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്തതു വിഴിഞ്ഞത്തിനു സാമ്പത്തിക ക്ഷമത ഇല്ലെന്നും സംസ്ഥാനത്തിന്റെ വിഹിതം വര്‍ധിപ്പിക്കണമെന്നുമാണ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രസ്തുത റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത് പദ്ധതിയുടെ 85 ശതമാനം മുതല്‍ മുടക്ക് സര്‍ക്കാര്‍ വഹിക്കണമെന്നും, 30 വര്‍ഷത്തേയ്ക്ക് യാതൊരു വരുമാന വിഹിതവുമില്ലാതെ ഗ്രാന്റോടുകൂടി സ്വകാര്യ പങ്കാളിക്കു നടത്തുവാന്‍ നൽകണമെന്നുമായിരുന്നു (IFC Strategic Option Report 2010). ഇതൊക്കെ പരിഗണിച്ചുവേണം വിമര്‍ശകര്‍ ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയില്‍ കൊള്ളലാഭം കണക്കുകൂട്ടാന്‍. 

കേന്ദ്ര ധനകാര്യ വകുപ്പിന്റെയും വി.എസ്. അച്യുതാനന്ദന്‍ നിയോഗിച്ച ഐ.എഫ്.സി.യുടെയും റിപ്പോര്‍ട്ടുകള്‍, വിഴിഞ്ഞത്തിന്റെ വമ്പിച്ച സാമ്പത്തിക ക്ഷമത സംബന്ധിച്ച എ.ജി.യുടെ നിഗമനം എത്രമാത്രം യഥാര്‍ത്ഥ്യമെന്ന സംശയം ബലപ്പെടുത്തുന്നു. നാല് ഗവണ്‍മെന്റുകളുടെ കാലത്തുണ്ടായ എല്ലാ ടെണ്ടറുകളിലും ഉണ്ടായ തണുത്ത പ്രതികരണവും ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. 

കരാറുകാരന് വലിയ വരുമാനം ലഭിക്കുമെന്ന് പറയുന്ന എ.ജി. റിപ്പോര്‍ട്ട് തന്നെ കരാറുകാരന്റെ ഇക്യൂറ്റി ഐ.ആര്‍.ആര്‍ പതിനാറ് ശതമാനം മാത്രമാണെന്ന് പറയുന്നു. ഇതുതന്നെ വലിയ വൈരുധ്യമാണ്. കാരണം ഇത്തരം പദ്ധതികളില്‍ 16 ശതമാനം അനുവദനീയമായ ഇക്യൂറ്റി ഐ.ആര്‍.ആര്‍ ആണ്. ഇടതു സര്‍ക്കാരിന്റെ തുറമുഖ ഡിസൈന്‍ പ്രകാരം 650 മീറ്റര്‍ നീളമുള്ള ബര്‍ത്തും 14,000 ടി.ഇ.യു.വരെ ശേഷിയുമുള്ള കപ്പലാണ് തുറമുഖത്ത് അടുക്കാന്‍ സാധ്യത ഉണ്ടായിരുന്നെങ്കില്‍ യു.ഡി.എഫ് ഡിസൈനില്‍ അത് 800 മീറ്ററും 24,000 ടി. ഇ. യു വരെ ശേഷിയുള്ള കപ്പലായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ശേഷി കൂടിയ മദര്‍ഷിപ്പിനുവരെ ഈ തുറമുഖത്ത് അടുപ്പിക്കാം.

വൈദഗ് ധ്യമാണ് പ്രധാനം

അദാനിക്കു പകരം കേരളത്തില്‍ നിന്നു തന്നെ പദ്ധതിക്കു മൂലധന നിക്ഷേപം കണ്ടെത്താന്‍ കഴിയുമായിരുന്നു എന്നാണ് വേറൊരു പ്രചാരണം. മൂലധന നിക്ഷേപമല്ല വിഴിഞ്ഞം പദ്ധതിയുടെ പ്രശ് നം. നിലവില്‍ കടുത്ത ആഗോള മത്സരം നേരിടുന്ന തുറമുഖ വ്യവസായ മേഖലയില്‍ അതിന്റെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വൈദഗ് ദ്ധ്യവും കാര്യക്ഷമതയും തെളിയിച്ചിട്ടുള്ള പങ്കാളിയെയാണ് ആവശ്യം. 

