UDF

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ഉടന്‍ വേണം


മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 999 വര്‍ഷത്തേക്കുള്ളതാണ് നിലവിലെ പാട്ടക്കരാര്‍. അത്രയും കാലം ഇപ്പോഴത്തെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ പുതിയ അണ നിര്‍മിച്ചേ മതിയാവൂ. അത് ഇന്നുതന്നെ വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തമിഴ്‌നാടിന് ഒരുദിവസം പോലും വെള്ളം മുടങ്ങാതെ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

മൂന്നുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഡല്‍ഹി സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി പി.ജെ. ജോസഫും കേന്ദ്രമന്ത്രിയെ കാണും.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് ഒരിക്കല്‍ പാരിസ്ഥിതികാനുമതി കിട്ടിയതാണ്. പിന്നീടാണ് നിഷേധിച്ചത്. തമിഴ്‌നാടിനോട് കേന്ദ്രത്തിന് മൃദസമീപനം ഉണ്ടെന്ന് പറയാനാവില്ല. നമുക്കും തമിഴ്‌നാടിനോട് മൃദുസമീപനമാണ്. അവിടെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം ആശ്രയം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണ്. അതിലൊന്നും ഒരു വ്യത്യാസവും വരുത്താന്‍ ഉദ്ദേശ്യമില്ല.

തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നത് രണ്ടുസംസ്ഥാനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ നടപ്പാക്കാവുന്ന കാര്യമാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷാ ആശങ്ക ഒഴിവാക്കിയേ പറ്റൂ. തമിഴ്‌നാടുമായുള്ള അടുത്ത ബന്ധത്തിന് കോട്ടം തട്ടാത്തവിധത്തില്‍ പ്രശ്‌നപരിഹാരത്തിന് തുടര്‍ന്നും ശ്രമിക്കും. നിയമപരമായും കേന്ദ്രസര്‍ക്കാരിനെ ഇടപെടുവിപ്പിച്ചും മുന്നോട്ട് പോകും-മുഖ്യമന്ത്രി പറഞ്ഞു.