UDF

2017, ജനുവരി 5, വ്യാഴാഴ്‌ച

കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയുടെ വിവരങ്ങള്‍ കേന്ദ്രം മറച്ചുവെച്ചു


ഇന്ത്യയിൽ വിലക്കു നേരിട്ട ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യൂവിനു പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാൻ ബിജെപി സർക്കാർ കരാർ നൽകാൻ പോകുന്നുവെന്ന എന്റെ ആരോപണത്തിനു പിന്നാലെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഈ കമ്പനിയുടെ പേര് അപ്രത്യക്ഷമായതു ദുരൂഹമാണ്.

ഇന്ത്യയിലെയും വിദേശത്തെയും നോട്ടുകൾ അച്ചടിക്കാൻ മഹാരാഷ്ട്രയിൽ 700 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിക്കാൻ ഡി ലാ റ്യൂ കമ്പനിക്കു 10 ഏക്കർ ബിജെപി സർക്കാർ അനുവദിച്ചു കരാർ ഒപ്പിട്ട വിവരം എന്റെ ആരോപണങ്ങൾക്കു പിന്നാലെ പുറത്തു വന്നു. 

നോട്ട് അച്ചടി വിദേശ കമ്പനിക്കു നൽകുന്നതിനെതിരെ പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി 2013ൽ സമർപ്പിച്ച ശുപാർശകൾക്കു വിരുദ്ധമായുള്ള ഇൗ നീക്കം വൻ അഴിമതി ലക്ഷ്യമിട്ടാണെന്നും അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ഞാൻ  പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. 

1997-98 കാലത്ത് 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകൾ അച്ചടിക്കാൻ ഡി ലാ റ്യൂ ഉൾപ്പെടെ മൂന്നു വിദേശ കമ്പനികൾക്കു കരാർ നൽകിയിരുന്നെങ്കിലും ഇത്തരം വിദേശ കരാറുകൾ തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും പണം എത്തുന്നതിനു കാരണമാകുമെന്നു കണ്ട് ഒഴിവാക്കിയിരുന്നു. ഭാവിയിൽ ഇന്ത്യൻ കറൻസി അച്ചടി വിദേശ കമ്പനികളെ ഏൽപിക്കരുതെന്നു പാർലമെന്റ് സമിതിയും ശുപാർശ നൽകി. ഡി ലാ റ്യൂവിനു കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയെന്നും വിവരമുണ്ട്.

എന്നാൽ, ബിജെപി സർക്കാർ എത്തിയതോടെ മേയ്ക് ഇൻ ഇന്ത്യ അടക്കം പദ്ധതികളിൽ പങ്കാളിയായി രംഗപ്രവേശം ചെയ്ത ഇൗ കമ്പനി നവംബർ ഏഴു മുതൽ ഒൻപതു വരെ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാളായിരുന്നു. ഇതു തെളിയിക്കുന്ന വെബ്സൈറ്റിന്റെ പകർപ്പ് കഴിഞ്ഞ 31നു താൻ പുറത്തുവിട്ടതിനു പിന്നാലെയാണു സൈറ്റിൽ നിന്നു പേജ് അപ്പാടെ മാറ്റിയത്.

കേന്ദ്ര ധനമന്ത്രി ആരോപണം നിഷേധിച്ചപ്പോൾ, കമ്പനിയുമായി സഹകരിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും വ്യവസായ വാണിജ്യ വകുപ്പും മിണ്ടിയിട്ടില്ല. കേന്ദ്ര സർക്കാരും ഡി ലാ റ്യൂ കമ്പനിയും തമ്മിൽ സാമ്പത്തിക സഹകരണം ഉണ്ടായിട്ടുണ്ടോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണം.