UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മേയ് 31, ഞായറാഴ്‌ച

ഇടുക്കിയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍


ഇടുക്കി ജില്ലയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് മൈതാനിയില്‍ കരുതല്‍ 2015 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.  പട്ടയപ്രശ്‌നം മുതല്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം വരെയുളളതാണ്  ഈ പദ്ധതികള്‍.

ഓഗസ്റ്റ് 15നകം 18,173 പേര്‍ക്ക് പട്ടയം  നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍  18,000 പട്ടയമാണ് ജില്ലയില്‍ നല്‍കിയത്. ഓഗസറ്റ് 15നകം പെരിഞ്ഞാംകുഴി, സി.എച്ച്.ആര്‍, പത്തുചെയിന്‍ എന്നിവിടങ്ങളിലായി 8,000 പട്ടയവും താലൂക്കുതലത്തില്‍ 1,500 പട്ടയവും ഉള്‍പ്പെടെ 9,500 പട്ടയവും നല്‍കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായ 8,673 പേര്‍ക്കുള്ള സ്ഥലവും ഓഗസ്റ്റ് 15നകം കൊടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്രകാരമാണ് 18,173 പേര്‍ക്ക് പട്ടയം നല്‍കുന്നത്.  സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസം 2,500 പട്ടയം വീതം വിതരണം ചെയ്യുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പട്ടയപ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് മലയോര ജനത വരവേറ്റത്. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹാരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ചികിത്സാരംഗത്ത് ഇടുക്കിക്ക് വലിയ പ്രാധാന്യം നല്‍കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കുന്നതോടൊപ്പം ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും. തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് പ്രസിഡന്റ്  ഇ.എം. അഗസ്തി സന്നദ്ധ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ "ശുചിത്വ മൂന്നാര്‍" പദ്ധതി നടപ്പാക്കും.  ജില്ലാ കളക്ടര്‍ പദ്ധതി ഏകോപിപ്പിക്കും.  ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ രൂപരേഖയില്‍ ഫണ്ടും ലഭ്യമായതായി മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കും. ഇതോടൊപ്പം ലയങ്ങളുടെ ഉടമസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളും.  തൊഴില്‍ പരിശീലനം നല്‍കി യുവാക്കളുടെ നൈപുണ്യവികസനത്തിനായി അഞ്ച് താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രതേ്യക പരിചരണത്തിനും പരിപാലനത്തിലുമായി ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണയിലെത്തുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി ചെയ്യും. ഇത് ടെണ്ടര്‍ ചെയ്ത് ഉടനെ പണി തുടങ്ങാന്‍ നടപടി സ്വീകരിക്കും.  നേര്യമംഗലം-കരിമ്പന്‍-മുരിക്കാശ്ശേരി -മൈലാടുംപാറ വഴി നെടുംങ്കണ്ടത്തെത്തുന്ന റോഡ്  നിര്‍മിക്കുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

ഗള്‍ഫ്‌ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ "ഹൃദയ രേഖകള്‍" സഹായകമാകും


പറഞ്ഞു കേട്ട കഥകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയില്‍ ജീവിതം പടുത്തുയര്‍ത്തി, നാടിന്റെ രക്ഷകര്‍ ആയവരാണ്‌ ഗള്‍ഫ്‌ പ്രവാസികളെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുന്നക്കല്‍ മുഹമ്മദലി എഴുതിയ ഹൃദയ രേഖകള്‍ എന്ന പുസ്‌തകത്തിന്റെ കേരളത്തിലെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

യുഎഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എംജി പുഷ്‌പാഗദന് പുസ്തകം സമാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.  ഗള്‍ഫ്‌ മലയാളിയുടെ അര നൂറ്റാണ്ടുകാലത്തെ എല്ലാ രംഗത്തുള്ള സേവന മികവിനെ വിലയിരുത്താന്‍ ഹൃദയ രേഖകള്‍ പോലെയുള്ള പ്രവാസി എഴുത്തുക്കാരുടെ രചനകള്‍ സഹായകമാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവാസിയായി പാര്‍ക്കുന്നവരെ പരസ്പരം കോര്‍ത്തിണക്കുന്നതിനും, വിദേശങ്ങളില്‍ ജനിച്ചുവളരുന്ന യുവതലമുറക്ക് പ്രവാസ ജീവതത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഹൃദയ രേഖകള്‍ പോലെയുള്ള രചനകള്‍ സഹായകമാകും

ആഗസ്ത് 15നകം ഇടുക്കിയിലെ 18,173 പേര്‍ക്ക് പട്ടയം


തൊടുപുഴ: ആഗസ്ത് 15നകം ഇടുക്കി ജില്ലയിലെ 18,173 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ താലൂക്കുകളിലും കളക്ടറേറ്റിലും അപേക്ഷ നല്‍കിയിട്ടുള്ള 1,500 പേരുള്‍പ്പെടെ 9,500 പേര്‍ക്കാണ് പട്ടയം ലഭിക്കുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ 8,673 പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തിയെന്നും വിതരണം ആഗസ്ത് 15നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സപ്തംബര്‍മുതല്‍ ഡിസംബര്‍വരെ നാലുമാസം 2,500 പട്ടയംവീതം വിതരണം ചെയ്യുന്നതിനായി സംയുക്തപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസ് പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റംവരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ഇതോടെ ഈവര്‍ഷം ഏകദേശം 30,000 പേര്‍ക്ക്്് പട്ടയം ലഭിക്കുമെന്നാണ് പ്രഖ്യാപനം. പട്ടയവിതരണം സുഗമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരും പുതിയ സര്‍ക്കാര്‍ ഉത്തരവുകളും നയതീരുമാനങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകണം. ഇവയില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2015, മേയ് 30, ശനിയാഴ്‌ച

അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ സമയത്തുണ്ടാകും


ചെന്നൈ: അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015, മേയ് 29, വെള്ളിയാഴ്‌ച

ഇടതു സമരങ്ങള്‍ പരാജയപ്പെടുന്നു



 കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സര്‍ക്കാരിനെതിരെ ഇടതുമുന്നണി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് ഇടതുമുന്നണി സമരങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന വികസനം ജനങ്ങളിലേക്കെത്തുന്നതിനു തെളിവാണ് സമരങ്ങള്‍ക്കു ജനപിന്തുണ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിശാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


അഭിന്‍ സൂരിയുടെ ആരോഗ്യനില തൃപ്തികരം


ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് എയിംസ് ആസ്​പത്രിയില്‍ കഴിയുന്ന ഡോ. അഭിന്‍ സൂരിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അഭിന്‍ സൂരിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അഭിന്‍ സൂരിക്ക് മികച്ച ചികിത്സ നല്‍കിയ ഡോ. കപില്‍ദേവ് സോനി, ഡോ. സഞ്ജീവ് ഭോയ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അഭിന്‍ സൂരിയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിച്ചു.

2015, മേയ് 27, ബുധനാഴ്‌ച

വിവാദമല്ല, വ്യവസായമാണ് മലബാര്‍ സിമന്റ്‌സില്‍ വളരുന്നത്


പള്ളിപ്പുറം(ചേര്‍ത്തല): വിവാദമല്ല, വ്യവസായമാണ് മലബാര്‍ സിമന്റ്‌സില്‍ വളരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആധുനികവത്കരിച്ച മലബാര്‍ സിമന്റ്‌സിന്റെ പള്ളിപ്പുറത്തെ സിമന്റ് ഗ്രൈന്‍ഡിങ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

മലബാര്‍ സിമന്റ്‌സിന്റേത് നേട്ടത്തിന്റെ ചരിത്രമാണ്. വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും വ്യവസായ വളര്‍ച്ചയില്‍ ഈ സ്ഥാപനം മുന്നിലാണ്. പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് മലബാര്‍ സിമന്റ്‌സാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ ലാഭം 129 കോടിയുണ്ട്.

ലാഭത്തിനൊപ്പം സുതാര്യതയും സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.
ടെന്‍ഡര്‍, മാര്‍ക്കറ്റിങ് എന്നിവയിലെല്ലാം ഇത് പ്രകടമാണ്. സിമന്റ് വിലവര്‍ധനവിനെതിരേയുള്ള പ്രതിരോധം കൂടിയാണീ സ്ഥാപനം. പൊതുവിപണിയില്‍ 10-15 രൂപ വിലകുറച്ച് സിമന്റ് എത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 26, ചൊവ്വാഴ്ച

ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട്; കോട്ടയത്തിന്റെ വികസനത്തിനായി 15 പദ്ധതികള്‍


കോട്ടയത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘കരുതൽ 2015’ ലെ കനത്ത തിരക്കിനിടയിൽ അപേക്ഷ നൽകിയ യുവതിയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

ജില്ലയുടെ സമഗ്രവികസനത്തിനായി 15 ഇന പദ്ധതികള്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്ന ശുചിത്വ കോട്ടയം പദ്ധതി, തരിശു ഭൂമിരഹിത കോട്ടയം പദ്ധതി, സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കുന്ന ഡിസ്‌കവര്‍ കോട്ടയം, ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട് എന്നിവ ഇതില്‍പ്പെടും.

ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള തുകയില്‍ 50 കോടി രൂപ അനുവദിച്ചതായും തുക സപ്ലൈകോ എം.ഡിക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാകും ശുചിത്വ കോട്ടയം പദ്ധതി നടപ്പിലാക്കുക. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ജൂലൈ നാലിന്  ശുചിത്വദീപം തെളിയിച്ച് പദ്ധതിക്ക്് തുടക്കംകുറിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീര്‍ത്ഥാടക രംഗത്തുള്‍പ്പെടെ ടൂറിസം വികസനം ലക്ഷ്യമാക്കി ഡിസ്‌കവര്‍ കോട്ടയം എന്ന പുതിയ പദ്ധതിക്കു തുടക്കംകുറിക്കും. തീര്‍ഥാടക, പൈതൃക, അഗ്രിഫാം, അഡ്വഞ്ചര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. വൈക്കത്തെ പുതിയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കല്‍ തുടങ്ങി തദ്ദേശവാസികളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന സമഗ്ര ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ്  തരിശുരഹിത ഭൂമി  കോട്ടയം പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ്, ആര്‍.കെ.വി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കും. ഈ മൂന്നു പദ്ധതികളും ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ശുചിത്വ കോട്ടയം പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അിറയിച്ചു.

ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങും. ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് (ടെസില്‍) പ്രവര്‍ത്തിച്ചിരുന്ന 11.25 ഏക്കര്‍ സ്ഥലമുള്‍പ്പെടെ 15.75 ഏക്കര്‍ സ്ഥലത്തായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക.

ദേശീയ ഗെയിംസിലൂടെ രാജ്യത്തിനു മാതൃകയായ കേരളത്തിനു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ചു വര്‍ഷത്തിനകം പൂര്‍ണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ നടപ്പാക്കുന്ന ആകാശപ്പാതയുടെ  നിര്‍മാണം ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള പൈപ്പുപൊട്ടല്‍ പ്രശ്‌നം പരിഹരിക്കാന്‍ 24 ത 7 പദ്ധതി തുടങ്ങും. ജല അതോറിട്ടിയില്‍ ഇതിനായി ആവശ്യമായ മുഴുവന്‍ സമയ സൗകര്യമൊരുക്കും.  

