UDF

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

'ജനശ്രീ'യുടെ സ്ത്രീശാക്തികരണത്തിന് സര്‍ക്കാര്‍സഹായം ഉറപ്പാക്കും


കണ്ണൂര്‍: സ്വയംതൊഴിലവസരമുണ്ടാക്കിയും സമൂഹികമാറ്റത്തിനുള്ള സഹായങ്ങള്‍ കൂട്ടായി ഏറ്റെടുത്തും 'ജനശ്രീ' നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനശ്രീയുടെ ഒമ്പതാം വാര്‍ഷികാഷോഘം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുടുംബശ്രീയിലൂടെ സ്ത്രീശാക്തീകരണത്തിന് ലോകത്തില്‍ത്തന്നെ കേരളം പേരെടുത്തതാണ്. കുടുംബശ്രീ ഒരു സര്‍ക്കാര്‍ സംവിധാനമാണ്. അതിനുപിന്നാലെ 'ജനശ്രീ'യുണ്ടാക്കിയ മാതൃകാപരമായ മുന്നേറ്റം അഭിനന്ദനാര്‍ഹമാണ്. സേവന-വികസന രംഗത്ത് കുടുംബ കൂട്ടായ്മയ്ക്ക് ഇടപെടാനാകുമെന്ന് 'ജനശ്രീ' തെളിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രതിഭകളെ ചടങ്ങിൽ  ആദരിച്ചു. കഥാകൃത്ത് ടി.പത്മനാഭന്‍, വ്യവസായി സി.കെ. മേനോന്‍, ചലച്ചിത്ര പിന്നണിഗായിക സയനോര ഫിലിപ്പ്, കാര്‍ഷിക മേഖലയ്ക്ക് പുതിയ ജൈവവളം നല്കിയ പി.അബ്ദുള്‍കരീം, ഹെഡ്ജി ഇക്യുറ്റി സി.ഇ.ഒ. എന്‍.ഭുവനചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.