UDF

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

തോട്ടം മേഖല പ്രതിസന്ധിയില്‍, വേണ്ടത് സമവായം


തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നതാണ് തന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മുഖ്യമന്ത്രി ദിനപത്രങ്ങളിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

ഇന്ന് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി ലേഖനം പ്രസിദ്ധീകരണത്തിന് നല്‍കിയത്. മൂന്നാറിലെ തൊഴിലാളി സമരത്തിനു പിന്നില്‍ തീവ്രവാദമോ വിഘനവാദമോ ഒന്നുമില്ല, പക്ഷേ തോട്ടം മേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആഗോള കമ്പോളത്തില്‍ കരുത്തര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാനാകൂ. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്‌മെന്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിനും അതിന് മേല്‍നോട്ടം വഹിക്കുന്നതില്‍ സര്‍ക്കാരിനും വീഴ്ചപറ്റി.

ഒരു പ്രതിസന്ധിയുണ്ടായാല്‍ കലക്കവെള്ളത്തില്‍നിന്നു മീന്‍പിടിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനത്തില്‍  കൂട്ടിക്കൊടുത്തത് 8.74 രൂപ മാത്രമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടിയത് 33.61 രൂപ. പ്രതിപക്ഷനേതാവ് ഇന്നുന്നയിക്കുന്ന ആവശ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. റബ്ബര്‍, ഏലം, കാപ്പി തോട്ടങ്ങളില്‍ ഇടതുസര്‍ക്കാര്‍ യഥാക്രമം 35.93 രൂപ, 26.8 രൂപ, 14.6 രൂപ എന്നിങ്ങനെ അടിസ്ഥാനവേതനം കൂട്ടിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ യഥാക്രമം 80.62 രൂപ, 56.65 രൂപ, 33.61 രൂപ എന്നിങ്ങനെയാണു കൂട്ടിയത്- മുഖ്യമന്ത്രി പറയുന്നു.