മീനച്ചില്‍ ളാലത്ത് 8.3 ഏക്കര്‍ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ വെറ്ററിനറി പോളി ക്ലിനിക്കുകളും ചങ്ങനാശേരിയില്‍ കേരള സാഹിത്യ സാംസ്‌കാരിക കേന്ദ്രവും പൈതൃകമ്യൂസിയവും സ്ഥാപിക്കാന്‍ നടപടിയായതായി മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. കെ. നാരായണക്കുറുപ്പിന് സ്മാരകമായി സ്‌പോര്‍ട്‌സ് സ്‌കൂളും കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഭരണ ബ്ലോക്കും പേവാര്‍ഡും ഫാമിലി വെല്‍ഫെയര്‍ സ്റ്റോറും ഉടന്‍ തുടങ്ങും.

മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. കോട്ടയം- കഞ്ഞിക്കുഴി റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കും. ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ ജംഗ്ഷില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ പഠനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വനംവകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് പമ്പാവാലി- എരുമേലി മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ഉടന്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

ആരോഗ്യരംഗത്തെ പുരോഗതി നിലനിര്‍ത്താന്‍ കഴിയണം


ആരോഗ്യരംഗത്തു സംസ്‌ഥാനം െകെവരിച്ച പുരോഗതി നിലനിര്‍ത്താന്‍ കഴിയണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിംസ്‌ ഗ്രൂപ്പിനു കീഴില്‍ കുടമാളൂരില്‍ നൂതന സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ആരോഗ്യരംഗവും കേരളത്തിന്‌ രാജ്യാന്തര തലത്തില്‍ പ്രശസ്‌തി നേടിത്തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2015, മേയ് 21, വ്യാഴാഴ്‌ച

കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടും


 കൊച്ചി മെട്രോ കലൂര്‍ മുതല്‍ കാക്കനാട് വരെ നീട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി 2017.16 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവയ്ക്കിടയില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ടാവുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള നിയന്ത്രണത്തിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ എ.ജിയോട് നിയമോപദേശം തേടും.

തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിക്കും. ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്‍ തുറക്കുന്നതിന് ആറു കോടി രൂപ അനുവദിച്ചു. ആലപ്പുഴയിലെ തന്നെ പമ്പിംഗ് സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശികയായ 4.5 കോടി കൊടുക്കാന്‍ തീരുമാനമായി. തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള "ഓപ്പറേഷന്‍ അനന്ത"യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ചെയര്‍മാനും ആരോഗ്യം, റവന്യൂ, പൊതുമരാമത്ത് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. 

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി നിയമസഭ അടുത്ത മാസം എട്ടിന് ചേരണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്കം ഇനിയും ജയിക്കും; തീര്‍ച്ച


 വികസനത്തിന്റെയും കരുതലിന്റെയും വിജയകാഹളവുമായാണ് യു ഡി എഫിന്റെ മൂന്ന് മേഖലാ ജാഥകള്‍ കഴിഞ്ഞദിവസം ആരംഭിച്ചത്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പട്ടികയും പ്രതിപക്ഷ ആരോപണങ്ങളുടെ പൊള്ളത്തരങ്ങളും ജനമനസ്സുകളിലെത്തിക്കുകയാണ് മേഖലാ ജാഥകളുടെ ലക്ഷ്യം.

 യു ഡി എഫ് രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടിയ കാറും കോളും പെട്ടെന്ന് മാഞ്ഞു. തികച്ചും ശാന്തവും പ്രസന്നവുമായ അന്തരീക്ഷത്തിലായിരുന്നു മൂന്നു ജാഥകളുടെയും തുടക്കം. ഐക്യജനാധിപത്യമുന്നണി ശിഥിലമായെന്നും മന്ത്രിസഭ തകര്‍ന്നെന്നും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു യു ഡി എഫിന്റെ പൊടുന്നനെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും ഊര്‍ജ്ജസ്വലമായ തേരോട്ടവും. എല്ലാ തര്‍ക്കങ്ങളോടും വിട ചൊല്ലിക്കൊണ്ടും തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചുകൊണ്ടും അരയും തലയും മുറുക്കി രംഗത്ത് വന്ന അണികളെയാണ് എങ്ങും കാണാനുള്ളത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നാല് പതിറ്റാണ്ടിന്റെ നേട്ടങ്ങളുണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തികഞ്ഞ സംതൃപ്തിയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ് അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയും അഞ്ചാം വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത യു ഡി എഫ് സര്‍ക്കാര്‍ ഒരു ഭരണതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് കച്ചമുറുക്കി അങ്കത്തിനിറങ്ങിയിരിക്കുന്നത്. അധികാരമേറ്റ ആദ്യനാളില്‍ തന്നെ ഒരു രൂപയ്ക്ക് അരി എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കാലതാമസം കൂടാതെ നടപ്പാക്കി യു ഡി എഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിച്ചു. അരി നല്‍കുന്നതില്‍ മാത്രമല്ല നാടിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജയം കൈവരിച്ചു. കൊച്ചി മെട്രോയും, സ്മാര്‍ട്ട്‌സിറ്റിയും വിഴിഞ്ഞം പദ്ധതിയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മികവിന്റെ പൊന്‍തൂവലുകളായി മാറാന്‍ ഇനി മാസങ്ങള്‍ മാത്രം മതി. 

എല്ലാം നശിക്കുകയും നശിപ്പിക്കുകയും ചെയ്ത വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്നും അധികാരം ഏറ്റെടുക്കുമ്പോള്‍ കേരളം ശ്മശാന സമാനമായ അവസ്ഥയിലായിരുന്നു. സി പി എമ്മിനകത്തെ വിഭാഗീയതയുടെ തിക്തഫലങ്ങള്‍ ഏറെയും അനുഭവിച്ചത് കേരളത്തിന്റെ വികസന മേഖലയായിരുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും വ്യവസായ തൊഴിലാളികളും തൊഴിലില്ലാത്ത ദിനങ്ങളുടെ നരകയാതനകള്‍ അനുഭവിച്ച ആ കാലം ആര്‍ക്കും മറക്കാനാവില്ല. കേരളത്തിന്റെ ഉല്‍പാദന- ഉപഭോഗ പ്രത്യേകത കൊണ്ടു മുതല്‍ മുടക്കാന്‍ സന്നദ്ധരായെത്തുന്ന സംരംഭകരെ കുത്തുപാളയെടുപ്പിച്ചു അടിച്ചോടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തൊഴില്‍ നയം അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിച്ചു. 

ഓടിപ്പോയ സംരംഭകരെ തിരികെ കൊണ്ടുവന്നു കേരളത്തിന്റെ വ്യവസായ മേഖല സംരക്ഷിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ച പ്രതിബദ്ധത ഇക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്.  ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെ നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ഏറെ ശ്രദ്ധേയമായി. ചികിത്സാ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്ന പാവങ്ങളെ സഹായിക്കാന്‍ നടപ്പാക്കിയ കാരുണ്യ പദ്ധതി മികച്ച ഫലങ്ങളുളവാക്കുകയും പതിനായിരങ്ങള്‍ക്ക് സാന്ത്വനമാവുകയും ചെയ്തു. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയില്‍ നാല് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ സാധിച്ചത് ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മഹനീയ നേട്ടങ്ങളാണ്. 

വിവാദഭരിതമായിരുന്നുവെങ്കിലും സാമൂഹിക നന്മയെ ലക്ഷ്യം വെച്ചുള്ള മദ്യനയം നടപ്പാക്കിയതും യു ഡി എഫ് സര്‍ക്കാരിന്റെ ശ്ലാഘനീയമായ നടപടിയാണ്. നിര്‍ദ്ദിഷ്ട ഐ ഐ ടി, സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവ യു ഡി എഫിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന ചിഹ്നങ്ങളാണ്. കാര്‍ഷിക മേഖലകളിലും ഉണര്‍വിന്റെ നാളുകളാണ് യു ഡി എഫ് സമ്മാനിച്ചത്. ഏത് മുന്നണിയില്‍ ആര് ആഭ്യന്തര വകുപ്പ് മന്ത്രിയായാലും കുരിശേന്തുന്നതിന് തുല്യമായിരുന്നത്. കല്ലേറേല്‍ക്കാത്ത ഒരു പൊലീസ് മന്ത്രിയും കേരളത്തിലുണ്ടായിട്ടില്ല. സശ്രദ്ധവും സുരക്ഷിതവുമായ പൊലീസ് നയത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ മുക്തകണ്ഠ പ്രശംസ പിടിച്ചെടുത്തു. വിജിലന്റ് കേരള, ഓപ്പറേഷന്‍ സുരക്ഷ, സ്ത്രീ സുരക്ഷ, ഓപ്പറേഷന്‍ കുബേര, ലഹരി മുക്ത വിദ്യാലയം തുടങ്ങിയ ആഭ്യന്തരവകുപ്പിന്റെ ഭാവനാ പൂര്‍ണമായ പദ്ധതികള്‍ പൊലീസിന് ഒരു സാമൂഹിക പ്രതിബദ്ധതാ പരിവേഷം സൃഷ്ടിച്ചു. 

എണ്ണിപ്പറയാന്‍ നേട്ടങ്ങള്‍ ഇനിയുമുണ്ട്. പിന്നിട്ട നാളുകളിലെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ ഊര്‍ജ്ജമാക്കിക്കൊണ്ട് വരാനിരിക്കുന്ന ഒരു വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് ജനങ്ങളുടെ അംഗീകാരത്തിനും അനുഗ്രഹത്തിനും വേണ്ടി കൈനീട്ടുകയാണ്. അനാവശ്യമായ വിവാദങ്ങളെയും ആരോപണങ്ങളെയും ജനസമക്ഷം തുറന്നുകാട്ടി യഥാര്‍ത്ഥ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാനും ജനങ്ങളെ ബോധ്യപ്പെടുത്താനും സാധിച്ചാല്‍ യു ഡി എഫ് ഒന്നല്ല; നിരവധി അങ്കങ്ങള്‍ ഇനിയും ജയിക്കും തീര്‍ച്ച.

