UDF

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും

തിരുവല്ലയിലെ ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം തുറന്നു

തിരുവല്ല: ''കൊച്ചിയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും''-മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവല്ലയില്‍ കെ.സി.എയുടെ ആധുനിക ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''കേരളം ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. സഞ്ജുവിനെപ്പോലുളള ഇന്ത്യന്‍താരങ്ങള്‍ അതിന് ഉദാഹരണമാണ്''- മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭ പാട്ടത്തിനുനല്‍കിയ 50 സെന്റ് വളപ്പില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടമാണ് പരിശീലനകേന്ദ്രം. 2.5 കോടി രൂപയാണ് നിര്‍മ്മാണചെലവ്. ഇന്‍ഡോറില്‍ മൂന്ന് പിച്ചുകള്‍. രണ്ടെണ്ണം സ്​പിന്നും ഒന്ന് പേസും. ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ് സാങ്കേതികവിദ്യയില്‍ പണിതതാണ് പിച്ച്. പ്രകാശംപൊഴിക്കാന്‍ 400 വാട്ടിന്റെ 35 മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഗ്രാസ് ടര്‍ഫ് വിക്കറ്റുമുണ്ട്.

ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കളിക്കാര്‍, സ്‌കൂളുകളിലെ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ഥികള്‍, കോച്ചിങ്‌ സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനംനല്‍കും.