UDF

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാര്‍


കാസര്‍ഗോഡ്: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കെപിസിസി തീരുമാനപ്രകാരം നഗരസഭാ ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ത്രിതല പഞ്ചായത്തുകളിലും നഗരസഭ-കോര്‍പ്പറേഷനുകളിലും ജയിച്ചുവരേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണ്. വിദേശരാജ്യങ്ങളില്‍പോയി കോണ്‍ഗ്രസിനെയും കഴിഞ്ഞ യുപിഎ സര്‍ക്കാരിനെയും കളിയാക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള സിബിഐയാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കല്‍ക്കരിഖനി അഴിമതി ആരോപണങ്ങളില്‍നിന്ന് ക്‌ളീന്‍ചിറ്റ് നല്‍കി കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

കേരളത്തെ കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കുമെന്നുള്ള ബിജെപി പ്രസിഡണ്ട് അമിത്ഷായുടെ പ്രസ്താവന കേവലം സ്വപ്‌നം മാത്രമാണ്. രാജ്യത്ത് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന ബിജെപിയുടെ ശക്തിക്ക് ഇന്ന് കാതലായ മാറ്റം വന്നുകഴിഞ്ഞു. മോദി സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന യാഥാര്‍ഥ്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പിന്നിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ കനത്ത തിരിച്ചടി നല്‍കാനുള്ള അവസരം വിനിയോഗിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.