UDF

2015, ജൂലൈ 16, വ്യാഴാഴ്‌ച

തെരുവുനായ്ക്കളെ കൊല്ലാം; പ്രത്യേക ഉത്തരവ് വേണ്ട


നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതാണിത്. പേവിഷബാധയുള്ളതും അപകടകാരികളുമായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ലെന്നും ഇതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടി സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണവകുപ്പ് ഉടന്‍ തുടങ്ങും. ജനപ്രതിനിധികളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം 500 കേന്ദ്രങ്ങളിലേക്കുവരെ പദ്ധതി വ്യാപിപ്പിക്കും.

തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമഗ്രപദ്ധതി തയ്യാറാക്കണം. കോട്ടയം, കൊല്ലം, എറണാകുളം ജില്ലാപഞ്ചായത്തുകള്‍ തയ്യാറാക്കിയ പദ്ധതികളുടെ മാതൃക മററുജില്ലകള്‍ക്ക് കൈമാറും. ഇത് പരിശോധിച്ച് അനുയോജ്യമായ രീതിയില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാം. 

തെരുവുനായകള്‍ക്കും വീട്ടുനായകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനായി മൃഗഡോക്ടര്‍മാരുടെ പ്രത്യേക ടീം സജ്ജരായിക്കഴിഞ്ഞു. ഏതു പ്രദേശത്ത് ക്യാമ്പ് വേണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശിക്കാം. നായ്ക്കളെ എത്തിക്കേണ്ട ഉത്തരവാദിത്വം സ്ഥാപനങ്ങള്‍ക്കാണ്.