UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ഡിസംബർ 12, ചൊവ്വാഴ്ച

ശ്രീ രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ ..

"ആദ്യം അവർ നിങ്ങളെ കണ്ടില്ലെന്നു നടിക്കും,
പിന്നീട് പരിഹസിച്ചു ഇല്ലാതാക്കാനാവും ശ്രമം,
തുടർന്ന് അവർ നിങ്ങളെ നേർക്കുനേർ എതിരിടും, 
അവിടെ, അവിടെ നിങ്ങൾ വിജയം വരിക്കുന്നു".
-മഹാത്മാ ഗാന്ധി.


ശ്രീ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനാകുമ്പോൾ മഹാത്മജിയുടെ ഈ വാക്കുകളാണ് ഓർമ്മ വരുന്നത്. ഈ അസുലഭ നിമിഷത്തിൽ ഞാനുൾപ്പെടെയുള്ള ഓരോ പാർട്ടി പ്രവർത്തകരും അങ്ങേയറ്റം സന്തോഷത്തിലും,പ്രതീക്ഷയിലുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിയുടെയും, ഭാരതത്തിന്റെയും ഭാവി ശോഭനമായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. മാറ്റത്തിനായുള്ള അഭിവാഞ്ജയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

രാഹുൽജിയെ ആദ്യം കാണുന്നത്, ഇന്ദിരാജി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ കുടുംബ സമേതം ലക്ഷദ്വീപിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയിൽ വച്ചായിരുന്നു. അന്ന് രാഹുൽജിയോടൊപ്പം രാജീവ്ജിയും, സോണിയാജിയും, പ്രിയങ്കാജിയും ഉണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ കുട്ടി രാഹുലും പ്രിയങ്കയും അന്നേ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2004-ൽ രാഹുൽജി സജീവ രാഷ്ട്രീയത്തിലേക്ക് വന്നതിനു ശേഷമാണ് കേരളത്തിലെ ഭരണ കാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ചയായി നിരന്തര ബന്ധമുണ്ടായിരുന്നത്. കേരളത്തിന്റെ കാര്യത്തിൽ എന്നും അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.

അദ്ദേഹത്തിന്റെ വളർച്ചയിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എതിരാളികൾ തന്നെയായിരുന്നു. രാഹുൽജിയുടെ വലിയ ജനസ്വാധീനമായിരുന്നു അവരെ ചൊടിപ്പിച്ചത്. 2009-ലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചതും, ഭരണ തുടർച്ച കൊണ്ടുവന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. അതിനു ശേഷമാണ് ആസൂത്രിതമായി അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിമർശനങ്ങൾക്കപ്പുറത്ത്‌ അദ്ദേഹത്തിനെ പരിഹസിച്ചും, അധിക്ഷേപിച്ചും ഇല്ലാതാക്കാനായിരുന്നു എതിരാളികളുടെ ശ്രമം. എന്നാൽ ഈ നീക്കങ്ങളെയെല്ലാം പക്വതയോടെ നേരിട്ടതായിരുന്നു അദ്ദേഹത്തിന്റെ ഔന്നിത്യം.

ഡൽഹിയിലെ നിർഭയയുടെ കുടുംബത്തെ രാഹുൽജി സംരക്ഷിച്ചതും, സഹോദരനെ പഠിപ്പിച്ചു പൈലറ്റ് ആക്കിയതും നിർഭയയുടെ അമ്മ ഒരു വിദേശ മാധ്യമത്തിന് ആഴ്ചകൾക്ക് മുൻപ് നൽകിയ അഭിമുഖത്തിലൂടെയാണ് നാം അറിയുന്നത്. താൻ ചെയ്യുന്ന നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനോ, പറഞ്ഞു നടക്കാനോ തയ്യാറാകുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ചിലതെല്ലാം കാലത്തിന്റെ അനിവാര്യതയാണ്, അതിനി എതിരാളികൾ എന്ത് തന്നെ ചെയ്താലും അനിവാര്യമായതിനെ കാലം എടുത്തുയർത്തുകയും, ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തുകയും ചെയ്യും. ഗാന്ധിജിയുടെ വാക്കുകൾ ഒരിക്കൽ കൂടി ഓർക്കുന്നു, രാഹുൽജിയുടെ നേതൃത്വത്തിന് എല്ലാ നന്മകളും വിജയങ്ങളും നേരുന്നു.

നന്മ പുലരട്ടെ, സത്യം ജയിക്കട്ടെ...
ജയ് ഹിന്ദ്.

2017, ഡിസംബർ 5, ചൊവ്വാഴ്ച

ഇനി വിമര്‍ശിക്കാതെ വയ്യ

ഓഖി ദുരന്തമേഖലയിൽ വീണ്ടും എത്തിയപ്പോൾ

കഴിഞ്ഞ തവണ ഓഖി ദുരന്ത മേഖലയിൽ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പറഞ്ഞിരുന്നില്ല. അഞ്ചാം ദിവസവും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 

ഒാഖി ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ നാട്ടുകാരുടെ വേദന ഉള്‍കൊള്ളാനുള്ള മനസ് എങ്കിലും കാണിക്കണം.

2017, നവംബർ 9, വ്യാഴാഴ്‌ച

സോളര്‍: ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും.


സോളര്‍ കേസിലെ ആക്ഷേപങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും. റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ആശങ്കയില്ല.  ആരാണ് തലയില്‍ മുണ്ടിട്ട് നടക്കേണ്ടതെന്ന് കണ്ടറിയാം.

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല.



കഴിഞ്ഞ 26/9/2017 -ന് സമർപ്പിച്ച സോളാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനങ്ങൾ ഇന്നലെ (11/10/2017) മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ പ്രസിദ്ധീകരിച്ചത് കണ്ടു. നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നൽകുകയും ചെയ്തു.

റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാർശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങൾക്കു നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും അതിന് തയ്യാറായിട്ടില്ല . സാധാരണഗതിയിൽ റിപ്പോർട്ട് ലഭിച്ചാൽ മാധ്യമങ്ങൾക്ക് നല്കാറുണ്ട്. എന്നാൽ ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോർട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നൽകാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്.

കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷൻ തന്നെ എത്തിയ നിഗമനകൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ല.

"മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല."

വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും, മുഖം നഷ്ടപ്പെട്ട ഗവൺമെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമണിത്.

ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒക്ടോബർ എട്ടിന് വേങ്ങരയിൽ മുൻ മന്ത്രി ടി കെ ഹംസ വെളിപ്പെടുത്തിയെന്നതാണ്. ഗവൺമെന്റ് ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.

കമ്മീഷൻ ഓഫ് എൻക്വിയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതും റിപ്പോർട്ട് നൽകുന്നതും. എന്നാൽ റിപ്പോർട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിനിമേൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമ്മീഷന്റ കണ്ടെത്തലുകൾ കുറിച്ചു നിശബ്ദത പാലി പാലിച്ചത് അത്ഭുതകരമാണ് . ടോംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയാണ് എന്നത് വ്യക്തമാണ്.

സോളാർ ഇടപാട് സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ വളരെ ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തിൽ നിന്ന് വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി.

കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ മുഴുവൻ ജനങ്ങളെ അറിയിക്കാതെ തങ്ങൾക്കു വേണ്ടത് മാത്രം വേണ്ട രീതിയിൽ പ്രസിദ്ധീകരിച്ചതും ഏകപക്ഷീയമായ നിയമ ഉപദേശം സ്വീകരിച്ചും പ്രഖ്യാപിച്ച നടപടിയെ നിയമപരമായി നേരിടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.

കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചു പൂർണമായും റിപ്പോർട്ട് കിട്ടാത്ത സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. റിപ്പോർട്ടിന്റെ കോപ്പിക്ക് വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഉടൻ മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകും.

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

Insulting Kerala by showcasing Gujarat model is ridiculous


Lashing out at BJP national president Amit Shah, Shah’s move to insult Kerala by showcasing the Gujarat model is ridiculous.

“The anti-Modi feeling that arose after Modi compared Kerala with Somalia proves that false propaganda unleashed by the BJP against Kerala will not have any affect. Kerala is a state which upholds high thinking in all spheres. Even the Human Development Index of Kerala has been maintaining world standards for the past several years. The Janaraksha Yatra is a cheap political tactic by the BJP to hide the administrative failures of the Narendra Modi government. All states, including Gujarat, desire to escape from the Modi's BJP which is going forward by destroying all sectors in India through its wrong policies,” Chandy said in the Facebook post.

2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

കേ​ര​ള​ത്തെ അ​പ​മാ​നിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും


കേ​ര​ളം എ​ല്ലാ​വി​ധ വി​ഭാ​ഗീ​യ​ത​യ്ക്ക് എ​തി​രെ​യും നി​ല​ കൊ​ള്ളു​ന്ന സം​സ്ഥാ​ന​മാ​ണ്. കേ​ര​ള​ത്തെ അപമാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ കേ​ര​ള​ത്തെ അപമാനി​ക്കാ​നാ​ണ് ആ​ര്‍​എ​സ്‌എ​സും അ​മി​ത് ഷായും ശ്ര​മി​ക്കു​ന്നത്​.
(തി​രു​വ​ന​ന്ത​പു​രം)



2017, സെപ്റ്റംബർ 24, ഞായറാഴ്‌ച

ലേക്ക് പാലസ്: മുഖ്യമന്ത്രി മൗനം വെടിയണം


സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്. ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കണം. അത് കഴിഞ്ഞ കാല സര്‍ക്കാരിന്റെ കാലത്തേതും വേണം. 

