UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഡിസംബർ 31, ശനിയാഴ്‌ച

എണ്ണക്കമ്പനികളുടെ കൊള്ളലാഭം


ക്രൂഡോയിലിന്റെ വില പകുതിയിലേറെ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂട്ടുന്നത് എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ്. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ വില പ്രകാരം പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കുമെന്നിരിക്കേ, വില വര്‍ധനവിനു പിന്നിലുള്ളത് സ്ഥാപിത താത്പര്യങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഞാൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ ഈ മാസം 16ന് പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറിന്റെ വില്‍പന നികുതി കൂടിയാകുമ്പോള്‍ പെട്രോളിന് ലിറ്ററിന് 72.32 രൂപയും ഡീസലിന് 61.05 രൂപയും ആകും.

യു പി എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ പെട്രോളിന് 74.33 രൂപയും ഡീസലിന് 60.77 രൂപയും ആയിരുന്നു വില. അന്നത്തെ വിലയില്‍നിന്ന് ഇപ്പോള്‍ പെട്രോളിന് 2.10 രൂപയുടെ കുറവുണ്ട്. ഡീസലിന് 28 പൈസ വില കൂടുതലുമാണ്. അന്ന് ഒരു ബാരല്‍ ക്രൂഡോയിലിന് 112 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ക്രൂഡോയിലിന് 2016 ഡിസംബറില്‍ 53 ഡോളറാണ് വില. ഇതുമൂലം ഇവയുടെ ഇറക്കുമതി ചെലവ് 6.27 ലക്ഷം കോടി രൂപയില്‍ നിന്ന് 4.73 കോടി രൂപയായി കുറഞ്ഞു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാര്‍, ക്രൂഡോയിലിന്റെ വില പകുതിയിലധികം കുറഞ്ഞിട്ടും ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസം പെട്രോളിനു വെറും 2.01 രൂപയുടെ കുറവും ഡീസലിനു 28 പൈസയുടെ വര്‍ധനയുമാണ്.

ഒരു ലിറ്റര്‍ പെട്രോളിന്റെ ഉത്പാദന ചെലവ് ഏകദേശം 23 രൂപ 77 പൈസയാണ്. ഇതിന്റെ കൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നികുതികള്‍, വ്യാപാരികളുടെ കമ്മീഷന്‍, എണ്ണ കമ്പനികളുടെ ചെലവും ആദായവും എല്ലാം കൂട്ടിയാലും പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ഇത്തരമൊരു നടപടി ശ്ലാഘിക്കപ്പെടുമായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും ഉണ്ടായ വിലവര്‍ധനവിനെ തുടര്‍ന്നാണ് പെട്രോളിനും ഡീസലിനു യഥാക്രമം 2.21 രൂപയും 1.79 രൂപയും വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്ര നിലപാട്.യു പി എ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞ ദിവസം കട്ട് ഓഫ് ഡേറ്റായി എടുക്കാന്‍ തയ്യാറായാല്‍ ജനങ്ങള്‍ക്ക് അത് വലിയ ആശ്വാസം നല്‍കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനും സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറക്കാനും വേണ്ടി പെട്രോള്‍, ഡീസല്‍ വില വര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.






2016, ഡിസംബർ 30, വെള്ളിയാഴ്‌ച

വിമര്‍ശനത്തെ ഭയപ്പെടുന്നില്ല

 
വിമർശനത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്നും വിമർശനം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി മുന്നോട്ട് പോവുമെന്നും, സ്വയം നന്നാവാനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോവാനും വിമർശനം നല്ലതാണ്. വിമര്‍ശനങ്ങളെ എതിര്‍പ്പുകളായി കാണുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വയം വിമര്‍ശനങ്ങള്‍ പോലും നമുക്ക് ആവശ്യമായി തീരുന്ന സന്ദര്‍ഭങ്ങളുണ്ട്.

കോൺഗ്രസ് എന്നും വിമർശനത്തെ അംഗീകരിച്ചിട്ടുണ്ട്. പേര് മാറ്റി സ്വയം വിമർശിച്ച് ലേഖനം എഴുതിയ ജവഹർലാൽ നെഹ്റുവിന്റെ പാരമ്പര്യമുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ. മുന്നണിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്. നേതാക്കൾക്ക് ചേരാത്ത വാക്കും പ്രവൃത്തിയും ആരിൽ നിന്നും ഉണ്ടാവരുത്. വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയിട്ടെയുള്ളു. പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ല.

കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്നത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെടുത്ത നിലപാട് തന്നെയാണ് തനിക്കുള്ളത്. പാര്‍ട്ടിയുടെ ഉന്നമനത്തിനായി എല്ലാവരും പരിശ്രമിക്കണം. പാർട്ടി പു:ന സംഘടനയുമായി ബന്ധപ്പെട്ട് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കര്യത്തിൽ ഉറച്ച് നിൽക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് എ.ഐ.സി.സി ഉറപ്പ് നൽകിയതാണ്.







2016, ഡിസംബർ 22, വ്യാഴാഴ്‌ച

പരാതിക്കാരനല്ല; പരാതി പറയാനുമില്ല.


ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ താന്‍ പരാതിക്കാരനുമല്ല  ആരുടെയും അടുത്ത് പരാതി പറയാനുമില്ല. കെ.പി.സി.സി പ്രസിഡന്റാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരേണ്ട തീയതി തീരുമാനിക്കേണ്ടത്. സൗകര്യപ്രദമെങ്കില്‍ യോഗത്തില്‍ പങ്കെടുക്കും. താനായിട്ട് ഒരു തീയതി പറയില്ല.

