UDF

2015, ജൂലൈ 24, വെള്ളിയാഴ്‌ച

എ.ജി.യുടെ ഓഫീസില്‍ പൂര്‍ണ വിശ്വാസം



അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായത് തെറ്റാണെന്ന തന്റെ നിലപാട് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റനായി കൊണ്ടുവന്ന മദ്യനയത്തിനെതിരായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായത് ശരിയല്ല. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യത്ത് മദ്യലഭ്യത കുറച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക ഉത്തരവാദിത്വമാണത്. സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തിന് സഹകരണവും സഹായവുമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. അത് ലഭിക്കുമെന്ന് ഉറപ്പുണ്ട്. അറ്റോണി ജനറല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായത് ശരിയല്ലെന്നകാര്യം പ്രധാനമന്ത്രിയെ അറിയിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണ്. അറ്റോര്‍ണി ജനറലിന്റെ നിലപാടില്‍ സാങ്കേതികത്വത്തേക്കാള്‍ ധാര്‍മികവശം കൂടി നോക്കണമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അഭിഭാഷകരെ നിയമിക്കുന്നത് അഡ്വക്കേറ്റ് ജനറല്‍ അല്ല സര്‍ക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത് കേസിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതിനാലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അന്വേഷണ പരിധിയില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി. ആരോപണങ്ങളുന്നയിച്ചവര്‍ കേസില്‍ കക്ഷി ചേരാതെ നോട്ടീസ് ലഭിച്ചപ്പോള്‍ ഹാജരാവുകമാത്രമാണുണ്ടായത് ആരോപണം ഉന്നയിച്ചവര്‍ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തനിക്ക് നോട്ടീസ് വരട്ടെ. ഹാജരാകുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.