UDF

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

സ്‌പെഷല്‍സ്‌കൂളുകള്‍ക്കെല്ലാം എയ്ഡഡ് പദവി നല്‍കുക ലക്ഷ്യം




ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള മുഴുവന്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ജി.സര്‍വകലാശാലാഎന്‍.എസ്.എസ്സുമായി സഹകരിച്ച് സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് കേരള സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിയുള്ളവര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലൂടെ അനീതി അവസാനിപ്പിക്കുകയായിരുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവരെ നാട്ടില്‍ സൗജന്യ വിദ്യാഭ്യാസമാണ്. എന്നാല്‍, ഏറെ ശ്രദ്ധവേണ്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ മറ്റുള്ളവരുടെ സഹായത്താലോ ഫീസ് നല്‍കിയോ പഠിക്കേണ്ട സ്ഥിതിയിലായിരുന്നു.

അന്ധ-ബധിര- മൂകവിദ്യാലയങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചുവേണം ബുദ്ധിമാന്ദ്യം സംഭവിച്ചകുട്ടികളുള്ള വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നിശ്ചയിക്കാന്‍. ഇപ്പോള്‍ നൂറ് വിദ്യാര്‍ഥികള്‍ എന്നത് എണ്ണംകുറച്ച് അടുത്തവര്‍ഷം എയ്ഡഡ് പദവി നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.


ഭിന്നശേഷിയുള്ള വ്യക്തികളുടെ സാമൂഹികവത്കരണവും അവകാശസംരക്ഷണവും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സ്‌പെഷല്‍ ഒളിമ്പിക്‌സ് ആരംഭിച്ചതാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സ്. 

ഭിന്നശേഷിയുള്ള വ്യക്തികളെയും സാധാരണസ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സില്‍ നടക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് സാധാരണ വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കാനും സമൂഹവുമായി ഇടപഴകാനും അവസരം കിട്ടുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഇങ്ങനെ മത്സരം നടത്തുന്നത്. 

സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ചെയര്‍മാനായി നിയമിതനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന മലയാളിയായ ഡോ.സതീഷ് പിള്ളെയയും എസ്.ഒ.ബിയുടെ ദേശീയ ഡൊറേസ്യോ അവാര്‍ഡ് ജേതാവ് ഫാ.തോമസ് ഫെലിക്‌സിനെയും മുഖ്യമന്ത്രി ആദരിച്ചു. 

 സ്‌പെഷല്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചെണ്ട മേളത്തോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. വിശിഷ്ടാതിഥികളെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചതും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളായിരുന്നു.