ലൈറ്റ് മെട്രോ: ജൈക്കയില്‍നിന്ന് വായ്പ ഉറപ്പായി



 തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ (ജൈക്ക) നിന്ന് വായ്പ ഉറപ്പായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബുധനാഴ്ച ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഡല്‍ഹിയില്‍ ജൈക്ക പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് വായ്പ സംബന്ധിച്ച് ഉറപ്പുലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച വിഴിഞ്ഞം തുറമുഖം-ലൈറ്റ്‌ െമട്രോ ജനകീയ സഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈറ്റ് മെട്രോ പദ്ധതിച്ചെലവിന്റെ 80 ശതമാനം തുകയാണ് അരശതമാനം പലിശയ്ക്ക് ജൈക്കയില്‍നിന്ന് വായ്പയായി ലഭിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായധനത്തിന്റെ കാര്യംകൂടി ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കൂട്ടായ്മ ആവശ്യമാണ്. ലൈറ്റ്‌മെട്രോ പദ്ധതിയും വിഴിഞ്ഞം തുറമുഖ പദ്ധതിയും അനാവശ്യ വിവാദങ്ങളില്‍പ്പെട്ട് തടസപ്പെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ 25 വര്‍ഷം മുമ്പെങ്കിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമായിരുന്നു. വിഴിഞ്ഞം തുറമുഖം ഇനിയും വൈകിച്ചാല്‍ വരും തലമുറ മാപ്പുനല്‍കില്ല-മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 19, ചൊവ്വാഴ്ച

അദാനിയെ കൊണ്ടുവന്നത് ഇടതുമുന്നണി



വിഴിഞ്ഞം പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിനെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത് മുന്‍ ഇടതുമുന്നണി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദാനി ഗ്രൂപ്പുമായി മുന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയും ചെയ്തു. അദാനി ഗ്രൂപ്പിനെ അംഗീകരിച്ചു കൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ ചെയ്തിട്ടാണ് ടെന്‍ഡറിലൂടെ അവര്‍ വന്ന് കരാര്‍ നല്‍കാറായപ്പോള്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് ഇടതുപക്ഷം ആലോചിക്കുന്നത്. യു.ഡി.എഫിന്റെ തെക്കന്‍ മേഖലാജാഥ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ സ്ഥലക്കച്ചവടം നടത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്ബില്ല. 600 കോടിയില്‍ താഴെമാത്രം വിലവരുന്ന ഭൂമിയാണ് വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത് നല്‍കുന്നത്. പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയാണ് ഇടതുനേതാക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് തന്നെ ഏതാണ്ട് അത്രയും തുകയേ വരൂ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏറ്റവും സുതാര്യമായാണ് ചെയ്യുന്നത്. വിവാദങ്ങളില്‍ കുടുക്കി സര്‍ക്കാരിനെ പിടിച്ചുകെട്ടാമെന്ന് ആരും കരുതേണ്ട- അദ്ദേഹം പറഞ്ഞു.

70 കളിലെ ഇടുക്കി പദ്ധതിയും 90 കളിലെ നെടുമ്പാശ്ശേരി വിമാനത്താവളവുമാണ് കേരളത്തില്‍ നടപ്പായ പ്രധാന രണ്ട് സംരംഭങ്ങള്‍. എന്നാല്‍ അതിന് ശേഷം കാര്യമായ ഒരു പദ്ധതിയും നേടാന്‍ സംസ്ഥാനത്തിനായില്ല. കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ അടക്കം നാല് വര്‍ഷംകൊണ്ട് നേടാന്‍ നമുക്കാകുന്നത് ഒത്തൊരുമകൊണ്ടാണ്. വലിയ വികസന പദ്ധതികള്‍ക്കൊപ്പം ആശ്രയ പദ്ധതിയടക്കം നിരവധി ക്ഷേമ നടപടികളും സര്‍ക്കാര്‍ നടപ്പാക്കി. 

സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറ്റവും സമഗ്രമായി അന്വേഷിക്കുന്നതിനും നടപടി സ്വീകരിച്ചു. എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ തെളിവ് സംഘടിപ്പിച്ചു കൊടുക്കണമെന്ന് പറഞ്ഞാല്‍ എന്തുചെയ്യും ? സോളാര്‍ കേസിലടക്കം ഒരു തെളിവും നല്‍കാന്‍ അവര്‍ക്കായില്ല. മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ സ്ഥിതിയും ഇതുതന്നെ-അദ്ദേഹം പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. എല്ലാം തികഞ്ഞുവെന്ന അവകാശവാദമില്ല. ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നത് അടക്കമുള്ള പോരായ്മകള്‍ പരിഹരിക്കും. സാമ്ബത്തിക വളര്‍ച്ചയില്‍ കേരളം ദേശീയ ശരാശരിക്ക് മുകളിലാണ്. അടിയന്തര സഹായംവേണ്ട ആളുകളെ അവഗണിച്ച്‌ മുന്നോട്ടുപോകാവില്ല. ആര്‍ക്കും എതിരായ ജാഥയല്ല ഇതെന്നും, വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനപിന്തുണ നേടാനുമാണ് മേഖലാ ജാഥകള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രനെ മുഖ്യമന്ത്രി ഷാള്‍ അണിയിച്ചു. വടക്കന്‍ മേഖലാജാഥ വൈകീട്ട് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.

യു ഡി എഫ് ഒറ്റക്കെട്ട്, കാലാവധി പൂര്‍ത്തിയാക്കും

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

യു ഡി എഫ് മന്ത്രിസഭാ ടീം ഒറ്റക്കെട്ടാണെന്നും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നതില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഹമന്ത്രിമാരും എം എല്‍ എമാരും യു ഡി എഫ് നേതാക്കള്‍ അടക്കം നൂറു കണക്കിനാളുകളും തിങ്ങി നിറഞ്ഞ കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ പാഠപുസ്തകം, മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികള്‍ക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു.

സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന നേട്ടം മാത്രമാണ് ഈ സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. അത് ജനാധിപത്യ രീതിയില്‍ പരിഹരിക്കും. ജനപിന്തുണയും മുന്നണിയുടെ കെട്ടുറപ്പുമാണ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പറയാനുള്ള ആത്മവിശ്വാസം തരുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് എം എല്‍ എ മാരുടെ ഭൂരിപക്ഷവുമായി അധികാരമേറ്റെങ്കിലും അതേക്കുറിച്ച് പിന്നീട് ആലോചിക്കേണ്ടി വരാതിരുന്നത് സര്‍ക്കാരിന് ലഭിച്ച ജനപിന്തുണമൂലമാണ്. വിവാദങ്ങളല്ല, അന്തിമഫലമാണ് വേണ്ടത്. സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ മൂന്നു കൊല്ലമായി ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.

ലോകത്ത് എവിടെ ആഭ്യന്തര കലാപമോ യുദ്ധമോ ഉണ്ടായാലും മലായാളിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ ഒരു മലയാളിയും കേരളത്തിന് പുറത്ത് ജോലിതേടി പോകേണ്ടിവരില്ല. സര്‍ക്കാര്‍ ഇതിനോകം പ്രഖ്യാപിച്ച വികസനപദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കുകയാണ് അടുത്ത വര്‍ഷത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍ഷുറന്‍സും ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്കുന്ന പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞവര്‍ നിരാശരായിരിക്കുകയാണെന്ന് മന്ത്രി കെ. എം മാണി പറഞ്ഞു. മന്ത്രിസഭായില്‍ തര്‍ക്കങ്ങളും അപ ശബ്ദങ്ങളുമില്ലെന്നതാണ് സര്‍ക്കാരിന്റെ നേട്ടം. കൃഷിക്കാരെയും സാധാരണക്കാരെയും പരിഗണിക്കാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നാട്ടിലില്ലാത്ത പ്രധാനമന്ത്രിയായി മാറിയിരിക്കുകായണെന്നും മാണി പറഞ്ഞു.

വേനല്‍മഴയുടെ കാര്‍മേഘം ഒഴിഞ്ഞെന്നും അന്തരീക്ഷം തെളിഞ്ഞുകഴിഞ്ഞെന്നും കരുത്തനായ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, കെ. പി മോഹനന്‍, തുടങ്ങിയവരും സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖര്‍ എന്നിവരും വേദിയുണ്ടായിരുന്നു. കെ പി സി സിഅധ്യക്ഷന്‍ വി എം സുധീരനും യു ഡി എഫ് എം എല്‍ എമാര്‍ അടക്കമുള്ള നേതാക്കളും വാര്‍ഷികാഘോഷങ്ങള്‍ക്ക് സാക്ഷിയായി. സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രത്യേക പ്രസിദ്ധീകരണങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.




അന്ധവിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു സയന്‍സ് പഠനം ലഭ്യമാക്കും



തിരുവനന്തപുരം: അന്ധവിദ്യാര്‍ഥികള്‍ക്കും ഹയര്‍സെക്കന്ററി തലത്തില്‍ സയന്‍സ് പഠനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തിരുവനന്തപുരത്ത് ജവഹര്‍ബാലജനവേദി സംഘടിപ്പിച്ച ഒമ്പതാം വാര്‍ഷികാഘോഷവും പുരസ്‌കാരസമര്‍പ്പണവും ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു. ഇതു സംബദ്ധിച്ച നിര്‍ദ്ദേശം ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. അന്ധ വിദ്യാര്‍ഥികള്‍ക്കും പ്രാക്ടിക്കല്‍ ചെയ്യാന്‍ കഴിയില്ല എന്ന കാരണം പറഞ്ഞാണ് സയന്‍സ് ഗ്രൂപ്പില്‍ പഠിക്കാനുള്ള അവസരം നിഷേധിച്ചിരുന്നത്.

ഇത്തരം വിഷയങ്ങള്‍ക്കും പരിഹാരം കാണും. സഹജീവികളോടും രാജ്യത്തോടും കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ജവഹര്‍ ബാലജനവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അന്ധവിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജവഹര്‍ ബാലജനവേദി മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസമന്ത്രിക്കും ബാലാവകാശകമ്മീഷനും പരാതികള്‍ സമര്‍പ്പിച്ചിരുന്നു. 

ഈ സര്‍ക്കാര്‍ കൂടെയുണ്ട് എപ്പോഴും


 ഏറ്റവും പ്രയാസമേറിയ സന്ദര്‍ഭങ്ങള്‍  നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ജീവന്‍പോലും തുലാസില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍.  അപ്പോഴൊക്കെ നാം സഹായത്തിനുവേണ്ടി ചുറ്റും നോക്കും. അഞ്ചാം വയസിലേക്കു കടക്കുന്ന ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്, ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ സര്‍ക്കാര്‍ താങ്ങും തണലുമായി അവിടെ ഉണ്ടായിരുന്നു എന്നതാണ്. ജനങ്ങള്‍ എപ്പോഴൊക്കെ ഒരു സര്‍ക്കാരിന്റെ സാമിപ്യം ആഗ്രഹിച്ചുവോ, അപ്പോഴൊക്കെ അവിടെ എത്താന്‍  സാധിച്ചു. വിദേശത്ത് യുദ്ധത്തിനിടയിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും അകപ്പെട്ട മലയാളികളുടെ ജീവനുപോലും വെല്ലുവിളി ഉയര്‍ന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരെത്തി. ഇറാക്ക്, ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധം ഉണ്ടായപ്പോഴും സൗദി അറേബ്യയില്‍ നിതാഖാത്ത് ഏര്‍പ്പെടുത്തിയപ്പോഴും നേപ്പാളില്‍ ഭൂമി കുലുക്കം ഉണ്ടായപ്പോഴും ഈ സര്‍ക്കാരിന്റെ സഹായഹസ്തം നീണ്ടു. 

പാവങ്ങളിലേക്ക്

ഒരു തുറന്ന പ്രദേശത്തു നില്ക്കുന്ന ഒറ്റയാന്‍ മരംപോലെയാണ് സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതം. കാറ്റോ, മഴയോ, മിന്നലോ ഉണ്ടായാല്‍ മരംനിലംപൊത്തും. എന്നാല്‍  ഈ വിഭാഗത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ട്.  ജനസമ്പര്‍ക്ക പരിപാടി, കാരുണ്യ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയ നിരവധി പരിപാടികളിലൂടെ പാവപ്പെട്ടവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൂടെ നിന്നു. മേയ് 15 വരെ 86,876 പേര്‍ക്ക് 701 കോടി രൂപയുടെ കാരുണ്യ ഫണ്ടും   മേയ് രണ്ടു വരെ  452 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും വിതരണം ചെയ്തു. നേരത്ത നടന്ന രണ്ടു ജനസമ്പര്‍ക്ക പരിപാടികളില്‍ 76 കോടി രൂപ നല്കി. ഈ മൂന്നിനങ്ങളില്‍ മാത്രം 1229 കോടി രൂപ പാവപ്പെട്ടവരിലെത്തി.  മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടി എട്ടു ജില്ലകളില്‍ പൂര്‍ത്തിയായി. ഒരു രൂപ അരിക്ക് ഒരു വര്‍ഷം 700 കോടി രൂപ സബ്‌സിഡി നല്കുന്നു. ഒരു രൂപയ്ക്ക് അരി നല്കുമെന്നു പറഞ്ഞ് യുഡിഎഫ് അധികാരത്തിലേറി നൂറു ദിവസത്തിനുള്ളില്‍ അതു നടപ്പാക്കി. ഇടതുസര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയിട്ട് നാലു വര്‍ഷം കഴിഞ്ഞ് നടപ്പാക്കി.  ലോട്ടറി മാഫിയ മുമ്പ് കടത്തിക്കൊണ്ടു പോയ  കോടികളാണ് ഇപ്പോള്‍  പാവപ്പെട്ടവരിലേക്ക് എത്തിയത്.  നമ്മുടെ സമ്പത്തിന്റെ ഒരംശം അവര്‍ക്കു നല്കുന്നതില്‍  എന്താണു തെറ്റ്?

പദ്ധതികള്‍ നടക്കും

ക്ഷേമപ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്നു വികസനപ്രവര്‍ത്തനങ്ങളും. നമ്മുടെ നാടിനെക്കുറിച്ച് പൊതുവെ പറഞ്ഞു കേള്‍ക്കാറുള്ള ഒരു ആക്ഷേപം കേരളത്തില്‍ ഒരു കാര്യവും നടക്കില്ല എന്നാണ്. ഇടുക്കി അണക്കെട്ടിനും (1973) നെടുമ്പാശേരി വിമാനത്താവളത്തിനും (1999) ശേഷം കേരളത്തില്‍ വന്‍കിട പദ്ധതികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ കുരുക്കുകള്‍ ഓരോന്നോരോന്ന് അഴിച്ചുമാറ്റി, പ്രതിസന്ധികളെ ഒന്നൊന്നായി മറികടന്ന്  ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്‌നപദ്ധതികളെല്ലാം കരയ്ക്കടുപ്പിച്ചു. കൊച്ചി മെട്രോ 2016 ജൂണിലും സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം ഈ വരുന്ന ജൂണിലും നടപ്പാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം ഈ ഡിസംബര്‍ 31നു പറന്നിറങ്ങും.  വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന ഘട്ടമെത്തിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം  തിരുവനന്തപുരം ബൈപാസിലെ  കരമന- കളയിക്കാവിള റോഡിന്റെ വീതി കൂട്ടുന്നു.    കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകള്‍, കഴക്കൂട്ടം- മുക്കോല  ബൈപാസ് എന്നിവയും പതിറ്റാണ്ടുകള്‍ക്കുശേഷം നടപ്പാകുന്നു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ഇനിയാരും പറയില്ല. 

യുവശാക്തീകരണം

യുവാക്കളെ നാടിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാക്കി എന്നതാണ് എനിക്ക് തൃപ്തി നല്കിയ മറ്റൊരു കാര്യം. വിദ്യാര്‍ത്ഥി സംരംഭകത്വ നയത്തിനും  തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കും രൂപം കൊടുത്തു. സ്റ്റാര്‍ട്ടപ്പിലേക്ക്  മൂവായിരത്തോളം ആശയങ്ങളുമായി കുട്ടികള്‍ രംഗത്തുവന്നു. ഇവരില്‍  900 പേര്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ നൂതനപദ്ധതി ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടു. യുവസംരംഭകര്‍ക്ക് 20 ലക്ഷം രൂപ പലിശരഹിത വായ്പ നല്കുന്ന പദ്ധതിയും വന്‍വിജയമായി. സര്‍ക്കാര്‍ ജോലിക്കും വിദേശജോലിക്കും അപ്പുറത്ത് പുതിയൊരു ആകാശമുണ്ടെന്ന് യുവാക്കള്‍ കണ്ടെത്തി. കര്‍ഷകര്‍ ഏറെക്കാലമായി കാത്തിരുന്ന നീര ഉല്പന്നം വിപണിയില്‍ ഇറങ്ങിയത് വലിയൊരു കാല്‍വയ്പാണ്. നീരയിലൂടെ ഒരു തെങ്ങില്‍ നിന്ന് 900 രൂപ മുതല്‍ 3000 രൂപവരെ പ്രതിമാസം ആദായം വര്‍ധിക്കും.  മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം 2005ല്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച വിഷന്‍ 2010ലെ ഒരു പദ്ധതിയായിരുന്നു ഇത്.  നീര ചെത്തുന്നതിന് 112 വര്‍ഷം പഴക്കമുള്ള അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.  കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ആദ്യമായി 2012-13ല്‍ 5.62[%] വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു.  അതേസമയം, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ രാജ്യത്ത് കേരളം റിക്കാര്‍ഡിട്ടു. വ്യവസായ മേഖലയില്‍ ഇത്തരം സംരംഭങ്ങള്‍ക്കാണ് കേരളത്തില്‍ സാധ്യത കൂടുതല്‍ എന്നു കണ്ടെത്തി പ്രാധാന്യം കൊടുത്തപ്പോഴാണ് ഈ നേട്ടം കൈവരിക്കാനായത്. 

ഡിജിറ്റല്‍ കേരള

കംപ്യൂട്ടര്‍ അടിച്ചുപൊളിച്ചതിനു പിന്നാലെയാണ് രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്ക് എന്നറിയപ്പെടുന്ന ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത്. ഒരു സ്മാട്ട് സിറ്റി സ്ഥാപിക്കാന്‍ ഒരു പതിറ്റാണ്ടിന്റെ യുദ്ധംതന്നെ വേണ്ടിവന്നു. ടെക്‌നോപാര്‍ക്ക് സ്ഥാപിച്ച്  25 വര്‍ഷം കഴിഞ്ഞപ്പോഴാണ്  കേരളം ഐടിയില്‍  ഉയര്‍ത്തെഴുന്നേല്ക്കുന്നത്. ടിസിഎസിന്റെ ഗ്ലോബല്‍ ട്രെയിനിംഗ് സെന്ററിന്റെ പണി 3,600 കോടി രൂപ ചെലവില്‍ ആരംഭിച്ചു.  ഇന്‍ഫോസിസിന്റെ രണ്ടാം കാമ്പസ്,  ഒറാക്കിള്‍, ടോറസ്, സണ്‍ടെക്, ട്രിപ്പിള്‍ ഐടിഎംകെ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ടെക്‌നോപാര്‍ക്കില്‍ എത്തിയിരിക്കുന്നു. കോഗ്നിസന്റ്, യുഎസ് ടെക്‌നോളജീസ്, ട്രാന്‍സ് ഏഷ്യ തുടങ്ങിയ പ്രമുഖ കമ്പനികളുമായി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ടവും ആരംഭിച്ചു. കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഉള്‍പ്പെടെ വെറേയും സ്ഥാപങ്ങള്‍.  ജൂണില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇ ഡിസ്ട്രിക്ട് ആയി. റവന്യൂ വകുപ്പില്‍ മാത്രം 24 ഇനം സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. മെയ് 11 വരെ ലഭിച്ച 1.29കോടി അപേക്ഷകളില്‍ 1.14 കോടി സര്‍ട്ടിഫിക്കറ്റുകള്‍  ഓണ്‍ലൈനില്‍ നല്കി. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി ഉടനേ ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ മുതല്‍ ഭരണസിരാകേന്ദ്രം വരെ കടലാസുരഹിത ഓഫീസുകളായി മാറുന്നു. 
35 വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ പുതിയ നാലു മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നത്. രാജ്യത്ത് ഇതാദ്യമായി പട്ടികജാതി വിഭാഗത്തിന് പാലക്കാട്ട്  മെഡിക്കല്‍ കോളജ് ആരംഭിച്ചു. ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തമുള്ള പുതിയ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്നതാണ് ലക്ഷ്യം. കൂടാതെ 711 ഇനം മരുന്നുകള്‍  സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.  കാരുണ്യ ഫാര്‍മസികള്‍ വ്യാപകമായി തുറന്നു. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി, പാവപ്പെട്ട മുഴുവന്‍  കാന്‍സര്‍ രോഗികള്‍ക്കും മാസം 1000 രൂപ പെന്‍ഷന്‍, സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ തുടങ്ങിയ നിരവധി പദ്ധതികളാണ്  നടപ്പാക്കിയത്. പാവപ്പെട്ടവരുടെ ചികിത്സ സൗജന്യമാക്കുകയാണ്  സര്‍ക്കാരിന്റെ ലക്ഷ്യം. 