സാമ്പത്തിക ക്ഷമതയില്ലെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വിഴിഞ്ഞം പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ അത്തരമൊരു പങ്കാളിക്കേ സാധിക്കൂ. സര്‍ക്കാര്‍ മൂലധനം മുടക്കി നിര്‍മ്മിച്ച് സ്വകാര്യ പങ്കാളിക്കു നടത്തിപ്പിന് നല്കുന്ന, അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ടെണ്ടറിലും ഇത്തരത്തിലുള്ള കമ്പനികള്‍ മുന്നോട്ടു വന്നില്ല. നാം നേരത്തെ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതു മൂലധനനിക്ഷേപത്തിലല്ല മറിച്ച് ഇത്തരത്തിലുള്ള കമ്പനികള്‍ മുമ്പോട്ടു വന്നില്ല എന്നതിലാണ്.

കരാര്‍ കാലാവധി ആദ്യം 30 വര്‍ഷവും, പിന്നീട് 40 വര്‍ഷവും ആക്കി എന്നതാണ് ഏറ്റവും വലിയ ആക്ഷേപം. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ സംസ്ഥാന തുറമുഖങ്ങള്‍ക്കായുള്ള മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റ് ആണ് കേരള സര്‍ക്കാര്‍ കരാര്‍ തയ്യാറാക്കാനായി അംഗീകരിച്ചത്. 2014 മെയ് മാസത്തില്‍ പുറപ്പെടുവിച്ച ഇതിന്റെ ഉത്തരവിലും കാലാവധി 40 വര്‍ഷം തന്നെയായിരുന്നു. മത്സ്യബന്ധന തുറമുഖത്തിലെ യൂസര്‍ഫീ കരാറുകാരന് പിരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു ദുഷ് പ്രചാരണം. ഇക്കാര്യത്തില്‍ കരാറില്‍ ഒരു അവ്യക്തതയും ഇല്ല. കരാറിലെ 12.6.10 വ്യവസ്ഥ പ്രകാരം 'The obligation of the Concessionaire for and in respect of the fishing harbour forming part of Funded Works, shall be restricted to the construction thereof. For the avoidance of doubt, the parties expressly agree that the operation and maintenance of fishing harbour shall, at all times, be undertaken by the Authortiy'.

പദ്ധതിക്കു സ്വതന്ത്ര എഞ്ചിനീയറെ വച്ചിട്ടില്ല എന്നുള്ള പ്രചാരണവും വാസ്തവ വിരുദ്ധമാണ്. കരാര്‍ വ്യവസ്ഥ പ്രകാരം STUP എന്ന സ്ഥാപനത്തെ മത്സരാധിഷ്ഠിത ടെണ്ടറിലൂടെ നിയമിച്ചിട്ടുണ്ട്. ടെണ്ടര്‍ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും അങ്ങേയറ്റം സുതാര്യമായും നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ചുമാണ് ചെയ് തിട്ടുള്ളത്. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ് ആന്‍ഡ് സ്റ്റോര്‍ പര്‍ച്ചേഴ്‌സ്), പ്രിന്‍സിപ്പല്‍ സെക്രട്ടറി (തുറമുഖം), സെക്രട്ടറി (നിയമം), മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവര്‍ അംഗങ്ങളായുള്ള എംപവേര്‍ഡ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 

ടെണ്ടറുകള്‍ ഈ കമ്മിറ്റിയുടെ ശുപാര്‍ശയോടെ ഞാന്‍ അധ്യക്ഷനായുള്ള വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ബോര്‍ഡ് പരിശോധിക്കുകയും പിന്നീട് അത് ഫിനാന്‍സിന്റെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയോടുകൂടി മന്ത്രിസഭ പരിഗണിക്കുകയും ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം സര്‍വകക്ഷി യോഗം വിളിച്ച ശേഷമാണ് ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചതും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതും. 

വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക ക്ഷമത തുടക്കത്തില്‍ കുറവായതിനാലാണ് വി.ജി.എഫ്. നല്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടി വരുന്നതെങ്കിലും ആദ്യഘട്ടം വിജയം കണ്ടാല്‍ യാതൊരു സര്‍ക്കാര്‍ മുതല്‍ മുടക്കുമില്ലാതെ കരാറുകാര്‍ അടുത്ത ഘട്ടങ്ങള്‍ നിര്‍മ്മിക്കേണ്ടതും അതില്‍ നിന്നുള്ള വരുമാന വിഹിതം സംസ്ഥാന ഖജനാവിനു നല്‌കേണ്ടതുമാണ്. ഇത്തരത്തില്‍ പദ്ധതി വിജയം കണ്ടാല്‍ മൊത്ത വരുമാനത്തിന്റെ (ലാഭവിഹിതത്തിന്റെയല്ല) 40 ശതമാനം വരെയുള്ള തുക സംസ്ഥാനത്തിനു ലഭിക്കും. ഇത് ഭാവിയില്‍ സംസ്ഥാനത്തിനു വലിയ വരുമാന സ്രോതസാകും. പദ്ധതികൊണ്ട് സംസ്ഥാനത്തിനുണ്ടാക്കുന്ന മറ്റു നേട്ടങ്ങള്‍ക്കു പുറമേയാണിത്.

കേരളം എന്തുനേടി

ഒരു ഇടുക്കി ഡാമും നെടുമ്പാശേരി വിമാനത്താവളവും ഒഴിച്ചാല്‍ 60 വര്‍ഷംകൊണ്ട് കേരളം എന്തുനേടി? എത്രയെത്ര പദ്ധതികളാണ് വിവാദങ്ങളില്‍ തട്ടി തകര്‍ന്നത്? ഈ സ്ഥിതിക്കു മാറ്റം ഉണ്ടാക്കുവാനാണ് യു.ഡി.എഫ് അഞ്ചു വര്‍ഷം ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാര്‍ട്ട് സിറ്റി മുതലായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിച്ചത്. ഇതിനു എല്ലാവരുടെയും പിന്തുണ ലഭിച്ചത് ഞാന്‍ വിസ് മരിക്കുന്നില്ല.

അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കുവാന്‍ പാടില്ല എന്നതിനോട് പൂര്‍ണമായും യോജിക്കുന്നു. സി. ആന്‍ഡ് എ.ജി.യുടെ കണ്ടെത്തലുകള്‍ ഗൗരവമായി പരിശോധിക്കണം. യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി ശരി എന്തെന്നു മനസ്സിലാക്കി മുമ്പോട്ട് പോകണം. കേരളത്തിന്റെ നാലു ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യവും ഇപ്പോള്‍ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ച സ്ഥിതിയും പരിശോധിച്ച് തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. 

അതുകൊണ്ടാണ് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നത്. മറ്റൊരു വിവാദംകൂടി ഉയര്‍ത്തി വിഴിഞ്ഞത്തെ തളര്‍ത്തരുത് എന്നു മാത്രമാണ് എനിക്കു പറയുവാനുള്ളത്. ഈ വിവാദങ്ങളില്‍ ചിരിക്കുന്നതു കൊളംബോയും കുളച്ചലും മാത്രമാണ് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഉമ്മന്‍ ചാണ്ടി

( 03.06.2017) 

2017, ജൂൺ 1, വ്യാഴാഴ്‌ച

വിഴിഞ്ഞം: ഏതന്വേഷണവും നേരിടും; ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല



വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്, കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടും. 

മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയത്. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. കുളച്ചല്‍ തുറമുഖ കരാറുമായാണു വിഴിഞ്ഞം കരാറിനെ സി.എ.ജി താരതമ്യപ്പെടുത്തുന്നത്. കുളച്ചല്‍ പദ്ധതിയുടെ പ്രൊജക്ട് എസ്റ്റിമേറ്റ് തയാറായിട്ടില്ല. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രകാരമാണു കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത്. ആദ്യത്തെ കരാറില്‍ 30 വര്‍ഷമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 വര്‍ഷമാക്കി കൊടുത്തുവെന്നാണ് ആക്ഷേപം. നിർമ്മാണ കാലാവധിയും ഇതിൽ ഉൾപെടും. ആസൂത്രണ കമ്മിഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 വര്‍ഷം എന്ന വ്യവസ്ഥ അംഗീകരിച്ചത്.