തോമസ് ചാണ്ടി വിഷയത്തില്‍ നിജസ്ഥിതി എന്തെന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി തുടരുന്ന മൗനം തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ? മുഖ്യമന്ത്രി മൗനം വെടിയണം, നിശബ്ദത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും.


2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം

യു ഡി എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

സര്‍ക്കാരിന്റെ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതു മുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നത്. 

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു.

ഭരണം പൂര്‍ണമായി സ്തംഭിച്ചു. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരിക്കുകയാണ്. സര്‍ക്കാറിന്റെ 15 മാസത്തെ വികസനം വട്ടപൂജ്യമാണ്. അധികാരത്തിലേറി ഇത്രയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഇടതു മുന്നണി സര്‍ക്കാരിനായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണം. യു ഡി എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള താക്കീതായിരിക്കണം ഉപതിരഞ്ഞെടുപ്പ്. ജനവിരുദ്ധനയങ്ങള്‍ കാരണം ബി.ജെ.പിക്കും സി.പി.എമ്മിനും തലകുനിച്ച് വോട്ടഭ്യര്‍ഥിക്കേണ്ട അവസ്ഥയാണുള്ളത്. വേങ്ങരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.


2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ


ലോകത്തിന്റെ നാനാ ഭാഗത്തുള്ള എല്ലാ മലയാളികൾക്കും, എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സൗജന്യ ഓണക്കിറ്റുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് കൂടി നൽകണം.


കഴിഞ്ഞ ആഴ്ച്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്ത്യോദയ അന്നയോജന വിഭാഗത്തിൽപെട്ട 5. 95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. അതിന് വേണ്ടി 6.71 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുമുണ്ട്. പക്ഷേ വർഷങ്ങളായി ബി.പി.എൽ കുടുംബങ്ങൾക്ക് ഓണക്കാലത്തു കിട്ടുന്ന സൗജന്യ കിറ്റുകൾ എ.എ വൈക്ക് മാത്രമായി ചുരുക്കിയ നടപടി അടിയന്തരമായി തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഓണക്കാലത്തു ഗവണ്മെന്റ് വിവിധ കാര്യങ്ങൾക്കായി 12,000 കോടി രൂപ നല്കുന്നതായിട്ടാണ് വാർത്ത വന്നിരിക്കുന്നത്. ബി.പി.എൽ വിഭാഗങ്ങൾക്ക് കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ 11 കോടി രൂപയാണ് അധികമായി വേണ്ടിവരുന്നത്. അവർക്കും കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

(fb post)



2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!


ഏഴര ദശാബ്ദമായി നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി കഴിഞ്ഞ തലമുറകള്‍ ചെയ്ത ത്യാഗത്തിന്റെ വില ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ തിരിച്ചറിയുന്നുണ്ട്?

ഭാരത് മാതാ കീ ജയ് എന്നു വിളിച്ച് മരണത്തിലേക്കു നടന്നു കയറിയ ധീരരക്തസാക്ഷികള്‍, കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍, എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തിയവര്‍, പലായനം ചെയ്യേണ്ടി വന്നവര്‍. ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും പറയാനുണ്ടായിരുന്നു ധീരവീര ഗാഥകള്‍! അവരെ ഈ അവസരത്തില്‍ നമിക്കുന്നു.

എഴുപതു വര്‍ഷംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നാം പടുത്തുയര്‍ത്തി. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പര്യായമായി മാറി. ഇന്ത്യ കരുത്തുറ്റ രാജ്യമായി.

പക്ഷേ, ഇന്ന് നാം റിവേഴ്‌സ് ഗീയറിലാണ്. ഗാന്ധിജിക്കു പകരം ഗോഡ്‌സെ വാഴ്ത്തപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവര്‍ വരെ ഇന്നു വലിയ ദേശസ്‌നേഹികളാണ്. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരായി. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികള്‍ 72. ആ കുരുന്നുകളുടെ മൃതദേഹം മാതാപിതാക്കള്‍ ചുമന്നാണ് വീട്ടിലെത്തിച്ചത്.

ഇതിനുവേണ്ടിയായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യസമരമെന്ന് നിശ്ചയം. നമ്മുടെ സ്വാതന്ത്ര്യം അപൂര്‍ണമാണിപ്പോള്‍.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് വിശ്രമമില്ല. മനുഷ്യരെ തമ്മില്‍ തല്ലിക്കുന്നവര്‍ക്കെതിരേയും ഭക്ഷണത്തില്‍ പോലും ഫാസിസം കടത്തിവിട്ട് ആളുകളെ കൊല്ലുന്നവര്‍ക്കെതിരേയും ചരിത്രപരമായി നാം തെറ്റുചെയ്തിട്ടുള്ള ആദിവാസി- ദളിത് വിഭാഗങ്ങളോട് കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേയും കുരുന്നുകളെ കുരുതി കൊടുക്കുന്നവര്‍ക്കെതിരേയുമൊക്കെയുള്ള പോരാട്ടം നമുക്കു തുടരാം.

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല, ആത്മാഭിമാനത്തിന്റെ അടയാളമാണ്‌


ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സർവേകളിലും കേരളം മുൻനിരയിൽ തന്നെയാണ്. ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബൽ സമ്മാന ജേതാവ് ശ്രീ അമർത്യാസെൻ കേരളാ മോഡൽ വികസനത്തെ പ്രകീർത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു.

ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാൽ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാൻ കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് കാണുന്പോൾ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ വർഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാൻ അവർ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവർ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികൾ രാഷ്ട്രീയഭേതമന്യേ ഒറ്റകെട്ടായി നേരിടും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരളാ സന്ദർശനത്തിന് ശേഷം ബിജെപി കേരളത്തിൽ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാർക്സിസ്റ് പാർട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നത്. പല അടവുകളും പയറ്റി തകർന്ന് ബിജെപിക്ക്, വലിഞ്ഞു കയറി ചെന്ന് അവസരം ഉണ്ടാക്കി കൊടുക്കാനേ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും ഉപകരിച്ചുള്ളു. കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തക്കം പാർത്തിരുന്ന ബിജെപിയ്ക്ക് സിപിഎം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വർഷം മുൻപുവരെ ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിച്ചിന്നെങ്കിൽ, ഇപ്പോൾ നമ്മുടെ ഖജനാവിൽ നിന്ന് പണമിറക്കി ദേശീയ തലത്തിൽ പി ആർ ചെയ്യേണ്ട അവസ്ഥയിൽ എത്തി.



2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

ഇതു ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം


ശ്രീ അഹമ്മദ് പട്ടേലിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടും ചീഫ് ഇലക്ഷൻ കമ്മീഷണർ എടുത്ത നീതിപൂർവമായ തീരുമാനം സ്വതന്ത്ര ഇന്ത്യയിലെ തിളക്കമാർന്ന അദ്ധ്യായമാണ്.

പക്ഷേ നമ്മളെ എല്ലാം ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത ഗുജറാത്ത് രാജ്യസഭ ഇലക്ഷനിൽ കാണേണ്ടതുണ്ട്. ജയിക്കുവാൻ ആവശ്യമായ വോട്ട് ഇല്ലെന്നു വ്യക്തമായി അറിഞ്ഞിട്ടും ജനാധിപത്യ മര്യാദകളെ പരസ്യമായി വെല്ലുവിളിച്ചു രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രസിഡന്റ് തന്നെ നേരിട്ട് കുതിരക്കച്ചവടത്തിന് നടത്തിയ ശ്രമങ്ങളും അതിന്റെ പിന്നിലെ നാടകങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമാണ്.

ഈ ഇലക്ഷൻ ഭാവിയിൽ രാജ്യം നേരിടുവാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചും പണമൊഴുക്കിയും ഭരണസ്വാധീനങ്ങൾ ദുർവിനിയോഗിച്ചും രാഷ്ട്രീയ പ്രതിയോഗികളെ നേരിടുവാൻ രാജ്യം ഭരിക്കുന്നവർ ഏതറ്റം വരെയും പോകുമെന്ന് നാം കണ്ടു.

ബ്രിട്ടീഷുകാരോട് ഇന്ത്യ വിടുവാൻ ഗാന്ധിജി ആജ്ഞാപിച്ചതിന്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ അതേ ജാഗ്രത ഇന്നും പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ബിജെപി ദേശീയാധ്യക്ഷൻ രാജ്യത്തെ ബോദ്ധ്യ- പ്പെടുത്തിയിരിക്കുന്നത്. നന്ദി, അമിത്ഷാ.

എല്ലാ തടസങ്ങളേയും തട്ടിനീക്കി വിജയിച്ച അഹമ്മദ് പട്ടേലിനു അഭിനന്ദനങ്ങൾ. താങ്കൾ അഞ്ചാം തവണ നേടിയ രാജ്യസഭാ അംഗത്വം ജനാതിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. രാഷ്രീയ കുതിരക്കച്ചവടത്തേയും പണത്തിന്റെ ശക്തിയേയും അതിജീവിക്കാൻ ജനാധിപത്യ ശക്തികൾക്ക് താങ്കളുടെ വിജയം കരുത്ത്‌ പകരുക തന്നെ ചെയ്യും.