സാമൂഹിക ശാക്തീകരണം

ഏറ്റവും കൂടിയ മദ്യപാനനിരക്ക്, ഏറ്റവും കൂടിയ അപകടനിരക്ക്, ഏറ്റവും കൂടിയ ആത്മഹത്യാനിരക്ക്, ഏറ്റവും കൂടിയ കുറ്റകൃത്യനിരക്ക്  തുടങ്ങിയവ ദൈവത്തിന്റെ നാടിന് നാണക്കേടായി. മിക്ക വിപത്തുകളുടെയും അടിസ്ഥാനം മദ്യമാണ്. അതുകൊണ്ടാണ് ഈ വിപത്തിന്റെ കൊമ്പിനു തന്നെ പിടിച്ചത്. 730 ബാറുകള്‍ പൂട്ടുകയും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്ന  നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ബാറുകള്‍ പൂട്ടിയതോടെ കുറ്റകൃത്യനിരക്കിലും ഗാര്‍ഹിക പീഡനങ്ങളിലും അപകടനിരക്കിലും ആത്മഹത്യാനിരക്കിലുമൊക്കെ വലിയ കുറവുണ്ടായി. വിദേശമദ്യ ഉപഭോഗം  24 ശതമാനം കുറഞ്ഞു. 2013ല്‍ 4,258  പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചപ്പോള്‍ 2014ല്‍ അത് 4,049 പേരായി കുറഞ്ഞു. പലിശക്കാര്‍ക്കെതിരേ നടന്ന ഓപ്പറേഷന്‍ കുബേര, സ്ഥിരം കുറ്റവാളികള്‍ക്കെതിരേ നടന്ന ഓപ്പറേഷന്‍ സുരക്ഷ നടപടികളും   കുറ്റകൃത്യം കുറച്ചു. 
ഐഐടി, സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവ ഉന്നതവിദ്യാഭ്യാസ രംഗത്തും കുടുംബശ്രീ, ഷീ ടാക്‌സി, നിര്‍ഭയ ഷെല്‍ട്ടര്‍ തുടങ്ങിയവ സ്ത്രീശാക്തീകരണ രംഗത്തും ശ്രദ്ധേയമായി. 82 ലക്ഷം സ്ത്രീകളെ റേഷന്‍ കാര്‍ഡ് ഉടമകളാക്കി. 36,491 പേര്‍ക്ക് മൂന്നു സെന്റു വീതം ഭൂമി നല്‍കി. മൂലമ്പിള്ളി പാക്കേജ്, ആദിവാസി പാക്കേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ്, കെഎസ്ആര്‍ടിസി പാക്കേജ്, അധ്യാപക പാക്കേജ് എന്നിവയിലൂടെ അവരുടെ  പ്രശ്‌നങ്ങള്‍ പരിഹരിച്ചു. വയനാട് ജില്ലയില്‍ മാത്രം ആദിവാസികള്‍ക്ക് 13,662 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. 84 സമുദായങ്ങള്‍ ഉള്‍പ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി പിന്നാക്ക വികസന വകുപ്പ് രൂപീകരിച്ചു.  മുന്നാക്കക്കാരിലെ പിന്നാക്കവിഭാഗങ്ങള്‍ക്കുവേണ്ടി മുന്നാക്ക വികസന കമ്മീഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും നിലവില്‍ വന്നു. 

പ്രവാസികളോടൊപ്പം

ഒരു ലക്ഷം കോടി രൂപ പ്രതിവര്‍ഷം അയച്ചുതരുന്ന പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല്. കേരളത്തെ പോസിറ്റീവായി സ്വാധീനിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. പ്രവാസികള്‍ ശ്രദ്ധിക്കപ്പെടേണ്ട സമൂഹമാണെന്നു ഈ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. നിരവധി സംഘര്‍ഷമേഖലകളില്‍ നിന്ന് മലയാളികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടു വന്നു. വിദേശത്തേക്കുള്ള വ്യാജറിക്രൂട്ട്‌മെന്റ് തടഞ്ഞു. നോര്‍ക്ക മന്ത്രിയുടെ കാരുണ്യ- സാന്ത്വന സഹായ പദ്ധതിയിലൂടെ 10 കോടി രൂപ വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചു കഴിഞ്ഞു. 

സാമ്പത്തിക വളര്‍ച്ച

സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളുടെ പ്രതിഫലനം സാമ്പത്തികരംഗത്ത് ഉണ്ടായി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനും പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതോതിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 
2010-11 ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 13.7[%] (ഇന്ത്യ: 18.66[%]), 
2011-12ല്‍ കേരളം 16.73[%] (ഇന്ത്യ: 15.7[%]) 
2012-13ല്‍ കേരളം 13.46[%] (ഇന്ത്യ: 11.88[%]), 
2013-14ല്‍ കേരളം 15.35 (ഇന്ത്യ: 11.54[%]). 

ആരോപണങ്ങള്‍

പ്രീതിയോ ഭീതിയോ ഇല്ലാതെ നിയമവാഴ്ച നടപ്പാക്കുമ്പോഴാണ്  സര്‍ക്കാര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍പോലും ഇതില്‍ കടുകിടെ വ്യതിചലിച്ചിട്ടില്ല. സോളാര്‍, ദേശീയഗെയിംസ്, ബാര്‍ എന്നിവയാണ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയപ്പോള്‍ കമ്മീഷന് പലരേയും നോട്ടീസ് അയച്ച് വിളിച്ചുവരുത്തി തെളിവെടുക്കേണ്ടി വന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചവര്‍ പോലും അതു മറന്നു. ഗംഭീരമായി നടത്തിയ ദേശീയ ഗെയിംസില്‍ ചെളിയെറിഞ്ഞതു മിച്ചം. ബാര്‍ കോഴ കേസ് ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നു. ആരോപണം ഉയര്‍ന്നാല്‍ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകും. പക്ഷേ, തെളിവുകള്‍ കൂടി സര്‍ക്കാര്‍ ഉണ്ടാക്കണമെന്നു പറയുന്നതിന് ന്യായീകരണമില്ല.  അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ കെട്ടിയിടാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തുമില്ല. 

ഭാവിയിലേക്ക്

ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ടംഗങ്ങളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല. ഭൂരിപക്ഷമല്ല, ഇച്ഛാശക്തിയാണ് പ്രധാനം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. ജനങ്ങള്‍ക്കു വേണ്ടത്  വിവാദങ്ങളല്ല, റിസള്‍ട്ടാണ്.   അതിന് ഈ സര്‍ക്കാരിനു കഴിയുമെന്നു തെളിയിച്ചു.  അത് കേരളം വിലയിരുത്തും. ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ കൂടുതല്‍ വികസനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് മുന്നേറുക തന്നെ ചെയ്യും. 

2015, മേയ് 18, തിങ്കളാഴ്‌ച

മുഖ്യമന്ത്രിയായി അഞ്ചു വർഷം തികയ്ക്കുമെന്ന് ഉറപ്പില്ല


 മുഖ്യമന്ത്രിയായി അഞ്ചുവർഷം തികയ്ക്കുമെന്ന് ഉറപ്പില്ലെന്ന് ഉമ്മൻചാണ്ടി. എന്നാൽ യുഡിഎഫ് സർക്കാർ അഞ്ചുവർഷം തികയ്ക്കുമെന്ന് ഉറപ്പാണ്. കോൺഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ കെടുത്തിയോയെന്ന് ജനം തീരുമാനിക്കട്ടെ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഭരണത്തിനുള്ള വിലയിരുത്തലാകും. സർക്കാരിന്റെ കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനത്തിൽ‌ പൂർണ തൃപ്തിയുണ്ടെന്നും ഉമ്മൻ ചാണ്ടി.

അഴിമതിയ്ക്കെതിരെ എ.കെ.ആന്റണി പറഞ്ഞതിൽ തെറ്റില്ലെന്നും ജാഗ്രത പുലർത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അഴിമതിയെ കുറിച്ച് ആന്റണി പറഞ്ഞതിനെ മറ്റുപലതുമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. ആന്റണിയുടെ കാലത്ത് അഴിമതി നടന്നുവെന്ന് കരുതുന്നില്ല. അഴിമതിക്കെതിരെ വിരൽ ചൂണ്ടാൻ ഏറ്റവും അർഹതയുള്ള നേതാവാണ് അദ്ദേഹമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്ന സെമിനാറിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുയവെ മുഖ്യമന്ത്രി വ്യക്തമാക്കി. സർവീസ് സംഘടനകളുടെ യോഗത്തിൽവച്ചാണ് ആന്റണി അഴിമതിയെക്കുറിച്ച് പരാമർശം നടത്തിയത്.

അഴിമതിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ആന്റണി അങ്ങനെ പറഞ്ഞത്. സതീശന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. വിവാദപരമായ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല. തന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ പൂർണ പിന്തുണയാണ് ലഭിക്കുന്നത്. ഞാൻ എല്ലാം തികഞ്ഞ ആളാണെന്ന് പറയുന്നില്ല. എല്ലാവരുടെയും സഹകരണം കൊണ്ടാണ് 4 വർഷം പൂർത്തിയാക്കിയത് ഇതിൽ ഒരു മാജിക്കും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്, എന്നാൽ അത് വിലപോവില്ല. അടിസ്ഥാന സൗകര്യത്തിന് സർക്കാരിന്റെ പണം മാത്രമെന്ന കാഴ്ചപ്പാട് മാറണം. വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികൾ ഇനിയും കൊണ്ടുവരാൻ സാധിക്കും. വിഴിഞ്ഞം പദ്ധതിയിൽ എല്ലാം സുതാര്യമായാണ് നടന്നത്. എല്ലാകാര്യങ്ങളും ക്യാബിനറ്റ് ചർച്ചചെയ്യും. എല്ലാവശവും നോക്കിയെ അവസാന തീരുമാനം ഉണ്ടാകു. അതുകാര്യവും ആരുമായും ചർച്ചചെയ്യാൻ തയാറണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

പി.സി. ജോർജുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. എല്ലാവരും തനിക്ക് വേണ്ടപ്പെട്ടവരാണ്. ഒരാളെയും തള്ളിപ്പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് യുഡിഎഫിൽ ഉണ്ട്. കേരള കോൺഗ്രസിൽ ഉള്ളവരും യു‍ഡിഎഫിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പിസിയെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. പാർട്ടിയാണ് തീരുമാനമെടുക്കുക. അദ്ദേഹത്തിന് എല്ലാ പരിഗണനയും കൊടുത്തിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണത്തുടര്‍ച്ച നിശ്ചയം


സര്‍ക്കാറിന്റെ നാലാം വാര്‍ഷികം പ്രമാണിച്ചുള്ള അഭിമുഖങ്ങള്‍ക്ക് തിരക്കുകാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമയം കണ്ടെത്തിയത് യാത്രയിലാണ്. കോട്ടയത്തുനിന്ന് ഒരു പത്രത്തിന്റെ ലേഖകനെ കൊട്ടാരക്കരവരെ ഒപ്പംകൂട്ടി സംസാരിച്ചു. അദ്ദേഹത്തെ അവിടെയിറക്കി 'മാതൃഭൂമി' ലേഖകൻ  അനീഷ് ജേക്കബിനെ തിരുവനന്തപുരത്തേക്കു കൂട്ടി. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍നിന്ന്: 

''കേരളത്തെക്കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട്. മൂന്നു കാര്യങ്ങളാണതിലുള്ളത്. 
1. വിദ്യാഭ്യാസരംഗത്ത് കേരളത്തെ അന്താരാഷ്ട്രകേന്ദ്രമാക്കി മാറ്റുക. 
2. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുക. 
3. ചുവപ്പുനാടയില്‍നിന്നുള്ള മോചനത്തിനും നടപടികള്‍ വേഗത്തിലാക്കാനും ഇഗവേണന്‍സ് സംവിധാനം എല്ലാത്തലത്തിലും കൊണ്ടുവരിക'' അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണത്തുടര്‍ച്ച നഷ്ടപ്പെടുന്ന പതിവാണുള്ളത്. അജന്‍ഡകള്‍ വരുംസര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്നുണ്ടോ?

