UDF

2015, ജൂലൈ 21, ചൊവ്വാഴ്ച

വര്‍ഗീയ ചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷശ്രമം വിജയിക്കില്ല


 ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടനയുടെ പേരില്‍ വര്‍ഗീയചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം കേരളത്തില്‍ വിജയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയതയ്ക്ക് അപ്പുറമുള്ള വിശാലമായ കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്.

പുനഃസംഘടനയ്ക്ക് തോമസ് ഐസക് മറ്റൊരു രൂപം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ബ്ലോക്കുപഞ്ചായത്തുകളും നിയമസഭാമണ്ഡലങ്ങളും രൂപീകരിച്ചെന്ന ഐസകിന്റെ പ്രസ്താവന ദുഃസൂചനയാണ്. ജനസംഖ്യാടിസ്ഥാനത്തിലാണ് മലപ്പുറത്ത് നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ രൂപീകരിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡീലീമിറ്റേഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇത് ചെയ്തത്. ഇതിന് ദുഃസൂചന നല്‍കിയത് മോശമായിപ്പോയി. പ്രതിപക്ഷം ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായി. അത് കേരളത്തില്‍ വേണോ എന്ന് ചിന്തിക്കണം. പുന:സംഘടനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. പുന:സംഘടന സംബന്ധിച്ച കരട് രൂപമാണ് തയ്യാറായിട്ടുള്ളത്.

ഇതുസംബന്ധിച്ച് പരാതി ഉന്നയിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. പുന:സംഘടന നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.