നാളിതുവരെ കെ.പി.സി.സി പ്രസിഡന്റിന്റെയോ, ഡി.സി.സി പ്രസിഡന്റുമാരുടെയോ ഒരു സ്ഥാനാരോഹണ ചടങ്ങിലും താന്‍ പങ്കെടുത്തിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന ഉറപ്പ് തനിക്ക് നല്‍കിയിരുന്നതാണ്. 

2016, ഡിസംബർ 20, ചൊവ്വാഴ്ച

പി എസ് സി റാങ്ക് ലിസ്റ്റുകൾ നീട്ടണം


ഡിസംബറിൽ  കാലാവധി തീരുന്ന 170 ഓളം പി എസ് സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്നു ആവശ്യപ്പെട്ടു ഞാൻ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് കത്ത് മുഖേനെ അഭ്യർത്ഥിച്ചിട്ടുണ്ട്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പലരുടേയും പ്രായപരിധി കഴിയുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനും പുതിയ റാങ്ക് ലിസ്റ്റുകൾ വരുന്നതുവരെ പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഞാൻ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബി മസ്ദൂർ/വർക്കർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ, കേരള സ്റ്റാഫ് നേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ, കേരള ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് റാങ്ക് ഹോൾഡേഴ്സ് എന്നവർ എന്നെ ഏൽപ്പിച്ച നിവേദനങ്ങൾ ഞാൻ കത്തിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സമരം ചെയ്യുന്ന എല്ലാവർക്കും എന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നു...


2016, ഡിസംബർ 19, തിങ്കളാഴ്‌ച

റാഗിങിനിരയായ വിദ്യാര്‍ഥികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം

നാട്ടകം പൊളിടെക്നിക്കിൽ എസ്എഫ്ഐക്കാരുടെ റാഗിങ്ങിന് ഇരയായി വൃക്കകൾ തകരാറിലായ അവിനാശിനെ തൃശൂരിൽ ആസ്പത്രിയിൽ സന്ദർശിച്ചപ്പോൾ. 

കോട്ടയം നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ റാഗിങിനിരയായ വിദ്യാര്‍ഥികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. വിദ്യാര്‍ഥികളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കണം. 

പ്രതികള്‍ എസ്എഫ്ഐക്കാരായതിനാൽ  ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകണം. 

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

നേ‍ാട്ടുനിരേ‍ാധനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം എതിർചേ‍ാദ്യം ഉയരില്ലെന്ന് ഉറപ്പാക്കി

മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം മൂലം സാധാരണക്കാരെ ദുരിതത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുന്നു

എതിർചോദ്യം ഉയരില്ല എന്നുറപ്പുള്ളതു കൊണ്ടാണു പ്രധാനമന്ത്രി ടെലിവിഷനുകളിലും പൊതുയോഗങ്ങളിലും മാത്രം നോട്ടുനിരോധനം സംബന്ധിച്ചു പ്രസംഗിക്കുന്നത്. 

ചെയ്തത് ഏറ്റവും നല്ലകാര്യം എന്നു പറയുന്ന പ്രധാനമന്ത്രി അങ്ങനെയെങ്കിൽ അതു പാർലമെന്റിൽ പറയാത്തത് എന്തുകൊണ്ട്? സ്വന്തം ധനമന്ത്രിയെയും മന്ത്രിസഭയെയും വിശ്വാസത്തിലെടുക്കാതെയാണു അദ്ദേഹത്തിന്റെ നടപടികൾ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഒരു രാത്രി കൊണ്ടാണു സ്വകാര്യബാങ്കുകൾ പൊതുമേഖലയിലാക്കി ജനങ്ങൾക്കായി തുറന്നുകൊടുത്തത്. അത്രയ്ക്കു മുന്നൊരുക്കത്തോടെയായിരുന്നു നടപടികൾ. നിശബ്ദ സാമ്പത്തിക വിപ്ലമായിരുന്നു അന്നു നടപ്പാക്കിയത്.

ഏതു കാര്യവും ചെയ്യേണ്ടതുപോലെ ചെയ്യണം. ലോകത്ത് ഒരു ഭരണാധികാരിയും സ്വീകരിക്കാത്ത വഴികളിലൂടെ നോട്ടു നിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി രാജ്യത്തെ അപമാനിച്ചു. റിസർവ് ബാങ്കിന്റെ വിശ്വാസ്യത പോലും വിവാദത്തിലാക്കി. ഇന്ത്യയിലേക്കു പോകരുതെന്നുവരെ വിദേശരാഷ്ട്രങ്ങൾ വിനോദസഞ്ചാരികൾക്കു മുന്നറിയിപ്പുനൽകുന്നു. ഇനിയെങ്കിലും പ്രധാനമന്ത്രി നിരോധനം സംബന്ധിച്ചു പാർലമെന്റിലും സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ തയാറാകണം. സഹകരണമേഖലയെ വിശ്വാസത്തിലെടുക്കണം.

നോട്ടുനിരോധനം മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് അരിപോലും നിഷേധിക്കുന്ന സമീപനമാണു സംസ്ഥാനസർക്കാരിന്റേത്. നെല്ലു സംഭരിച്ചു മൂന്നു മാസം കഴിഞ്ഞിട്ടും വില നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി. ക്ഷേമപെൻഷനെക്കുറിച്ചും മിണ്ടുന്നില്ല. ഇത്തരം ജനദ്രോഹ നടപടികൾ സംസ്ഥാന സർക്കാർ പിൻവലിക്കണം.

2016, ഡിസംബർ 12, തിങ്കളാഴ്‌ച

മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചു.


ഭോപ്പാലില്‍ മലയാളി സംഘടനകളുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തിരിച്ചയച്ച മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണിത്.

കേരള മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളുടെ നഗ്നമായ ലംഘനമാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ തടഞ്ഞതിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചിരിക്കുകയാണ്. ഈ സംഭവത്തിലൂടെ കേരളത്തെ അപമാനിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്.