2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കോടിയേരിയുടെ വരമ്പത്ത് കൂലി നയം


സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ്. ക്രമസമാധാന പ്രശ്‌നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവം വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കി.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നു. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമര്‍ശം ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ഇന്നലത്തെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്.

2017, ജൂലൈ 28, വെള്ളിയാഴ്‌ച

സർക്കാർ പരാജയപ്പെടുന്നത്​ ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്തതിനാൽ

കേരള സെക്ര​ട്ടറിയറ്റ്​ അസോസിയേഷൻ വാർഷിക സമ്മേളനം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഉദ്​ഘാടനം ചെയ്യുന്നു (file-pic)

ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ പ്രവർത്തിച്ചതാണ്​ സർക്കാറി​​ൻറ പരാജയങ്ങൾക്ക്​ കാരണം. ഭരണം എന്നത്​ സ്​ഥലംമാറ്റമാണെന്നാണ്​ ഇടതു സർക്കാർ മനസ്സിലാക്കിയത്. രാഷ്​ട്രീയമായ പ്രതികാരം തീർക്കലിന്​ കിട്ടിയ ചുട്ട മറുപടിയാണ്​ സെൻകുമാർ വിഷയത്തി​ൽ സർക്കാറിനേറ്റ തിരിച്ചടി. 

രാഷ്​ട്രീയപക്ഷപാതിത്തത്തോടെയാണ്​ സ്​ഥലം മാറ്റങ്ങളെല്ലാം. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ ഒരു സർക്കാറിനും മുന്നോട്ടുപോകാനാവില്ല. ഒരു വിഭാഗം ഉദ്യോഗസ്​ഥരുടെ വക്താക്കളാവുകയാണ്​ സർക്കാർ. ജി.എസ്​.ടിയുടെ കാര്യത്തിൽ കേരളവും ജമ്മു-കശ്​മീരും മാത്രമാണ്​ നിയമം പാസാക്കാത്തത്​. നിയമസഭയിൽ കൂട്ടായ ചർച്ച ​നടന്നിരുന്നെങ്കിൽ പല പ്രശ്​നങ്ങൾക്കും പരിഹാരം കാണാമായിരുന്നു. എല്ലായിടത്തും ആശയക്കുഴപ്പങ്ങളാണ്​. സെക്ര​ട്ടറിയറ്റ്​ സജീവമായാലേ ഭരണം സുഗമമാകൂ. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനും പ്രശ്​നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ഉദ്യോഗസ്ഥർക്കാകണം.


2017, ജൂലൈ 11, ചൊവ്വാഴ്ച

ഗവ. പ്രസ്സുകളെ പരിഗണിക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍


 ഗവ. പ്രസ്സുകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ അച്ചടി ജോലികള്‍ മറ്റ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

കറന്‍സി അച്ചടി പോലെ പ്രാധാന്യമുള്ള ലോട്ടറി അച്ചടി ഒരു കാരണവശാലും സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ പാടുള്ളതല്ല. ഗവ. പ്രസ്സുകളെ ആധുനികവത്കരിച്ച് ഇത്തരം ജോലികള്‍ അവരെ ഏല്‍പ്പിക്കണം.

(കേരള ഗവ. പ്രസ്സസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ (ഐ.എന്‍.ടി.യു.സി.) 54-ാം സംസ്ഥാന സമ്മേളനം കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.) 



2017, ജൂലൈ 10, തിങ്കളാഴ്‌ച

സി.പി.ഐ പറയുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍



മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും സി.പി.ഐയും ചേര്‍ന്ന് പ്രവര്‍ത്തിച്ച നല്ല നാളുകള്‍ ജനങ്ങളുടെ മനസിലുണ്ട്. അതൊന്നും ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല.


യു.ഡി.എഫ് പിളര്‍ത്താമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. സ്വന്തം ക്യാമ്പില്‍ നിന്ന് കക്ഷികള്‍ വിട്ടുപോകാതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും.



 

2017, ജൂൺ 28, ബുധനാഴ്‌ച

കര്‍ണാടക നഴ്സിംഗ് കോഴ്സ് തീരുമാനം പുനഃപരിശോധിക്കണം


 ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കര്‍ണാടകത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കര്‍ണാടക മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഡോ. ശരണ പ്രകാശ് രുദ്രപ്പ പട്ടീലിന് കത്തയച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ 2016 ഡിസംബര്‍ 14ലെയും 2017 മെയ് 17ലെയും ഉത്തരവ് (HFW 212 RGU 2016) പ്രകാരം നഴ്സിംഗ് കോളജുകള്‍ക്ക് കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയര്‍ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലി (ഐ എന്‍ സി)ന്റെ അംഗീകാരം നിര്‍ബന്ധമല്ല. ഐ എന്‍ സിയുടെ അംഗീകാരം ഇല്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ക്ക് കര്‍ണാടകമൊഴികെയുള്ള സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കര്‍ണാടകത്തില്‍ പഠിക്കുന്ന കുട്ടികളില്‍ 70 ശതമാനത്തിലധികം കേരളത്തില്‍നിന്നുള്ളവരാണ്. ഈ കുട്ടികളുടെ ഭാവിയാണ് പുതിയ ഉത്തരവു പ്രകാരം ഇരുളടയുന്നത്.

ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐ എന്‍ സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോള്‍ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകും.

തിരുവനന്തപുരം: ( 23.06.2017)

2017, ജൂൺ 21, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു

കുട്ടിമാക്കൂല്‍ ദലിത് പീഡന കേസും ഫസല്‍വധ കേസും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതുവൈപ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനു ശേഷം ആരോടും ആലോചിക്കാതെ പിറ്റേ ദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയത്. 



നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ ക്രൂരമര്‍ദനം നടത്തി. ജനകീയ സമരങ്ങളോടു സിപിഎം നയം ഇതാണോ. ജനം പ്രതിഷേധിക്കുമ്‌ബോള്‍ എന്താണു പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയാറാവണം. ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സിപിഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നു.


എറണാകുളം ആശുപത്രിയില്‍ പരുക്കേറ്റ സമരക്കാരെ കണ്ടു തിരിച്ചു പോരുമ്പോൾ അവിടെ സിപിഐ പ്രവര്‍ത്തകരും പരുക്കേറ്റു കിടപ്പുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചു സമരം ചെയ്തവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് അവര്‍ തന്നോടുപറഞ്ഞത്. കേരളം എങ്ങോട്ടേക്കാണു പോവുന്നത്?


2017, ജൂൺ 19, തിങ്കളാഴ്‌ച

സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല

പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തുന്നു. 

പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതു ശരിയായ നടപടിയല്ല. ജനകീയ സമര സമിതിയുമായി ചർച്ചയ്ക്കു സർക്കാർ തയാറായതു തന്നെ ജനങ്ങളുടെ വിജയമാണ്.  

പുതുവൈപ്പിനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു 

 കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കാന്‍ തയ്യാറായിട്ടുണ്ട്. യോഗം കഴിയുന്നതുവരെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ ഉണ്ടാകുന്ന തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.   

പോലീസ് ലാത്തിച്ചാർജിൽ  പരുക്ക്പറ്റിയവരെ ആശുപത്രിയിൽ സന്ദർശിക്കുന്നു 


2017, ജൂൺ 18, ഞായറാഴ്‌ച

മനസ്സ് വെച്ചാല്‍ എന്തും കഴിയും; മെട്രോ സാക്ഷ്യം



കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനതിലകമാണ്. ഇടുക്കി അണകെട്ടിനും, നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വൻകിട പദ്ധതി കേരളത്തിൽ യാഥാർഥ്യമാകുന്നു. ഇതു കേവലം ഒരു പദ്ധതിയുടെ വിജയമല്ല. വൻകിട സംരംഭങ്ങളുടെ കാര്യത്തിൽ ദീർഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനി കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമൊക്കെ യാഥാർഥ്യമാകാൻ പോകുന്നു. കൊച്ചിൻ സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ഒന്നാം ഘട്ടം കമ്മിഷൻ ചെയ്തു കഴിഞ്ഞു. മനസുവച്ചാൽ എന്തും സാക്ഷാത്കരിക്കാൻ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്.

2004 ഡിസംബറിലാണ് കൊച്ചി മെട്രോ നടപ്പാക്കാൻ യുഡിഫ് സർക്കാർ തീരുമാനിച്ചത്. 2005 ജൂലൈയിൽ ഡി.എം.ആർ.സി ഇതു സംബന്ധിച്ച പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. 2011ൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപീകരിച്ചു. 2012 സെപ്റ്റംബർ 13-നു പ്രധാനമന്ത്രി തറക്കല്ലിട്ടു. 873 ദിവസം കൊണ്ട് , 2016 ഫെബ്രു. 27 -നു ടെസ്റ്റ് റൺ നടത്തി. ഏതാണ്ട് 90 ശതമാനം പണികളും യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂർത്തിയാക്കിയിരുന്നു.

1000 ദിവസ്സം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് യുഡിഫ് ലക്ഷ്യമിട്ടത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അനുബന്ധിത ജോലികൾ ചെയ്തു തീർത്തതുകൊണ്ടാണ് പദ്ധതി അതിവേഗം മുൻപോട്ടു പോയത്.

