UDF

2015, മാർച്ച് 24, ചൊവ്വാഴ്ച

വീഡിയോദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസമില്ല


 നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ അതിന് കാരണം എന്നറിയില്ല. വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന് പറയുന്നതല്ലാതെ ആരോപണം സ്ഥാപിച്ചെടുക്കാനുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്ന് വീഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഒരുവിധത്തിലും സഭാസമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് നിര്‍ഭാഗ്യകരമാണ്. കാര്യമായ ചര്‍ച്ചകള്‍ പോലും നടക്കാതെ സഭ അവസാനിപ്പിക്കേണ്ടിവന്നതില്‍ സര്‍ക്കാരിന് വളരെ ദുഃഖമുണ്ട്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന ആവശ്യം മുന്നോട്ട്‌ െവച്ച് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിക്കുകയായിരുന്നു. നാടിനും കേരളജനതയ്ക്കും അപമാനം വരുത്തിയശേഷം അവിടം കൊണ്ടവസാനിപ്പിക്കാതെ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന ഇല്ലാത്ത പ്രശ്‌നമെടുത്തിട്ട് സങ്കീര്‍ണമാക്കി. 

പ്രതിപക്ഷനേതാവ് ആദ്യം സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എം.എല്‍.എ.മാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ എം.എല്‍.എ.മാര്‍ കാട്ടിയ തെറ്റായ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിന് പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും തിങ്കളാഴ്ചയും പ്രതിപക്ഷത്തോട് പറഞ്ഞിട്ടും അവര്‍ യോജിച്ചില്ല.

ബജറ്റ് അവതരിപ്പിച്ചതിനെയാണ് പ്രതിപക്ഷനേതാവ് ചോദ്യം ചെയ്യുന്നത്. ബജറ്റ് അവതരിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ തന്നോട് വിശദീകരണം തേടുകയും കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് ബജറ്റവതരണം നിയമാനുസൃതമെന്ന് പറഞ്ഞത്.- മുഖ്യമന്ത്രി പറഞ്ഞു.