UDF

2015, മേയ് 31, ഞായറാഴ്‌ച

ഇടുക്കിയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍


ഇടുക്കി ജില്ലയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് മൈതാനിയില്‍ കരുതല്‍ 2015 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.  പട്ടയപ്രശ്‌നം മുതല്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം വരെയുളളതാണ്  ഈ പദ്ധതികള്‍.

ഓഗസ്റ്റ് 15നകം 18,173 പേര്‍ക്ക് പട്ടയം  നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍  18,000 പട്ടയമാണ് ജില്ലയില്‍ നല്‍കിയത്. ഓഗസറ്റ് 15നകം പെരിഞ്ഞാംകുഴി, സി.എച്ച്.ആര്‍, പത്തുചെയിന്‍ എന്നിവിടങ്ങളിലായി 8,000 പട്ടയവും താലൂക്കുതലത്തില്‍ 1,500 പട്ടയവും ഉള്‍പ്പെടെ 9,500 പട്ടയവും നല്‍കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായ 8,673 പേര്‍ക്കുള്ള സ്ഥലവും ഓഗസ്റ്റ് 15നകം കൊടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്രകാരമാണ് 18,173 പേര്‍ക്ക് പട്ടയം നല്‍കുന്നത്.  സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസം 2,500 പട്ടയം വീതം വിതരണം ചെയ്യുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പട്ടയപ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് മലയോര ജനത വരവേറ്റത്. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹാരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ചികിത്സാരംഗത്ത് ഇടുക്കിക്ക് വലിയ പ്രാധാന്യം നല്‍കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കുന്നതോടൊപ്പം ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും. തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് പ്രസിഡന്റ്  ഇ.എം. അഗസ്തി സന്നദ്ധ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ "ശുചിത്വ മൂന്നാര്‍" പദ്ധതി നടപ്പാക്കും.  ജില്ലാ കളക്ടര്‍ പദ്ധതി ഏകോപിപ്പിക്കും.  ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ രൂപരേഖയില്‍ ഫണ്ടും ലഭ്യമായതായി മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കും. ഇതോടൊപ്പം ലയങ്ങളുടെ ഉടമസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളും.  തൊഴില്‍ പരിശീലനം നല്‍കി യുവാക്കളുടെ നൈപുണ്യവികസനത്തിനായി അഞ്ച് താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രതേ്യക പരിചരണത്തിനും പരിപാലനത്തിലുമായി ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണയിലെത്തുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി ചെയ്യും. ഇത് ടെണ്ടര്‍ ചെയ്ത് ഉടനെ പണി തുടങ്ങാന്‍ നടപടി സ്വീകരിക്കും.  നേര്യമംഗലം-കരിമ്പന്‍-മുരിക്കാശ്ശേരി -മൈലാടുംപാറ വഴി നെടുംങ്കണ്ടത്തെത്തുന്ന റോഡ്  നിര്‍മിക്കുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.