എറണാകുളം നോർത്തിലെ ഓവർ ബ്രിഡ്ജ് , KSRTC ബസ് സ്റ്റാൻറ്റിന് സമീപത്തുള്ള റെയിൽവേ മേൽപാലം തുടങ്ങിയവ പൂർത്തിയാക്കി, സ്ഥലമെടുപ്പ് മുൻപോട്ടുപോയി. അനുബന്ധ ജോലികൾ ചെയ്തു തീർത്തതുകൊണ്ട് കേന്ദ്രാനുമതി ലഭിച്ച ഉടനെ മെട്രോയുടെ പണി ആരംഭിക്കാൻ നമുക്ക് സാധിച്ചു. അങ്ങനെ 1470 ദിവസം കൊണ്ട് ഉദ്‌ഘാടനം ചെയ്യുകയാണ് കൊച്ചി മെട്രോ.

കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചവരെ നന്ദിയോടെ ഓർക്കുന്നു. ഡി എം ആർ സിയുടെ മുഖ്യ ഉപദേഷ്ടാവ് ശ്രി ഇ. ശ്രീധരന്റെ നേതൃത്വവും വൈദഗ്ധ്യവും, കെ എം ആർ എൽ എം.ഡി ശ്രി ഏലിയാസ് ജോർജിന്റെ നിശ്ചയധാർഢ്യവും അർപ്പണ ബോധവും വലിയ മുതൽക്കൂട്ടായി. സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ മുൻ ജില്ലാ കളക്ടർമാരായ ശ്രി ഷെയ്ഖ് പരീത്, ശ്രീ എം ജി രാജമാണിക്യം എന്നിവരുടെ സേവനം എന്നും വിലമതിക്കും.

ശ്രീ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് കൊച്ചി മെട്രോയോടുണ്ടായിട്ടുള്ള പോസ്റ്റിറ്റീവ് സമീപനം വിലമതിക്കാനാവാത്തതാണ്.

മെട്രോ റയിൽവെയുടെ ചാർജ് വഹിച്ചിരുന്ന മന്ത്രി ശ്രി ആര്യാടൻ മുഹമ്മദും പൊതുമരാമത്തു മന്ത്രി ശ്രി പി.കെ ഇബ്രാഹിംകുഞ്ഞും നൽകിയ നേതൃത്വം മെട്രോയുടെ നിർമ്മാണ പുരോഗതിക്ക് വലിയ വേഗത നൽകി. എം പിമാരും, എം എൽ എമാരും ഉൾപ്പടെ ജനപ്രതിനിധികൾ നൽകിയ സഹകരണവും പിന്തുണയും പ്രശംസനീയമാണ്.

അതോടൊപ്പം തന്നെ പദ്ധതിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച കൊച്ചി നിവാസികൾ, ഇതിന് വേണ്ടി രാപകൽ അദ്വാനിച്ച തൊഴിലാളികൾ അടക്കം എല്ലാവരും അഭിനന്ദനമർഹിക്കുന്നു.


(ഫേസ്ബുക് പോസ്റ്റ് )





2017, ജൂൺ 9, വെള്ളിയാഴ്‌ച

പു​തി​യ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണം


നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണു എൽഡിഎഫ് സർക്കാരിന്റെ മദ്യനയം. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചതു സമഗ്ര മാറ്റമായിരുന്നു.

ജ​ന​വി​രു​ദ്ധ​മാ​യ പു​തി​യ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണം. കേ​ര​ള​ത്തെ മു​ന്നോ​ട്ട​ല്ല പി​ന്നോ​ട്ട് ന​യി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം. മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സാ​മൂ​ഹ്യ നന്മ​യെ ക​രു​തി ന​ട​പ്പാ​ക്കി​യ മ​ദ്യ​ന​യം എ​ന്തി​നാ​ണ് തി​രു​ത്തി​യ​ത്? എ​ൽ​ഡി​എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴാ​ണ് എ​ന്താ​ണ് ശ​രി​യാ​യ​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യ​ത്.

(8/6/2017)




2017, ജൂൺ 6, ചൊവ്വാഴ്ച

വിഴിഞ്ഞത്തെ തളര്‍ത്തരുത്... പ്ലീസ്


ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടി വീണത്. സി ആന്‍ഡ് എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്ക-ണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതോടെ വീണ്ടും ആശങ്ക പടര്‍ന്നു. എന്നാല്‍ തുറമുഖ കരാറിനെക്കുറിച്ച് അന്വേഷിക്കുവാൻ  മൂന്നംഗ കമ്മീഷനെ നിയോഗിക്കുവാനും പദ്ധതിയുടെ പ്രവര്‍ത്തനം തുടരാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷന്റെ പ്രവര്‍ത്തനം തുടരട്ടെ. 

ഇതിനിടയില്‍ ധൃതഗതിയിലുള്ള പ്രവര്‍ത്തനം തുടരണം എന്നൊരൊറ്റ അഭ്യര്‍ത്ഥനയേയുള്ളൂ. വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധികള്‍ ഇനിയും തീര്‍ന്നിട്ടില്ല എന്നതാണ് ഈ വിവാദം കൊണ്ട് വ്യക്തമാകുന്നത്. 25 വര്‍ഷമായി പദ്ധതിയെ തളര്‍ത്താനും തകര്‍ക്കാനും ശ്രമിച്ചവര്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. സി ആന്‍ഡ് എ.ജിയില്‍ നുഴഞ്ഞു കയറാന്‍ വരെ അവര്‍ക്ക് സാധിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിഴിഞ്ഞത്തിനെതിരെ മത്സരിക്കാന്‍ ആദ്യം കുളച്ചല്‍ ലോബിയുണ്ടായിരുന്നു. അതിനെ നമ്മള്‍ അതിജീവിച്ചെങ്കിലും കൊളംബോ തുറമുഖം ഇപ്പോഴും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. 

വിഴിഞ്ഞം വൈകിയപ്പോള്‍ ചൈനീസ് കമ്പനിയുടെ നേതൃത്വത്തില്‍ കൊളംബോ തുറമുഖം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വലിയ മുന്നേറ്റം നടത്തി. കൊളംബോയില്‍ നിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചു മുമ്പോട്ടു പോകുവാന്‍ വിഴിഞ്ഞത്തെ എത്രയും വേഗം സജ്ജമാക്കുന്നതിനു പകരം വിവാദങ്ങളുയര്‍ത്തി വീണ്ടും പദ്ധതിയുടെ പാളം തെറ്റിക്കാനാണ് ചിലരുടെ ശ്രമം. 

രണ്ടര പതിറ്റാണ്ടിനുള്ളില്‍ കേരളം നടത്തിയ അഞ്ചാമത്തെ ശ്രമത്തിലാണ് വിഴിഞ്ഞത്ത് പണി തുങ്ങിയത്. പലവട്ടം പാഴായ ശ്രമങ്ങളുടെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി അതിനെ മറികടക്കുവാനുള്ള ശ്രമമാണ് ഒടുവില്‍ വിജയിച്ചത്. വിപുലമായ തയാറെടുപ്പോടെയും നടപടി ക്രമങ്ങളെല്ലാം പൂര്‍ണമായും പാലിച്ചുമാണ് പദ്ധതി നടപ്പാക്കിയിത്. മനുഷ്യസാധ്യമായ രീതിയില്‍ എല്ലാം സുതാര്യതയോടെയാണ് ചെയ്തത്.
എന്നിട്ടും ഇതു സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളും പിശകുകളുമൊക്കെ കടന്നുകൂടിയിരിക്കുന്നു. പദ്ധതിക്ക് പരസ്യമായി തുരങ്കം വയ്ക്കാന്‍ ശ്രമിച്ചയാള്‍ കണ്‍സള്‍ട്ടന്റായി സി എ ജിയുടെ പരിശോധനാസമിതിയില്‍ കടന്നുകൂടിയതില്‍ ദുരൂഹതയുണ്ട്. ഇദ്ദേഹം പദ്ധതിക്കെതിരെ എഴുതിയ ലേഖനത്തിലെ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു. വസ്തുതാപരമായ പിശകുകള്‍പോലും കടന്നുകൂടി. എ.ജി.യുടെ റിപ്പോര്‍ട്ടിലെ വസ് തുതാ വിരുദ്ധമായ കാര്യങ്ങളും നടപടി ക്രമങ്ങളിലെ തെറ്റുകളും സി ആന്‍ഡ് എ.ജി.യെ അറിയിക്കുന്നതാണ്. 

താരതമ്യത്തിനു തയാറുണ്ടോ

വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ കാലത്തെ കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിച്ചിരുന്നു എന്നും ഇപ്പോഴത്തെ കരാര്‍ അദാനിയുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നുമാണ് മുഖ്യ ആക്ഷേപം. ഈ സാഹചര്യത്തിലാണ് രണ്ടു കരാറുകള്‍ സംബന്ധിച്ച് താരതമ്യപഠനം വേണമെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചത്. രണ്ട് കരാറുകളിലെയും വ്യവസ്ഥകള്‍ താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ താല്പര്യം ആരാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകും. വി.എസ്. അച്യുതാനന്ദന്‍ താരതമ്യ പഠനത്തെ അനുകൂലിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അച്യുതാനന്ദന്‍ പറയുന്നതാണ് ശരിയെങ്കില്‍ അതു ബോധ്യപ്പെടുത്തുവാന്‍ കിട്ടുന്ന അവസരം അദ്ദേഹം പാഴാക്കില്ലല്ലോ.

