UDF

2016, ജൂൺ 17, വെള്ളിയാഴ്‌ച

തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം


തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

തിരുവനനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഈ കോളേജില്‍ ആദ്യവര്‍ഷ എം.ബി.ബി.എസ്. ബാച്ച് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, 134 പുതിയ തസ്തികകള്‍ അനുവദിച്ച് ലബോറട്ടറിയടക്കം സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. ഈ കോളേജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയ 2016 അദ്ധ്യയന വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ച കാര്യം താങ്കള്‍ ഓര്‍ക്കുമല്ലോ? എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഒരു സമ്മതപത്രം സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ടതുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ മെഡില്‍ കൗണ്‍സിലിന് ഒരു സമ്മതപത്രം ആദ്യം നല്കിയിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിച്ചതായി മനസിലാക്കുന്നു. ഇതുകാരണം 2016 ലെ ഈ കോളേജിലെ അഡ്മിഷന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. തന്മൂലം സംസ്ഥാനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. 25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാര്‍ക്കും, 10 ശതമാനം സീറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായും പഠിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 500 സീറ്റുകളുടെ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചതായി പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ 100 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ നടപടിമൂലം നഷ്ടമാകുന്നത് സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കാത്തു കഴിയുന്ന വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണ്.
ആയതിനാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കിയ 100 സീറ്റുകളിലും അഡ്മിഷന്‍ ഉറപ്പു വരുത്തി, തിരുവനന്തപുരത്തെ രണ്ടാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

ഉമ്മന്‍ ചാണ്ടി