UDF

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ചെറുപ്പക്കാർക്ക് ഇനി സ്വന്തം നാട്ടിൽ ജോലി ചെയ്യാം


കൊച്ചി:  സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള അവസരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് വച്ചാൽ എല്ലാ പദ്ധതികളും സമയത്ത് നടക്കും. കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്. സ്മാർട്ട്‌ സിറ്റിയോടെ ലോകം കേരളത്തിലേക്ക് വരുകയാണ്. ലോകത്തിന് മുന്നില്‍ കേരളം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി 11 വർഷം കാത്തിരിക്കേണ്ടിവന്നു. വളരെ വൈകിയെങ്കിലും ആദ്യഘട്ടം യാഥാർഥ്യമാക്കാനായി. ഇനി ഒരു കാര്യത്തിനും ഇങ്ങനെ കാത്തിരിക്കാനാകില്ല. 

നമ്മുടെ ചെറുപ്പക്കാർ ജോലിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയാണ്. അങ്ങനെ ഇനി ജോലിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. അവർക്ക് ഇനി ഇവിടെ തന്നെ ജോലിചെയ്യാം. ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി സ്മാർട്ട്‌ സിറ്റി മാറും. ജോലിക്കൊപ്പം വിശ്രമവേളകൾ ചിലവഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 

സ്മാർട്ട്‌സിറ്റി കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകും. കേരളത്തിന്റെ സാമ്പത്തിക രംഗത്തും ഐ.ടി കയറ്റുമതിയിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന  പദ്ധതിയാണ് ഇതു എന്ന് അദ്ദേഹം പറഞ്ഞു.