സംസ്ഥാന സര്‍ക്കാരും അദാനിയുമായി ചര്‍ച്ച ചെയ്തുണ്ടാക്കിയ കരാര്‍ ആയിട്ടാണ് വിഴിഞ്ഞം കരാറിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. വലിയ പ്രചാരണം കൊടുത്ത് ആഗോള ടെണ്ടര്‍ വിളിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അതിലൂടെ ഉറപ്പിച്ച കരാര്‍ ആണിത്. ആഗോള ടെണ്ടറില്‍ അഞ്ചു കമ്പനികള്‍ ടെണ്ടര്‍ കൊടുക്കുവാനുള്ള യോഗ്യത നേടി. മൂന്നു കമ്പനികള്‍ ടെണ്ടര്‍ ഫോമുകള്‍ വാങ്ങി. ക്വാളിഫിക്കേഷന്‍ ഘട്ടത്തിനു ശേഷം ടെണ്ടര്‍ വാങ്ങിയ എല്ലാവരുമായി നടത്തിയ പ്രീബിഡ് മീറ്റിംങ്ങുകള്‍ക്ക് ശേഷം, 'അന്തിമ കരട് കരാര്‍' ടെണ്ടര്‍ വാങ്ങിയ മൂന്നു കമ്പനികള്‍ക്ക് ലഭ്യമാക്കി. ഇവരില്‍ അദാനിയുടെ കമ്പനി മാത്രമാണ് സാമ്പത്തിക ബിഡ് സമര്‍പ്പിച്ചത്. 

മൂന്ന് കമ്പനികള്‍ക്കും നല്‍കിയിട്ടുള്ള അന്തിമ കരട് കരാറില്‍ , കരാര്‍ ഒപ്പിടുന്ന ഘട്ടത്തിലോ പിന്നീടോ ഒരൂ മാറ്റവും വരുത്തിയിട്ടില്ല. അത് ടെണ്ടര്‍ നിയമപ്രകാരം സാധ്യവുമല്ല. എന്നിട്ടും അദാനിക്കു വേണ്ടി മാത്രം എന്തോ വലിയ സഹായങ്ങള്‍ ചെയ്തു എന്ന പ്രതീതി വരുത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നു. അനേകായിരം കോടി രൂപയുടെ ലാഭം കരാറുകാരന് ഉണ്ടെന്നു പറയുന്നവരോട് ഒരൊറ്റ ചോദ്യമേയുള്ളു. ഇത്ര ലാഭകരമായ ടെണ്ടറെങ്കില്‍ സാമ്പത്തിക ബിഡ് നല്‍കുവാന്‍ ഒരു കമ്പനി മാത്രം വന്നത് എന്തുകൊണ്ട്? 

സാമ്പത്തിക ക്ഷമതയില്ല

പി.പി.പി. പ്രോജക് ടുകള്‍ക്കു വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) അനുവദിക്കുന്നതു കേന്ദ്ര ധനകാര്യ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സാമ്പത്തിക ക്ഷമത ഇല്ലെന്നു ബോധ്യപ്പെടുന്ന പദ്ധതികള്‍ക്ക് മാത്രമാണ്. കേന്ദ്ര ധനകാര്യ സെക്രട്ടറി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക് അഫയേഴ്സ്) അധ്യക്ഷനായും കേന്ദ്ര എക്സ്- പെന്‍ഡിച്ചര്‍ സെക്രട്ടറി, കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി, കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള വി.ജി.എഫ് ഉന്നതതല എംപവേര്‍ഡ് കമ്മിറ്റിയാണ് വിഴിഞ്ഞത്തിന്റെ പദ്ധതി രേഖകള്‍ പരിശോധിച്ചത്. ഈ കമ്മിറ്റിയാണ് വി.ജി.എഫ്. തുകയായ 818 കോടി രൂപ ശുപാര്‍ശ ചെയ് തതും . ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വി.ജി.എഫ് അംഗീകരിച്ച് ഉത്തരവ് നല് കിയിട്ടുള്ളതും. 

വി.എസ്. അച്യുതാനന്ദന്റെ കാലത്തു നിയോഗിച്ച സാമ്പത്തിക ഉപദേഷ്ടാവ് (International Finance Corporation- ലോകബാങ്കിന്റെ ഉപസ്ഥാപനം) പദ്ധതി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്തതു വിഴിഞ്ഞത്തിനു സാമ്പത്തിക ക്ഷമത ഇല്ലെന്നും സംസ്ഥാനത്തിന്റെ വിഹിതം വര്‍ധിപ്പിക്കണമെന്നുമാണ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രസ്തുത റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത് പദ്ധതിയുടെ 85 ശതമാനം മുതല്‍ മുടക്ക് സര്‍ക്കാര്‍ വഹിക്കണമെന്നും, 30 വര്‍ഷത്തേയ്ക്ക് യാതൊരു വരുമാന വിഹിതവുമില്ലാതെ ഗ്രാന്റോടുകൂടി സ്വകാര്യ പങ്കാളിക്കു നടത്തുവാന്‍ നൽകണമെന്നുമായിരുന്നു (IFC Strategic Option Report 2010). ഇതൊക്കെ പരിഗണിച്ചുവേണം വിമര്‍ശകര്‍ ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയില്‍ കൊള്ളലാഭം കണക്കുകൂട്ടാന്‍. 

കേന്ദ്ര ധനകാര്യ വകുപ്പിന്റെയും വി.എസ്. അച്യുതാനന്ദന്‍ നിയോഗിച്ച ഐ.എഫ്.സി.യുടെയും റിപ്പോര്‍ട്ടുകള്‍, വിഴിഞ്ഞത്തിന്റെ വമ്പിച്ച സാമ്പത്തിക ക്ഷമത സംബന്ധിച്ച എ.ജി.യുടെ നിഗമനം എത്രമാത്രം യഥാര്‍ത്ഥ്യമെന്ന സംശയം ബലപ്പെടുത്തുന്നു. നാല് ഗവണ്‍മെന്റുകളുടെ കാലത്തുണ്ടായ എല്ലാ ടെണ്ടറുകളിലും ഉണ്ടായ തണുത്ത പ്രതികരണവും ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. 

കരാറുകാരന് വലിയ വരുമാനം ലഭിക്കുമെന്ന് പറയുന്ന എ.ജി. റിപ്പോര്‍ട്ട് തന്നെ കരാറുകാരന്റെ ഇക്യൂറ്റി ഐ.ആര്‍.ആര്‍ പതിനാറ് ശതമാനം മാത്രമാണെന്ന് പറയുന്നു. ഇതുതന്നെ വലിയ വൈരുധ്യമാണ്. കാരണം ഇത്തരം പദ്ധതികളില്‍ 16 ശതമാനം അനുവദനീയമായ ഇക്യൂറ്റി ഐ.ആര്‍.ആര്‍ ആണ്. ഇടതു സര്‍ക്കാരിന്റെ തുറമുഖ ഡിസൈന്‍ പ്രകാരം 650 മീറ്റര്‍ നീളമുള്ള ബര്‍ത്തും 14,000 ടി.ഇ.യു.വരെ ശേഷിയുമുള്ള കപ്പലാണ് തുറമുഖത്ത് അടുക്കാന്‍ സാധ്യത ഉണ്ടായിരുന്നെങ്കില്‍ യു.ഡി.എഫ് ഡിസൈനില്‍ അത് 800 മീറ്ററും 24,000 ടി. ഇ. യു വരെ ശേഷിയുള്ള കപ്പലായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ശേഷി കൂടിയ മദര്‍ഷിപ്പിനുവരെ ഈ തുറമുഖത്ത് അടുപ്പിക്കാം.

വൈദഗ് ധ്യമാണ് പ്രധാനം

അദാനിക്കു പകരം കേരളത്തില്‍ നിന്നു തന്നെ പദ്ധതിക്കു മൂലധന നിക്ഷേപം കണ്ടെത്താന്‍ കഴിയുമായിരുന്നു എന്നാണ് വേറൊരു പ്രചാരണം. മൂലധന നിക്ഷേപമല്ല വിഴിഞ്ഞം പദ്ധതിയുടെ പ്രശ് നം. നിലവില്‍ കടുത്ത ആഗോള മത്സരം നേരിടുന്ന തുറമുഖ വ്യവസായ മേഖലയില്‍ അതിന്റെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വൈദഗ് ദ്ധ്യവും കാര്യക്ഷമതയും തെളിയിച്ചിട്ടുള്ള പങ്കാളിയെയാണ് ആവശ്യം. 

സാമ്പത്തിക ക്ഷമതയില്ലെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വിഴിഞ്ഞം പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ അത്തരമൊരു പങ്കാളിക്കേ സാധിക്കൂ. സര്‍ക്കാര്‍ മൂലധനം മുടക്കി നിര്‍മ്മിച്ച് സ്വകാര്യ പങ്കാളിക്കു നടത്തിപ്പിന് നല്കുന്ന, അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ടെണ്ടറിലും ഇത്തരത്തിലുള്ള കമ്പനികള്‍ മുന്നോട്ടു വന്നില്ല. നാം നേരത്തെ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതു മൂലധനനിക്ഷേപത്തിലല്ല മറിച്ച് ഇത്തരത്തിലുള്ള കമ്പനികള്‍ മുമ്പോട്ടു വന്നില്ല എന്നതിലാണ്.

