UDF

2015, മാർച്ച് 5, വ്യാഴാഴ്‌ച

പി.എസ്.സി. സെക്രട്ടറി: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, ഗവര്‍ണര്‍ക്ക് തീരുമാനിക്കാം


 പി.എസ്.സി. സെക്രട്ടറി നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പരിശോധിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് രണ്ട് തവണ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിനെപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ ഫയലുകള്‍ വീണ്ടും പരിശോധിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചു. പക്ഷേ, സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ട നിലപാടില്‍ മാറ്റംവരുത്തേണ്ടെന്ന കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.

ഇതേസമയം, തെറ്റുപറ്റിയെന്ന് തെളിഞ്ഞാല്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി. അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ചെയര്‍മാന്‍മാത്രം വ്യത്യസ്ത നിലപാടാണല്ലോ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ ഒരാള്‍ അങ്ങനെനിന്നാല്‍ എന്തുചെയ്യാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സംവരണം:നിലവിലുള്ളസ്ഥിതി തുടരും


പി.എസ്.സി. വഴി പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ നടന്ന നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.