UDF

2015, മാർച്ച് 25, ബുധനാഴ്‌ച

യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിേക്കണ്ടെ


 യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവയില്‍ യു.ഡി.എഫ്. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍, ഇതിനെല്ലാം മര്യാദകളുണ്ട്.

നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാനം വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ ജനാധിപത്യ മര്യാദകളും പാരമ്പര്യങ്ങളും തച്ചുടയ്ക്കുന്നതായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഭരണകക്ഷിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ആവശ്യമായിരുന്നു പ്രതിപക്ഷത്തിന്റേത്. നൂറോളം ക്യാമറകളാണ് നിയമസഭയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് പരിശോധിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം ഓടിഒളിക്കുകയായിരുന്നു. ഇപ്പോള്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന പരാതിയുടെ കാര്യത്തിലും തെളിവുകള്‍ കൊടുക്കാന്‍ കഴിയാതെ അവര്‍ വിഷമിക്കുകയാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഇടത് നേതാക്കളുടെ അവസ്ഥ തന്നെയായിരിക്കും മന്ത്രി മാണിക്കെതിരെയുള്ള കാര്യങ്ങളിലും സംഭവിക്കുക. ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചാല്‍ തിരുത്താന്‍ തയ്യാറാണ് - മുഖ്യമന്ത്രി പറഞ്ഞു.