UDF

2016, ജൂലൈ 4, തിങ്കളാഴ്‌ച

നികുതിയിതര വരുമാനം 239% വർധിച്ചു റെക്കോർഡ് ആയത് ഐസക് മറച്ചു വെച്ചു


ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം യാഥാർഥ്യ ബോധമില്ലാത്തതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം കാഴ്ചപ്പാടുകൾക്കാണ് ഇതിൽ ഐസക് പ്രാധാന്യം നൽകിയിരിക്കുന്നത്. അഞ്ചു വർഷം മുഴുവൻ സർക്കാർ ചെയ്തതു തെറ്റാണെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഐസക് പറഞ്ഞതു പോലെയുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്നു ധവളപത്രത്തിൽ തന്നെയുണ്ട്. നികുതി വരുമാനം കുറഞ്ഞുവെന്നാണ് ഐസക്കിന്റെ ആരോപണം.

സംസ്ഥാനത്തിന്റെ വരുമാനം കണക്കാക്കുന്നത് നികുതി-നികുതിയിതര വരുമാനങ്ങൾ ഒരുമിച്ചുചേർത്താണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 239% വർധിച്ചു റെക്കോർഡ് നികുതിയിതര വരുമാനമുണ്ടായി. അതിനാൽ തന്ത്രപൂർവം ഐസക് അതു കണക്കിൽ നിന്ന് ഒഴിവാക്കി. നികുതി ഇനത്തിലും വർധനയുണ്ട്. ഉദ്ദേശിച്ചത്ര പിരിക്കാൻ കഴിഞ്ഞില്ലെന്നേയുള്ളു. വിഎസ് സർക്കാരിന്റെ നികുതിപിരിവുമായി താരതമ്യം ചെയ്യുമ്പോൾ 92.58% വർധിച്ചു. ലോട്ടറി വരുമാനം 11 ഇരട്ടിയായി. യുഡിഎഫ് സർക്കാർ സ്ഥാനമൊഴിയുമ്പോൾ 1009.3 കോടി രൂപ ശേഷിച്ചിരുന്നെങ്കിലും അതിലേറെ ബാധ്യതയുണ്ടായിരുന്നെന്നു ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയവർ‍ ഒരു സർക്കാരിനും മുഴുവൻ ബില്ലുകൾക്കും പണം നൽകിയശേഷം അധികാരമൊഴിയാൻ സാധിക്കില്ലെന്ന് ഓർക്കണം.

2011ൽ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 1963.47 കോടി രൂപയായിരുന്നു ട്രഷറിയിലെ നീക്കിയിരിപ്പ്. എന്നാൽ 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിൽ 7,000 കോടിയുടെ ബില്ലുകളുടെ ബാധ്യത യുഡിഎഫ് സർക്കാരിനുമേൽ വച്ചിട്ടാണ് അന്നു ധനമന്ത്രിയായിരുന്ന ഐസക് പോയത്. ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ അതതു സർക്കാരുകളാണു നടപ്പാക്കാറുള്ളത്. എന്നാൽ അതും യുഡിഎഫിനു കൈമാറി. രണ്ട് ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ നടപ്പാക്കേണ്ടിവന്ന ഏക സർക്കാരായിരുന്നു യുഡിഎഫിന്റേത്.

അനുവദനീയമായ പരിധിക്കുള്ളിൽ നിന്നു സർക്കാർ കടമെടുത്തതു വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കാണ്. ഇന്നു നടത്തേണ്ട വികസനപ്രവൃത്തി അടുത്ത വർഷത്തേക്കു മാറ്റിവച്ചാൽ ചെലവ് ഇരട്ടിയാകും. സംസ്ഥാനത്തിന്റെ വരുമാനം കൊണ്ടു മാത്രം വികസനം നടത്താൻ ഒരിക്കലും പറ്റില്ല. യുഡിഎഫ് സർക്കാരിന്റെകാലത്തു 37 ദിവസം മാത്രമാണു വായ്പകളും മുൻപറ്റും എടുത്തത്. കഴിഞ്ഞ ഇടതു സർക്കാരിന്റെകാലത്തു 460 ദിവസം വായ്പകളും മുൻപറ്റും എടുത്തു.

യുഡിഎഫ് കാലത്തു വെറും ആറു ദിവസം വേണ്ടിവന്നെങ്കിൽ വിഎസ് സർക്കാർ 169 ദിവസം ഓവർഡ്രാഫ്റ്റിലായിരുന്നു. യുഡിഎഫ് വന്നപ്പോൾ 19.9 ലക്ഷം പേർക്കായിരുന്നു ക്ഷേമ പെൻഷനെങ്കിൽ ഇറങ്ങുമ്പോൾ അതു 34.4 ലക്ഷം പേർക്കായി. മിനിമം പെൻഷൻ 300 രൂപ എന്നത് 600 രൂപയാക്കി. യുഡിഎഫ് കാലത്തെ മൂലധന ചെലവും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും, ധനക്കമ്മിയും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും മികച്ച സൂചനകളാണെന്ന് ഐസക് തന്നെ ധവളപത്രത്തിൽ സമ്മതിക്കുന്നുണ്ട്.

മൂലധന ചെലവിൽ 153% ആണു വർധന. അടിസ്ഥാന സൗകര്യവികസനത്തിനു സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിനു പരിധിയുണ്ട്. ഇതു കണക്കിലെടുത്താണ് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വികസന പരിപ്രേക്ഷ്യം 2030 തയാറാക്കി അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 30,000 രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കാനെടുത്ത തീരുമാനം എൽഡിഎഫ് സർക്കാരും തുടർന്നുപോകുമെന്നാണു പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.