UDF

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കിയ ശേഷമേ ശമ്പളം വാങ്ങൂ


തിരുവനന്തപുരം: എല്ലാ മാസവും 18 ന് ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്നും ഇക്കാര്യം ഉറപ്പാക്കിയ ശേഷമേ താന്‍ ശമ്പളം കൈപ്പറ്റൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ക്ഷേമപെന്‍ഷനെ ശമ്പളത്തിന്റെ ഗണത്തില്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 

ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എന്നതുപോലെ ക്ഷേമപെന്‍ഷന്‍ നിശ്ചിത സമയത്ത് നിയന്ത്രണമില്ലാതെ നല്‍കാനാകും. ജനവരി മുതല്‍ ഇതിന് പ്രാബല്യം നല്‍കും. 
ക്ഷേമപെന്‍ഷന് ആവശ്യമായ തുക ട്രഷറിക്ക് കൈമാറിയ ശേഷം എല്ലാ മാസവും ധനവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇത് കിട്ടിയശേഷമേ തന്റെ ശമ്പളം ട്രഷറിയില്‍ നിന്ന് മാറുകയുള്ളുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദഹം പറഞ്ഞു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച പരാതി ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. 

എല്ലാ മാസവും 15 ന് മുമ്പ് പെന്‍ഷന്‍ നല്‍കുമെന്നാണ് നിയമസഭയെ അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് മൂന്നു ദിവസം കൂടി അനുവദിച്ചത്. പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വേണമോ ബാങ്ക് വഴി വേണമോ എന്നത് ഗുണഭോക്താവിന് തിരഞ്ഞെടുക്കാം. ഇതിനായി ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കും. ആറ് മുതല്‍ 11 മാസം വരെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. പെന്‍ഷന്‍ വിതരണത്തിനായി മാസം 200 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 
പെന്‍ഷന്‍ വിതരണം നേരത്തെ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും വിതരണം അപ്പാടെ താറുമാറായിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ പണം പോലും പല ഗുണഭോക്താക്കള്‍ക്കും നല്‍കാന്‍ തപാല്‍ വകുപ്പിന് കഴിഞ്ഞിരുന്നില്ല. 

സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ഇപ്പോള്‍ വിതരണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് തപാല്‍ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 32 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യാനാകാതെ പോയത് തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടിയായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായുള്ള മന്ത്രിസഭാ യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തിരുന്നു.