കരാര്‍ കാലാവധി ആദ്യം 30 വര്‍ഷവും, പിന്നീട് 40 വര്‍ഷവും ആക്കി എന്നതാണ് ഏറ്റവും വലിയ ആക്ഷേപം. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ സംസ്ഥാന തുറമുഖങ്ങള്‍ക്കായുള്ള മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റ് ആണ് കേരള സര്‍ക്കാര്‍ കരാര്‍ തയ്യാറാക്കാനായി അംഗീകരിച്ചത്. 2014 മെയ് മാസത്തില്‍ പുറപ്പെടുവിച്ച ഇതിന്റെ ഉത്തരവിലും കാലാവധി 40 വര്‍ഷം തന്നെയായിരുന്നു. മത്സ്യബന്ധന തുറമുഖത്തിലെ യൂസര്‍ഫീ കരാറുകാരന് പിരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു ദുഷ് പ്രചാരണം. ഇക്കാര്യത്തില്‍ കരാറില്‍ ഒരു അവ്യക്തതയും ഇല്ല. കരാറിലെ 12.6.10 വ്യവസ്ഥ പ്രകാരം 'The obligation of the Concessionaire for and in respect of the fishing harbour forming part of Funded Works, shall be restricted to the construction thereof. For the avoidance of doubt, the parties expressly agree that the operation and maintenance of fishing harbour shall, at all times, be undertaken by the Authortiy'.

പദ്ധതിക്കു സ്വതന്ത്ര എഞ്ചിനീയറെ വച്ചിട്ടില്ല എന്നുള്ള പ്രചാരണവും വാസ്തവ വിരുദ്ധമാണ്. കരാര്‍ വ്യവസ്ഥ പ്രകാരം STUP എന്ന സ്ഥാപനത്തെ മത്സരാധിഷ്ഠിത ടെണ്ടറിലൂടെ നിയമിച്ചിട്ടുണ്ട്. ടെണ്ടര്‍ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും അങ്ങേയറ്റം സുതാര്യമായും നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ചുമാണ് ചെയ് തിട്ടുള്ളത്. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ് ആന്‍ഡ് സ്റ്റോര്‍ പര്‍ച്ചേഴ്‌സ്), പ്രിന്‍സിപ്പല്‍ സെക്രട്ടറി (തുറമുഖം), സെക്രട്ടറി (നിയമം), മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവര്‍ അംഗങ്ങളായുള്ള എംപവേര്‍ഡ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 

ടെണ്ടറുകള്‍ ഈ കമ്മിറ്റിയുടെ ശുപാര്‍ശയോടെ ഞാന്‍ അധ്യക്ഷനായുള്ള വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ബോര്‍ഡ് പരിശോധിക്കുകയും പിന്നീട് അത് ഫിനാന്‍സിന്റെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയോടുകൂടി മന്ത്രിസഭ പരിഗണിക്കുകയും ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം സര്‍വകക്ഷി യോഗം വിളിച്ച ശേഷമാണ് ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചതും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതും. 

വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക ക്ഷമത തുടക്കത്തില്‍ കുറവായതിനാലാണ് വി.ജി.എഫ്. നല്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടി വരുന്നതെങ്കിലും ആദ്യഘട്ടം വിജയം കണ്ടാല്‍ യാതൊരു സര്‍ക്കാര്‍ മുതല്‍ മുടക്കുമില്ലാതെ കരാറുകാര്‍ അടുത്ത ഘട്ടങ്ങള്‍ നിര്‍മ്മിക്കേണ്ടതും അതില്‍ നിന്നുള്ള വരുമാന വിഹിതം സംസ്ഥാന ഖജനാവിനു നല്‌കേണ്ടതുമാണ്. ഇത്തരത്തില്‍ പദ്ധതി വിജയം കണ്ടാല്‍ മൊത്ത വരുമാനത്തിന്റെ (ലാഭവിഹിതത്തിന്റെയല്ല) 40 ശതമാനം വരെയുള്ള തുക സംസ്ഥാനത്തിനു ലഭിക്കും. ഇത് ഭാവിയില്‍ സംസ്ഥാനത്തിനു വലിയ വരുമാന സ്രോതസാകും. പദ്ധതികൊണ്ട് സംസ്ഥാനത്തിനുണ്ടാക്കുന്ന മറ്റു നേട്ടങ്ങള്‍ക്കു പുറമേയാണിത്.

കേരളം എന്തുനേടി

ഒരു ഇടുക്കി ഡാമും നെടുമ്പാശേരി വിമാനത്താവളവും ഒഴിച്ചാല്‍ 60 വര്‍ഷംകൊണ്ട് കേരളം എന്തുനേടി? എത്രയെത്ര പദ്ധതികളാണ് വിവാദങ്ങളില്‍ തട്ടി തകര്‍ന്നത്? ഈ സ്ഥിതിക്കു മാറ്റം ഉണ്ടാക്കുവാനാണ് യു.ഡി.എഫ് അഞ്ചു വര്‍ഷം ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാര്‍ട്ട് സിറ്റി മുതലായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിച്ചത്. ഇതിനു എല്ലാവരുടെയും പിന്തുണ ലഭിച്ചത് ഞാന്‍ വിസ് മരിക്കുന്നില്ല.

അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കുവാന്‍ പാടില്ല എന്നതിനോട് പൂര്‍ണമായും യോജിക്കുന്നു. സി. ആന്‍ഡ് എ.ജി.യുടെ കണ്ടെത്തലുകള്‍ ഗൗരവമായി പരിശോധിക്കണം. യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി ശരി എന്തെന്നു മനസ്സിലാക്കി മുമ്പോട്ട് പോകണം. കേരളത്തിന്റെ നാലു ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യവും ഇപ്പോള്‍ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ച സ്ഥിതിയും പരിശോധിച്ച് തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. 

അതുകൊണ്ടാണ് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നത്. മറ്റൊരു വിവാദംകൂടി ഉയര്‍ത്തി വിഴിഞ്ഞത്തെ തളര്‍ത്തരുത് എന്നു മാത്രമാണ് എനിക്കു പറയുവാനുള്ളത്. ഈ വിവാദങ്ങളില്‍ ചിരിക്കുന്നതു കൊളംബോയും കുളച്ചലും മാത്രമാണ് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഉമ്മന്‍ ചാണ്ടി

( 03.06.2017) 

2017, ജൂൺ 1, വ്യാഴാഴ്‌ച

വിഴിഞ്ഞം: ഏതന്വേഷണവും നേരിടും; ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല



വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്, കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടും. 

മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയത്. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. കുളച്ചല്‍ തുറമുഖ കരാറുമായാണു വിഴിഞ്ഞം കരാറിനെ സി.എ.ജി താരതമ്യപ്പെടുത്തുന്നത്. കുളച്ചല്‍ പദ്ധതിയുടെ പ്രൊജക്ട് എസ്റ്റിമേറ്റ് തയാറായിട്ടില്ല. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രകാരമാണു കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത്. ആദ്യത്തെ കരാറില്‍ 30 വര്‍ഷമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 വര്‍ഷമാക്കി കൊടുത്തുവെന്നാണ് ആക്ഷേപം. നിർമ്മാണ കാലാവധിയും ഇതിൽ ഉൾപെടും. ആസൂത്രണ കമ്മിഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 വര്‍ഷം എന്ന വ്യവസ്ഥ അംഗീകരിച്ചത്.







2017, മേയ് 30, ചൊവ്വാഴ്ച

പഴയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സർക്കാരിന്റെ ഒരു വർഷം

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു സമീപം ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു.

യു‍ഡിഎഫ് സർക്കാരിന്റെ കാലത്തു ഉദ്ഘാടനം ചെയ്ത പദ്ധതികൾ വീണ്ടും ഉദ്ഘാടനം നടത്തുകയും മുൻ സർക്കാരിന്റെ കാലത്തു പൂർത്തിയാകാറായ പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും മാത്രമാണു ഒരു വർഷത്തിനിടയിൽ പിണറായി സർക്കാർ നടപ്പാക്കിയത്.

ഒരുവർഷത്തിനിടയിൽ എന്തുനേടി എന്നു സർക്കാർ തിരിഞ്ഞു നോക്കണം. പരസ്യമായി പറയാൻ കഴിയില്ലെങ്കിലും സ്വയം ചിന്തിക്കാൻ അതു അവസരമാകും. വാഗ്ദാനവും പ്രവൃത്തിയും തമ്മിലുള്ള വലിയ അന്തരം അപ്പോൾ മനസിസാകും.

