UDF

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഭരണനേട്ടങ്ങൾ എതിർക്കാനാകാത്ത പ്രതിപക്ഷം ഒളിച്ചോടുന്നു


തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ട് പറഞ്ഞാൽ എതിർക്കാൻ കഴിയാത്തതിനാൽ പ്രതിപക്ഷം ചർച്ചയെ ഭയന്ന് ഓടി ഒളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷത്തിന്റെ കൈയിലുള്ളത് പൊള്ളയായ ആരോപണങ്ങളും മുദ്രാവാക്യങ്ങളുമാണ്. ഒരു ദിവസം അടിയന്തരപ്രമേയം അനുവദിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം. മറുപടി പറയാൻ പോലും അനുവദിക്കുന്നില്ല. നിയമസഭയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.

മനം മടുപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. താൻ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളെ സധൈര്യം നേരിടും. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്. മനസ്സറിയാത്ത കാര്യത്തിൽ വിമർശനം കേട്ട് പുറത്തേക്ക് പോകാനില്ല. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ പൊതുരംഗത്ത് തുടരില്ല. 
ഇതെല്ലാം കേരളത്തിലെ ജനങ്ങൾ വിലയിരുത്തട്ടെ, ജനങ്ങൾ തീരുമാനിക്കട്ടെ, ജനകീയ കോടതി തീരുമാനിക്കട്ടെ, ഒരൽപം പോലും ഭയമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോവുകയാണ്. ആരോപണങ്ങളുടെ പെരുമഴക്കാലത്ത് പാർട്ടിയും മുന്നണിയും അകമഴിഞ്ഞ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പാമൊലിൻ കേസ് മനപ്പൂർവം എല്ലാവരേയും കുടുക്കാൻ കൊണ്ടുവന്ന കെണിയാണ്. പാമൊലിൻ കേസിൽ കെ.കരുണാകരൻ അടക്കം എല്ലാവരും നിരപരാധികളാണ്. കേസ് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.