UDF

2015, മാർച്ച് 2, തിങ്കളാഴ്‌ച

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതിയ്ക്ക് ധാരണ


നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായി. ആഗോള നിക്ഷേപക സംഗമത്തിനായി ദുബായില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കാലത്ത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . യു.എ.ഇ. സര്‍ക്കാര്‍ നിക്ഷേപം നടത്താന്‍ കഴിഞ്ഞദിവസം സന്നദ്ധത പ്രകടിപ്പിച്ച മൂന്ന് വന്‍കിട പദ്ധതികളിലൊന്ന് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആയിരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

നെടുമ്പാശ്ശേരിയിലും കണ്ണൂരിലും സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ് അനുകൂല ഘടകം . എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ കമ്പനിയായിരിക്കും ഇക്കാര്യത്തില്‍ കേരളത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീസോണ്‍ കമ്പനിയാണിത് . ഒരു സര്‍ക്കാറുമായി ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആദ്യമായാണ് ധാരണയിലെത്തുന്നതെന്ന് കമ്പനി ഡയറക്ടര്‍ ജനറല്‍ ഡോ. മൊഹമ്മദ് അല്‍ സറൂണി പറഞ്ഞു. ദുബായ് ഫ്രീസോണില്‍ ഇപ്പോള്‍ 1400-ല്‍ ഏറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 പേര്‍ ജോലിചെയ്യുന്നു. കമ്പനികളില്‍ 96 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതില്‍ 90 ശതമാനവും സാങ്കേതിക സ്ഥാപനങ്ങളാണെന്ന് ഡോ. മൊഹമ്മദ് അല്‍ സറൂണി അറിയിച്ചു.  

ദുബായ് ഫ്രീസോണ്‍ മേധാവികളുമായുള്ള ചര്‍ച്ചയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു. എറണാകുളം കാക്കനാട്ടെ കിന്‍ഫ്രയുടെ ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കും ധാരണയായി. ദുബായിലെ പ്രവാസി മലയാളിയായ ഉമ്മര്‍ സലീമിന്റെ നേതൃത്വത്തിലുള്ള പ്രിന്റഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജിയുമായാണ് ധാരണ.  കിന്‍ഫ്രയുമായുള്ള സംയുക്ത സംരംഭമായിരിക്കും ഇത്. ഇതിന്റെ ധാരണാപത്രത്തിലും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.