യു.ഡി.എഫ്. സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനവും പ്രതിപക്ഷനിലപാടും വിലയിരുത്തുന്ന ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. കേരളം എത്ര അനുഗ്രഹിക്കപ്പെട്ട നാടാണ്. സംസ്ഥാനമാകെതന്നെ ഒരു വിനോദസഞ്ചാകേന്ദ്രമാണ്. 365 ദിവസവും ഒരേ വേഷംതന്നെ ധരിച്ച് നമുക്കു ജീവിക്കാം. നെടുനീളെയുള്ള തീരദേശം, അക്ഷയഖനിയായി അറേബ്യന്‍ കടല്‍, വിദ്യാഭ്യാസമുള്ള ജനങ്ങള്‍. എന്നാല്‍ എത്രയോ അവസരങ്ങള്‍ നാം കളഞ്ഞുകുളിച്ചു. വികസനകാര്യങ്ങളിലുള്ള നിഷേധസമീപനമാണ് നമ്മെ തളച്ചിട്ടത്. യാഥാര്‍ഥ്യബോധത്തോടെയുള്ള വികസനകാഴ്ചപ്പാടാണ് യു.ഡി.എഫിനുള്ളത്. അതാണ് ആത്മവിശ്വാസം. 

നാലുവര്‍ഷം പിന്നിടുമ്പോള്‍ 'വികസനവും കരുതലും' എന്ന മുദ്രാവാക്യം എത്രത്തോളം വിജയിച്ചുവെന്നാണു വിലയിരുത്തല്‍? 

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍, സംതൃപ്തിയുണ്ട്. വികസനത്തിനും കരുതലിനും തുല്യപ്രാധാന്യം നല്‍കിയുള്ള സമീപനമാണ് ആദ്യംമുതല്‍ സ്വീകരിച്ചത്. മുമ്പ് സംസ്ഥാനലോട്ടറി അറിയപ്പെട്ടിരുന്നത് സാന്റിയാഗൊ മാര്‍ട്ടിന്റെ പേരിലായിരുന്നു. കേന്ദ്രനിയമം മാറാതെ ഈ സ്ഥിതി മാറില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രിയുടെ ന്യായം. എന്നാല്‍, നിയമം മാറാതെതന്നെ സംസ്ഥാനലോട്ടറി കാരുണ്യയുടെ പേരിലറിയപ്പെട്ടു. 701 കോടി രൂപ പാവങ്ങള്‍ക്ക് ഇതിനോടകം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 450 കോടിയിലധികം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. ആരോഗ്യപരിരക്ഷാ പദ്ധതി. ഒരുരൂപയ്ക്ക് അരി നല്‍കി. 36,000ലധികം പേര്‍ക്ക് ഭൂമി. 

വികസനനേട്ടം ചെറുതല്ല. കൊച്ചി മെട്രൊ 2016 ജൂണിലോടും. സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടം ജൂണില്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ ആദ്യവിമാനം ഡിസംബര്‍ 31നിറങ്ങും. വിഴിഞ്ഞം പദ്ധതിക്ക് കരാറാകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയ്ക്ക് തുടക്കമാകും. 900 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍. 173 നീര ലൈസന്‍സുകള്‍. ഒമ്പത് മെഡിക്കല്‍ കോളേജുകള്‍. ഉന്നതവിദ്യാഭ്യാസസ്ഥാപനമില്ലാത്ത എല്ലാ മണ്ഡലത്തിലും ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍. 1970 കോടിയുടെ ബൈപാസുകള്‍. 400 ദിവസംകൊണ്ട് 100 പാലം. മലയാളം സര്‍വകലാശാല, ഐ.ഐ.ടി.ക്ക് അംഗീകാരം, പ്രവാസിവോട്ടവകാശം, അഭിമാനകരമായ ദേശീയ ഗെയിംസ്, 3000 കോടിയുടെ ജപ്പാന്‍ കുടിവെള്ളപദ്ധതി, അധ്യാപക പാക്കേജ്.

വന്‍കിടപദ്ധതികള്‍ മുന്നോട്ടുപോകുമ്പോഴും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നു. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ദുരവസ്ഥ. കരാറുകാരുടെ കുടിശ്ശിക. മുന്‍ഗണനാക്രമത്തില്‍ മാറ്റംവേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുമുണ്ട്... 
ക്ഷേമപെന്‍ഷനുകള്‍ ഇടയ്ക്കു മുടങ്ങിയെന്ന കാര്യം ശരിയാണ്. അതൊരിക്കലും ശരിയായ നടപടിയുമല്ല. ഇതൊഴിവാക്കാനാണ് ക്ഷേമപെന്‍ഷനുകള്‍ ഇനിമുതല്‍ ബാങ്കുവഴിയാക്കുന്നത്. കെ.എസ്.ആര്‍.ടി.സി. പുനരുദ്ധരിക്കും. നെല്‍ക്കര്‍ഷകര്‍ക്കുള്ള കുടിശ്ശിക മാര്‍ച്ച് വരെ നല്‍കി. ബാക്കി ഉടന്‍ നല്‍കും. 

സംതൃപ്തി നല്‍കിയ പദ്ധതികളേതാണ്? അതുപോലെ ആഗ്രഹിച്ചിട്ടും നടക്കാതെപോയതും?

തൃപ്തി നല്‍കിയത് മൂന്നു കാര്യങ്ങളാണ്: 1. ബധിരമൂക കുട്ടികള്‍ക്ക് ശ്രവണശേഷി ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ചെലവില്‍ നടത്തി, അവര്‍ക്ക് മറ്റുള്ളവരെപ്പോലെയാകാന്‍ ഇടവന്നതാണ് ഏറ്റവും തൃപ്തി നല്‍കിയത്. 2. വിദ്യാര്‍ഥിസംരംഭകത്വപദ്ധതിയാണടുത്തത്. 3000ല്‍പ്പരം ആശയങ്ങളാണു വന്നത്. 900ലധികം കമ്പനികള്‍ ചെറുപ്പക്കാര്‍ തുടങ്ങി. മുമ്പ് ഒരു ഡിഗ്രി സമ്പാദിക്കുക, ജോലിനേടുക അഥവാ ഗള്‍ഫില്‍പ്പോവുകയെന്നതായിരുന്നു സ്വപ്നം. ഇന്നിപ്പോള്‍ ചെറുപ്പക്കാര്‍തന്നെ തൊഴില്‍ദാതാക്കളാകുന്നു. 3. നീര യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. കേരത്തിന്റെ പേരിലറിയപ്പെടുന്ന കേരളത്തില്‍ തെങ്ങുകര്‍ഷകര്‍ ദുരിതത്തിലാകുന്നത് എന്തൊരു വൈരുധ്യമാണ്. ഇതോടെ പ്രതിമാസം 900 രൂപ ശരാശരി വരുമാനം ഒരു തെങ്ങില്‍നിന്ന് ലഭിക്കുന്നു. 

വേണ്ടത്ര വിജയിക്കാഞ്ഞത് രണ്ടുകാര്യത്തിലാണ്: 1. വിലക്കയറ്റം തടയുന്നത്. 2. മാലിന്യസംസ്‌കരണം.

ഇത്രയധികം നേട്ടങ്ങള്‍ പറയാനുണ്ടാകുമ്പോഴും അഴിമതിയാരോപണങ്ങള്‍ ഇവയുടെ ശോഭ കെടുത്തുന്നില്ലേ? 

അഴിമതിയാരോപണങ്ങള്‍ ബാധിക്കില്ല. കാരണം അതിലൊന്നും ഒരടിസ്ഥാനവുമില്ല. സോളാര്‍ കേസില്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഒരുപൈസയുടെ ആനുകൂല്യം അവര്‍ക്കു നല്‍കിയില്ല. സര്‍ക്കാരിന് ഒന്നും നഷ്ടപ്പെട്ടുമില്ല. ഇപ്പോള്‍ ആരോപണമുന്നയിച്ചവരെ നോട്ടീസയച്ചാണ് കമ്മീഷന്‍ വിളിക്കുന്നത്. അവിടെച്ചെന്നു പറയാന്‍ അവര്‍ക്കൊന്നുമില്ലതാനും. ദേശീയ ഗെയിംസില്‍ എന്തായിരുന്നു ബഹളം. അന്വേഷണംവന്നപ്പോള്‍ എന്തെങ്കിലും കണ്ടെത്തിയോ... 

ബാര്‍ കോഴ കേസ് അത്രയും ലളിതമാണോ?

ഒരു മന്ത്രിക്കെതിരായ അന്വേഷണം ഇത്രയും ദീര്‍ഘമായും ഇടപെടലില്ലാതെയും നടന്നിട്ടുണ്ടോ. അന്വേഷണത്തെക്കുറിച്ചാര്‍ക്കും പരാതിയില്ല. പത്രങ്ങളില്‍നിന്നുള്ള വിവരംെവച്ച് മന്ത്രി മാണിക്കെതിരെ ഒരു മൊഴിയും ഇതുവരെ വന്നിട്ടുമില്ല. 

അന്വേഷണം നീളുന്നതില്‍ കേരള കോണ്‍ഗ്രസിനാണു പരാതി.

അവരുടെ പരാതി ന്യായമാണ്. ഇത്രയും നീണ്ടതിലാണു പരാതി. എന്നാല്‍, അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല.

അഴിമതിക്കെതിരെ എ.കെ. ആന്റണിക്കുപോലും സംസാരിക്കേണ്ടിവന്നു...

എ.കെ. ആന്റണി ഒരു സര്‍വീസ് സംഘടനയുടെ വാര്‍ഷികത്തിനു നടത്തിയ പ്രസംഗമാണ്. അത് സമൂഹത്തിലുണ്ടാകുന്ന അഴിമതിക്കെതിരെ ജാഗ്രതപാലിക്കണമെന്ന നിര്‍ദേശമാണ്. അല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ചല്ല.

കോണ്‍ഗ്രസ്സുകാര്‍തന്നെയാണ് അതും വിവാദമാക്കിയത്.

വിവാദങ്ങളെ കാര്യമാക്കാതെ മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാര്‍നയം. നമ്മള്‍ തീരുമാനിച്ച കാര്യങ്ങള്‍ ചെയ്യാന്‍ വിവാദങ്ങള്‍ തടസ്സമായിട്ടില്ല. എന്റെയൊരു കാഴ്ചപ്പാട്, സര്‍ക്കാറെന്നത് ഉന്നതമായ ഒരോഫീസും അതിന്റെ നടത്തിപ്പുമല്ല. സര്‍ക്കാര്‍ എന്റേതാണെന്നും എന്റെ ആവശ്യത്തിന് സര്‍ക്കാറുണ്ടാകുമെന്നുമുള്ള തോന്നല്‍ എല്ലാവരിലുമുണ്ടാകണം. ഏറ്റവും ദുര്‍ബലരായവര്‍ക്കുപോലും സര്‍ക്കാറിനെ അനുഭവത്തിലറിയാന്‍ കഴിയണം. ഇറാഖിലും യെമനിലും ലിബിയയിലും നേപ്പാളിലും പ്രശ്‌നമുണ്ടായപ്പോള്‍ ഇടപെട്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. 

ജനസമ്പര്‍ക്കപരിപാടി പ്രതിസന്ധികളെ നേരിടാനുള്ള ഒറ്റമൂലിയായി വിലയിരുത്തപ്പെടുന്നുണ്ട്...

സര്‍ക്കാരിനെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യമാണതിനുള്ളത്. ഒരു ജില്ലയില്‍ പരമാവധി 30,000 പേരായിരിക്കാം അതിനപേക്ഷനല്‍കുന്നത്. എന്നാല്‍, അതു നല്‍കുന്ന സന്ദേശം വലുതാണ്. ഒഴിവാക്കാവുന്ന നൂലാമാലകള്‍വിട്ട് സര്‍ക്കാര്‍സേവനം ലഭ്യമാക്കാന്‍ 50ല്‍പ്പരം വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവന്നു. ജനസമ്പര്‍ക്കത്തിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണതു ചെയ്തത്. 

