UDF

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

യെമന്‍: രണ്ട് കപ്പലുകള്‍കൂടി അയച്ചു


തിരുവനന്തപുരം: യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് കപ്പലുകള്‍കൂടി അവിടേക്ക് നീങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുംബൈയില്‍നിന്ന് കൂടുതല്‍ കപ്പലുകള്‍ അയയ്ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്നതു മൂലമാണ് കടല്‍മാര്‍ഗ്ഗമുള്ള ഒഴിപ്പിക്കലിന് ശ്രമിക്കുന്നത്. എന്നാല്‍, ഇതിന് പ്രായോഗികമായ തടസ്സങ്ങളുണ്ട്. 450 മുതല്‍ 600 കി.മീ. വരെ ദൂരം സഞ്ചരിച്ച് മാത്രമേ മലയാളികള്‍ക്ക് തുറമുഖത്ത് എത്താനാകൂ. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്. ഇന്ത്യക്കാരുടെ കുടിയൊഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതര്‍ താനുമായുള്ള ചര്‍ച്ചകളില്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.