UDF

2015, ഡിസംബർ 16, ബുധനാഴ്‌ച

625 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണം


കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 625 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ നിര്‍ണായകമായ മൂന്നു പദ്ധതികള്‍ക്കും പ്രധാനമന്ത്രിയോട് കൂടിക്കാഴ്ചയില്‍ അനുമതി തേടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ പദ്ധതി, നിലമ്പൂര്‍-നഞ്ചന്‍കോട് പാത എന്നിവയാണ് കേരളം ആവശ്യപ്പെട്ടത്. ഇതിന് പുറമെ ശബരി റെയില്‍വെ യാഥാര്‍ഥ്യമാക്കാനുള്ള തുകയും ആവശ്യപ്പെട്ടു.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച സിന്‍ഹു കമ്മീഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും നാളീകേരത്തിന്റെ വിലയിടിവും ചര്‍ച്ചചെയ്തു. ഈ രണ്ട് ആവശ്യങ്ങളിലും കൃഷിമന്ത്രി വിശദമായ നിവേദനം നല്‍കി. ഭക്ഷ്യസുരക്ഷാ നയം നടപ്പിലാക്കുമ്പോള്‍ കേരളത്തിന് രണ്ട് ലക്ഷം ടണ്‍ അരിയുടെ കുറവ് വരുന്നുണ്ട്. അത് നികത്തിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അനാഥാലയങ്ങള്‍ക്ക് അരി അനുവദിക്കണം.

സി.ആര്‍.ഇസഡ് പ്രകാരം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, എയിംസിനായി നാല് സ്ഥലങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് പരിഗണിച്ച് ഈ വര്‍ഷം എയിംസ് അനുവദിക്കണം. തിരുവനന്തപുരം ആര്‍.സി.സി നാഷണല്‍ കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തണം. മലബാര്‍ കാന്‍സര്‍ സെന്റര്‍ റീജണല്‍ കാന്‍സര്‍ സെന്ററാക്കണം. കോടതി സ്‌റ്റേ നീക്കി 28 മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. ഇത് പ്രകാരം കേരളത്തിന് രണ്ട് സ്മാര്‍ട്ട് സിറ്റികള്‍ക്ക് കൂടി അവകാശമുണ്ട്. അതില്‍ ഒന്ന് തിരുവനന്തപുരത്ത് അനുവദിക്കണം.

നിബന്ധനകളില്‍ ഇളവ് നല്‍കി എയര്‍കേരളയ്ക്ക് അനുമതി നല്‍കണം. പാലോടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കേന്ദ്രം ഏറ്റെടുക്കണം. ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കുറയ്ക്കാന്‍ ഇടപെടണം ഗെയിലിന്റെ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കുന്ന കാര്യം എപ്പോഴും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതാണ്. 503 കിലോമീറ്ററാണ് കേരളത്തില്‍ പൈപ്പിടേണ്ടത്. അതില്‍ 350 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. 150 കിലോമീറ്റര്‍ കൂടിയേ ഏറ്റെടുക്കാനുള്ളൂ. അതിനാല്‍ പൈപ്പ് ഇടുന്ന ജോലി എത്രയും വേഗം ആരംഭിക്കണം. ഇവയാണ് കേരളം മുന്നോട്ട് വച്ച ആവശ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.