UDF

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

'കരുതലു'മായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാംഘട്ടമായ 'കരുതലുമായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്. കരുതലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ജനസമ്പര്‍ക്ക പരിപാടികളില്‍നിന്നു വ്യത്യസ്തമായി ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന 100 പേരെ നേരിട്ടു കണ്ടു മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിക്കും. മറ്റു പരാതികള്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പരിഹരിക്കും.  രണ്ടു ലക്ഷം പരാതികളാണു 14 ജില്ലകളിലായി മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. ജൂണ്‍ 11നു പാലക്കാട്ടു ജനസമ്പര്‍ക്ക പരിപാടി അവസാനിക്കും. 

മുന്‍ ജനസമ്പര്‍ക്ക പരിപാടികളെ അപേക്ഷിച്ചു പരാതികളുടെ എണ്ണം കുറഞ്ഞതു ശുഭസൂചനയായാണു മുഖ്യമന്ത്രി കാണുന്നത്. 2011ലെ ജനസമ്പര്‍ക്ക പരിപാടിക്ക് 5.45 ലക്ഷം പരാതികളും 2013ലെ പരിപാടിക്കു 3.21 ലക്ഷം പരാതികളും ലഭിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടുകയും ചെയ്തു. ഈ സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടിയായതുകൊണ്ടുതന്നെ അര്‍ഹമായ എല്ലാ പരാതികളിലും അനുകൂല നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം തേടിയവരാണ്- 66,083 പേര്‍. 

പരാതികളില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഇന്നലെ അവധി ദിവസമായിട്ടും തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫിസുകളും അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പരാതി നല്‍കാനുള്ള സമയപരിധി തീര്‍ന്നെങ്കിലും ഇന്നു ലഭിക്കുന്ന പരാതികളും സ്വീകരിക്കും. നടപടി വൈകുമെന്നു മാത്രം. മുഖ്യമന്ത്രിയുടെ ധനസഹായം ഇത്തവണ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു വിതരണം ചെയ്യുക.