വിവാദങ്ങളാണോ യു.ഡി.എഫിന്റെ ദൗര്‍ബല്യം?

ഒരു പാര്‍ട്ടിയുടെയും മേല്‍ക്കോയ്മ യു.ഡി.എഫിലില്ല. അതാണു മുന്നണിയുടെ ശക്തി. അതിനു കോട്ടംവന്നാല്‍ അതാണു ദൗര്‍ബല്യം. 

ഇപ്പോഴത്തെ എല്‍.ഡി.എഫിന്റെ ഘടനവെച്ച് അവര്‍ക്ക് ഒരു തിരഞ്ഞെടുപ്പ് വിജയിക്കാനാകുമോ? യു.ഡി.എഫില്‍നിന്ന് കക്ഷികളെ അടര്‍ത്താനുള്ള അവരുടെ ശ്രമം എത്രത്തോളം ഗൗരവമുള്ളതാണ്?

യു.ഡി.എഫില്‍നിന്നു കക്ഷികളെ ലക്ഷ്യമിടുന്നത് അവരുടെ ആത്മവിശ്വാസക്കുറവിനെയാണു കാണിക്കുന്നത്. യു.ഡി.എഫില്‍നിന്ന് ആരും പോകില്ല. 

യു.ഡി.എഫിലേക്ക് പുതിയ കക്ഷികള്‍ വരുമോ?

രണ്ടു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്നപ്പോഴും ഞങ്ങളാരെയും ചാക്കിട്ടുപിടിച്ചില്ല. സെല്‍വരാജ് സ്വയം വന്നതാണ്. അദ്ദേഹം രാജിെവച്ചശേഷമാണ് ഞങ്ങളുമായി ചര്‍ച്ചനടക്കുന്നത്. ജനതാദള്‍ സ്വയം എല്‍.ഡി.എഫ്. വിട്ടതാണ്. ആര്‍.എസ്.പി.യും അങ്ങനെതന്നെ. ഇടതുമുന്നണിയുടെ ദൗര്‍ബല്യത്തിലല്ല, ഞങ്ങളുടെ ശക്തിയിലാണ് ഞങ്ങള്‍ക്കു വിശ്വാസം.

ഇത്രയും ആത്മവിശ്വാസമുള്ള താങ്കള്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ?

അതൊരു പ്രശ്‌നമേയല്ല. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നതാണു കാര്യം. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡും എം.എല്‍.എ.മാരും ചേര്‍ന്ന് നിശ്ചയിക്കും. 

കോണ്‍ഗ്രസില്‍നിന്ന് ഇപ്പോള്‍ത്തന്നെ നേതൃമാറ്റമെന്ന ആവശ്യം പരോക്ഷമായിട്ടെങ്കിലുമുയരുന്നുണ്ട്.

അതൊന്നുമില്ല. ആരുമതിനെ അനുകൂലിക്കുന്നുമില്ല. ഞാനും രമേശും തമ്മില്‍ നല്ല ബന്ധമാണ്.

നാലുവര്‍ഷവും സര്‍ക്കാറിനെ ബുദ്ധിമുട്ടിച്ചത് പ്രതിപക്ഷമായിരുന്നോ ഭരണപക്ഷത്തെ പ്രതിപക്ഷശബ്ദങ്ങളായിരുന്നോ?

കോണ്‍ഗ്രസില്‍നിന്നും മുന്നണിയില്‍നിന്നും ഞാനര്‍ഹിക്കുന്നതിനെക്കാള്‍ പിന്തുണ എനിക്കു കിട്ടി. ഘടകകക്ഷികള്‍ പരിധിവിട്ട ഒരു സമ്മര്‍ദവും ചെലുത്തിയില്ല. മന്ത്രിസഭായോഗത്തില്‍ ഭിന്നതയേയില്ല. എന്തെങ്കിലും തിരുത്തലുകള്‍ ഞാന്‍ നിര്‍ദേശിച്ചാല്‍ അവരതുള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. 

സര്‍ക്കാറിനെതിരെ പ്രതിപക്ഷം കിട്ടുന്നതെല്ലാം ആയുധമാക്കുമ്പോള്‍ എളമരം കരീമിനെതിരെയുള്ള കോഴയാരോപണം, വി.എസ്സിന്റെ മകനെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ യു.ഡി.എഫ്. മൃദുസമീപനമാണു കൈക്കൊള്ളുന്നതെന്നു വിമര്‍ശമുണ്ട്.

പ്രതികാരരാഷ്ട്രീയം ഞങ്ങള്‍ക്കില്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമപരമായ നടപടികളില്‍പ്പോലും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്ന വിമര്‍ശമുണ്ട്. 

കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ കേരളത്തോടുള്ള സമീപനത്തില്‍ മാറ്റംവന്നോ?


രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയില്ല. പ്രധാനമന്ത്രി മോദിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. 

അങ്ങയുടെ സ്വന്തംസഭയായ ഓര്‍ത്തഡോക്‌സ് വിഭാഗം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്?


സഭയ്ക്ക് അങ്ങനെയൊരു നിലപാടെടുക്കാനുള്ള അവകാശമുണ്ടാകും. അതിനുള്ള ന്യായങ്ങളും കണ്ടേക്കാം. സര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നീതിപുലര്‍ത്തണമെന്ന ആഗ്രഹത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ വ്യത്യസ്തസമയത്ത് സര്‍ക്കാറിനോടു പ്രതിഷേധിച്ചിട്ടുണ്ട്. പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ പോയത് പണ്ടേയുള്ള പതിവനുസരിച്ചാണ്. മുമ്പും മുഖ്യമന്ത്രിമാര്‍ അങ്ങനെയാണു ചെയ്തിരിക്കുന്നത്. അന്നൊന്നും പ്രശ്‌നമുണ്ടായില്ലല്ലോ. 

2015, മേയ് 17, ഞായറാഴ്‌ച

അഴിമതി ആരോപണത്തില്‍ സര്‍ക്കാരിനെ കെട്ടിയിടാനാവില്ല


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്ക് വിവാദങ്ങളല്ല പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വേണ്ടതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി എഴുതിയ ലേഖനത്തിലാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനെതിരെ കുറിച്ച് പോലും ആരോപണം ഉന്നയിക്കപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ അതൊക്കെ മറന്നു. ഏത് ആരോപണം ഉണ്ടായാലും അതിനെ കുറിച്ച് സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. എന്നാല്‍, ഈ ആരോപണങ്ങളുടെ തെളിവുകള്‍ കൂടി സര്‍ക്കാര്‍ ഉണ്ടാക്കണം എന്നു പറയുന്നതില്‍ ന്യായീകരണമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബാറുകള്‍ അടച്ചതുമൂലം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യയും കുറഞ്ഞുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ അവകാശപ്പെട്ടു.

അവകാശികള്‍ക്കുള്ള വൈദ്യുതികണക്ഷന്റെ ചട്ടം ലഘൂകരിക്കും


മലപ്പുറം: സ്വന്തംപേരില്‍ വൈദ്യുതി കണക്ഷനുള്ളയാള്‍ മരിച്ചാല്‍ അവകാശികള്‍ക്ക് അത് മാറ്റിനല്‍കുന്നതിനുള്ള ചട്ടം ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് നിയമ-ചട്ട ഭേദഗതികള്‍ക്കുള്ള മലപ്പുറം ജില്ലയുടെ നിര്‍ദ്ദേശങ്ങള്‍ക്കുളള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ 'കരുതല്‍' വേദിയില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇതിനുള്ള ഉറപ്പ് നല്‍കിയതായും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി.

സാങ്കേതിക തടസ്സംമൂലം തീരുമാനമാകാത്ത പൊതുവിഷയങ്ങളില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ കഴിയുന്നത് വലിയ നേട്ടമാണ്. ഇത്തരത്തില്‍ 45 ഉത്തരവുകളാണ് ഇതുവരെ ഭേദഗതി വരുത്തിയത്. ചട്ടങ്ങളിലെ ഭേദഗതികള്‍ ന്യായമായും ചെയ്യേണ്ടതാണെന്ന് ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ തോന്നുന്നപക്ഷം നിലവിലെ നിയമമനുസരിച്ച് പറ്റുന്നവയല്ലെങ്കില്‍ പോലും നീതിയുക്തമായ മാറ്റങ്ങള്‍വരുത്തി തീരുമാനമെടുക്കും.

സര്‍ക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഒരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയ ശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂല തീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെ പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ഏറ്റവും വേഗം നടപ്പാക്കുന്ന 18 പദ്ധതികളുടെ പ്രഖ്യാപനവും ഉമ്മന്‍ചാണ്ടി നടത്തി. ചരിത്രമ്യൂസിയം, നിളസംരക്ഷണം എന്നിവയാണിതില്‍ പ്രധാന പദ്ധതികള്‍.

ആന്റണി പറഞ്ഞത് ശരി; ഉദ്ദേശിച്ചത് സര്‍ക്കാരിനെയല്ല


തിരുവനന്തപുരം: അഴിമതി സംബന്ധിച്ച് എ.കെ. ആന്റണി നടത്തിയ അഭിപ്രായപ്രകടനം സംസ്ഥാന സര്‍ക്കാരിനെ കുറിച്ചല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതിക്കെതിരെ ബോധവത്കരണം നടത്തുന്നതിനെക്കുറിച്ചാണ് ആന്റണി പറഞ്ഞത്. അക്കാര്യം ശരിയാണ്. എന്നാല്‍, അഴിമതിക്കെതിരെ ജാഗ്രത വേണമെന്ന ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കരുത്-യു.ഡി.എഫ് സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം ഇനി എങ്ങോട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ അഴിമതി ഉണ്ടോ എന്ന കാര്യം ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും വരും വര്‍ഷം യാഥാര്‍ഥ്യമാക്കും. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ല, ഏറ്റെടുത്തവ പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിഴിഞ്ഞം പദ്ധതിയില്‍ രഹസ്യങ്ങളൊന്നുമില്ല. ഇതു സംബന്ധിച്ച് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുതാര്യമായി നടപടിക്രമങ്ങള്‍ പാലിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ബജറ്റ് നീക്കിയിരിപ്പ് കൊണ്ടു മാത്രം ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാവില്ല. വലിയ സംരംഭങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തവും കൂടിയേ തീരൂ.