വി.എസ്.ശിവകുമാർ ആരോഗ്യ വകുപ്പു മന്ത്രിയിയിരുന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുബന്ധമായി വലിയൊരു ആശുപത്രി സമുച്ചയം നിർമിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ അത് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒരു ഉദ്യോഗസ്ഥൻ നോട്ടീസുമായി വരുന്നു. ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നു ആവശ്യവുമായാണ് വന്നത്. ഇതു മുൻപു ഉദ്ഘാടനം ചെയ്തതല്ലേ എന്നു ചോദിച്ചപ്പോൾ ഒന്നുകൂടി ഉദ്ഘാടനം ചെയ്യുന്നെന്നായിരുന്നു മറുപടി. പ്രവർത്തനോദ്ഘാടനമാണ് ഇതെന്നും പറഞ്ഞു. എന്നാൽ മുൻ മന്ത്രിയും എംഎൽഎയുമായ ശിവകുമാറിനെ ക്ഷണിച്ചില്ല. അന്വേഷിച്ചപ്പോൾ മുകളിൽ നിന്ന് അങ്ങനെ നിർദ്ദേശമുണ്ടെന്നായിരുന്നു മറുപടി.

യുഡിഎഫ് സർക്കാർ നേടിയെടുത്തതെല്ലാം ഇല്ലാതാക്കാനാണ് ഇടതു സർക്കാരിന്റെ ശ്രമം. ചവറയിൽ രാജ്യാന്തര നിലവാരത്തിൽ സ്കിൽ ഡവലപ്മെന്റ് അക്കാദമി യുഡിഎഫ് സർക്കാരിന്റെ കാലത്തു നിർമാണം പൂർത്തിയാകാറായതാണ്. പുതിയ സർക്കാർ വന്നശേഷം അതു സ്തംഭിച്ചു കിടക്കുകയാണ്.

പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജ് സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കും എന്ന അവസ്ഥ എത്തിയപ്പോഴാണു പെട്ടെന്ന് ഏറ്റെടുക്കാൻ തീരുമാനിച്ചത്. മെഡിക്കൽ ഓഫിസർമാർ ഉൾപ്പെടെയുള്ള നിയമനത്തിനു തസ്തിക സൃഷ്ടിച്ചപ്പോൾ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിനാലാണ് നിയമനം നടത്താൻ കഴിയാതെ ആയത്. സർക്കാർ അധികാരത്തിൽ വന്നാലുടൻ മുഴുവൻ കശുവണ്ടി തൊഴിലാളികൾക്കും പണി കൊടുക്കുമെന്നു പറഞ്ഞവർക്ക് ഇപ്പോൾ മറുപടിയില്ല.


(24-May-2017, Kollam)

2017, മേയ് 25, വ്യാഴാഴ്‌ച

വിഴിഞ്ഞം കരാര്‍: കാലാവധി നീട്ടിയത് വ്യവസ്ഥ പ്രകാരം.


  • വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയിട്ടില്ല, 
  • കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് ഏകപക്ഷീയമായല്ല. 
അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്.

കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ 40 വര്‍ഷത്തേക്കാണ് കരാര്‍. നിര്‍മാണത്തിന് എടുക്കുന്ന സമയവും കാലാവധിയില്‍ ഉള്‍പ്പെടും. 30 വര്‍ഷം എന്നുള്ള കരാറില്‍ നിര്‍മാണത്തിന് ശേഷമാണ് 30 വര്‍ഷ കാലാവധി. ഇപ്പോഴത്തെ കരാർ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ പണവും കമ്പനി തന്നെ മുടക്കണം. 40 വര്‍ഷ കരാറില്‍ 15 വര്‍ഷം മുതല്‍ നമുക്ക് വരുമാനം കിട്ടും. ആദ്യം ഒരു ശതമാനവും അത് കൂടിക്കൂടി 40 വര്‍ഷമാകുമ്പോള്‍ 25 ശതമാനം സംസ്ഥാനത്തിന് ലഭിക്കും. 40 വര്‍ഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാം. അതില്‍ നിന്ന് ഏഴ് വര്‍ഷം കഴിയുമ്പോള്‍ 10 ശതമാനം വരുമാനം ലഭിക്കും. 30 വര്‍ഷ കരാറില്‍ ഇതൊന്നുമില്ല.

വിഴിഞ്ഞം പദ്ധതി കുളച്ചലിനേക്കാള്‍ ചെലവ് കൂടുതലാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുളച്ചിലിന് എസ്റ്റിമേറ്റോ ടെന്‍ഡറോ പോലും ആയിട്ടില്ല. സിഎജി വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതായിരിക്കും. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകും.  വിഴിഞ്ഞം പദ്ധതി നടപ്പിലായത് 25 കൊല്ലത്തിനിടയിലെ അഞ്ചാമത്തെ പരിശ്രമത്തിലാണെന്നും വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു കമ്പനിയെ ലഭിച്ചത്. തുറമുഖം വന്നു കഴിയുമ്പോളുള്ള നേട്ടം പ്രവചനാതീതമാണ്. കൊളംബോയോടും വിദേശ രാജ്യങ്ങളിലെ മറ്റ് തുറമുഖങ്ങളോടാണ് വിഴിഞ്ഞം മത്സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇത് മാറും. 

കരാറിലേര്‍പ്പെട്ടതില്‍ കുറ്റബോധമില്ല, അഭിമാനമേ ഉള്ളു. സംസ്ഥാനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു എന്നാണ് കരുതുന്നത്. അതിന്റെ പേരില്‍ എന്തും നേരിടാന്‍ തയ്യാറാണ്. ഒരുദ്യോഗസ്ഥനേയും ബലിയാടാക്കില്ല. കരാര്‍ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു പരിശോധന എത്രയും പെട്ടന്ന് വേണം.






2017, മേയ് 24, ബുധനാഴ്‌ച

വിഴിഞ്ഞം കരാറിനെ കുറിച്ച് അന്വേഷിക്കട്ടെ


യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം തുറമുഖ കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം. യു.ഡി.എഫ് സര്‍ക്കാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം കരാര്‍. തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും വി.എസിന്റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ല, ഏതാണ് മെച്ചമെന്ന് സര്‍ക്കാറിന് തീരുമാനിക്കാം.  

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകാം സി.എ.ജി പരിശോധിച്ചിട്ടുണ്ടാകുക. സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കിട്ടുന്ന നേട്ടത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ല. അല്ലെങ്കില്‍ സിഎജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടാകും.




2017, മേയ് 22, തിങ്കളാഴ്‌ച

സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല

ജിദ്ദയിലെ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിൽ  സംസാരിക്കുന്നു

സൗദി ഭരണകൂടം പ്രഖ്യാപിച്ച  പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നത്. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ശ്രമങ്ങളുമായിട്ടാണ് യു.ഡി.എഫ് മുന്നോട്ടു പോയത്. എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്ന പ്രശ്‌നം വഷളാക്കി.

പ്രതിപക്ഷത്താണെങ്കിലും കോഴിക്കോട് വിമാനത്താവള വികസനത്തിന് യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെ ഇക്കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.



എനിക്കും ഉപദേഷ്ടാക്കളുണ്ടായിരുന്നു


ഉപദേഷ്ടാക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇടതു സര്‍ക്കാര്‍ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എട്ട് ഉപദേഷ്ടാക്കളാണ് ഉളളത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് ഉപദേഷ്ടാക്കളുണ്ടായിരുന്നു, സാധാരണ ജനങ്ങളായിരുന്നു എന്റെ ഉപദേഷ്ടാക്കള്‍. ജനങ്ങളില്‍ നിന്നകന്ന് എല്ലാം ഉപദേഷ്ടാക്കളില്‍ നിന്നു സ്വീകരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാം ശരിയാക്കി. 

കേരളത്തില്‍ കൊലപാതക രാഷ്ട്രീയവും കലാലയങ്ങളിലെ അക്രമവും നിയന്ത്രണാതീതമായി കൊണ്ടിരിക്കുന്നു. കേരളത്തിലെ കൊലപാതക രാഷ്ട്രീയം അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണു നീങ്ങുന്നത്. സമാധാനം നിലനിര്‍ത്തണമെന്നാണ് സിപിഎമ്മും ബിജെപിയും ഒഴിച്ചുളളവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കേരളം ആഗ്രഹിക്കാത്തതാണ് നടക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു, അരി കിട്ടാനില്ല. റേഷന്‍ കാര്‍ഡുപോലും വിതരണം ചെയ്യാനായിട്ടില്ല.

(റിയാദിൽ നിന്നും)

2017, മേയ് 17, ബുധനാഴ്‌ച

കെഎസ്‌യു പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ചത് ക്രൂരമായ നടപടി


സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ പി.ജി. ഫീസ് വര്‍ദ്ധനക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ച സംഭവത്തിൽ  മുതിർന്ന നേതാക്കൾ ഇടപെട്ട ശേഷമാണ്  മർദ്ദനമേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായത്.  ഇത് വളരെ ക്രൂരമായ നടപടിയാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഭവം രാഷ്ട്രീയ പ്രേരിതമാണ്, നിയമസഭയില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കും.  



(കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫും പ്രതിഷേധിച്ചു.)







2017, മേയ് 16, ചൊവ്വാഴ്ച

നിയമവാഴ്​ച തകർന്നതി​ന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്


സംസ്ഥാനത്ത്​ നിയമവാഴ്​ച തകർന്നതി​​ൻറ ഉത്തരവാദിത്വത്തിൽ നിന്നും ഭരണകക്ഷിയായ മാർക്​സിസ്റ്റ്​ പാർട്ടിക്ക്​ ഒഴിഞ്ഞുമാറാനാവില്ല. 

