UDF

2015, മാർച്ച് 19, വ്യാഴാഴ്‌ച

പ്രതിപക്ഷം വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തത് എന്തേ?


 നിയമസഭയിലെ അക്രമങ്ങളുടെ 140 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച പ്രതിപക്ഷം എന്തുകൊണ്ടാണു വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വനിതകളെ അവര്‍ ചാവേര്‍പ്പടയാക്കി. ആയിരത്തിലേറെ പേര്‍ നേരിട്ടു കാണുകയും നൂറോളം ക്യാമറകള്‍ കണ്‍തുറന്നിരിക്കിരിക്കുകയും ചെയ്ത ഇതുപോലൊരു സംഘര്‍ഷവേദിയില്‍ ലൈംഗിക ചുവയുള്ള പ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക.

അല്ലെങ്കില്‍ അതിനുതക്ക തെളിവു കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. ജമീല പ്രകാശത്തെ  ആരെങ്കിലും ആക്രമിക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാടു ജനങ്ങള്‍ക്കു മുന്നില്‍ അവരെ വീണ്ടും അപഹാസ്യരാക്കും. ഇതൊന്നും പെട്ടെന്നുണ്ടായതല്ല, നേരത്തേ ആസൂത്രണം ചെയ്തതാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 

സംഘര്‍ഷത്തിനു നടുവിലേക്കു വനിതകളെ പറഞ്ഞുവിട്ടത് എന്തിനാണ്? സ്ത്രീകളെയും കുട്ടികളെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംരക്ഷിക്കുകയല്ലേ വേണ്ടത്? എന്നിട്ട് അതീവ ഗുരുതര ആക്ഷേപവും ഉന്നയിക്കുന്നു. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗിക്കരുതെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോഴാണ് ഇവിടെ അതു ചെയ്യുന്നത്. ഇത്തരം ദുഷ്പ്രചാരണം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. അന്നത്തെ അക്രമങ്ങളുടെ വിഡിയോ ഒന്നിച്ചു കാണാമെന്നു താന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം തയാറായില്ല. സസ്‌പെന്‍ഷനിലായ എംഎല്‍എമാര്‍ക്ക് അതു ചോദ്യം ചെയ്യാന്‍ പോലും നിവൃത്തിയില്ല. കാരണം, അവര്‍ ചെയ്തതെന്തെന്ന് അത്ര പ്രകടമായി ജനങ്ങള്‍ കണ്ടതാണ്. തെറ്റു ചെയ്‌തെന്നു ജനത്തിനു ബോധ്യപ്പെട്ടവരെ മാത്രമേ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളൂ.

മറ്റെന്തെങ്കിലും വികാരത്തിന്റെ പേരിലായിരുന്നെങ്കില്‍ എത്ര പേരെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു. നിയമസഭയില്‍ നടന്നതെല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ നടന്നതും കണ്ടു. മന്ത്രി കെ.എം. മാണി വന്നതും ബജറ്റ് അവതരിപ്പിച്ചതും തിരിഞ്ഞു നോക്കി കണ്ടു. എന്നാല്‍ ജമീല പ്രകാശത്തെ ഉപദ്രവിക്കുന്നതു കണ്ടില്ല. ആക്രമണത്തെയൊന്നും തനിക്കു പേടിയില്ല. അതുകൊണ്ടു സീറ്റില്‍ തന്നെ ഇരുന്നു. ആരെങ്കിലും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചോയെന്ന് അറിയില്ല. തന്റെ പുറത്തേക്കു വന്നു വീണവരുണ്ട്. അതു മന:പൂര്‍വമായിരുന്നെന്നു കരുതുന്നില്ല. ബഹളത്തിനിടെ സംഭവിച്ചതാണ്. 

ഇതെല്ലാം 'പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്. തന്നെ സംരക്ഷിക്കാന്‍ ചുറ്റും ആളുകള്‍ നിന്നിരുന്നു എന്നതു ശരിയാണ്. സംഭവങ്ങളുടെ വിഡിയോ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തതാണെന്നു പറയുന്നതില്‍ അര്‍ഥമില്ല. അതു ടിവിയിലൂടെ എല്ലാവരും കണ്ടു കഴിഞ്ഞതല്ലേ. നിയമസഭയ്ക്കുള്ളിലെ ലഡു വിതരണം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ സ്പീക്കറുടെ വേദി തകര്‍ത്ത് അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതും ലഡു വിതരണം ചെയ്തതും ഒരുപോലെയാണോ? ബന്ധപ്പെട്ടവരില്‍നിന്നു നഷ്ടം ഈടാക്കാന്‍ നിയമ നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ മുന്‍വിധിയോ വൈരാഗ്യമോ ഇല്ല. കേസ് അതിന്റെ വഴിക്കു പോകും.

പ്രതിപക്ഷ നേതാവ് 13നു നല്‍കിയ പരാതിയില്‍ സ്ത്രീ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ ആയിരുന്നു അന്നത്തെ പരാതി. സഭയിലെ  ബഹളത്തിന്റെ പേരില്‍ സ്ത്രീ പീഡനത്തിനു പൊലീസ് കേസ് എടുക്കാന്‍ പറ്റുമോയെന്നതു സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.