വിവാദങ്ങളല്ല, വികസനമാണ് വേണ്ടത്. ഇപ്പോള്‍ തന്നെ നിരവധി അവസരം കേരളം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ പഴയ പോലെ തൊഴിലാളി സമരങ്ങളൊന്നുമില്ല. അടിസ്ഥാനസൗകര്യങ്ങളുടെ വികസനകാര്യത്തിലാണ് ഇനി ശ്രദ്ധയൂന്നേണ്ടത്. ഇതിന് സിയാലിന്റെ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തവും കണ്ടെത്തണം-മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 14, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും


ഹരിപ്പാട്: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുവാറ്റയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വേണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ ഒഴികെയുള്ള ജില്ലയിലെല്ലാം ഇതിന് നടപടിയായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതുവികാരമുണ്ട്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ ഇ.എസ്.ഐ. കോര്‍പറേഷനില്‍നിന്ന് ഏറ്റെടുത്തത് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്ന കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളും കണ്ണൂരും ചേരുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 16 മെഡിക്കല്‍ കോളേജുകളാകും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുണ്ടായിരുന്നത് അഞ്ചെണ്ണം മാത്രമായിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ആരോഗ്യ സംരക്ഷണത്തിനും ബാധകമാക്കാന്‍ സംസ്ഥാനം മുന്‍ യു.പി.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാറിലും ഇതിനായി സമ്മര്‍ദം ചെലുത്തും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന് നബാര്‍ഡ് അനുവദിച്ച 90 കോടി രൂപയുടെ സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിക്ക് മന്ത്രി  ശിവകുമാര്‍ കൈമാറി.

2015, മേയ് 12, ചൊവ്വാഴ്ച

മേഖലാജാഥ: മാണിയുമായി ചര്‍ച്ച ചെയ്തില്ല



കോഴിക്കോട്: യു.ഡി.എഫിന്റെ മേഖലാജാഥ മാറ്റിവെക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ധനമന്ത്രി കെ.എം. മാണിയുമായി ചര്‍ച്ച നടന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം ചൊവ്വാഴ്ചത്തെ യു.ഡി.എഫ്. നേതൃയോഗത്തിലുണ്ടാകും. 

ഞായറാഴ്ച മാണിയെ കണ്ടപ്പോള്‍ പതിവ് കാര്യങ്ങള്‍ മാത്രമേ സംസാരിച്ചുള്ളൂ. അതെല്ലാം മാധ്യമങ്ങളോട് പറയാനാകില്ല. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്.

ബാര്‍ കോഴക്കേസ് അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ ജാഥകള്‍ മാറ്റിവെക്കണമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണറിപ്പോര്‍ട്ട് വന്നശേഷം മതി ജാഥയെന്നാണ് അവരുടെ നിലപാട്. ജാഥയെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരുന്നുണ്ട്. 

2015, മേയ് 5, ചൊവ്വാഴ്ച

ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടും


കല്പറ്റ: ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12-ന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് ജില്ലയ്ക്കാവശ്യമായ ഒമ്പതിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 30-ന് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ.യുടെ ഇടപെടലിലൂടെ ലഭിച്ചു. എം.ജെ. വിജയപത്മന്‍ ചെയര്‍മാനായ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റാണ് 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്കിയത്. 700 കോടിയുടെ പദ്ധതിയാണ് മെഡിക്കല്‍ കോളേജിന്റേത്. ആദ്യഘട്ടത്തില്‍ 350 കോടി ചെലവഴിച്ച് ആസ്​പത്രിയും കോളേജും സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ മെഡിസിറ്റിയാണ് ഉദ്ദേശിക്കുന്നത്. 

എവിടെയൊക്കെയാണ് കെട്ടിടങ്ങള്‍ വേണ്ടതെന്ന കാര്യം നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ് അടുത്ത പരിപാടി. ഇത് പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കേണ്ട താമസം മാത്രമേ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോഴിക്കോട്-വയനാട് ബദല്‍റോഡ് ഈ വര്‍ഷം

കല്പറ്റ: കോഴിക്കോട്- വയനാട് ബദല്‍റോഡ് നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

45 ഉത്തരവുകളുണ്ടായത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടം


 ആദ്യ ജനസമ്പര്‍ക്കപരിപാടിക്കു ശേഷം 45 ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാറിനു സാധിച്ചത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്പറ്റ എസ്.കെ.എം.ജെ. മൈതാനത്ത് 'കരുതല്‍ 2015' ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലോചിതവും നീതിയുക്തവുമായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിലാണ് ജനസമ്പര്‍ക്കത്തിന്റെ പ്രസക്തി. സര്‍ക്കാറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഓരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 
ജനസമ്പര്‍ക്കത്തില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂലതീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെപോവില്ല. എല്ലാ പരാതികളിലും എന്തെങ്കിലുംവിധത്തില്‍ പരിഹാരമുണ്ടാക്കാന്‍ പറ്റുമോയെന്നു പരിശോധിക്കും. അനുകൂലതീരുമാനമെടുക്കാവുന്നവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 4, തിങ്കളാഴ്‌ച

ജനതാദള്‍-യുവിന്റെ ആവശ്യം ന്യായം, പ്രശ്‌നം പരിഹരിക്കും


 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റിലെ തോല്‍വിയെക്കുറിച്ചന്വേഷിച്ച യു.ഡി.എഫ്. സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നതുള്‍പ്പെടെ ജനതാദള്‍-യു ഉന്നയിച്ച ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തുടര്‍ചര്‍ച്ചകളിലൂടെ അത് അനുഭാവപൂര്‍വം പരിഹരിക്കും. ജനതാദള്‍-യു സംസ്ഥാന പ്രസിഡന്‍റ് എം.പി.വീരേന്ദ്രകുമാറിന്റെ വസതിയിലെത്തി, 45മിനുട്ടുനീണ്ട ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറുമായി സംസാരിക്കും. ജനതാദളുന്നയിച്ച എല്ലാ ആവശ്യങ്ങളും തുടര്‍ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ എന്തെങ്കിലും സ്ഥാനത്തെച്ചൊല്ലിയാണു തര്‍ക്കങ്ങളുണ്ടാവുക. ഇവിടെ പ്രശ്‌നം തീര്‍ത്തും രാഷ്ട്രീയമാണ്. എല്‍.ഡി.എഫ്. വിട്ട് 2009-ല്‍ വന്നപ്പോള്‍ പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ്. സമ്മതിച്ചതാണ്. എന്നാല്‍, രാഷ്ട്രീയമായ നിലപാടെടുത്ത് വന്ന തങ്ങള്‍ക്കു സീറ്റ് വേണ്ടെന്നുപറഞ്ഞ് അതു സ്വീകരിക്കാന്‍ ജനതാദള്‍-യു തയ്യാറായില്ല.

പാലക്കാട് തോല്‍വി സംബന്ധിച്ച യു.ഡി.എഫ്. റിപ്പോര്‍ട്ട് ഇതുവരെ തനിക്കു കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന്‍റ വിശദാംശങ്ങളെക്കുറിച്ചറിയില്ല. എന്തായാലും റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി വേഗത്തിലുണ്ടാവും. ജനതാദള്‍-യു ഐക്യമുന്നണിയില്‍ വന്നശേഷം മുന്നണിഘടനയില്‍ മാറ്റംവരുത്തിയിട്ടില്ല. സംസ്ഥാനതലത്തില്‍ പ്രാതിനിധ്യം നല്‍കിയെങ്കിലും താഴെത്തട്ടിലതുണ്ടായില്ല. അതേസമയം, യു.ഡി.എഫില്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മേധാവിത്വമില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച എല്ലാ പരാതികളും പൂര്‍ണമായുമുള്‍ക്കൊണ്ട് ആവശ്യമായ പരിഹാരനടപടികള്‍ താമസിയാതെയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം.കെ.രാഘവന്‍ എം.പി., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്‍റ് കെ.സി.അബു എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

2015, മേയ് 1, വെള്ളിയാഴ്‌ച

ഒറ്റ ടെന്‍ഡറാണെങ്കിലും വിഴിഞ്ഞവുമായി മുന്നോട്ടുതന്നെ



 ഒറ്റ ടെന്‍ഡര്‍ എന്ന പ്രശ്‌നമുണ്ടെങ്കിലും വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് സുതാര്യമായ നടപടികളിലൂടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ രണ്ട് ടെന്‍ഡറും ഫലവത്തായില്ല. മൂന്നാം ടെന്‍ഡറില്‍ കൂടുതല്‍ കമ്പനികള്‍ വരുമെന്ന് പ്രതീക്ഷിച്ചു. 

പദ്ധതി നടക്കാതിരിക്കാന്‍ ചില കമ്പനികള്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര രംഗത്ത് പതിവുള്ളതാണെന്ന് പറയുന്നു. ആദ്യ രണ്ട് ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയാണ് ഇപ്പോള്‍ രംഗത്ത് വന്നതെങ്കില്‍ അവര്‍ക്ക് മൂന്നാം ടെന്‍ഡറില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതാമായിരുന്നു. ഇത്തരം വേലകള്‍ കൊണ്ടൊന്നും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കണ്ട- മുഖ്യമന്ത്രി പറഞ്ഞു. 

ഈ ടെന്‍ഡറും വേണ്ടെന്നുെവച്ചാല്‍ ഈ പദ്ധതി തന്നെ നഷ്ടമാകും. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും മറ്റും പങ്കെടുത്ത രണ്ടുയോഗങ്ങള്‍ ചേര്‍ന്നു. തുടര്‍നടപടിയുണ്ടാകും -മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ വരും; ഏതെന്ന് തീരുമാനമായില്ല


തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ലൈറ്റ് മെട്രോയാണോ മെട്രോയാണോയെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്.  ഇ. ശ്രീധരനുമായി ആദ്യം താനും പിന്നീട് ബന്ധപ്പെട്ട മന്ത്രിമാരെല്ലാവരും ചര്‍ച്ച നടത്തി. 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

സ്വകാര്യ പങ്കാളിത്തമോ, ഡി.എം.ആര്‍.സി.യെ ചുമതല ഏല്പിക്കുന്നതോ ഒന്നും തര്‍ക്കവിഷയങ്ങളല്ല. സ്വകാര്യ പങ്കാളിത്തത്തോട് ഇ.ശ്രീധരനും എതിര്‍പ്പില്ല. എന്നാല്‍, അതിന് തയ്യാറായി ആളുകള്‍ വരുമോയെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയാണ് ചെയ്തത്- മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇരുനഗരങ്ങളിലും റാപ്പിഡ് മാസ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം വേണം. സര്‍ക്കാരിന് വരുന്ന ചെലവ് കുറഞ്ഞിരിക്കണമെന്നും സമയ ബന്ധിതമാകണമെന്നുമുള്ള നിര്‍ബന്ധമേ സര്‍ക്കാരിനുള്ളൂ. ലൈറ്റ് മെട്രോയെന്ന ആശയത്തിനാണ് ഇ.ശ്രീധരന്‍ മുന്‍തൂക്കം നല്‍കുന്നത്. ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സാധാരണ മെട്രോയാണ് വേണ്ടതെന്ന അഭിപ്രായവുംവന്നു. ലൈറ്റ് മെട്രോ റെയിലിന് 2.7 മീറ്ററും മെട്രോക്ക് 2.9 മീറ്റര്‍ റെയിലുമാണ് വേണ്ടത്.

ആദ്യം മോണോ റെയില്‍ എന്ന ആശയം ചര്‍ച്ചചെയ്തത് ഇ. ശ്രീധരന്റെ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. മെട്രോ പദ്ധതിയില്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത് ഇ. ശ്രീധരനെയാണെന്നും ഇക്കാര്യങ്ങളില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.