അക്രമം അവസാനിപ്പിക്കുെമെന്ന്​ മുഖ്യമന്ത്രി നൽകിയ ഉറപ്പ്​ പാലിക്കാൻ അദ്ദേഹത്തിന്​ സാധിച്ചില്ല. രാഷ്​ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ നിയമവാഴ്​ച നിലനിർത്താൻ സി.പി.എമ്മിന്​ ഉത്തരവാദിത്വമുണ്ട്​. പ്രധാന പ്രശ്നങ്ങൾ അവഗണിച്ച്​ ​കോലാഹലങ്ങൾക്ക്​ പിറകെയാണ്​ സർക്കാർ പോകുന്നത്. ഡി.ജി.പിയെ മാറ്റിയതുമായി ബന്ധപ്പെട്ട്​ കോടതിയിൽ കേസ്​ നടത്താൻ കോടികളാണ്​ സർക്കാർ തുലച്ചത്.

 കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്. പക്ഷേ ഉത്തരവാദിത്തം മറന്നാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം.

(ഇന്ത്യൻ നാഷണൽ ആർട്ടിസ്​റ്റ്​ യൂണിയൻ കോൺഗ്രസ്​ സംസഥാന സമ്മേളന​ത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തക​രോട്​ സംസാരിക്കുകയായിരുന്നു)






ശശി തരൂരിനെതിരെ ഒരു മാധ്യമത്തിന്റെ ആസൂത്രിത നീക്കത്തെ അപലപിക്കുന്നു.


ശ്രീ ശശി തരൂർ എം.പി യ്ക്കെതിരെ ഒരു മാധ്യമത്തിൽ വന്ന ആസൂത്രിത നീക്കത്തെ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു. വ്യക്തിപരമായ ഒരു ദു:ഖത്തെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഉപയോഗിക്കുവാൻ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമായ ഒന്നാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ശ്രീ ശശി തരൂരിന് എതിരെയുള്ള ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ല.

നമ്മുടെ നിയമ സംവിധാനത്തോട് പൂർണ്ണമായും സഹകരിച്ചു പ്രവർത്തിക്കുന്ന ശ്രീ ശശി തരൂരിന് എന്റെ പൂർണ്ണ പിന്തുണ നേരുന്നു. ദൃശ്യ മാധ്യമങ്ങൾ അവരുടെ സാന്നിധ്യം അറിയിക്കാൻ വ്യക്തിഹത്യ ഒരു മാർഗ്ഗമായി കാണുന്നത് മാധ്യമ ധർമ്മത്തിന് അനുയോജ്യമാണോയെന്ന് അവർ തന്നെ പരിശോധിക്കണം.


പാർട്ടിയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് അനിവാര്യം

ഖത്തർ ഷഹാനിയയിലെ അൽ ഫൈസൽ ഗാർഡനിൽ ഇൻകാസ് നേതൃസംഗമത്തിൽ  സംസാരിക്കുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. ജനാധിപത്യരീതിയില്‍ സംഘടനാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന് ഗുണകരമാകും.

നാമനിര്‍ദേശത്തിലൂടെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലൂടെ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃ നിരയിലെത്താനുള്ള അവസരം നഷ്ടമാകുകയാണ്.  പല പ്രതിസന്ധികളിലൂടെയും രാജ്യവും പാര്‍ട്ടിയും കടന്നുപോയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വലിയ ഭീഷണിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെങ്കിലും പാര്‍ട്ടി അതിനെ അതിജീവിക്കും.

ബി.ജെ.പി.ക്കെതിരായ കൂട്ടായ്മയില്‍ ഗള്‍ഫ് മലയാളികളുടെ പങ്ക് വലുതാണ്.  മലപ്പുറം ഉപതിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി.യെ തളച്ചിടാന്‍ കഴിഞ്ഞു എന്നത് ഇരുമുന്നണികള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അവസാനനാളിലെടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരാത്തത് അതില്‍ അഴിമതിയോ വഴിവിട്ട കാര്യങ്ങളോ മറ്റ് അപാകതകളോ കണ്ടുപിടിക്കാന്‍ കഴിയാത്തതു കൊണ്ടാണ്.

(ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് സംഗമത്തില്‍ പങ്കെടുത്തത്.)



2017, മേയ് 7, ഞായറാഴ്‌ച

മഹാരാജാസ് കോള‍ജ് വിഷയത്തിൽ മുഖ്യമന്ത്രി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു


മഹാരാജാസ് കോളജിൽ നിന്നു കണ്ടെത്തിയ ആയുധങ്ങളെ സംബന്ധിച്ചു മുഖ്യമന്ത്രി നിയമസഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മഹാരാജാസ് കോളജ് സംഭവത്തെ മുഖ്യമന്ത്രി നിസ്സാരവൽക്കരിച്ചാണു നിയമസഭയിൽ പറഞ്ഞത്.

കെ.എം. മാണിയോടുള്ള കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുന്നതിനു മുൻപ് കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചതാണ്. എന്നാൽ, പിന്നീട് ആരോടും ഒന്നും പറയാതെ സ്വീകരിച്ച നടപടി കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിലെ തന്നെ നേതാക്കളിലും അണികളിലും അനുഭാവികളിലും ഇതിൽ ശക്തമായ എതിർപ്പുണ്ട്.

2017, മേയ് 6, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചുവര്‍ഷം മാണിയെ യുഡിഎഫ് കൈവെള്ളയിൽ കൊണ്ടുനടന്നു.


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) കാട്ടിയത് രാഷ്ട്രീയവഞ്ചനയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും കെ.എം. മാണിയെ യുഡിഎഫ് കൈവെള്ളയിലാണ് കൊണ്ടുനടന്നത്. നാലുപേരെ പറഞ്ഞുകേള്‍പ്പിക്കാന്‍ ഒരു കാരണവും ഇല്ലാത്തതിനാലാണ് സി.പി.എമ്മിനൊപ്പം കൂടിയത്. ഇത് തീര്‍ത്തും രാഷ്ട്രീയവഞ്ചന തന്നെയാണ്. കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് യാദൃശ്ചികമല്ല. സി.പി.എമ്മിലേക്ക് പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസ് നീക്കമെന്ന് സംശയിക്കണം.

രാഷ്ട്രീയമായി വ്യത്യസ്തതീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ട്. യു.ഡി.എഫുമായുള്ള ബന്ധം വിടാനുള്ള തീരുമാനം അങ്ങനെയൊന്നായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയെ തോല്പിച്ചത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയവഞ്ചനയാണ്.

സാധാരണഗതിയില്‍, ഈ വഞ്ചന വലിയ വിഷമം ഉണ്ടാക്കുമായിരുന്നു. എന്നാല്‍, കാലങ്ങളായി മാണിക്കൊപ്പം നിന്ന അവരുടെ ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തിപോലും ഈ മറുകണ്ടംചാടല്‍ അറിഞ്ഞില്ലെന്നു മനസ്സിലായപ്പോഴാണ് വിഷമം കുറഞ്ഞത്. സി.പി.എമ്മുമായി ചേര്‍ന്നതിന്റെ കാരണങ്ങള്‍ നാലുപേരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അവര്‍ക്കാകില്ല.

തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ത്യാഗംചെയ്ത ഡി.സി.സി.യെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തിയതും ഏറെ വേദനിപ്പിച്ചു. കോണ്‍ഗ്രസിന്റെ ഏതുനേതാവാണ് അപമാനിച്ചതെന്നു വ്യക്തമാക്കാന്‍ കെ.എം.മാണിയും ജോസ് കെ.മാണിയും തയ്യാറാകണം.


2017, മേയ് 4, വ്യാഴാഴ്‌ച

വിഎസ് നിലപാട് വ്യക്തമാക്കണം


കെഎം മാണിയുമായി സിപിഎം കൂട്ടു ചേര്‍ന്ന സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

സിപിഎം മലക്കം മറിയുകയാണ്. എന്തെല്ലാം സമരങ്ങളാണ് നിയമസഭയ്ക്കകത്തും പുറത്തും സിപിഎം മാണിക്കെതിരെ നടത്തിയത്. അത് മാറ്റിപ്പറയാന്‍ മണിക്കൂറുകള്‍ പോലും വേണ്ടി വന്നില്ല. യാതൊരു ആത്മാര്‍ഥതയുമില്ലാത്ത നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീരുമാനം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായ കടുത്ത വഞ്ചനയാണ്. യുഡിഎഫില്‍ നിന്ന് മതിയായ കാരണം ഇല്ലാതെ വിട്ടു പോയപ്പോള്‍ പോലും കോണ്‍ഗ്രസ് വളരെ മിതത്വം കാട്ടി. കെഎം മാണി ഇന്ന് പറഞ്ഞ കാരണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. മറു ചേരിയിലേക്ക് പോകാന്‍ മാണിക്ക് ഒരു കാരണവും പറയാനില്ല. ജനാധിപത്യ കേരളം ഒരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കില്ല. കേരളാ കോണ്‍ഗ്രസിലെ അണികളും നേതാക്കളും ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിച്ചവര്‍ക്കൊപ്പം കൂടാന്‍ അദ്ദേഹത്തിന് മണിക്കൂറുകള്‍ പോലും വേണ്ടിവന്നില്ലെന്നും യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ല.